SignIn
Kerala Kaumudi Online
Friday, 19 April 2024 1.22 PM IST

ഭരണഘടനയും സത്യപ്രതിജ്ഞയും

photo

ഏറെ ചർച്ചകൾക്കും നിയമോപദേശങ്ങൾക്കും ഒടുവിലാണല്ലോ സംസ്ഥാനത്ത് ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിൽ
രാജിവച്ച് പുറത്തുപോയ മന്ത്രിയെ ഗവർണർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം ഗവർണറെ ഭരണപരമായ കാര്യങ്ങളിൽ ഉപദേശിക്കാനും സഹായിക്കാനും ഇവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ അഥവാ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഉണ്ടായിരിക്കേണ്ടതാണ്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുകയും മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരം മറ്റു മന്ത്രിമാരെ ഗവർണർ നിയമിക്കുകയും ചെയ്യും. ഭരണഘടനയുടെ അനുച്ഛേദം 164 പ്രകാരം ഗവർണറുടെ പ്രീതിക്ക് വിധേയമായി മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാം. എന്നാൽ അടുത്തകാലത്തായി ഗവർണറെ പൊതുവേദിയിൽ വിമർശിച്ചു എന്ന പേരിൽ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയിൽ ഗവർണറുടെ പ്രീതി നഷ്ടപ്പെട്ടു എന്ന് രേഖപ്പെടുത്തുകയുണ്ടായി. ഗവർണർ അപ്രീതി രേഖപ്പെടുത്തിയാൽ പ്രസ്തുത മന്ത്രി മന്ത്രിസഭയിൽ തുടരണോ,വേണ്ടയോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം.
ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ സ്വന്തം തട്ടകത്തിൽ വിമർശനം ഉയർന്നതിനാൽ മന്ത്രിക്ക് പുറത്തു പോകേണ്ടിവന്നു . ആറുമാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി ആ മന്ത്രിയെ തന്റെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിക്കുകയും ഗവർണറെ സത്യപ്രതിജ്ഞ ദിനവും സമയവും അറിയിക്കുകയും ഉണ്ടായി. ഭരണഘടനയിലെ 164 (3 ) പ്രകാരം ഗവർണറുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത്. ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് സത്യപ്രതിജ്ഞാ വാചകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് .ആ വാചകങ്ങളാണ് ചൊല്ലേണ്ടത്.
ഒരു മന്ത്രി എം.എൽ.എയോ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമോ ആയി തിരഞ്ഞെടുക്കുമ്പോൾ ഭരണഘടനയിലെ അനുഛേദം 188 പ്രകാരം ഗവർണറുടെ മുന്നിലോ അല്ലെങ്കിൽ ഗവർണർ ചുമതലപ്പെടുത്തുന്ന ഒരാളുടെ മുന്നിലോ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേൽക്കേണ്ടത്.
ഇവിടെ സത്യപ്രതിജ്ഞ ചെയ്യാനായി മുഖ്യമന്ത്രി ഗവർണറെ തീയതിയും ദിവസവും അറിയിച്ചിട്ടും ഗവർണർ അനുകൂലമായി പ്രതികരിച്ചില്ല. ഭരണഘടനയെ അവഗണിച്ചു എന്നതിന്റെ പേരിൽ ഈ മന്ത്രിക്കെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. ആയതിനാൽത്തന്നെ സത്യപ്രതിജ്ഞാ തീയതി നൽകാൻ ഗവർണർ നിയമോപദേശം തേടുകയായിരുന്നു. ഒടുവിൽ നിയമവശം പരിശോധിച്ച് ഏറെ ചർച്ചകൾക്ക് ശേഷമാണ് സത്യപ്രതിജ്ഞ സമയം അനുവദിച്ചത്.

1978 ഏപ്രിലിൽ തമിഴ്നാട്ടിലെ വസന്ത പൈയും സി.കെ.രാമസ്വാമിയും തമ്മിലുള്ള കേസിൽ മദ്രാസ് ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടതായിരുന്നു ആ വിധി. അന്ന് തമിഴ്നാട്ടിലെ സീനിയർ അഭിഭാഷകനായ വസന്തപൈ അവിടുത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഗവർണറുടെ മുന്നിലോ ഗവർണർ നിർദേശിക്കുന്ന ഒരാളുടെ മുന്നിലോ ആണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. അതുപ്രകാരം പ്രോടൈം ചെയർമാന്റെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വിസമ്മതിക്കുകയും ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഗവർണർ അനുകൂലമായി പ്രതികരിച്ചില്ല.
തുടർന്ന് ഭരണഘടനയിലെ 188 അനുച്ഛേദപ്രകാരം മൂന്നാം പട്ടികയിൽ വിവരിച്ചിട്ടുള്ള സത്യപ്രതിജ്ഞ വാചകങ്ങൾ താൻ തന്റെ ലെറ്റർ ഹെഡിൽ എഴുതി ഒരു കവറിങ് ലെറ്ററോടുകൂടി ഒപ്പിട്ട ശേഷം ഗവർണർക്ക് അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് തന്റെ കത്ത് സത്യപ്രതിജ്ഞയായി കണക്കാക്കുകയും മെമ്പർ ഓഫ് ലെജസ്ലേറ്റീവ് കൗൺസിലായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി ആവശ്യം അംഗീകരിക്കുകയും ചെയ്തു. 1978 ലാണ് സി.കെ.രാമസ്വാമി വേഴ്സസ് വസന്തപൈ കേസിൽ നിർണായകമായ തീരുമാനം വന്നത്.
ഇത് നമ്മുടെ സംസ്ഥാനത്തും ബാധകമാണ്. ഗവർണറുടെ മുന്നിൽ മുഖ്യമന്ത്രി ഒരു എം.എൽ.എയെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തുനൽകി ഗവർണർ വിസമ്മതിച്ചാൽ രാമസ്വാമിയും വസന്ത പൈയും തമ്മിലുള്ള കേസിലെ തീരുമാനപ്രകാരം ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഉദ്ദേശിക്കുന്ന മന്ത്രിക്ക് തന്റെ സത്യപ്രതിജ്ഞാ വാചകങ്ങൾ എഴുതി രജിസ്റ്റർ ചെയ്ത് കവറിങ് ലെറ്ററോടു കൂടി ഗവർണർക്ക് അയച്ചശേഷം കോടതിയെ സമീപിച്ച് തന്റെ നിയമനം സാധുവാക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് കോടതിക്ക് അംഗീകരിക്കുകയെ നിർവാഹമുള്ളൂ. ഇതാണ് വസന്ത പൈയും സി.കെ.രാമസ്വാമിയും തമ്മിലുള്ള കേസിന്റെ ഉള്ളടക്കം. ഗവർണറുടെ മുന്നിൽത്തന്നെ സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് സാരം. വരും നാളുകളിൽ ഇങ്ങനെയൊരു പ്രതിസന്ധി ഉടലെടുത്താൽ ഈ വഴി തിരഞ്ഞെടുക്കാവുന്നതാണ്. ഏറ്റവും ഒടുവിൽ എല്ലാ പൗരനും വിലമതിക്കേണ്ടത് നമ്മുടെ ഭരണഘടനയും നിയമങ്ങളുമാണെന്ന് മറക്കാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSTITUTION AND OATH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.