SignIn
Kerala Kaumudi Online
Thursday, 19 September 2024 8.59 PM IST

കേരളം ധനപ്രതിസന്ധിയിൽ

Increase Font Size Decrease Font Size Print Page

finance

കേരളചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തികവർഷമായിരുന്നു 2020-21. മൊത്ത ആഭ്യന്തരഉത്പാദനം എട്ട് ശതമാനത്തോളം കുറഞ്ഞു. റവന്യൂ വരുമാനം ഭീകരമായി നിലംപതിച്ചു. റവന്യൂ, ധനകമ്മികൾ യഥാക്രമം നാല് ശതമാനത്തിലും ആറ് ശതമാനത്തിലുമെത്തി . സ്വാഭാവികമായും ജി.എസ്.ഡി.പിയിലുണ്ടായ കുറവ് കണക്കുകൂട്ടിയതുപോലെ തന്നെ എട്ട് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലായിരുന്നു. റവന്യൂകമ്മി മൂന്ന് ശതമാനത്തിലും (23000കോടിരൂപ) ത്തിലും ധനകമ്മി ഏതാണ്ട് 4.5 ശതമാനത്തിന് തൊട്ട് മുകളിലുമെത്തി(38000കോടിരൂപ). ചെലവിന് സമ്മർദ്ദമുണ്ടായിരുന്നു എന്നതിൽ സംശയമില്ല. പൊതു,സാമ്പത്തിക മേഖലകളിൽ ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 20 ശതമാനം കണ്ട് വെട്ടിക്കുറച്ചു. എന്നാൽ സാമൂഹ്യമേഖലയിൽ അത് 12ശതമാനത്തിൽ ഒതുക്കിനിറുത്തി. സാമ്പത്തിക ഉണർവിന് വഴിയൊരുക്കേണ്ട മൂലധനചെലവ് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 40 ശതമാനം കുറച്ചു. എന്നാൽ അത് 2019-20 വർഷത്തെ യഥാർത്ഥ ചെലവിനെക്കാൾ മുകളിലെത്തിക്കാൻ യത്നിച്ചു. എന്നിരുന്നാലും മഹാമാരിയുടെ സാഹചര്യത്തിൽ മികച്ച സാമൂഹ്യപിന്തുണ നല്‌കാൻ നമുക്കായി. അയൽസംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ശ്രമങ്ങൾ ശരിക്കും അഭിനന്ദനീയമായിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തേക്ക് വന്നാൽ, സാമ്പത്തികരംഗം അതിവേഗം തിരിച്ചുകയറുന്നതിന്റെ സൂചനകൾ നല്‌കിയ സമയത്താണ് കഴിഞ്ഞ വർഷം (2021-22) ബഡ്ജറ്റ് അവതരിപ്പിച്ചത്. റവന്യൂവരുമാനം കുതിപ്പിലായിരുന്നു. ധനസ്ഥിതി ആശ്വാസത്തിന്റെ പാതയിലുമായിരുന്നു. പ്രതീക്ഷാനിർഭരമായ സമയമെന്ന് കണ്ടാണ് സർക്കാർ പതിനൊന്നാം ശമ്പളപരിഷ്‌കരണത്തിന്റെ നേട്ടങ്ങൾ പ്രഖ്യാപിച്ചത്. വിരമിക്കൽ പ്രായം കൂട്ടിയും ക്ഷാമബത്ത ആനുകൂല്യങ്ങൾ നല്‌കാതെ മാറ്റിവെയ്ക്കുകയും ചെയ്തുകൊണ്ട് , മറ്റ് സംസ്ഥാനങ്ങൾ പ്രതികൂല നടപടിയെടുത്ത സാഹചര്യത്തിൽ തികച്ചും വ്യത്യസ്തമായ സമീപനമാണ് ഇവിടെ സ്വീകരിച്ചത്. സാമൂഹ്യക്ഷേമ പെൻഷനുകളും ഉയർത്തി. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ പൂർണശക്തിയോടെ സാമൂഹ്യപിന്തുണ നല്‌കിയതിന്റെ മികച്ച ഉദാഹരണമാണിത്. എന്നാൽ മഹാമാരിയുടെ രണ്ടാംതരംഗം ഒന്നാം തരംഗത്തെ അപേക്ഷിച്ച് ദീർഘകാലം നീണ്ടുനിന്ന സാഹചര്യമാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ദൃശ്യമായത്.

മഹാമാരിയുടെ രണ്ടാം വർഷത്തിൽ ഇപ്പോൾ എട്ടുമാസം പിന്നിട്ടുകഴിഞ്ഞു. മഹാമാരിയുടെ ഒാമിക്രോൺ വകഭേദം പടിവാതിക്കൽ എത്തിനില്‌ക്കുന്ന മൂന്നാം വർഷത്തിലാണ് ബഡ്ജറ്റിനെ സമീപിക്കുന്നത്. 2021-22 ബഡ്ജറ്റിൽ കണക്കാക്കിയിരുന്ന റവന്യൂകമ്മി 16910 കോടി രൂപയാണ്. 2020-21 വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 1500കോടിരൂപ കൂടുതൽ. ധനകമ്മിയാകട്ടെ 30698 കോടിയാണ്. ഇതും 2020-21നെക്കാൾ 1500കോടി രൂപ കൂടുതൽ. സാമ്പത്തിക വർഷത്തെ ഏഴാം മാസം പിന്നിടുമ്പോൾ നാം ഇതിനകം 10000 കോടി രൂപയുടെ വായ്പയെടുത്തു കഴിഞ്ഞു. ഇൗ ഒരുവർഷത്തേക്ക് എടുക്കാൻ കണക്കാക്കിയിരുന്ന മൊത്തം വായ്പയെക്കാൾ അധികമാണിത്. നമ്മുടെ റവന്യൂ,ധനകമ്മികൾ യഥാക്രമം 32000 കോടിയും 40000 കോടി രൂപയ്ക്ക് മുകളിലുമെത്തി. ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ വായ്പയുടെ അല്ലെങ്കിൽ ധനക്കമ്മിയുടെ 80 ശതമാനം റവന്യൂകമ്മി നേരിടാൻ വേണ്ടിവരുന്നു എന്നതാണ്. ഇത് 2020-21 വർഷത്തിലെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമാണ്. കേന്ദ്രത്തിൽ നിന്ന് ജി.എസ്.ടി.നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ല. റവന്യൂകമ്മി പരിഹരിക്കാനുള്ള സഹായം കേന്ദ്രസർക്കാരിൽ നിന്ന് കിട്ടുന്നത് കുറഞ്ഞു. ധനപ്രതിസന്ധിയുടെ ആക്കം കൂട്ടാനുള്ള സാഹചര്യമല്ലേ ഇതുണ്ടാക്കുന്നത്?.

ഇൗ വർഷം ഒക്ടോബർ വരെയുള്ള റവന്യൂവരുമാനം 53969 കോടി രൂപയാണ്. റവന്യൂ ചെലവ് 85724കോടി രൂപയും. ശമ്പളം,പെൻഷൻ,പലിശകൊടുക്കാനുള്ള ചെലവ് എന്നിവ (എസ്.ഐ.പി.) മൂന്നും ചേർന്ന് 57134കോടി രൂപ വരും.പൊതുവെ ഇൗ മൂന്നും (എസ്.ഐ.പി.) ചെലവ് ചേർത്ത് വരുന്ന ചെലവും മൊത്തം റവന്യൂ ചെലവും തമ്മിലുള്ള അനുപാതം 1.5 മുതൽ 1.6 വരെയായിരിക്കും. അതനുസരിച്ചാണ് സർക്കാർ മറ്റ് ചെലവ് കുറയ്ക്കുന്നത്. എന്നാൽ ശമ്പളവും പെൻഷനും ചേർന്നുള്ള തുക ഇത്തവണ അത്ര നല്ല സ്ഥിതിയിലല്ല. ശമ്പളവും പെൻഷനും ചേർന്നുള്ള ചെലവ് ഇപ്പോൾത്തന്നെ ഒരു വർഷത്തേക്ക് ഇതിനായി കണക്കായിയിട്ടുള്ള ചെലവിന്റെ 70 ശതമാനം കവിഞ്ഞു. ഇതുരണ്ടും ചേർന്ന് ഇൗ വർഷം 84000 കോടിരൂപ കവിയുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബർ അവസാനം വരെയുള്ള റവന്യൂവരുമാനം കണാക്കാക്കിയാൽ അതൊരിക്കലും ഇൗ സംഖ്യ എത്തില്ല. മറ്റ് റവന്യൂ ചെലവിനായി 50ശതമാനം തുകയെങ്കിലും വേണ്ടിവരും. കൂടാതെ മൂലധന ചെലവിനായി എന്തെങ്കിലും വേണമങ്കിൽ അതും അധിക വായ്പയിലൂടെ കണ്ടെത്തേണ്ടിവരും. അതായത് 2021-22 വർഷത്തിൽ റവന്യൂകമ്മി 42000കോടിയും ധനകമ്മി 55000 കോടി രൂപയും എത്തുമെന്ന് കാണാം. ഇത് യഥാക്രമം ജി.എസ്.ഡി.എയുടെ 4.8 ശതമാനവും 6.3 ശതമാനവും വരും. അസാദ്ധ്യമായ സാഹചര്യമാണത്.

വിദേശമലയാളികളിൽ നിന്നുള്ള പണം വരവും ടൂറിസവുമാണ് കേരളത്തിന്റെ സാമ്പത്തികരംഗം ചലനാത്മകമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. എന്നാലിപ്പോൾ വളരെ വലിയ തോതിൽ വിദേശങ്ങളിൽ നിന്ന് പ്രവാസികൾ മടങ്ങിയെത്തി. 25ലക്ഷം പ്രവാസികളിൽ 10 - 14 ലക്ഷം പേർ മടങ്ങിയെത്തികഴിഞ്ഞു. വിദേശ പണം വരവിലെ ഇൗ കുറവ് ആഭ്യന്തരചെലവിൽ വൻ ഇടിവുണ്ടാക്കും. കേരള സാമ്പത്തികരംഗത്ത് പത്തുശതമാനത്തിലധികവും നൽകുന്നത് ടൂറിസമാണ്. 2020ൽ ഇവിടെയെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം 2019ൽ വന്നവരുടെ 25 ശതമാനത്തിൽ അല്പം അധികം മാത്രമാണ്. 2021ലാകട്ടെ ഡിസംബർ വരെ എത്തിയവർ 2020ൽ വന്നവരിൽ അല്‌പം കൂടുതൽ മാത്രവും. വിദേശമലയാളികളിൽ നിന്നുള്ള പണം വരവും ടൂറിസം മേഖലയിൽ നിന്നുള്ള വരവും ഇനിയും തിരിച്ചുകയറാനുള്ള സാദ്ധ്യതയില്ല. അതേപോലെ സുപ്രധാനമായ കാര്യം ഇൗ രണ്ടുകാര്യങ്ങളും വാറ്റ്, ജി.എസ്.ടി. വരുമാനത്തെ ഒരു വലിയ അളവുവരെ സ്വാധീനിക്കുമെന്നതാണ്. റവന്യൂവരുമാനത്തിലെ ഇടിവ് തുടരുമെന്ന് തന്നെയാണിത് കാണിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ നികുതിവരുമാനം 2020-21വർഷത്തിൽ വല്ലാതെ ഇടിഞ്ഞു. എന്നാൽ ആദായ നികുതിയും കോർപറേഷൻ നികുതിയും മികച്ച വളർച്ച പ്രകടിപ്പിച്ച 2021-22ൽ അത് അങ്ങനെയല്ല. ജി.എസ്.ടി.യും കഴിഞ്ഞ മാസത്തങ്ങളിൽ മോശമല്ലാത്ത സ്ഥിതിയിലാണ്. എന്നാൽ ഇൗ സാമ്പത്തികവർഷം സംസ്ഥാനങ്ങൾക്കുള്ള പണം കൈമാറൽ മുൻ വർഷത്തെ അപേക്ഷിച്ച് അത്രയ്ക്ക് താഴ്ന്നില്ല. പതിനഞ്ചാം ധനകാര്യകമ്മിഷനിൽ (2021-22 മുതൽ 2025-26വരെ ) നമ്മുടെ വിഹിതം വല്ലാതെ കുറഞ്ഞു. ഇൗ പ്രതിസന്ധിയുടെ വർഷത്തിൽ റവന്യൂകമ്മി സഹായം വലിയ ആശ്വാസമായിരുന്നു. എന്നാൽ അടുത്ത സാമ്പത്തിക വർഷം അത് തുടരാനിടയില്ല. അത് 5000 കോടിയോളം കുറയും. പിന്നീട് പടിപടിയായി കുറഞ്ഞുവരും.

ആത്യന്തികമായി ധനമന്ത്രിക്ക് മുന്നിൽ ബുദ്ധിമുട്ടേറിയ ദൗത്യമാണുള്ളത്. വിനോദസഞ്ചാരികളുടെ വളരെ കുറഞ്ഞ ഒഴുക്ക്, പ്രവാസികളുടെ മടക്കം, കേന്ദ്രത്തിൽ നിന്ന് വളരെ കുറഞ്ഞ വരവ്, ഇതെല്ലാം പ്രതികൂല സാഹചര്യമാണ്. വളരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും.

(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCIAL CRISIS IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.