SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.37 AM IST

അമ്പട ബാലുക്കുട്ടാ!

opinion

ആരും ധൈര്യപ്പെടാത്ത ഒറ്റയടിപ്പാതകളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അലയുകയും അപ്രിയസത്യങ്ങൾ കണ്ടെത്തി അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അപാരജ്ഞാനിയാണ് ധനമന്ത്രി ബാലു സഖാവെന്ന് തിരിച്ചറിയുന്ന നാളുകളാണ് വരാനിരിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ, രാവണന്റെ തലയുള്ള സണ്ണി ഡോക്ടറേക്കാൾ നൂറിരട്ടി കേമൻ. കാശിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിൽ നമ്പർ വൺ ആണെങ്കിലും ചില സാമ്പത്തിക ബാധകൾ ഐശ്വര്യം കെടുത്തുന്നുവെന്ന സാറിന്റെ കണ്ടെത്തലിൽ ഞെട്ടിയിരിക്കുകയാണ് ഇന്റർനാഷണൽ ബുദ്ധിജീവികൾ. മാർക്‌സോ ഏംഗൽസോ സ്റ്റാലിനോ, ബഡ്ജറ്റുകൾ കൈവെള്ളയിലിട്ട് അമ്മാനമാടിയ മാണിസാറോ കണ്ടുപിടിക്കാത്ത വമ്പൻ ഗുട്ടൻസാണിത്.
ചാണക്യന്റെ അർത്ഥശാസ്ത്രം മുതൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ദാസ് കാപ്പിറ്റലിന്റെയും മാരക വ്യാഖ്യാനങ്ങൾ വരെ അരച്ചുകലക്കി കുടിച്ച ഐസക്ക് ഡോക്ടർ ഉൾപ്പെടെയുള്ള പണ്ഡിതന്മാർ ബലേഭേഷ് എന്നു പറഞ്ഞനിലയ്ക്ക് ബാലു സഖാവിന്റെ ബഡ്ജറ്റിന്റെ ബലത്തിൽ കേരളം പറപറക്കുമെന്ന് ഉറപ്പ്. ഐസക്ക് സഖാവും ബാലു സഖാവും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. വഴിയിൽ കിടക്കുന്ന ഒരു കയറു കഷണത്തെപ്പോലും നിസാരമായി കാണരുതെന്ന് ചിന്തിക്കുന്നയാളാണ് താടി സഖാവ്. ചകിരിനാരിനു പോലും കരുത്തുണ്ടെന്നു തിരിച്ചറിയണമെന്നും ഉയരങ്ങളിൽ തൂങ്ങിക്കയറണമെങ്കിൽ നൂറുകണക്കിനു നാരുകൾ പിരിച്ചുണ്ടാക്കിയ കയർ വേണമെന്നും സഖാക്കളെ പഠിപ്പിച്ചയാൾ . എന്നാൽ, ശൂന്യതയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണ് ബാലുസഖാവിന്റെ ലൈൻ. ഡോക്ടറേറ്റ് ഇല്ലെന്നതാണ് ആകെയുള്ള കുറവ്. അത് ഉടൻ പരിഹരിക്കും.
മദ്യത്തോടുള്ള ആക്രാന്തം കുറയ്ക്കാൻ നിരോധനമല്ല വേണ്ടതെന്നും വില ഇടയ്ക്കിടെ നൈസായി കൂട്ടി സംഗതി വെറുത്തുപോകുന്ന സൈക്ലോജിക്കൽ നീക്കമാണ് നടത്തേണ്ടതെന്നും തിരിച്ചറിയുന്ന സഖാവിന്റെ മനസ് കാണാതെ പോകരുത്. പെട്രോൾ വില കൂട്ടിക്കൊണ്ടിരിക്കുമ്പോൾ സകലരും കാറും ബൈക്കും ഉപേക്ഷിച്ച് ചൈനയിലെ പോലെ സൈക്കിൾചവിട്ടിത്തുടങ്ങും. കേരളം സൈക്കിളുകാരുടെ നാടാകുന്നതോടെ ചെലവു കുറയും, ആരോഗ്യം കൂടും. ദേശീയപാതകളിൽ കൊച്ചുസഖാക്കൾക്ക് പട്ടം പറത്തിക്കളിക്കുകയും പടക്കം പൊട്ടിച്ചു കളിക്കുകയും ചെയ്യാം.
കാലത്തിനപ്പുറം കാണുകയും ഭാവിയുടെ സ്പന്ദനങ്ങൾ കേൾക്കുകയും ചെയ്യുന്ന ബാലു സഖാവിനെ തമിഴകത്തെ സ്റ്റാലിൻ സഖാവും ഉത്തരേന്ത്യൻ സോഷ്യലിസ്റ്റ് നേതാക്കളും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യമാകെ വലിയൊരു വിപ്ലവകൊടുങ്കാറ്റിന്റെ ലക്ഷണം കണ്ടുതുടങ്ങി.
പെട്രോളിനും ഡീസലിനും ഒരു പൊടിക്ക് വിലകൂട്ടിയതിൽ പരിവാറുകാരും കോൺഗ്രസുകാരും വെറളിപിടിച്ചിരിക്കുകയാണ്. അതോടെ സകല സാധനങ്ങളുടെയും വിലകൂടുമെന്ന അവരുടെ കണ്ടെത്തൽ പ്രത്യക്ഷത്തിൽ ശരിയായി തോന്നാമെങ്കിലും അങ്ങനെയല്ല. കീശയിൽ കാശ് കുറയുമ്പോൾ ദേഹമനങ്ങി എന്തെങ്കിലും ജോലി ചെയ്യണമെന്ന് മലയാളികൾക്കു തോന്നുമെന്നതാണ് ഇതിന്റെ മറുവശം.

സത്യമറിയരുത്,
കരഞ്ഞുപോകും

കോൺഗ്രസുകാർ ഭരിച്ചു കുട്ടിച്ചോറാക്കിയ സംസ്ഥാനത്തെ കാര്യങ്ങൾ ഇനിയെങ്കിലും നാട്ടുകാർ അറിയണം. നമ്മുടെ കൈയിൽ കിട്ടുമ്പോൾ ഖജനാവിൽ നയാപൈസ ഇല്ലായിരുന്നു. അതു പരിഹരിക്കാനറിയാമെങ്കിലും സമയമെടുക്കും. കള്ളുകുടിയന്മാരെമുട്ടി നടക്കാൻ പറ്റാത്ത അവസ്ഥയായെന്നതാണ് വലിയ പ്രശ്‌നം. ആന്റണിയുടെ കാലത്ത് ചാരായം നിരോധിച്ചതാണ് കാര്യങ്ങൾ കുളമാക്കിയത്. കളറു കയറ്റിയ പാണ്ടി സ്പിരിറ്റ് കഴുത്തറുപ്പൻ കാശുകൊടുത്ത് അരണ്ടവെളിച്ചത്തിൽ കുടിച്ചുതുടങ്ങിയതോടെ കീശ കാലിയായി, ചങ്ക് പുകയായി.
വലിയൊരു വിഭാഗം നാലുകാലിലും ഇഴഞ്ഞുമായി വീട്ടിലേക്കുള്ള മടക്കയാത്ര. പണ്ട് അങ്ങനെയായിരുന്നില്ല. നിസാര വിലയുള്ള ശുദ്ധമായ ചാരായം പുഴുങ്ങിയ മുട്ടയുടെ അകമ്പടിയോടെ സേവിച്ച് ബാക്കിയുള്ള കാശ് ഭാര്യയെ ഏല്‌പിക്കാമായിരുന്നു. കപ്പപ്പുഴുക്കും പുളിയിട്ടു വറ്റിച്ച ചാളക്കൂട്ടാനും കഴിച്ച് സ്വപ്‌നം കണ്ടുറങ്ങിയിരുന്നവർ ഇന്ന് ഇടയ്ക്കിടെ ഞെട്ടിയുണരുന്നു. വിറയലാണ് പ്രശ്‌നം. അത് മാറണമെങ്കിൽ രാവിലെ 11 ന് ഷട്ടർ പൊക്കുംവരെ കാത്തിരിക്കണം. ഒന്നാം തീയതി അതിനും രക്ഷയില്ല. മുതലാളിത്തത്തിന്റെ സാമൂഹിക സമ്മർദ്ദത്താൽ അടിച്ചമർത്തപ്പെട്ട സോഷ്യലിസ്റ്റ് നവോത്ഥാന പ്രക്രിയയുടെ ദിശാമാറ്റത്തിന്റെ പരിണതഫലമാണ് ഇപ്പോൾ കാണുന്നതെന്ന് സൈദ്ധാന്തികമായി വിലയിരുത്താം. സ്റ്റഡി ക്ലാസുകളിൽ കയറാത്തവർ, ബൂർഷ്വകൾ, പെറ്റി ബൂർഷ്വകൾ എന്നിവർക്ക് ഇതൊന്നും മനസിലാകില്ല. സംഗതി ഇത്രയേ ഉള്ളൂ-നമ്മുടെ കൈയിൽ കിട്ടുമ്പോൾ കേരളം അതിഭീകര അവസ്ഥയിലായിരുന്നു.
ദിവസം മുഴുവൻ എയറിൽ നിൽക്കാവുന്ന പൊടിമരുന്നുകൾ സുലഭമായി. മണമില്ല, രുചിയില്ല, ആരും അറിയില്ല എന്നിങ്ങനെ നേട്ടങ്ങളേറെയും. നാശത്തിന്റെ പടുകുഴിയുടെ അരികിലെത്തിയ ഈ അവസ്ഥയിൽ നിന്ന് കേരളത്തെ കരകയറ്റാനാണ് ബാലു സഖാവിന്റെ ദീർഘകാല പദ്ധതി. ആദ്യം വല്ലാത്ത കയ്‌പായിരിക്കും. പിന്നീട് മധുരംകൊണ്ട് തുള്ളിച്ചാടും. കുറേക്കാലം നമ്മളെ ജയിപ്പിച്ച് ക്ഷമയോടെ കാത്തിരുന്നാൽ ഏറെക്കുറെ ശരിപ്പെടുത്താം.


ചീനൻ വരും,
ചങ്ങാതിയായി

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അടുത്തവർഷം കേന്ദ്രത്തിൽ പ്രതിപക്ഷ ഐക്യം അധികാരത്തിൽ വരുമെന്ന് ഉറപ്പിക്കാം. കേരളത്തിലെ ഇടതുപക്ഷം മലയാളികളുടെ മാത്രമല്ല, മൊത്തം ഇന്ത്യക്കാരുടെയും ഹൃദയപക്ഷം ആയിക്കഴിഞ്ഞു. അധികാരം കിട്ടിയാൽ, ജ്യോതിബാസുവിന്റെ കാര്യത്തിൽ പാർട്ടിക്കു പണ്ടു സംഭവിച്ച അബദ്ധം ഇനിയുണ്ടാകില്ല. പ്രധാനമന്ത്രിയാകാനുള്ള അവസരമാണ് അന്നു കളഞ്ഞുകുളിച്ചത്. അന്നങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്നു ചൈനയോടൊപ്പം ഇന്ത്യ തല ഉയർത്തി നില്ക്കുമായിരുന്നു.
ചിത്രം മൊത്തത്തിൽ മാറുകയാണ്. രാഹുൽ മന്ത്രിസഭയിൽ ധനകാര്യ, വിദേശകാര്യവകുപ്പുകൾ കമ്മ്യൂണിസ്റ്റുകാരെ ഏല്പിക്കാൻ ധാരണയായെന്നാണ് സൂചനകൾ. ഇപ്പോഴത്തെ നിലയ്ക്ക് എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകളും തരായേക്കും. വിദ്യാഭ്യാസരംഗത്ത് വൻ മാറ്റമുണ്ടാക്കി, ഒരുവീട്ടിൽ ഒരു ഡോക്ടർ എന്ന ലക്ഷ്യം കൈവരിക്കുകയെന്ന പാർട്ടിനയത്തിന് രാജ്യാന്തര തലത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. വാഴക്കുല, തേങ്ങാക്കുല, മാങ്ങാക്കുല എന്നിങ്ങനെ എന്തിനെക്കുറിച്ചും പുതിയ ഗവേഷണങ്ങൾ നടത്താൻ ചിന്തകളുടെ അതിപ്രസരമുള്ള ചെറുപ്പക്കാർക്ക് അവസരം നൽകുമെന്ന കരട് റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞു.
പ്രതിപക്ഷ മന്ത്രിസഭയിലെ പ്രധാനമന്ത്രിയുടെ കാര്യത്തിലാണ് ചില അസ്വാരസ്യങ്ങൾ ഉള്ളത്. ഇതിന്റെ പേരിൽ, ശുദ്ധഗതിക്കാരനായ രാഹുൽ പിൻവാങ്ങുകയും ഒന്ന് നിർബന്ധിക്കുകയും ചെയ്താൽ കമ്മ്യൂണിസ്റ്റുകാരൻ പ്രധാനമന്ത്രിയാകുന്നതിലും പാർട്ടിക്കു വിരോധമില്ല. പഴയ അബദ്ധം തിരുത്താൻ കിട്ടുന്ന അവസരമാണല്ലോ. ആരാകണമെന്ന കാര്യം അടുത്ത പാർട്ടികോൺഗ്രസിൽ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെ സംഭവിച്ചാൽ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്ന് ചങ്കൻ ചൈന ഇന്ത്യയെ കെട്ടിപ്പിടിക്കുകയും അതിർത്തി ശാന്തമാകുകയും ചെയ്യും. ആയുധങ്ങൾക്ക് മാറ്റിവയ്ക്കുന്ന തുകകൊണ്ട് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം. വല്യേട്ടൻ കൂടെയുണ്ടെങ്കിൽ പാക്കിസ്ഥാന്റെ കാര്യത്തിൽ തീരുമാനമാക്കാം. അമേരിക്കയും റഷ്യയും പേടിച്ച് ഈ വഴിക്കു വരികയുമില്ല. പരിവാറുകാർ സ്വപ്‌നം കാണുന്ന അഖണ്ഡഭാരതം നമ്മൾ പതുക്കെ യാഥാർത്ഥ്യമാക്കുന്നതോടെ അവരുടെ ആപ്പീസ് പൂട്ടുകയും ചെയ്യും. സ്‌മോളിൽ നിന്നു ലാർജായും ലാർജിൽ നിന്നു ഡബിൾ ലാർജായും രൂപാന്തരം പ്രാപിക്കുന്നതാണ് വിപ്ലവകരമായ വികസനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K N BALAGOPAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.