SignIn
Kerala Kaumudi Online
Thursday, 19 September 2024 3.35 PM IST

രോഗപ്രതിരോധത്തിനു മേൽ മാസ്കിടരുത്

Increase Font Size Decrease Font Size Print Page

amrith

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു എന്നത് ഏറെ ആശ്വാസകരമാണ്. കൂടുതൽ ഇളവുകൾ വന്നുകഴിഞ്ഞു. തുടർന്ന് രോഗനിയന്ത്രണത്തിനായി മാസ്കും സാമൂഹിക അകലവും പാലിച്ചാൽ മാത്രം മതിയെന്ന് ചുരുക്കം. രോഗകാരികളായ അണുക്കൾ ഭൂമിയുള്ളിടത്തോളം കാലം ഉണ്ടാകുമെന്ന വസ്തുത നമുക്കറിയാം. വരാനിരിക്കുന്ന വൈറസുകൾ ഏതെല്ലാം, അവയുടെ തീവ്രത എങ്ങനെ, എത്രത്തോളം വ്യാപനശേഷിയുണ്ടാകും തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ശാസ്ത്രത്തിന് കൃത്യമായ ഉത്തരം നൽകാനാവില്ലെന്നും നമുക്കറിയാം. അതുകൊണ്ടു തന്നെ കൊവിഡ് വൈറസിനെതിരായ യുദ്ധത്തിൽനിന്ന് നമ്മൾ പഠിച്ച പാഠങ്ങൾ വീണ്ടും മനസിലുറപ്പിക്കുക എന്നതാണ് പ്രധാനം. എന്നാൽ അതുമാത്രം പോരാ, പ്രകൃതിയോടിണങ്ങി ജീവിതം ക്രമപ്പെടുത്തുകയും വേണം. വസ്ത്രത്തിലും ജീവിതരീതികളിലും മാത്രമല്ല, ഭക്ഷണത്തിലും ആഡംബരം പുലർത്തുന്നവരാണ് നമ്മൾ. ചടങ്ങുകളിലും വിശേഷാവസരങ്ങളിലുമെല്ലാം രുചിയേറിയ ഭക്ഷണം കഴിച്ച് ശീലിച്ചവരാണ് . ഈ വിഭവങ്ങളുടെയെല്ലാം രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന കൃത്രിമവസ്‌തുക്ക

ളാകട്ടെ ആരോഗ്യത്തിന് ഭീഷണിയാണ്.

തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കൊണ്ടാണ് മിക്കവാറും രോഗങ്ങൾ വരുന്നതെന്നും പ്രതിരോധശേഷി കുറയുന്നതെന്നും ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ നാം കേൾക്കുന്നുണ്ടെങ്കിലും പലരും ഗൗരവത്തോടെ ഉൾക്കൊള്ളുന്നുണ്ടോ എന്ന് സംശയമാണ്. ഹോട്ടലുകളിലും ചടങ്ങുകളിലും നൽകുന്ന ഭക്ഷണം അടക്കം എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് രോഗപ്രതിരോധത്തിനും ആരോഗ്യത്തോടെ ജീവിക്കാനും പരമപ്രധാനമാണ്. ആരോഗ്യം സംരക്ഷിച്ച്, പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ലാതെ ജീവിതം നയിക്കണമെന്ന് ചുരുക്കം.

കേന്ദ്ര, സംസ്ഥാനസർക്കാരുകളും രോഗപ്രതിരാേധ നടപടികൾ തുടരുകയാണ്.

ആരോഗ്യ അമൃത്

ചിറ്റമൃത്

ചിറ്റമൃതിൽ നിന്ന് ഉണ്ടാക്കിയ മൂന്നുലക്ഷം സംശമനീവടി ഗുളികകൾ കേരളത്തിൽ വിതരണം ചെയ്യാനാണ് ആയുഷ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം വഴി മാത്രം ഒന്നരലക്ഷത്തോളം ഗുളികകളാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്തെ കേന്ദ്രം വഴിയും അത്രത്തോളം ഗുളികകൾ നൽകുന്നുണ്ട്. രോഗപ്രതിരോധശക്തി കൂട്ടാനും ശരീരത്തിലെ വിഷാംശം നീക്കി രക്തം ശുദ്ധിയാക്കാനും കഴിയുമെന്ന് ആയുർവേദവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്കായി ആയുർരക്ഷാ കിറ്റ് പുറത്തിറക്കിയിരുന്നു. ച്യവനപ്രാശം, സംശമനീവടി, അണുതൈലം തുടങ്ങിയ മരുന്നുകളടങ്ങിയതാണ് കിറ്റ്. കൊവിഡിനെയും മറ്റ് വൈറൽ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയിലാണ് കിറ്റ് നൽകുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്ക് ആയുർരക്ഷാ കിറ്റുകളും സംശമനിവടിയും സംഘടനകൾ വഴി വിതരണം ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുർവേദ മരുന്നായ ആയുഷ് 64 ചെറുതുരുത്തിയിലെയും തിരുവനന്തപുരത്തെയും കേന്ദ്രങ്ങൾ വഴി വിതരണം ചെയ്തിരുന്നു. മരുന്നുകൾ നൽകിയ രോഗികളെ നിരീക്ഷിച്ച് മരുന്നിന്റെ ഗുണഫലങ്ങൾ രേഖപ്പെടുത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിനും രോഗം ഗുരുതരമാകാതിരിക്കാനും ഈ മരുന്നുകൾ ഏറെ സഹായകരമായിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയത്തിന്റെ പഠനങ്ങളിൽ വ്യക്തമായിരുന്നു. അതുകൊണ്ടാണ് മരുന്നുകളുടെ വിതരണം വ്യാപിപ്പിക്കുന്നതെന്ന് ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഡി. സുധാകർ വ്യക്തമാക്കുന്നു.

വിതരണത്തിന് നിർമ്മാതാക്കളും

മരുന്നുകളുടെ വിതരണത്തിന് ആയുർവേദമരുന്ന് നിർമ്മാതാക്കളുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. സംശമനിവടിയുടെ സൗജന്യവിതരണം ഏറ്റെടുത്തത് ആയുർവേദമരുന്ന് നിർമ്മാതാക്കളുടെ സംഘടനയായ ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയാണ്. ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഡി. സുധാകർ, കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സിന്റെ ഡയറക്ടർ നാരായണൻ ഉണ്ണിക്ക് കഴിഞ്ഞദിവസം മരുന്നുകൾ കൈമാറിയിരുന്നു. ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ, ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം റിസർച്ച് ഓഫീസർ ഡോ. പി.പി. പ്രദീപ് കുമാർ, ജോയിച്ചൻ എരിഞ്ഞേരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

ചിറ്റമൃതിന് ഗുണങ്ങളേറെ

വീട്ടുവളപ്പിലും പറമ്പിലും കാണപ്പെടുന്ന ഔഷധ സസ്യമാണ് ചിറ്റമൃത് . നാട്ടുവൈദ്യത്തിൽ ചിറ്റമൃതിന്റെ സ്ഥാനം പണ്ടു മുതൽക്കേ ശ്രദ്ധേയമായിരുന്നു. ടൈപ്പ് 2 പ്രമേഹ രോഗത്തിന് മികച്ച ഔഷധമായി വൈദ്യന്മാർ കരുതിപ്പോന്നിരുന്നു. ഇത് അരച്ച് നീരെടുത്ത് തേനിൽ ചേർത്തോ ഉണക്കി പൊടിച്ചോ ദിവസവും കഴിക്കാനും നിർദ്ദേശിക്കാറുണ്ട്. പ്രമേഹത്തിന് മാത്രമല്ല വൃക്കരോഗങ്ങളും മഞ്ഞപ്പിത്തം പോലുളള കരൾരോഗങ്ങളും രക്തവാതവും ശമിക്കുമെന്ന് പറയുന്നു. ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ചിറ്റമൃതിനു കഴിയുമെന്നും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത്, ചുമ, ജലദോഷം, ടോൺസിലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റുമെന്നും ചിറ്റമൃതിന്റെ തണ്ടും വേരും, ശ്വാസംമുട്ടിന് ശമനം നല്കുമെന്നും ഔഷധസസ്യങ്ങളെ സംബന്ധിച്ചുള്ള ഗ്രന്ഥങ്ങളിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AYURVEDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.