SignIn
Kerala Kaumudi Online
Thursday, 19 September 2024 3.43 AM IST

അമേരിക്കയും തോക്ക് ഭ്രാന്തന്മാരും

Increase Font Size Decrease Font Size Print Page

gun

മുപ്പത്തിമൂന്ന് കോടിയിലേറെ ജനങ്ങൾ താമസിക്കുന്ന അമേരിക്കയിൽ 48 കോടി ചെറുതും വലുതുമായ തോക്കുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിൽ കഴിഞ്ഞ ഇരുപത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, തോക്കുകളുടെ അനിയന്ത്രിതമായ ഉപയോഗം കാരണം ഏകദേശം 20,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അനിയന്ത്രിതമായ തോക്ക് ഉപയോഗത്തിന്റെ കാരണങ്ങളിൽ പ്രധാനം 1791യിൽ നടന്ന അമേരിക്കൻ ഭരണഘടന ഭേദഗതി ബില്ലാണ്. ഇതനുസരിച്ച് ആളുകൾക്ക് സ്വയരക്ഷയ്‌ക്കായി തോക്ക് കൈവശം സൂക്ഷിക്കാം. 1776 ൽ അമേരിക്കയ്‌ക്ക് ലഭിച്ച സ്വാതന്ത്യം സംരക്ഷിക്കാൻ അവർ തങ്ങളുടെ എല്ലാ പൗരന്മാരെയും പട്ടാളക്കാർക്ക് തുല്യമായാണ് കരുതുന്നത്. അതുകൊണ്ട് തോക്ക് ഉപയോഗം അവർ രാജ്യ സംരക്ഷണത്തിന്റെ ഭാഗമായി കൂടി കാണുന്നു എന്നുവേണം കരുതാൻ.

മുൻപ് കന്നുകാലി പരിപാലനം അമേരിക്കൻ ജനതയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. കന്നുകാലി മോഷണം വ്യാപകമായിരുന്ന ആ കാലത്ത് കർഷർക്ക് തങ്ങളുടെ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കാൻ

തോക്ക് പോലെയുള്ള ആയുധങ്ങൾ ആവശ്യമായിരുന്നു. മാത്രമല്ല ജോലികൾക്കായി ഉപയോഗിച്ചിരുന്ന അടിമകളെ അച്ചടക്കം പഠിപ്പിക്കാനും അവരുടെ വ്യാപാരം നിയന്ത്രിക്കാനും അമേരിക്കക്കാർ തോക്കുകൾ ഉപയോഗിച്ചിരുന്നു. പഴയകാല അമേരിക്കൻ ചരിത്രം പരിശോധിച്ചാൽ അന്നത്തെ ജനതയിൽ വലിയൊരു ശതമാനവും സാക്ഷരതയും പൗരബോധവും കുറഞ്ഞവരായിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറിയിട്ടും

സ്വയരക്ഷയ്‌ക്ക് ഉപയോഗിക്കേണ്ട ആയുധങ്ങൾ കുട്ടികളുടെ കയ്യിലെ കളിപ്പാട്ടങ്ങളായി തീർന്നിരിക്കുന്നു. എന്നാൽ തോക്കുകളുടെ ഉപയോഗത്തിനായി ഭരണഘടന ഭേദഗതി ചെയ്തപ്പോൾ അവ ഉപയോഗിക്കാവുന്ന പ്രായം രേഖപ്പെടുത്തിയിരുന്നില്ല.

അടുത്ത കാലത്ത് ടക്സസിലെ സ്‌കൂളിൽ കുട്ടികളെ വെടിവച്ചു കൊന്ന സംഭവത്തിൽ തോക്ക് ഉപയോഗിച്ച കുട്ടിക്ക് വെറും പതിനാറ് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അമേരിക്കയിൽ ഭരണഘടനാ ഭേദഗതി നടത്താൻ പലതരം പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അമേരിക്കൻ സെനറ്റ് അംഗങ്ങളിൽ 100 പേരും, ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സിൽ 435 പേരും ആണുള്ളത്. ഏതെങ്കിലും ബിൽ പാസാക്കാൻ അവർക്ക് മൂന്നിൽരണ്ട് പേരുടെയെങ്കിലും ഭൂരിപക്ഷം വേണം. കൂടാതെ അമേരിക്കയുടെ 50 സംസ്ഥാനങ്ങളിൽ നിന്നും മൂന്നിൽരണ്ട് ഭൂരിപക്ഷം ഉണ്ടാകുന്നെങ്കിൽ മാത്രമേ എക്സിക്യൂട്ടിവ് ഹെഡ് ആയ പ്രസിഡന്റിന് പുതിയ നിയമഭേദഗതിയിൽ ഒപ്പുവയ്‌ക്കാൻ സാധിക്കൂ. രണ്ടു പാർട്ടികൾ മാത്രമുള്ള ഒരു സ്ഥലത്ത് ഇപ്രകാരം മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് അസംഭവ്യമാണ്.

തോക്കുകളുടെ ഗണ്യമായ ഉപയോഗത്തിന് പ്രധാനകാരണം അമേരിക്കയുടെ റൈഫിൾ അസോസിയേഷനാണ്. തോക്കുകൾക്ക് നിയന്ത്രണം വന്നുകഴിഞ്ഞാൽ അവയുടെ വിൽപ്പന കുത്തനെ തകരും.

കൂടാതെ അമേരിക്കൻ റൈഫിൾ അസോസിയേഷന് റിപ്പബ്ലിക്കൻ പാർട്ടിയുടെ വലിയ പിന്തുണ കൂടിയുണ്ട്. ടെക്സസിൽ നടന്ന വെടിവയ്പ് സംഭവത്തിൽ റിപ്പബ്ലിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ച് സംസാരിച്ചത്, തോക്കുകൾക്ക് നിയന്ത്രണം വേണ്ടെന്നും, ഇത് സംഭവിക്കാൻ ഇടയായതിനു പിന്നിലെ സാഹചര്യം മനസിലാക്കി അതാണ് നിയന്ത്രിക്കേണ്ടതെന്നുമാണ്. റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത് കുട്ടികൾ തോക്കുപയോഗിക്കാൻ കാരണം കുടുംബാന്തരീക്ഷത്തിലെ അസ്വസ്ഥതകളാണോ മാതാപിതാക്കൾ കുട്ടികൾക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദങ്ങളാണോ, കുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നാണ്.

അമേരിക്കയിലെ 82 ശതമാനം വെളുത്തവർഗക്കാരും 13 ശതമാനം ആഫ്രോ അമേരിക്കക്കാരും തമ്മിൽ വിദ്വേഷം നിലനില്ക്കുന്നുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിയെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗം വെളുത്തവർഗക്കാരും. പ്രശ്നമുണ്ടാകുമ്പോൾ സ്വയരക്ഷക്ക് ആഫ്രോ അമേരിക്കക്കാരെ നേരിടാൻ ആയുധങ്ങൾ കയ്യിലുണ്ടാവണം എന്നൊരു ചിന്തയും വെളുത്തവർഗക്കാർക്കിടയിലുണ്ട്.

സമൂഹത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടും ആളുകളുടെ ജീവൻ നഷ്‌ടമായിട്ടും കുട്ടികൾ വ്യാപകമായി തോക്ക് കൈകാര്യം ചെയ്തിട്ടും യുദ്ധത്തിൽ ഉപയോഗിക്കുന്ന തോക്കുകൾ വരെ സുലഭമായി വാങ്ങാൻ കിട്ടുന്നു. അടുത്ത കാലത്ത് രണ്ട് വയസ്സുകാരൻ മകൻ ഉതിർത്ത വെടിയേറ്റ് അച്ഛന് ജീവൻ നഷ്‌ടമായി. അമേരിക്ക പോലൊരു വികസിത രാജ്യത്താണ് ഇത്രയും ദയനീയമായ അവസ്ഥ നിലനില്ക്കുന്നത്.

നമ്മുടെ രാജ്യത്ത് 130 കോടി ജനങ്ങളിൽ 34 ലക്ഷം പേർക്ക് മാത്രമേ തോക്ക് ലൈസൻസുള്ളൂ. ബിഹാർ, യുപി, ജാർഖണ്ഡ് തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആളുകൾ അനധികൃതമായി തോക്കുകൾ കൈവശം വയ്‌ക്കുന്നുണ്ട്.

വോട്ടവകാശത്തിന് പ്രായപൂർത്തിയാവണം എന്ന് നിഷ്‌കർഷിക്കുന്നവർ മനുഷ്യജീവനും സുരക്ഷയ്‌ക്കും ഭീഷണിയാവുന്ന തോക്കിന്റെ ഉപയോഗത്തിന് പ്രായപരിധി നിശ്‌ചയിക്കാത്തത് എത്ര വലിയ വിരോധാഭാസമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GUN OWNERS IN AMERICA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.