SignIn
Kerala Kaumudi Online
Friday, 26 April 2024 10.03 AM IST

ഉഷ്ണം ആഘാതമാകുമ്പോൾ

photo

ലോകം ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിലൂടെ നീങ്ങുകയാണ്. കേരളത്തിലും ചൂട് വർദ്ധിക്കുന്നു. 65 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പകൽ താപനിലയിൽ ഒരു ഡിഗ്രി സെന്റിഗ്രേഡിന്റെ വർദ്ധനയാണുള്ളത്. 0.4 ൽ (പോയിന്റ് നാലിൽ ) താഴെയാണ് രാത്രി താപനിലയിലെ വർദ്ധന. വ്യവസായവിപ്ലവ പൂർവകാലത്തെ അപേക്ഷിച്ച് ആഗോള ശരാശരി താപനിലയിൽ 1.1 ഡിഗ്രി സെന്റിഗ്രേഡിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. വെറും ഒരു ഡിഗ്രി സെന്റിഗ്രേഡിന്റെ വർദ്ധന പോലും ആഗോള, പ്രാദേശിക കാലാവസ്ഥകളിലുണ്ടാക്കുന്ന താളപ്പിഴകൾ നിസ്സാരമായിരിക്കില്ല.

ഹരിതഗൃഹവാതകങ്ങളുടെ അമിതോപയോഗവും അന്തരീക്ഷത്തിലേക്കുള്ള ഇതിന്റെ വിസർജനവുമാണ് ആഗോള ശരാശരി താപനില വർദ്ധിക്കാൻ കാരണം. ഹരിതഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യമാണ് ഓരോ പ്രദേശത്തെയും താപനില നിശ്ചയിക്കുന്നത്. കാർബൺ ഡയോക്‌സൈഡ്, മീഥൈൻ, നൈട്രസ് ഓക്‌സൈഡ്, ഓസോൺ,നീരാവി, ക്ളോറോ - ഫ്ളൂറോ കാർബണുകൾ, സൾഫർ എന്നിങ്ങനെ പതിനെട്ടോളം ഹരിതഗൃഹ വാതകങ്ങളാണുള്ളത്. ഇതിലേറ്റവും കൂടുതലായി അന്തരീക്ഷത്തിലെത്തുന്നത് കാർബൺ ഡയോക്‌സൈഡാണ്. കാർബൺ ഡയോക്‌സൈഡ് വിസർജനത്തിൽ ഏഷ്യയിൽ ഒന്നാംസ്ഥാനത്ത് ചൈനയാണ്. തൊട്ടടുത്ത് ഇന്ത്യയുണ്ട്. ആളോഹരി കാർബൺ ഡയോക്‌സൈഡ് വിസർജനത്തിൽ ഒന്നാംസ്ഥാനം അമേരിക്കയ്ക്കാണ്. അറബുരാജ്യങ്ങളും മുൻനിരയിലുണ്ട്. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യാൻ കഴിവുള്ള വാതകമാണ് കാർബൺ ഡയോക്‌സൈഡ്. ഈ വിഷവാതകത്തിന് അന്തരീക്ഷത്തിൽ ഏറെകാലം തങ്ങാനും കഴിയും.

ഉഷ്ണാഘാതത്തെ സൂക്ഷിക്കുക

താപനിലയുടെ കാഠിന്യം വർദ്ധിക്കുന്നതനുസരിച്ച് സൂര്യാതപം, ഉഷ്ണാഘാതം തുടങ്ങിയവ അനുഭവപ്പെടും. തുറന്ന സ്ഥലങ്ങളിൽ പണിയെടുക്കുന്നവരാണ് ഇരകൾ. സൂര്യാതപത്തിന്റെ ഫലമായി ദേഹത്ത് ചുവന്നുതടിച്ച കുമിളകൾ വരാം. ചൊറിയുമ്പോൾ ഇതിൽ നിന്ന് ദ്രാവകം ഒലിച്ചുവരും. ഗുരുതരമായ പ്രശ്നമല്ല. ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ ഉഷ്ണാഘാതം മാരകമായ അവസ്ഥയാണ്. തീപ്പൊള്ളലേറ്റതു പോലെയുള്ള പാടുകളാണ് പ്രത്യേകത. കഠിനമായ പുറംപണികളിൽ ഏർപ്പെടുന്നവർ ഉഷ്ണാഘാതത്തെ തുടർന്ന് മോഹാലസ്യപ്പെടാം. മരണം സംഭവിക്കാനുള്ള സാദ്ധ്യതയും തള്ളക്കളയാനാവില്ല,

കാലാവസ്ഥയിലെ മാറ്റം

കേരളത്തിലെ ഓരോ പ്രദേശത്തിന്റെയും താപനിലയിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് പാലക്കാട് ജില്ലയിൽ കഴിഞ്ഞ ആഴ്ചയിലെ ശരാശരി പകൽ താപനില 37 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നിരിക്കട്ടെ. ഇതിൽ നാലര മുതൽ 6.4 ഡിഗ്രി സെന്റിഗ്രേഡ് വരെ വർദ്ധനയുണ്ടായെന്ന് കരുതുക. ഇതേ താപനില നാല് ദിവസം നീണ്ടുനിന്നാൽ ഉഷ്ണതരംഗമെന്ന് പറയും. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉഷ്ണാഘാതം സംഭവിക്കുന്നത്. ചൂട് കൂടുന്നതായി ആദ്യ ദിവസങ്ങളിൽത്തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകും. പിന്നീട് സ്ഥിരീകരണമുണ്ടാകും. മുന്നറിയിപ്പുകൾ അവഗണിക്കരുത്.

ഹൈറേഞ്ചിലെ ശരാശരി താപനില 30 ഡിഗ്രി സെന്റിഗ്രേഡാണ്. ഇടനാട്ടിലും തീരദേശത്തും പരമാവധി പകൽതാപനില 40 ഡിഗ്രി സെന്റിഗ്രേഡാണ്. ചൂട് 45 ഡിഗ്രി കടന്നാൽ പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകും. ഉഷ്ണതരംഗമുണ്ടായതായി സ്ഥിരീകരിക്കും.

കേരളത്തിലാദ്യമായി ഉഷ്ണാഘാതം സ്ഥിരീകരിച്ചത് 2016 ൽ പാലക്കാട് ജില്ലയിലാണ്. 2010 മുതൽ സൂര്യാതപം പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്തുതുടങ്ങി. 2011ൽ തൃശൂർ ജില്ലയിൽ സൂര്യാതപം അനുഭവപ്പെട്ടു. ഉഷ്ണാഘാതത്തിന്റെ ഫലമായി 2016 ൽ 1500 ലേറെ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. എല്ലാ ജില്ലകളും ചൂടിന്റെ കാഠിന്യത്തിലെരിഞ്ഞു. ഉഷ്ണാഘാതത്തെക്കുറിച്ച് കേരളം ഗൗരവമായ പഠനങ്ങൾ ആരംഭിച്ചത് 2016 ന് ശേഷമാണ്. ഗവേഷണങ്ങൾ ഇന്നും ശൈശവദശയിലാണ്.

അനുഗ്രഹമായി വേനൽമഴ

ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വർഷം എല്ലാ ജില്ലകളും 117 ശതമാനത്തിലധികം വേനൽമഴ ലഭിച്ചിട്ടുണ്ട്. മേയിൽ മഴ കൂടിയേക്കാം. അതിനാൽ പകൽതാപനില ഉയരാൻ സാദ്ധ്യത കുറവാണ്. എന്നാൽ ആർദ്രത (ഹ്യുമിഡിറ്റി)കൂടുതലായതിനാൽ പുകച്ചിൽ അനുഭവപ്പെടാം.

വെള്ളാനിക്കര, കേരള കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പഠനഗവേഷണ അക്കാഡമിയിൽ സയന്റിഫിക് ഓഫീസറാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLIMATE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.