SignIn
Kerala Kaumudi Online
Thursday, 19 September 2024 1.55 PM IST

ആതുരസേവനത്തിൽ ഡോ. ബാലകൃഷ്ണൻ എന്ന മുദ്ര

Increase Font Size Decrease Font Size Print Page

balakrishanan-

രോഗികളെ ചികിത്സിക്കുമ്പോഴും ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ഡോക്ടർ 'മെഡിക്കൽ എത്തിക്സ് "പൂർണമായും പാലിക്കണമെന്നാണ് സങ്കൽപ്പം. വൈദ്യശാസ്ത്ര വികസനം ഉത്തുംഗ ശൃംഗത്തിലെത്തിയ ഈ ലോകത്ത് ഇത്തരം മൂല്യങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് ആർക്കും ഉറപ്പില്ല.

ഈ മാസം മൂന്നിന് കൊല്ലത്ത് അന്തരിച്ച ഡോ. കെ. ബാലകൃഷ്ണന്റെ വേർപാടാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരകമായത്. 84 -ാം വയസിൽ അധികമാരും അറിയാതെ കടന്നുപോയ അദ്ദേഹം ആരായിരുന്നു എന്നറിയാൻ അല്പദൂരം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും. കൊല്ലം തട്ടാമല കുന്നൂശ്ശേരിൽ പരേതരായ കെ.കൊച്ചുകൃഷ്ണന്റെയും ദേവകിയുടെയും മകനായ ബാലകൃഷ്ണൻ 1960 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്കാണ് ഉപരിപഠനത്തിനായി പറന്നത്.

യു.എസിലെ ഹെൻട്രി ഫോർഡ് ആശുപത്രിയിലെ പരിശീലന ശേഷം കാനഡയിൽ നിന്ന് ഇന്റേണൽ മെഡിസിനിൽ എഫ്.ആർ.സി.പി (ഫെലോ ഓഫ് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ്) യും നേടിയാണ് നാട്ടിൽ മടങ്ങിയെത്തിയത്. അന്നത്തെ കാലത്ത് എഫ്.ആർ.സി.പി നേടിയ ഡോക്ടർമാർ നാട്ടിൽ വിരളമായിരുന്നു. മുൻ മുഖ്യമന്ത്രിയും എസ്.എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ.ശങ്കർ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി തുടങ്ങിയ കാലമായിരുന്നു. പ്രത്യേക സ്വഭാവക്കാരനായ ഡോ.ബാലകൃഷ്ണൻ ഏതെങ്കിലും ആശുപത്രിയിൽ പോയി ആരുടെയെങ്കിലും നിർദ്ദേശത്തിനോ മേധാവിത്വത്തിനോ വഴങ്ങി ജോലിചെയ്യാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനെന്നറിഞ്ഞുകൊണ്ടു തന്നെ ശങ്കർ ഇടപെട്ട് ബാലകൃഷ്ണനെ ശങ്കേഴ്സിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അവിടെ ചീഫ് ഫിസിഷ്യന്റെ ചുമതലയും നൽകി. കൊല്ലം എസ്.എൻ കോളേജ് ആരംഭിച്ചപ്പോൾ അന്യനാട്ടിൽ നിന്ന് പോലും പ്രശസ്തരും പ്രതിഭാശാലികളുമായ അദ്ധ്യാപകരെ കൊണ്ടുവന്ന ശങ്കറിന്റെ ദീ‌ർഘദർശിത്വമായിരുന്നു അന്ന് കൊല്ലത്തെ ഏറ്റവും മികച്ച ആതുരാലയമായി മാറിക്കൊണ്ടിരുന്ന ശങ്കേഴ്സ് ആശുപത്രിയിലും അവലംബിച്ചത്. ഡോ. ബാലകൃഷ്ണനെപ്പോലെ ഒരാളുടെ സേവനം ആശുപത്രിയുടെ യശസ്സ് ഉയർത്തുമെന്ന അദ്ദേഹത്തിന്റെ നിഗമനം പിഴച്ചില്ല. രോഗനിർണയത്തിനായി അത്യാധുനിക സ്കാനിംഗ് സൗകര്യങ്ങളും മറ്റു സാങ്കേതികതയും വിനിയോഗിക്കുന്ന ഇന്നത്തെക്കാലത്തിൽ നിന്ന് വ്യത്യസ്തമായി സ്റ്റെതസ്കോപ്പ് നെഞ്ചിൽ വച്ചും രോഗിയുടെ നാഡിമിടിപ്പും സസൂക്ഷ്മം നിരീക്ഷിച്ചും രോഗലക്ഷണങ്ങൾ അറിഞ്ഞ് കൃത്യമായ രോഗനി‌ർണ്ണയം നടത്തി ചികിത്സിക്കുന്നതായിരുന്നു ഡോ. ബാലകൃഷ്ണന്റെ രീതി. ബന്ധുക്കളും സ്നേഹിതരും 'ബാലൻ ഡോക്ടർ" എന്ന് വിളിച്ച അദ്ദേഹത്തിൽ മുന്നിട്ടു നിന്നത് ക‌ാർക്കശ്യവും ഗൗരവഭാവവുമായിരുന്നു. രോഗിയുടെ വിലപ്പെട്ട ജീവൻ രക്ഷിക്കണമെന്ന കരുതലിനപ്പുറം പണത്തോടോ പ്രശസ്തിയോടോ ലവലേശം ആർത്തിയുണ്ടായിരുന്നില്ല. സർജറിയോ ബൈപോസോ ചെയ്യണമെന്ന് നിർബ്ബന്ധം പിടിക്കുന്ന രോഗികളോട് പരുഷമായി പെരുമാറുകയും വേണ്ടിവന്നാൽ അവരെ ശകാരിച്ച് പറഞ്ഞു വിടുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.

രോഗികളെ പരിശോധിക്കുക മാത്രമല്ല, ആവശ്യമില്ലാതെ കത്തിക്കിടക്കുന്ന ലൈറ്റുകൾ, ചോരുന്ന ടാപ്പുകൾ, അഴുക്ക് പുരണ്ട ഭിത്തി, വൃത്തിയാക്കാത്ത തറ, എന്നു വേണ്ട രോഗികളുടെ കിടക്കയിലെയും മേശയിലെയും പൊടി വരെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ ശകാരം ഉറപ്പാണ്. ഉത്തരവാദികളായവരെ പരുഷമായ ഭാഷയിൽ ശകാരിക്കുമ്പോഴും അതിനു പിന്നിൽ ആശുപത്രിയുടെ ഉയർച്ചയും സ്ഥാപനത്തോടുള്ള സ്നേഹവുമായിരുന്നു മുന്നിട്ടു നിന്നത്. ഇതറിയാവുന്ന ജീവനക്കാർ ഡോക്ടറുടെ കണ്ണ് ചെല്ലുന്നിടത്തെല്ലാം വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി. രോഗികളെ മാത്രമല്ല, ആശുപത്രിയെയും അദ്ദേഹം വേണ്ടവിധം ചികിത്സിച്ചുവെന്ന് പറയാം. കാര്യമായ അസുഖമൊന്നും അലട്ടാതിരുന്ന ആർ. ശങ്കറിന്റെ ആരോഗ്യപരിശോധനയും നടത്തിയിരുന്ന ഡോ. ബാലകൃഷ്ണനാണ് 1972 നവംബർ ഏഴിന് അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ ആ മഹാന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതും. ശങ്കറിന്റെ വേർപാടിനു ശേഷവും വളരെക്കാലം ആശുപത്രിയിൽ ഫിസിഷ്യനായി തുടർന്നെങ്കിലും ശങ്കറിനു പിന്നാലെ വന്നവരുടെ ചിട്ടകളുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നതിനാൽ അദ്ദേഹം ആശുപത്രിയിൽ നിന്ന് പടിയിറങ്ങി. അനുനയിപ്പിച്ച് പിന്നീട് വീണ്ടും ആശുപത്രിയിലേക്ക് മടക്കിക്കൊണ്ടു വന്നെങ്കിലും അധികകാലം തുടർന്നില്ല. ചെമ്മാംമുക്കിലെ വസതിയായ 'ബൃന്ദാവനിൽ" തന്നെ കാണാനെത്തുന്ന രോഗികളെ മാത്രം പരിശോധിക്കുന്നതായി രീതി. കൊല്ലത്തെ പല പ്രമുഖ ആശുപത്രികളും അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും ഒരിടത്തേക്കും അദ്ദേഹം പോയില്ല. രോഗശമനം ആഗ്രഹിക്കുന്നവ‌ർ തന്നെ തേടിവന്നുകൊള്ളും എന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്. മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ കർമ്മനിരതനായിരുന്ന അദ്ദേഹത്തിന്റെ ചികിത്സാരീതികളിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. വിലകൂടിയ മരുന്നുകളോ ചിലവേറിയ പരിശോധനകളോ ആശുപത്രിയിലെ കിടത്തി ചികിത്സയോ ഐ.സി യൂണിറ്റ് വാസമോ ഏറ്റവും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ അദ്ദേഹം നിർദ്ദേശിക്കുമായിരുന്നുള്ളൂ.

രോഗചികിത്സയെ ഇത്രയധികം ആത്മാർത്ഥതയോടെ സമീപിക്കുകയും മെഡിക്കൽ എത്തിക്സ് അതേപടി പാലിക്കുകയും ചെയ്തയാളായിരുന്നു ഡോ. ബാലകൃഷ്ണനെന്ന് ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ടും സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ. കെ.വേണുഗോപാൽ അനുസ്മരിച്ചു. ലളിതമായ രീതികളിലൂടെ രോഗനിർണ്ണയം നടത്തുന്ന പ്രഗത്ഭനും ജീനിയസും ആയിരുന്നു ഡോ.ബാലകൃഷ്ണനെന്ന് 1991 മുതൽ 93 വരെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ഒപ്പം ജോലിചെയ്ത ഡോ.വേണുഗോപാൽ പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ കെമിസ്ട്രി വിഭാഗം മുൻ മേധാവി പ്രൊഫ. ഗീത കരുണാകരനാണ് ഡോ.ബാലകൃഷ്ണന്റെ ഭാര്യ. എൻജിനിയർമാരായ ആരതികൃഷ്ണ (യു.എസ്.എ), അനുപമ കൃഷ്ണ (കാനഡ) എന്നിവർ മക്കളും വികാസ് ഗോപാൽ (യു.എസ്.എ), എസ്.ശ്രീകുമാർ (കാനഡ) എന്നിവ‌ർ മരുമക്കളുമാണ്.

കർമ്മമണ്ഡലത്തിലും സ്വജീവിതത്തിലും ലാളിത്യവും കാർക്കശ്യവും പാലിച്ചു ജീവിച്ച ‌‌ഡോ. ബാലകൃഷ്ണന്റെ അന്ത്യയാത്രയും കർമ്മങ്ങളോ മരണാനന്തര ചടങ്ങുകളോ വേണ്ടെന്നത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു. 'ദൈവദശകം" ചൊല്ലിയാണ് ബന്ധുക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ യാത്രയാക്കിയത്. പോളയത്തോട് ശ്മശാനത്തിൽ ഭാര്യ പ്രൊഫ. ഗീത കൊളുത്തിയ ചിതയിൽ ആ ആത്മാവ് വിലയം പ്രാപിച്ചെങ്കിലും അദ്ദേഹം ബാക്കിവച്ച മൂല്യങ്ങളും നിഷ്ഠകളും പിൻഗാമികളായ ഡോക്ടർ സമൂഹത്തിന് മാതൃക കാട്ടുമെന്ന് ആശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DR BALAKRISHNAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.