താൻ ജീവിച്ച സ്ഥലവും കാലവുമായി ബന്ധപ്പെട്ട സകലതിന്മകളെയും ഏകനായി അരിഞ്ഞുവീഴ്ത്തിയ മഹാവിപ്ലവകാരിയാണ്ചട്ടമ്പിസ്വാമികൾ. സമുദായപിന്തുണയോ സംഘടനാശക്തിയോ അധികാരത്തിന്റെ ആനുകൂല്യമോ സമ്പത്തിന്റെ പിൻബലമോ യാതൊന്നുമില്ലാതെ, അറിവ് എന്ന മഹായുധം ഉപയോഗിച്ച് ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിൽ അതുല്യനായത്. പരിപൂർണാർത്ഥത്തിൽ സ്വയംനിർമ്മിത വ്യക്തിയായിരുന്നു ചട്ടമ്പിസ്വാമികൾ എന്ന ചരിത്രപുരുഷൻ. കാവിയുടുക്കാത്ത സന്ന്യാസി, ആശ്രമമോ സംഘടനയോ സ്ഥാപിക്കാത്ത ആചാര്യൻ, സ്വത്തോ പദവിയോ കൈയേല്ക്കാത്ത പരിത്യാഗി എന്നിങ്ങനെ വിവിധനിലകളിൽ പ്രത്യക്ഷമായിത്തീർന്നു, ഈ അസാധാരണ മഹർഷീശ്വരന്റെ ലോകചര്യകൾ.
കയ്പുനീർ ഏറെ മോന്തിയ ബാല്യകൗമാരങ്ങളായിരുന്നു. മേൽജാതി എന്ന വിശേഷണത്തോടുകൂടിയ ജന്മമായിരുന്നെങ്കിലും ദാരിദ്ര്യക്കടലിൽ തള്ളിയിടുന്നതായിരുന്നു സാമൂഹികസാഹചര്യം. അതിനാൽ വിദ്യാരംഭമോ ഔപചാരിക വിദ്യാഭ്യാസമോ പോയിട്ട് വിശപ്പടക്കാൻ വേണ്ട ഭക്ഷണംപോലും ചട്ടമ്പിസ്വാമിക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരം കണ്ണമ്മൂല ഉള്ളൂർക്കോട്ടു ഭവനത്തിലാണ് ചട്ടമ്പിസ്വാമികൾ ജനിച്ചത്, 1853 ആഗസ്റ്റ് 25-ന് (കൊല്ലവർഷം 1029 ചിങ്ങം 11). നങ്ങമ്മപ്പിള്ളയാണ് അമ്മ. ഇവരെ നങ്ക, തിരുനങ്ക, നങ്ങാദേവി എന്നിങ്ങനെയും പരാമർശിച്ചു കാണുന്നു. മാവേലിക്കര താമരശ്ശേരി ഇല്ലത്തിലെ വാസുദേവശർമ്മയാണ് പിതാവ്. ടിപ്പുവിന്റെ ആക്രമണത്തിൽനിന്നു പ്രാണരക്ഷാർത്ഥം തെക്കോട്ടു പലായനം ചെയ്തവരാണ് ഇദ്ദേഹത്തിന്റെ മുൻതലമുറക്കാർ. അനന്തശർമ്മൻ എന്നും ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മലയിൻകീഴിനടുത്ത് മച്ചേൽ എന്ന പ്രദേശത്തെ വേണിയത്തുവീടാണ് സ്വാമികളുടെ മാതൃകുടുംബം. അതിവിശിഷ്ടരായ മഹാവ്യക്തികൾ ഈ കുടുംബത്തിലുണ്ടായിട്ടുണ്ട്. ശ്രേയസിനൊപ്പം പ്രേയസും വിളയാടിയിരുന്നു ആ തറവാട്ടിൽ. സമ്പത്തും ഐശ്വര്യവും ആഭിജാത്യവും പ്രതാപവും മറ്റുമായ ഭൗതികമേന്മകളാണല്ലോ പ്രേയസ്. എന്നാൽ കാലം ഏറെ ചെന്നതോടെ ഇതിൽ പലതും അവിടെനിന്ന് അപ്രത്യക്ഷമായി. തത്ഫലമായി ദാരിദ്ര്യത്തിന്റെ പിടിയിലമർന്നുപോയി ആ കുടുംബം. എങ്കിലും, ദാനധർമ്മാദികൾ ഉൾപ്പെടെയുള്ള സത്കർമ്മങ്ങളുടെ നിക്ഷേപം വേണ്ടുവോളമുണ്ടാകയാൽ സുകൃതികളുടെ പരമ്പര അന്യംനിന്നില്ല വേണിയത്തു തറവാട്ടിൽ.
സിദ്ധരും പ്രസിദ്ധരുമായ പൂർവികർ പലരുണ്ട് ചട്ടമ്പിസ്വാമികൾക്ക്. ഈശ്വരപിള്ള, നാരായണമൗനി, ഉമ്മിണിപ്പിള്ള എന്നീ കാരണവന്മാരെപ്പറ്റി തികഞ്ഞ ബഹുമാനത്തോടെയാണ് ആളുകൾ ഇന്നും പറയുക. സ്വാമികളുടെ മുൻതലമുറയിലെ ഒരു അമ്മാവനായിരുന്നു ഈശ്വരപിള്ള. അദ്ദേഹം മഹായോഗിയും ജീവന്മുക്തനുമായിരുന്നു. പ്രവചിച്ച ദിവസം തന്നെ സമാധിപ്രാപിച്ച അസാധാരണനായിരുന്നു അദ്ദേഹം. നാരായണമൗനിയും ഇദ്ദേഹത്തെപ്പോലെ മഹാജ്ഞാനിയും യോഗിയുമായിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തു ജീവിച്ച വ്യക്തിയാണ് ഉമ്മിണിപ്പിള്ള. ബ്രഹ്മജ്ഞനായ ഇദ്ദേഹം ഒട്ടേറെ അസാമാന്യപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. അവയിലൊന്ന് സ്വാതിതിരുനാളിന്റെ സദസിലാണുണ്ടായത്. ഒരു സംസ്‌കൃതശ്ലോകത്തെ അദ്ദേഹം ഏഴുവിധത്തിൽ വ്യാഖ്യാനിച്ചതുകേട്ട് 'രാജാക്കന്മാരിലെ സംഗീതജ്ഞനും സംഗീതജ്ഞരിലെ രാജാവുമായ' സ്വാതിതിരുനാൾ അദ്ഭുതാധീനനായി. പരമ്പരാഗതമായ ഈ പുണ്യപരിപാകമാണ് ചട്ടമ്പിസ്വാമികളിൽക്കൂടി കേരളീയർക്കു പ്രത്യക്ഷമായത്.
എഴുപതുവർഷമാണ് ചട്ടമ്പിസ്വാമികളുടെ ജീവിതകാലം. അതിനിടയിൽ അദ്ദേഹം നിറവേറ്റിയ മഹാകൃത്യങ്ങൾ എണ്ണിത്തിട്ടപ്പെടുത്താവുന്നവയല്ല. അവയിൽ കൂടുതൽ അറിയപ്പെടുന്നവ, സന്ന്യാസി എന്ന നിലയിൽ അദ്ദേഹത്തിൽനിന്നുണ്ടായ സംഭാവനകളാണ്. എന്നാൽ കേരളീയ ധൈഷണികചരിത്രത്തിലെ അപൂർവതകളായ, സ്വാമികളുടെ ജ്ഞാനനിർമ്മാണങ്ങളെക്കുറിച്ച് മിക്കവരും ഇതുവരെ വേണ്ടവണ്ണം മനസിലാക്കിയിട്ടില്ല. ഗവേഷകൻ, ചരിത്രകാരൻ, വൈയാകരണൻ, സാമൂഹികഭാഷാ ശാസ്ത്രജ്ഞൻ, ചിത്രകാരൻ, സാഹിത്യവിമർശനത്തിന്റെ
പ്രാരംഭകൻ, പാഠവിമർശനത്തിന്റെ പഥദർശി, വിമർശനാത്മക വ്യവഹാര അപഗ്രഥനത്തിന്റെ ആദ്യ പ്രയോക്താവ്, നാട്ടറിവ് പണ്ഡിതൻ, സംസ്‌കാരപഠനത്തിന്റെ പ്രോദ്ഘാടകൻ, പരിസ്ഥിതി, ലിംഗനീതി വിജ്ഞാനീയങ്ങളുടെ തുടക്കക്കാരൻ മുതലായവയാണ് ഉദ്ദേശിക്കുന്നത്.
കവി, വിവർത്തകൻ, കലാമർമ്മജ്ഞൻ, ജീവകാരുണ്യപ്രവാചകൻ, ഗുസ്തി, മർമ്മവിദഗ്ദ്ധൻ, നവോത്ഥാനനായകൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ജീവചരിത്രങ്ങളിൽനിന്നു ലഭ്യമാണ്. എങ്കിലും ഇവയിൽ പലതിനെ സംബന്ധിച്ചും സൂക്ഷ്മവും വിശദവുമായ ധാരണകൾ നാം ഇനിയും കൈവരിച്ചിട്ടില്ലെന്നതാണ് വസ്തുത. അതിന്
അതതു ജ്ഞാനപദ്ധതികൾക്ക് അനുയോജ്യമായ രീതിശാസ്ത്രാനുസാരിയായ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. ചട്ടമ്പിസ്വാമികളുടെ മഹാസമാധിശതാബ്ദിയോടെ ഇതിന് ഗതികോർജ്ജം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. 'ഒരൻപതു കൊല്ലം കഴിയട്ടെ, ഈ കിഴവൻ പറഞ്ഞതെല്ലാം ആളുകൾ കൂടുതൽ ഗൗനിക്കാൻ തുടങ്ങും' എന്ന സ്വാമികളുടെ പ്രവചനമാണ് ഈ പ്രത്യാശയ്ക്ക് അവലംബം.
ഇത്രയേറെ മഹത്തും ബൃഹത്തുമായ സംഭാവനകൾ പ്രത്യക്ഷവും പരോക്ഷവുമായ വിധത്തിൽ ചെയ്തുതീർത്തിട്ടും ഒന്നിന്റെയും ഉത്തരവാദിത്വമോ ഫലഭാഗമോ ചട്ടമ്പിസ്വാമികൾ ഏറ്റിട്ടില്ല. കാരണം, ഒക്കെയും സ്ഥിതപ്രജ്ഞന്റെ യജ്ഞകർമ്മാനുഷ്ഠാനങ്ങളായിരുന്നു. തിരുവനന്തപുരത്തു ഭൂജാതനായി, ഭാരതമഹിമയായ സന്ന്യാസിപരമ്പരയ്ക്കു
മകുടമായിത്തീർന്ന് കേരളനവോത്ഥാനത്തിന്റെ നടുനായകത്വം വഹിച്ച ചട്ടമ്പിസ്വാമികൾ കൊല്ലം ജില്ലയിലെ പന്മനഗ്രാമത്തിലാണ് മഹാസമാധി പൂകിയത്.
ചട്ടമ്പിസ്വാമികൾ കാണിച്ചതും ചെയ്തതും പറഞ്ഞതുമെല്ലാം സാധാരണ ക്കാരന് അവിശ്വസനീയവും അത്ഭുതാവഹവുമാണ്. സ്വാമിയെ സംബന്ധിച്ചിടത്തോളം അവ തികച്ചും സാധാരണം മാത്രം. ജീവിച്ചിരിക്കെത്തന്നെ അദ്ദേഹം ബ്രഹ്മമായി മാറിയിരുന്നു. അതു മനസിലാക്കാൻ പലർക്കും സാധിച്ചില്ലെന്നേയുള്ളൂ. സ്വാമികളുടെ മഹാസമാധിയെക്കുറിച്ച് അദ്ദേഹം നൽകിയ സൂചനപോലും കേട്ടവർക്ക് പൂർണമായി മനസിലാക്കാൻ സാധിച്ചോ എന്നു സംശയമാണ്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് എല്ലാവരോടും യാത്രപറഞ്ഞ് പന്മനയിൽ കുമ്പളത്തു ശങ്കുപ്പിള്ളയുടെ ആതിഥ്യത്തിൽ കഴിയാൻ പോവുകയായിരുന്നു. അപ്പോൾ തിരുവനന്തപുരത്തുള്ള ഒട്ടേറെ ആളുകൾ അപേക്ഷിച്ചു: തിരിച്ചുവരണം, തിരുവനന്തപുരത്ത് ഉണ്ടാകണം, ശിഷ്ടജീവിതവും സമാധിയും ഒക്കെ ഇവിടെത്തന്നെയാകണം എന്ന്. അപ്പോൾ സ്വാമികൾ പറഞ്ഞു: മേടം 23 ആകട്ടെ; തീർച്ചയായും തെക്കോട്ടുതന്നെ വന്നേക്കാം. കൊല്ലവർഷം 1099, മേടമാസം 23ന് , അതായത്, പൊതുവർഷം 1924. പ്രവചിച്ച അതേ തീയതിയിലായിരുന്നു ചട്ടമ്പിസ്വാമികളുടെ മഹാസമാധി. ഇത് അദ്ദേഹം ഏറ്റവും അടുത്തവരോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. 99 ലെ ഇടവസൂര്യനെ ഞാൻ കാണുകയില്ല എന്ന്. അതാണ് 23 ആകട്ടെ എന്നു പറഞ്ഞതിന്റെ പൊരുൾ. മേടം 23ന് വൈകിട്ട് മൂന്നുമണിയായപ്പോൾ പന്മനയിലെ സി.പി.പി സ്മാരക വായനശാലയിലെ കയറ്റുകട്ടിലിൽ അദ്ദേഹം കിടക്കുകയായിരുന്നു. എപ്പോഴും സഹായത്തിനുള്ള പത്മനാഭപ്പണിക്കരെ വിളിച്ചു. എഴുന്നേറ്റിരുത്താൻ ആവശ്യപ്പെട്ടു. പണിക്കർ താങ്ങിയിരുത്തി. സ്വാമികൾ എഴുന്നേറ്റിരുന്നു. പിന്നീട് സ്വാമികൾ ഇരുകാലും സ്വയംബന്ധിച്ച് പത്മാസനസ്ഥനായി. കൈരണ്ടും മടിയിലേക്കു പിണച്ചുവച്ചുകൊണ്ട് അരമണിക്കൂറോളം ഊർദ്ധ്വദൃഷ്ടിയായി ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ കണ്ണുകൾ പതുക്കെ അടഞ്ഞു. ചട്ടമ്പിസ്വാമികൾ ശാന്തനായി,സ്വസ്ഥനായി ബ്രഹ്മവിലീനനാവുകയാണ് ഉണ്ടായത്.
സമാധിസ്ഥനായ സ്വാമികളുടെ ഫോട്ടോ ലഭ്യമാണ്. സമാധിയുടെ ലക്ഷണങ്ങൾ കണ്ടിട്ടാണ് അറിവുള്ളവർ പറയുന്നത്, സ്വാമികളുടേത് സവിശേഷമായ സമാധിയാണെന്ന്. അസംപ്രജ്ഞാതസമാധി അഥവാ നിർബീജസമാധിയാണത്രേ അത്. എന്നുവച്ചാൽ, വാസനയുടെ കണികപോലും അവശേഷിക്കാത്തതുകൊണ്ട് ഒരു ഭാവിസഞ്ചാരത്തിന്നും, ഒരു നിമിഷത്തേക്കു വേണ്ടിപ്പോലും ഇനി ഒരു ജന്മം എടുക്കേണ്ടാത്ത വിധത്തിൽ വേരറ്റുപോകുന്ന, സകലവാസനകളെയും എരിച്ചുകൊണ്ടുള്ള നിർഗമനമാണ് അദ്ദേഹത്തിന്റെ ജീവൻ ആ ശരീരപഞ്ജരത്തിൽനിന്നു കൈവരിച്ചത്. ചട്ടമ്പിസ്വാമികൾ പ്രപഞ്ചത്തിന്റെ ആത്മസത്തയിൽ ലയിക്കുകയാണ് ഉണ്ടായത്. സ്വാഭാവികമായി, ഒരു ബഹളവും കൂടാതെ, ഒരു അസ്വാസ്ഥ്യവും അസ്വാഭാവികതയും ഇല്ലാത്ത വിധത്തിലായിരുന്നു ചട്ടമ്പിസ്വാമികൾ ഈ ലോകം വിട്ടുപോയത്.
(കേരളസർവകലാശാലയിലെ കേരളപഠനവിഭാഗത്തിൽ സീനിയർ പ്രൊഫസറാണു ലേഖകൻ, ഫോൺ നമ്പർ: 9447453145).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |