SignIn
Kerala Kaumudi Online
Thursday, 19 September 2024 2.09 PM IST

കണ്ണ് തുറപ്പിക്കേണ്ട പരിഭവം

Increase Font Size Decrease Font Size Print Page

photo

മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവേ സന്ദർശനത്തിനിടെ സാറ എന്ന ചെറിയ വിദ്യാർത്ഥിനി പറഞ്ഞ പരിഭവം കേരളത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഉതകുമെന്ന് പ്രതീക്ഷിക്കാം. നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചശേഷം അതിന്റെ പൊതി ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നാണ് രണ്ടാം ക്ളാസുകാരി പരാതി പറഞ്ഞത്. കേരളത്തിലെ ഒരു കുട്ടിയും ഇങ്ങനെയൊരു പരാതി പറയാൻ ഇടയില്ല. കാരണം മിഠായി കഴിച്ചശേഷം അതിന്റെ കടലാസ് വലിച്ചെറിയുന്നതാണ് അവരുടെ ശീലം. അത് കുട്ടികളുടെ തെറ്റല്ല. മുതിർന്നവർ ചെയ്യുന്നതു കണ്ടാണ് കുട്ടികൾ എല്ലാം പഠിക്കുന്നത്. മുതിർന്നവർ മാലിന്യം വലിച്ചെറിയുന്നതാണ് അവർ കണ്ടുപഠിക്കുന്നത്. ഇതിനൊരു മാറ്റംവരാൻ സാറയുടെ ചോദ്യം ഒരു നിമിത്തമായെന്ന് കരുതണം. മാലിന്യമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും അതിനുള്ള കഠിന പരിശ്രമങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ സദസ് കരഘോഷത്തോടെയാണ് അത് സ്വീകരിച്ചത്.

നോർവേയിൽ മലയാളി അസോസിയേഷനായ നന്മയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സാറ നാട്ടിലെ അനുഭവം പറഞ്ഞത്. റോഡും തുറസായ സ്ഥലങ്ങളും മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതാണെന്ന ചിന്തയും അതനുസരിച്ചുള്ള പ്രവൃത്തിയുമാണ് നമ്മുടെ നാട്ടിൽ ഭൂരിപക്ഷവും പുലർത്തുന്നത്. മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ച് ഭരണാധികാരികൾ സുദീർഘമായി സംസാരിക്കുമെങ്കിലും അതൊന്നും പ്രവൃത്തിപഥത്തിൽ വരാറില്ല. മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ ലോകത്ത് പല ആധുനിക മാർഗങ്ങളും വികസിപ്പിച്ചിട്ടുണ്ട്. അത് നമ്മുടെ നാട്ടിലും നടപ്പാക്കണം. തദ്ദേശസ്ഥാപനങ്ങൾ അതിന് പരമ പ്രാധാന്യം നൽകിയേ മതിയാവൂ. മാലിന്യനിർമ്മാർജ്ജന സ്ഥലങ്ങൾ പുതിയ ഉത്‌പന്നങ്ങളുടെയും ഉൗർജ്ജത്തിന്റെയും വിതരണ കേന്ദ്രങ്ങളായി മാറണം. ഇതിനായി ഒരു പ്രത്യേകവകുപ്പും മന്ത്രിയും നമുക്ക് ആവശ്യമാണ്. ഇതിനായി ദീർഘകാല പദ്ധതി ആവിഷ്കരിക്കണം. സർക്കാരിന് അത് കഴിയുന്നില്ലെങ്കിൽ സ്വകാര്യ സംരംഭകരെ ക്ഷണിക്കണം. തുടക്കത്തിൽ അവർക്ക് വേണ്ട സംരക്ഷണം സർക്കാർ നൽകിയാൽ മതി. ശുചിത്വത്തിന്റെ ആവശ്യകത കൊവിഡ് മഹാമാരി ലോകത്തെ മുഴുവൻ പഠിപ്പിച്ച സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ മാലിന്യനിർമ്മാർജ്ജനത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് ഇപ്പോൾ ബോദ്ധ്യപ്പെടും. സംസ്ഥാനത്തെ മാലിന്യ ശേഖരണവും സംസ്‌‌കരണവും പഴയ രീതിയിലാണ് ഇപ്പോഴും മിക്കസ്ഥലത്തും നടക്കുന്നത്. ഇത് അടിമുടി മാറേണ്ടതുണ്ട്. മാലിന്യ നിർമ്മാർജ്ജന കേന്ദ്രങ്ങൾ ആധുനിക ടെക്നോളജിയുടെ സഹായത്തോടെ നവീകരിക്കാനുള്ള പദ്ധതിക്ക് രൂപം നൽകുകയും അതിന്റെ നടത്തിപ്പിന് സമർത്ഥനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും അതോടൊപ്പം ജനങ്ങൾക്കിടയിൽ ബോധവത്‌ക്കരണം നടത്തുകയും വേണം. വിദേശരാജ്യങ്ങളിലെ നല്ല മാതൃകകൾ സ്വീകരിക്കാൻ നമ്മൾ മടിച്ചുനിൽക്കരുത്. ഭരണാധികാരികളുടെ വിദേശസന്ദർശനം വ്യവസായികളെ ക്ഷണിക്കാൻ മാത്രമുള്ളതല്ല. മാലിന്യനിർമ്മാർജ്ജനം പോലുള്ളവ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പഠിച്ച് ഇവിടെ നടപ്പാക്കാൻ കൂടി ഉതകുന്നതരത്തിലുള്ളതാവണം ഭരണാധികാരികളുടെ വിദേശസന്ദർശനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WASTE MANAGEMET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.