SignIn
Kerala Kaumudi Online
Thursday, 19 September 2024 2.18 AM IST

ലഹരിവിരുദ്ധ യുദ്ധം അനിവാര്യം

Increase Font Size Decrease Font Size Print Page

narcotics

സഹപാഠി ലഹരിമരുന്ന് നൽകി പീഡനത്തിനിരയാക്കിയെന്ന ഒമ്പതാം ക്ളാസുകാരിയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. പലപ്പോഴായി ലഹരി മരുന്ന് നൽകി പെൺകുട്ടിയെ അടിമയാക്കി തീർക്കുകയായിരുന്നു. ഡിപ്രഷൻ മാറാൻ നല്ല മരുന്നാണെന്ന് പറഞ്ഞാണ് ലഹരി നൽകിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതേണ്ട. നിരവധി പേരാണ് ഈ കെണിയിൽപ്പെട്ടത് . ലഹരി മാഫിയയുടെ ഏജന്റുമായി വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഈ നീരാളിപ്പിടുത്തത്തിൽ ഒാരോ ദിവസവും ചെന്നുവീഴുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. അവരെ അതിൽ നിന്ന് രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്.

ഭാവി തലമുറയെ ഇരകളാക്കി അഴിഞ്ഞാടുന്ന ലഹരി മാഫിയയെ ഒറ്റക്കെട്ടായി നിന്ന് പിടിച്ചുകെട്ടാനുള്ള ലഹരി വിരുദ്ധ യുദ്ധത്തിനുള്ള സർക്കാരിന്റെ ആഹ്വാനം സമൂഹം ഏറ്റെടുക്കണം. ജനകീയ പങ്കാളിത്തത്തോടെയുള്ള പുതിയ പ്രചാരണ പരിപാടികളും നിയമനടപടികളും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. സ്കൂൾ പരിസരത്തെ ഏതെങ്കിലും കടയിൽ നിന്ന് ലഹരി വസ്‌തുക്കൾ പിടിച്ചാൽ ആ കട പിന്നീടൊരിക്കലും തുറക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശക്തമായ മുന്നറിയിപ്പാണ്. ലഹരി മരുന്ന് കേസിൽ ഉൾപ്പെടെ സ്ഥിരം കുറ്റവാളികളെ രണ്ടു വർഷം വരെ വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിക്കാൻ 1988 ലെ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ഒരു വിട്ടുവീഴ്ചയും കൂടാതെ സംസ്ഥാനത്ത് നടപ്പാക്കണം. കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലും ചിലർ അനങ്ങില്ല. സ്കൂളിന്റെ പേര് മോശമാകുമെന്ന ചിന്താഗതിയാണ് അവർക്കുള്ളത്. ഇത്തരത്തിൽ അനങ്ങാതിരുന്ന പല സ്‌കൂളുകളും ഇന്ന് ലഹരി മാഫിയയുടെ വിഹാര കേന്ദ്രങ്ങളാണ്. ഈ രീതിക്ക് മാറ്റം വരുത്താൻ വിദ്യാഭ്യാസ വകുപ്പ് മുന്നിട്ടിറങ്ങണം.

ലഹരിയുടെ പ്രധാന ഉപഭോക്താക്കളും കടത്തുകാരും പുതുതലമുറയാണ്. ഭാവി തലമുറയെ കാർന്നു തിന്നുന്ന ഈ വിപത്തിനെ പിടിച്ചുകെട്ടാനുള്ള കർമ്മ പരിപാടികൾ അനിവാര്യമായിരിക്കുന്നു. മയക്കുമരുന്ന് പരിശോധനയും പിടിച്ചെടുക്കലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കലും മാത്രം പോരാ ഈ വിപത്തിനെ പിടിച്ചുകെട്ടാൻ. ലഹരി മാഫിയയുടെ വലയിൽ വീഴാതിരിക്കാൻ സമൂഹത്തെ ഒന്നാകെ ബോധവത്‌കരിക്കുന്ന ബൃഹത്തായ ഒരു പ്രവർത്തന പദ്ധതി നടപ്പാക്കണം. സർക്കാർ ആഭിമുഖ്യത്തിലും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ഒട്ടേറെ ബോധവത്‌കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു.

ലഹരി വസ്‌തുക്കളുമായി പിടിയിലാകുന്നവരിൽ ഭൂരിഭാഗവും പ്രലോഭനങ്ങളിൽപ്പെട്ട് കാരിയർമാരാകുന്നവരാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികളിലുണ്ടാകുന്ന ദൗർബല്യങ്ങളെ മുതലെടുത്ത് ഈ മാഫിയ വലയിൽ കുടുക്കുകയാണ്. ഇന്റർനെറ്റ് സൗകര്യങ്ങളുള്ള മൊബൈൽ ഫോണും ഇരുചക്രവാഹനവും മറ്റ് സുഖസൗകര്യങ്ങളും സ്വന്തമാക്കണം എന്ന ചിന്തയിൽ കുട്ടികൾ ഇവരുടെ വലയിൽ വീഴുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. പുതുതലമുറയെ ലഹരി മാഫിയയിൽ നിന്ന് രക്ഷിക്കാൻ സമൂഹമൊന്നാകെ ഉയരണം. ഇക്കാര്യത്തിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. കുട്ടികളിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരിലെ വൈകല്യങ്ങൾ കണ്ടെത്താനും ഇക്കൂട്ടർക്ക് വേഗത്തിൽ കഴിയും.

വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുന്നത് ഉചിതമാണ്. അതിന് പി.ടി.എയും നാട്ടുകാരും മുൻകൈയെടുക്കണം. ലഹരി വിൽക്കുന്നവരും വിദ്യാർത്ഥികളും ഇടപഴകാത്ത വിധത്തിൽ സ്കൂളുകൾക്ക് മതിലുകൾ നിർമ്മിക്കണം. സ്കൂൾ പരിസരത്ത് ലഹരി വിൽക്കുന്നവർക്കെതിരെ ബാലനീതി നിയമപ്രകാരം കർശന ശിക്ഷയും ഉറപ്പാക്കണം. കൗമാര വിദ്യാഭ്യാസ പരിപാടി ഇനിയെങ്കിലും ശക്തമാക്കണം. ലഹരിക്ക് അടിമയാക്കി സഹപാഠിയെ പീഡിപ്പിച്ചത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ജാഗ്രതാ സമിതികൾ പേരിനു മാത്രം നിലനിൽക്കാതെ ജാഗരൂകരായി പ്രവർത്തിക്കണം. കൗമാര വിദ്യാഭ്യാസ പരിപാടി ശക്തിപ്പെടുത്താൻ വിഭ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി തയ്യാറാക്കി നൽകുകയാണ് വേണ്ടത്. നാടിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന വിധത്തിൽ കെണിയൊരുക്കുകയാണ് ലഹരി മാഫിയ. ഇന്ന് ശതകോടികൾ മറിയുന്ന മയക്കുമരുന്ന് ശൃംഖലയിൽ അധോലോകം മുതൽ സ്കൂൾ കുട്ടികൾ വരെ കണ്ണികളാണ്. മദ്യത്തിൽ നിന്ന് വഴുതിമാറി മാരകമായ സിന്തറ്റിക് ലഹരിയിലേക്ക് കേരളവും വീണു കഴിഞ്ഞു. അതിൽ നിന്ന് അടുത്ത തലമുറയെ വിമുക്തമാക്കാനുള്ള പദ്ധതികളും നടപടികളും വേഗത്തിൽ പ്രാവർത്തികമാക്കേണ്ടിയിരിക്കുന്നു.

കാൻസർ അടക്കമുള്ള രോഗങ്ങൾക്കും കുറ്റവാസനകൾ വർദ്ധിക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം ഇടയാക്കുന്നു. ഏഷ്യയിൽ ഏറ്റവുധികം ലഹരി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് അന്താരാഷ്‌ട്ര മയക്കുമരുന്ന് നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്നിന്റെ ഹബ്ബായി കൊച്ചി മാറുന്നുവെന്ന് ദേശീയ ക്രൈം റിക്കാഡ്സ് ബ്യൂറോകളുടെ കണക്കുകളിലുണ്ട്. രാജ്യത്ത് മയക്കുമരുന്ന് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന നഗരങ്ങളിൽ നാലാം സ്ഥാനത്താണ് കൊച്ചി. 2021ൽ 910 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് ലഭിക്കുന്ന ചില വേദനസംഹാരികളും ലഹരി മരുന്നുകളുടെ ഭാഗമായി മാറുന്നു. ഡോക്‌ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രമേ ആർക്കും മരുന്ന് നൽകാൻ പാടുള്ളൂ. സംസ്ഥാനത്ത് 20000 ത്തിലധികം മെഡിക്കൽ സ്‌റ്റോറുകളുണ്ടെന്നാണ് കണക്ക്. ഇവിടൊന്നും ഈ നിയമം പാലിക്കപ്പെടുന്നില്ല.

കുട്ടികൾ സ്കൂളുകളിൽ സുരക്ഷിതരല്ലെന്ന അറിവ് ഭയാനകമാണ്. ബാല്യ - കൗമാരങ്ങളിൽ തന്നെ മക്കൾ വാടിക്കൊഴിഞ്ഞു പോകുന്ന ദുരന്തങ്ങൾക്ക് കണ്ണീരോടെ സാക്ഷിയാകേണ്ട അവസ്ഥ ഒരു രക്ഷിതാക്കൾക്കും സംഭവിച്ചുകൂടാ. രാജ്യത്തിനും സമൂഹത്തിനും മുതൽകൂട്ടാകേണ്ട ഒരു തലമുറയാണ് ലഹരിക്കടിമപ്പെട്ട് നശിക്കുന്നത്. ഈ ലഹരി സംഘത്തെ വേരോടെ പിഴുതെറിയാനുള്ള ഇച്‌ഛാശക്തി സമൂഹം നേടിയെടുക്കണം. അത് എളുപ്പത്തിൽ നടക്കില്ലെന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണം. ലഹരി മരുന്നിന് ആവശ്യക്കാരില്ലാതായാൽ ഈ വിപത്തും താനെ ഇല്ലാതാകും. അതിനാൽ ചെറുപ്രായത്തിലെ കുട്ടികൾക്ക് ബോധവത്‌കരണം അനിവാര്യമാണ്. കുട്ടികളുടെ ശ്രദ്ധ ചെറുപ്പത്തിലെ മറ്റു മാർഗങ്ങളിലേക്ക് വഴിതിരിച്ചു വിടണം. സ്‌പോർട്സ് അതിനൊരു മറുമരുന്നാണെന്ന് ചില വിദഗ്ദ്ധർ പറയുന്നു. ആരോഗ്യം നിലനിറുത്താനും കുട്ടികളുടെ ശരീരവും മനസും അലസമാകാതിരിക്കാനും കായിക വിനോദങ്ങൾ ഉപകരിക്കും. എന്തുതന്നെയായാലും ലഹരിക്കെതിരെ നാം ഒരു യുദ്ധത്തിനാണ് സജ്ജമാകേണ്ടത്. അതിൽ എല്ലാവരും അണിനിരക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ANTI NARCOTICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.