SignIn
Kerala Kaumudi Online
Friday, 29 March 2024 5.04 AM IST

പഠിക്കാം പരീക്ഷയെഴുതാൻ

study

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഇങ്ങെത്തി. മക്കളൊന്നും പഠിക്കുന്നില്ലെന്ന് വീട്ടുകാർക്ക് പരാതി. ചോദ്യപേപ്പർ കൈയിൽ കിട്ടുമ്പോൾ പഠിച്ചതൊക്കെ മറന്നു പോകുമോ എന്ന ഭീതിയിൽ വിദ്യാർത്ഥികൾ. ആകെ ആശങ്കയുടെ കാലമാണ്. ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. പരീക്ഷയെ ഇത്രയൊന്നും ഭയക്കേണ്ട കാര്യമില്ല. ഇതുവരെ പഠിച്ച പാഠ്യഭാഗത്തു നിന്നുള്ള ചോദ്യങ്ങൾക്ക് ശാന്തമായി സമാധാനത്തോടെ ഉത്തരമെഴുതുക. ഇതൊരു പരിശീലന കളരി മാത്രമാണ്. ഇനിയും ജീവിതത്തിൽ ധാരാളം പരീക്ഷകൾ എഴുതാനുണ്ടെന്ന ബോദ്ധ്യത്തോടെ സമചിത്തതയോടെ ഈ പരീക്ഷണത്തെ നേരിടുക. പരീക്ഷ അടുക്കുമ്പോൾ പുതുതായി ഒന്നും പഠിക്കാൻ ശ്രമിക്കരുത്. അറിയുന്ന കാര്യങ്ങൾ ഹൃദിസ്ഥമാക്കുക. പരീക്ഷയുടെ പേരിൽ കുട്ടികളിൽ വലിയ മാനസിക സമ്മർദം ഏൽപ്പിക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ആത്മവീര്യം തകർക്കാൻപോകരുത്. നന്നായി പരീക്ഷ എഴുതാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്.

പഠനകാര്യത്തിൽ മൂത്ത സഹോദരങ്ങളുമായോ സഹപാഠികളുമായോ താരതമ്യം ചെയ്ത് കുട്ടികളിൽ അപകർഷതാബോധം സൃഷ്‌ടിക്കരുത്. മുൻ പരീക്ഷകളിൽ മാർക്കു കുറഞ്ഞത് ഓർമിപ്പിച്ചും പഴിപറഞ്ഞുമൊക്കെ പരീക്ഷാ നാളുകളിൽ കുട്ടികളെ തളർത്തരുത്. പകരം നന്നായി എഴുതാൻ കഴിയുമെന്ന വിശ്വാസം നൽകി അവരെ ഉത്തേജിപ്പിക്കണം. സ്വയം മതിപ്പുണ്ടാകണം. ശാന്തവും ആധിയില്ലാത്തതുമായ മനസ് പ്രധാനമാണ്. അതിനുള്ള അന്തരീക്ഷം വീടുകളിലുണ്ടാകണം.

അപകടമാകുന്ന

അപകർഷതാബോധം

പരീക്ഷയുടെ നാളുകളിൽ വിദ്യാർത്ഥികളുടെ മനസിലും വീട്ടിലും വിദ്യാലയങ്ങളിലും ശാന്തതയുടെ മേഖലകൾ സൃഷ്ടിക്കണം. പോരാ, പോരായെന്നുള്ള സംസാരങ്ങൾ പരിമിതപ്പെടുത്തണം. ഞാൻ തീരെ മോശമാണ്, എന്ന അപകർഷതാബോധം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ പോലും ദോഷകരമായി ബാധിക്കും. ന്യൂനതകളെക്കുറിച്ചല്ല, ശക്തികളെക്കുറിച്ചാണ് ഈ സമയത്ത് ഓർക്കേണ്ടത്. ജീവിതവഴിയിൽ നേരിടേണ്ട വെല്ലുവിളികളെ ധൈര്യത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം കൂടിയാണ് പരീക്ഷകൾ. വിജയിക്കാമെന്ന് ഉള്ളിൽ കുറിച്ചോളൂ. ഉറപ്പാണ് വിജയമെന്ന് അവരെ

ബോദ്ധ്യപ്പെടുത്തുക. സമ്മർദ്ദമുണ്ടാക്കുന്ന ചിന്തകൾക്ക് അവധി നൽകാം. മക്കൾക്ക് ഫുൾ എപ്ലസും മികച്ച മാർക്കും ലഭിക്കണമെന്ന പിടിവാശി മാതാപിതാക്കൾ ഉപേക്ഷിക്കണം.

പോസിറ്റീവ്

ആയിത്തീരാം

പരീക്ഷയെന്നത് ഭീകരമായ അനുഭവമാണെന്ന സങ്കല്പത്തെ പൊളിച്ചെഴുതാം. അദ്ധ്യാപകർ പഠിപ്പിച്ചതും പിന്നീട് വീട്ടിലിരുന്ന് ആവർത്തിച്ച് ഉരുവിട്ടതുമൊക്കെ ഉണർത്തിയെടുക്കാനായി റിവിഷൻ നടത്തണം. എല്ലാം മറന്നുപോകുന്നു. ഒന്നും ഓർമകിട്ടില്ലെന്നുള്ള നെഗറ്റീവ് ചിന്തകൾ ഉപേക്ഷിക്കണം. അറിയാവുന്ന പാഠഭാഗങ്ങളെക്കുറിച്ച് ആലോചിച്ച് പോസിറ്റീവ് ഊർജം നിറയ്ക്കണം. ഇതുവരെയുള്ള പഠനത്തിൽ മനസിൽ ഉറയ്ക്കാതെയിരുന്ന ഭാഗങ്ങൾ പതിനൊന്നാം മണിക്കൂറിൽ പുതുതായി പഠിക്കാൻ ശ്രമിക്കേണ്ട. അത് സമയം പാഴാക്കലാവും.

എല്ലാ കുട്ടികളും എല്ലാ വിഷയത്തിലും അഗ്രഗണ്യരല്ല. ചിലർക്ക് ചില വിഷയങ്ങളോട് അഭിരുചിയുണ്ടാവും. കണക്കിനെ വെറുക്കുന്നവരുണ്ടാകാം. എന്നാൽ പ്രായോഗിക ലക്ഷ്യം മുൻനിറുത്തി ഇഷ്‌ടമില്ലാത്ത വിഷയവും പഠിക്കാതെ തരമില്ല. പത്താം ക്ളാസ് കഴിഞ്ഞാൽ ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്ന കാര്യം ഓർമ്മിക്കുക.

ഫലം എന്തായാലും കർമ്മം നന്നായി ചെയ്യുകയെന്ന ഭഗവദ്ഗീതാസൂക്തം തുണയാകണം. ഫലത്തെക്കുറിച്ചുള്ള വിചാരങ്ങൾ പലപ്പോഴും ആധികൾ കൂട്ടും. അറിയാവുന്നത് വെടിപ്പായി എഴുതുക എന്ന ലക്ഷ്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ മതി. ഗ്രേഡും മാർക്കുമൊക്കെ തനിയെ വന്നോളും. മനസിനോട് കൂൾ എന്ന് കല്പിക്കാം. ശാന്തത നേടാനായി ശ്വസനവ്യായാമങ്ങൾ ചെയ്യാം. വിശ്വാസികൾക്ക് ഈശ്വരനോട് രണ്ടു മിനിറ്റ് പ്രാർത്ഥിക്കാം. എന്നിട്ട് എളുപ്പമായ ചോദ്യങ്ങളിൽനിന്ന് എഴുതിത്തുടങ്ങാം. ആത്മവിശ്വാസം ഉണർന്നുവരും. പരീക്ഷകഴിഞ്ഞാൽ പിന്നെ ചോദ്യപേപ്പർ വിശകലനത്തിനൊന്നും പോകേണ്ട. അത് സമ്മർദ്ദം ഉയർത്തും. അടുത്ത പരീക്ഷകളെയും ബാധിച്ചേക്കാം.

താരതമ്യം

ദോഷമേ ചെയ്യൂ

പരീക്ഷാഹാളിലെത്തുമ്പോൾ ചങ്ങാതിമാർ എന്തൊക്കെ പഠിച്ചുവെന്ന അന്വേഷണത്തിന് പോകരുത്. ഓരോരുത്തർക്കും അവരവരുടേതായ പഠനവും താളക്രമവും ഉണ്ട്. അതേക്കുറിച്ചുള്ള വർത്തമാനങ്ങൾ ഈ വേളയിൽ ഗുണംചെയ്യില്ല. സഹോദരങ്ങൾ പൊതുപരീക്ഷയ്ക്ക് നേടിയ ഉന്നത വിജയത്തെക്കുറിച്ചും കൂട്ടുകാരുടെ ഉയർന്ന മാർക്കിനെക്കുറിച്ചുമൊക്കെ ഓർമിപ്പിച്ച് ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുണ്ട്. ഇത്തരം താരതമ്യപ്പെടുത്തലുകൾ ഗുണത്തെക്കാൾ ദോഷം ചെയ്യും. നിന്റെ കഴിവിന് അനുസരിച്ച് നന്നായി ചെയ്യാൻ കഴിയുമെന്ന വിശ്വാസമാണ് ഉണർത്തേണ്ടത്. പരീക്ഷ മോശമായെന്നു പറഞ്ഞ് തലതാഴ്ത്തി വരുമ്പോൾ സാരമില്ലെന്നും അടുത്ത പരീക്ഷ ഉഷാറാക്കാമെന്നുമുള്ള പ്രത്യാശ നൽകുന്നതാണ് ശരിയായ രീതി. ജീവിതം ഒരു പരീക്ഷയെഴുത്തിലെ വീഴ്ചയിൽ അവസാനിക്കുന്നില്ല. വീഴ്ചയിൽനിന്ന് എഴുന്നേൽക്കുന്നതാണ് മിടുക്ക്.

പരീക്ഷയ്ക്ക്

ഒരുങ്ങുമ്പോൾ

പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ചും ഭക്ഷണം ഉപേക്ഷിച്ചുമുള്ള പഠനം ഒഴിവാക്കണം. നന്നായി ഉറങ്ങണം. പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റും പേനകളും മറ്റ് സാമഗ്രികളും തലേന്നുതന്നെ തയ്യാറാക്കിവെക്കണം. പരീക്ഷാ ദിവസങ്ങളിൽ ഭക്ഷണം ആവശ്യത്തിന് കഴിക്കണം. കൃത്യസമയത്ത് പരീക്ഷാഹാളിൽ എത്തണം. പരീക്ഷ എഴുതിത്തുടങ്ങും മുമ്പ് മനസ്സ് തണുപ്പിക്കാനുള്ള കൂൾ ടൈമുണ്ട്. അത് ശരിയായി ഉപയോഗിച്ച് മനസിനെ ശരിയാക്കുക. ചോദ്യപ്പേപ്പർ നോക്കുക. അറിയാവുന്നവയും അറിയാത്തവയും ഭാഗികമായി അറിയാവുന്നവയുമായി ചോദ്യങ്ങൾ തരംതിരിക്കുക. അറിയാവുന്നത് ആദ്യമെഴുതുക. മാർക്കിനനുസരിച്ച് സമയം നൽകി ഉത്തരമെഴുതുക. എഴുതാൻ സമയം കിട്ടിയില്ലെന്ന അവസ്ഥ ഒഴിവാക്കുംവിധത്തിൽ മൊത്തം സമയത്തെ ക്രമീകരിക്കുക. ഒരാവർത്തി ഉത്തരങ്ങൾ ഓടിച്ച് നോക്കാനുള്ള സമയംകൂടി കരുതണം. പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ചിരുന്നുള്ള പഠിപ്പ് ഒഴിവാക്കുക.

വിഷാദത്തിൽ നിന്ന്

കരകയറ്റാം

പരീക്ഷ അടുക്കുമ്പോൾ യാതൊരു പ്രസരിപ്പുമില്ലാതെ ആകെ ടെൻഷനടിച്ചു നടക്കുന്ന കുട്ടികളെ ശ്രദ്ധിക്കണം. ആധിയുടെയും വിഷാദത്തിന്റെയും വൻമരങ്ങൾ അവരുടെ മനസിൽ വളർന്നുവരുന്നുണ്ടാവാം. കുട്ടികളുടെ വൈകാരിക വിക്ഷോഭങ്ങൾ തിരിച്ചറിയാൻ അദ്ധ്യാപകർക്ക് കഴിയണമെന്നില്ല. അതിരുകടന്ന ആധി വിഷാദത്തിലേക്കും ആത്മഹത്യ ചിന്തയിലേക്കും എത്തിച്ചേക്കാം. കുട്ടികളിലെ ഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ വൈകാരിക പിന്തുണ നല്‌കേണ്ടത് രക്ഷിതാക്കളാണ്. മാർക്ക് കുറഞ്ഞാലും സാരമില്ലെന്ന് ആശ്വസിപ്പിക്കണം. ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരണം.

പരീക്ഷയാണെന്ന് പറഞ്ഞ് കുട്ടികളെ പുറത്ത് കളിക്കാൻ വിടാതെ വീട്ടിൽ നിർബന്ധപൂർവം പിടിച്ചിരുത്തുന്ന രക്ഷിതാക്കളുണ്ട്. ഇതത്ര നല്ലതല്ല. ചില കുട്ടികൾക്ക് കളിക്കുമ്പോഴാണ് ഉൗർജം കിട്ടുന്നത്. അത്തരക്കാരെ പൂട്ടിയിട്ടിട്ട് എന്താണ് കാര്യം.

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOW TO FACE EXAMS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.