SignIn
Kerala Kaumudi Online
Saturday, 02 August 2025 4.29 PM IST

വിലക്കയറ്റത്തിൽ കണ്ണുതള്ളാതിരിക്കാൻ

Increase Font Size Decrease Font Size Print Page

price

പാലിനും ഇന്ധനത്തിനും വൈദ്യുതിക്കും, എന്തിന്, കുടിവെള്ളത്തിനുപോലും തൊട്ടാൽ പൊള്ളുന്ന വില. വില ഇനിയും കുതിച്ചുയരാനുള്ള സാദ്ധ്യതയുമുണ്ട് മുന്നിൽ. ജനങ്ങളുടെ വരുമാനത്തിൽ സാരമായ വർദ്ധന ഉണ്ടാവുന്നുമില്ല. ഈ സാഹചര്യത്തിൽ സാധാരണക്കാർ എങ്ങനെ ജീവിക്കും? ചെലവ് പരമാവധി കുറയ്‌ക്കാമെന്നതു ശരിതന്നെ. പക്ഷേ അതിനും പരിധിയുണ്ട്. എന്നുകരുതി നിസഹായനായാൽ ജീവിതം എങ്ങനെ മുന്നോട്ടുപോവും?

സ്ഥിരവരുമാനക്കാരനായ ഒരാൾക്ക് ചെയ്യാവുന്ന ചില പ്രായോഗിക നിർദേശങ്ങളാണ് ഇനിപ്പറയുന്നത്. ചിലത് പ്രായോഗികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ ഇവയിൽ നിന്ന് കഴിയുന്നത്ര നടപ്പാക്കിയാൽ വിലക്കയറ്റത്തിൽ കണ്ണുതള്ളാതിരിക്കാം. ഇതിലെ നിർദ്ദേശങ്ങൾ സ്ഥിരവരുമാനക്കാരല്ലാത്തവർക്കും ഏറെക്കുറെ ബാധകമാണ്.

ബഡ്‌ജറ്റ് നിയന്ത്രിച്ച് സുരക്ഷിതരായിരിക്കാൻ ആദ്യം വേണ്ടത്

ചെലവിന്റെ കണക്ക് കുറിച്ചുവയ്ക്കുകയാണ്. ഇങ്ങനെ തയാറാക്കുന്ന പട്ടികയിൽ വീട്ടുവാടക, പലവ്യഞ്ജനം, പച്ചക്കറി, മത്സ്യമാംസാദി, പാൽ, പെട്രോൾ , ഫീസ്/ബസ്/പുസ്തകം , ഡോക്ടർ / മരുന്ന് , ഇലക്ട്രിസിറ്റി, വെള്ളം ദിനപത്രം / മാസിക , ഫോൺ / ഇന്റർനെറ്റ് , വിനോദം /ഉല്ലാസയാത്ര എന്നിവയെ ഉൾപ്പെടുത്തണം.

ഒന്നാം തീയതി മുതൽ മാസത്തിന്റെ അവസാനം വരെയുള്ള കണക്ക് കുറിച്ചുവച്ചശേഷം കൂട്ടിനോക്കിയാൽ ഓരോ ഇനത്തിലും എത്ര തുകയാണ് ചെലവാകുന്നതെന്ന് മനസിലാകും. ഇവയെ 'അത്യാവശ്യം, ആവശ്യം, അനാവശ്യം" എന്നി​ങ്ങനെ തരംതി​രി​ക്കുകയാണ് അടുത്തപടി​.

നമ്മുടെ കീശ

ചോരാതിരിക്കട്ടെ

നാം കൊടുക്കുന്ന നി​കുതി​ ചെലവഴി​ച്ച് സർക്കാർ ധാരാളം സംവി​ധാനങ്ങൾ ഒരുക്കി​യി​ട്ടുണ്ടെങ്കി​ലും നാം അവയെ എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട്? സർക്കാർ സംവിധാനങ്ങളോടുള്ള ഈ മുഖംതിരിക്കൽ, നാമറിയാതെ നമ്മുടെ കീശ ചോർത്തുന്നുണ്ടെന്ന് കൂടി അറിയുക. തി​മി​രത്തി​നുള്ള ശസ്ത്രക്രി​യയ്ക്ക് സ്വകാര്യ ആശുപത്രി​യി​ൽ ചെലവാകുന്നതി​ന്റെ അഞ്ചി​ലൊന്നേ സർക്കാർ ആശുപത്രി​യി​ൽ ചെലവാകൂ എന്ന് എത്രപേർക്കറി​യാം? മറ്റുരോഗങ്ങൾക്കും ഇതുതന്നെയാണ് സ്ഥി​തി​. അസുഖം വന്നാൽ ഉടനെ സ്വകാര്യ ആശുപത്രി​കളി​ലേക്ക് കുതി​ക്കുന്നതി​നുപകരം സർക്കാർ ആശുപത്രി​കൾ സന്ദർശി​ക്കുക. അവി​ടെ വി​ദഗ്ദ്ധരായ ഭിഷഗ്വരന്മാരുണ്ട്. കുറഞ്ഞ ചെലവി​ൽ ചി​കി​ത്സ ലഭ്യമാണ്.

ഇന്ന് കേരളത്തി​ലെ സർക്കാർ സ്കൂളുകളി​ൽ പലതും സ്വകാര്യ സ്കൂളുകളോട് കി​ടപി​ടി​ക്കുന്നവയാണ് ; ചെലവ് തുലോം കുറവും. വീട്ടിൽ ജോലിക്കുവരുന്ന സ്‌ത്രീയുടെ മക്കൾക്കു വേണ്ടിയുള്ളതാണ് സർക്കാർ സ്കൂളുകളെന്നും നമ്മുടെ മക്കളും അവരുടെ മക്കളും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നത് എങ്ങനെ എന്നുമുള്ള മനഃസ്ഥിതി മാറണം.

രണ്ടു മക്കളെ സ്കൂളിലെത്തിക്കാൻ സ്കൂൾ ബസിനു പകരം ടൂവീലറാക്കിയാൽ ചെലവ് മൂന്നിലൊന്നേ വരൂ ( തീരെ ചെറിയ കുട്ടികളെ ബൈക്കിൽ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന് കൂടി അറിയുക) . കുട്ടികൾ അല്പം മുതിർന്നവരെങ്കിൽ അവർക്ക് സ്‌കൂളിൽ പോകാൻ ട്രാൻസ്പോർട്ട് / പ്രൈവറ്റ് ബസ് പോരേ?

അഭ്യസ്തവിദ്യരായ അച്ഛനമ്മമാരുള്ള കുടുംബത്തിൽ ചെറിയ ക്ളാസിലുള്ള കുട്ടികളെ, എന്തിന് ട്യൂഷന് അയയ്ക്കണം? അവർക്കു വേണ്ട മാർഗനിർദ്ദേശം മാതാപിതാക്കൾ നല്കിയാൽ ചെലവ് കുറയ്ക്കാം എന്നതിലുപരി സമയ ലാഭവുമുണ്ട്. മക്കളോടൊത്ത് ചെലവാക്കുന്ന 'ക്വാളിറ്റി ടൈം" വർദ്ധി​ക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

ഓഫീസിലേക്കുള്ള യാത്രയ്‌ക്ക് കാർ ഒഴി​വാക്കി​ ടൂവീലർ ഉപയോഗിക്കാം. മറ്റ് ഹ്രസ്വദൂരയാത്രകളും ടൂവീലറിലാക്കാം. ഒരു മാസം ഈയിനത്തിൽ ലാഭിക്കാവുന്നത് ചെറിയ തുകയല്ലെന്ന് മനസിലാക്കുക.

പൊതുവിതരണ സംവിധാനങ്ങളായ റേഷൻകടകൾ, സപ്ളൈകോ, ഹോർട്ടികോർപ്, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെ പല അവശ്യസാധനങ്ങളും വിപണിവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സർക്കാർ ലഭ്യമാക്കുന്നുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ ചെലവ് ഗണ്യമായി കുറയ്ക്കാം.

കുടുംബനാഥനോ നാഥയോ മാത്രമല്ല ചെലവ് ചുരുക്കൽ ഉദ്യമത്തിൽ പങ്കാളികളാവേണ്ടത്; മക്കളെയും ഇതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കുക; ഇതിനായി നിങ്ങൾ സ്വീകരിച്ച നടപടികൾ അവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പോക്കറ്റ് പൊള്ളിക്കും

വൈദ്യുതി ചാർജ്

അനാവശ്യമായി കത്തുന്ന വിളക്കുകൾ, ആളില്ലാത്ത മുറികളിൽ കറങ്ങുന്ന ഫാനുകൾ എന്നിവ ഓഫാക്കാൻ മനസിരുത്തുക. ബൾബുകൾ എൽ.ഇ.ഡി ആക്കുക, ഇലക്ട്രിസിറ്റിയുടെ ഉപഭോഗം കുറയ്ക്കുന്ന സ്റ്റാർ റെയ്‌റ്റിങ്ങുള്ള ഫ്രിഡ്‌ജുകളിലേക്ക് മാറുക, ഏറിയ വോൾട്ടേജുള്ള ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, ഗെയ്‌സർ, ഡിഷ് വാഷർ എന്നിവ വൈകുന്നേരം ആറുമണി മുതൽ രാത്രി പതിനൊന്നുമണിവരെ ഉപയോഗിക്കാതിരിക്കുക. ഈ അച്ചടക്കം വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവു വരുത്തും.

മൊബൈൽ ഫോണിന്റെ ചെലവ് നിയന്ത്രിക്കാൻ പോസ്റ്റ് പെയ്ഡിനു പകരം പ്രീ - പെയ്‌ഡ് ആക്കുക. ഡാറ്റയ്ക്കുള്ള ചെലവ് ചുരുക്കാൻ വൈ - ഫൈ സംവിധാനം ഉതകും. വീട്ടിലെ എല്ലാ അംഗങ്ങൾക്കും താത്‌പര്യമുള്ള ടെലിവിഷൻ പരിപാടികൾക്ക് മുൻഗണന നൽകുക. പരിപാടികളുടെ റിപ്പീറ്റ് ടെലികാസ്റ്റ് കാണുന്ന പതിവുണ്ടെങ്കിൽ അത് നിറുത്തുക.

പുറത്ത് നിന്ന്

രുചി തേടുമ്പോൾ

പുറത്തുനിന്നുള്ള ഭക്ഷണശീലത്തിന് പോക്കറ്റ് കാലിയാക്കാനുള്ള ശേഷി വലുതാണ്. മറ്റു പോംവഴികൾ ഇല്ലെങ്കിലേ പുറത്തുനിന്ന് ആഹാരം കഴിയ്ക്കാവൂ. പുറത്തുനിന്ന് വാങ്ങുന്ന പല വിഭവങ്ങളും വീട്ടിൽ പാകംചെയ്‌ത് കഴിച്ചാൽ പണം ലാഭിക്കാം. കുറഞ്ഞ ചെലവിൽ കൂടുതൽ രുചികരമായ വിഭവങ്ങൾ തയാറാക്കാനും സാധിക്കും. പുറമേ നിന്നുള്ള ഭക്ഷണം നിർബന്ധമെങ്കിൽ മാസത്തിലൊരിക്കലാക്കി ചുരുക്കുക. വീട്ടിലിരുന്ന് ആപ്പുകൾ വഴി പതിവായി ഭക്ഷണം ഓഡർ ചെയ്യുന്നതും കീശ ചോരാൻ കാരണമാണ്. ബേക്കറി ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക, പകരം സീസണൽ പഴങ്ങൾ വാങ്ങാം. ചെലവ് കുറയ്ക്കാൻ മാത്രമല്ല, കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും നല്ലതാണിത്.

അധികചെലവുകൾ

അറിഞ്ഞ് നിയന്ത്രിക്കാം

വീട്ടിൽ ഒന്നോ രണ്ടോ വാരികകൾ വരുത്തുന്നതിനു പകരം ഓഫീസിൽ പത്തുപന്ത്രണ്ടുപേർ ചേർന്ന് ഒരു മാഗസിൻ ക്ളബ് രൂപീകരിച്ചാൽ കുറഞ്ഞ ചെലവിൽ കൂടുതൽ വാരികകളും മാസികകളും വായിക്കാം. അയൽക്കാരുമായും ഇത്തരം സഹകരണമാവാം. സ്കൂളിലേക്കോ ഓഫീസിലേക്കോ പോവാൻ വാഹനസൗകര്യം പങ്കിടാമോ എന്ന് അയൽക്കാരോട് ആരായുക. കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിൽ 1970-കളിൽ പോലും കാർ പൂളുകൾ പ്രചാരത്തിൽ വന്നിരുന്നു. ഇത്തരം സംരംഭങ്ങൾ ആരെങ്കിലും തുടങ്ങാനായി കാത്തിരിക്കുകയാണ് നിങ്ങളുടെ സഹപ്രവർത്തകരും അയൽക്കാരും. നിങ്ങളെപ്പോലെ അവരും വിലക്കയറ്റത്തിൽ നട്ടംതിരിയുന്നവരാണ്. ആരെങ്കിലും തുടങ്ങിവച്ചാൽ നല്ല സ്വീകര്യത ലഭിക്കുന്ന ആശയമാണിത്.

സംഭാവനകളാണ് നമ്മുടെ ചെലവ് കൂട്ടുന്ന മറ്റൊരിനം. അമ്പലം, പള്ളി, രാഷ്ട്രീയകക്ഷികൾ എന്നിവയുടെ രസീതുകളുമായി സമീപിക്കുന്നവരെ ബുദ്ധിമുട്ട് പറഞ്ഞ് മനസിലാക്കുക. ഇതിൽ നാണിക്കാനൊന്നുമില്ല. തീരെ ഒഴിവാക്കാൻ പറ്റാത്ത സംഭാവനകൾ ബഡ്‌ജറ്രിന് പരിക്കേൽക്കാത്ത വിധത്തിൽ നല്‌കാൻ ശ്രമിക്കുക. ചുരുക്കത്തിൽ മാറേണ്ടത് നമ്മുടെ മനഃസ്ഥിതിയാണ്.

ലേഖകൻ മൂന്ന് പൊതുമേഖലാ ബാങ്കുകളിൽ ജനറൽ മാനേജരായും ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫോൺ 9446070555

TAGS: HOW TO MANAGE MONEY DURING INFLATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.