SignIn
Kerala Kaumudi Online
Friday, 26 April 2024 1.54 PM IST

കിഷാേർ കുമാറിന്റെ പാട്ടും പാടി ഓടിനടന്ന കുട്ടിക്കുറുമ്പൻ...

kk-

കുട്ടിക്കാലത്ത് പൂങ്കുന്നം റെയിൽവേ സ്റ്റേഷനടുത്തുളള അമ്മവീട്ടിലെത്തുമ്പോഴെല്ലാം കൃഷ്ണകുമാറിന്റെ ചുണ്ടുകളിൽ ഒടുങ്ങാത്ത വിഷാദവും ആളിപ്പടരുന്ന പ്രണയവും വിരഹവും ഇഴചേർന്ന ആ പാട്ടുകളുണ്ടാകും, കിഷോർ കുമാറിന്റെ നിത്യവസന്തഗാനങ്ങൾ! ഇന്ത്യൻ സിനിമാസംഗീതത്തിലെ ആ നിത്യഹരിതഗാനങ്ങളായിരുന്നു, കൃഷ്ണകുമാറിന്റെ ബാല്യ-കൗമാര-യൗവനങ്ങളെ സംഗീതാത്മകമാക്കിയത്. പാട്ട് പഠിച്ചില്ലെങ്കിലും കുഞ്ഞുന്നാളിലേ കെ.കെയുടെ ഹൃദയത്തിൽ ഓളം വെട്ടുന്നുണ്ടായിരുന്നു ബോളിവുഡ് സംഗീതത്തിന്റെ ശാന്തസമുദ്രം.

വല്ല്യമ്മയും അവരുടെ മക്കളുമെല്ലാമുളള തറവാട്ടിലെത്തിയാൽ ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന കുട്ടിക്കുറുമ്പനായിരുന്നു കൃഷ്ണകുമാർ. ജൂൺ-ജൂലായ് മാസത്തിലെ വെക്കേഷൻ കാലത്ത് അച്ഛൻ സി.എസ്.മേനോനും അമ്മ കനകവല്ലിയ്ക്കും സഹാേദരി രേഖയ്ക്കുമൊപ്പം നാട്ടിലെത്തും. അപ്പോഴാണ് ബന്ധുക്കളെല്ലാവരും ചേർന്ന് പാട്ടുപാടിക്കുന്നത്. പറഞ്ഞാലുടൻ ഹിന്ദിഗാനങ്ങൾ പാടും. ബാല്യത്തിലേ മനസിലും നാവിലും കൃഷ്ണകുമാർ ബോളിവുഡ് സംഗീതധാരയെ ആവാഹിച്ചിരുന്നുവെന്ന് ബോളിവുഡിലെ ജനപ്രിയ ഗായകനായപ്പോഴാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളേജിലും പഠിക്കുമ്പോൾ ഹൃദിസ്ഥമാക്കിയതും കിഷോർ കുമാറിന്റെ ഗാനങ്ങളായിരുന്നു. മുഹമ്മദ് റഫിയുടെ ഗാനങ്ങളും ഒപ്പം മൂളി. ബി.കോം പഠനം കഴിഞ്ഞ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവിന്റെ വേഷത്തിൽ നിന്നാണ് പെട്ടെന്ന് പരസ്യചിത്രങ്ങളുടെ ഗാനലോകത്തേക്ക് എത്തുന്നത്. ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യ ട്യൂണുകൾ മൂളി ശ്രദ്ധേയനായി.

ആ അനുഭവത്തിന്റെ ബലമായിരുന്നു മുംബെയിൽ തുണയായത്. സംഗീതലോകത്തേയ്ക്ക് പടിപടിയായി പാടിക്കയറുമ്പോൾ, തന്റെ പേരും പെരുമയുമൊന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചില്ല. ഒടുവിൽ പെട്ടെന്ന് നിലച്ചുപോയപ്പോഴാണ് രാജ്യമെങ്ങും ഏറെ ആരാധകരുളള പാട്ടുകാരനായിരുന്നല്ലോ കെ.കെ.യെന്ന് അവർ തിരിച്ചറിയുന്നത്.

രണ്ടോമൂന്നോ കൊല്ലം കൂടുമ്പോൾ നാട്ടിലെത്തിയാൽ എല്ലാ ബന്ധുവീടുകളിലും ഭാര്യയുടെ ബന്ധുക്കളുടെ വീടുകളിലും ഒരോട്ടപ്രദക്ഷിണം നടത്തി ഡൽഹിയിലേക്ക് മടങ്ങും. നാട്ടിലെത്തിയാൽ സംഗീതലോകത്തെ ബന്ധങ്ങളെല്ലാം മറക്കുമെന്നും കുടുംബവിശേഷങ്ങൾ മാത്രമേ പങ്കിടാറുള്ളൂവെന്നും കെ.കെയുടെ മാതൃസഹോദരിയുടെ മകൾ സ്മിത 'കേരളകൗമുദി'യോട് പറഞ്ഞു. മൂന്നുവർഷം മുൻപ് അമ്മയുടെ ചേച്ചിയുടെ കൊച്ചുമകന്റെ കല്യാണത്തിനാണ് അവസാനമായി നാട്ടിൽ വന്നത്. അന്നും പെട്ടെന്ന് മടങ്ങി. ഇടുക്കിയിലും നെല്ലിയാമ്പതിയിലുമെല്ലാം കറങ്ങിയായിരുന്നു മടക്കം. ഭാര്യ ജ്യോതിയ്ക്കും മക്കൾക്കുമെല്ലാം തൃശൂരിനോട് വലിയ ഇഷ്ടമായിരുന്നു.

സംഗീതത്തിന്റെ തായ്‌വഴി

1968ൽ ഡൽഹിയിലാണ് കെ.കെ.യുടെ ജനനം. അക്കാലത്ത് അമ്മൂമ്മ മാധവിയമ്മ തൃശൂർ വിവേകോദയം സ്‌കൂളിൽ സംഗീതാദ്ധ്യാപികയായിരുന്നു. അമ്മയും നന്നായി പാടുമായിരുന്നു. അമ്മയുടേയും അമ്മമ്മയുടേയും പാട്ടുവഴികളിലൂടെയാണ് കെ.കെ.യും നടന്നത്. മക്കളായ നകുലും താമരയും ആ സംഗീതവഴിയിലെ പുതുവെട്ടങ്ങളായി. പാേണ്ടിച്ചേരിയിലായിരുന്നു അവർ സംഗീതം പഠിച്ചത്.
അച്ഛൻ സി.എസ് മേനോനും സഹൃദയനായിരുന്നു. തൃശൂരിലെ സാംസ്‌കാരിക പ്രവർത്തകനായിരുന്ന സി.എൽ.ബി മേനോന്റെ സഹോദരനാണ് അദ്ദേഹം. തിരുവമ്പാടിയ്ക്ക് മുന്നിൽ നിന്നും പൂങ്കുന്നം റെയിൽവേ ഗേറ്റിലേക്ക് പോകുന്ന റോഡിൽ വലത്തോട്ടുള്ള ആദ്യത്തെ വഴിയിലായിരുന്നു താമസം.

മലയാളം പഠിച്ചില്ലെങ്കിലും

ജനിച്ചതും പഠിച്ചതുമെല്ലാം ഡൽഹിയിലായതിനാൽ മലയാളം സംസാരിക്കുമെങ്കിലും വ്യക്തമായി എഴുതാനും വായിക്കാനും കെ.കെ.യ്ക്ക് അറിയില്ലായിരുന്നു. എന്നിട്ടും പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന സിനിമയിലേക്ക് ''രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം, കാതിൽ ചൊല്ലിടാം മനസിൻ രഹസ്യം അറിയുമോ '' എന്ന പാട്ടുപാടാൻ കെ.കെയെ തേടി അണിയറപ്രവർത്തകർ ഡൽഹിയിലെത്തി. ഉച്ചാരണശുദ്ധിക്കുറവുണ്ടാകുമോ എന്ന സന്ദേഹമായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. മലയാളി ആസ്വാദകർ തന്നെ സ്വീകരിക്കുമോ എന്ന ആശങ്കയും. പക്ഷേ, തനിമലയാളി പാടുന്നതുപോലെ പാടി. പാട്ട് ഹിറ്റായി.

മുംബൈയിലായിരിക്കുമ്പോൾ പരസ്യങ്ങളിലെ പാട്ടുകളിൽ നിന്നായിരുന്നു ബോളിവുഡ് സംഗീതജ്ഞർ കെ.കെ.യെ കണ്ടെടുക്കുന്നത്. അങ്ങനെ വൈവിദ്ധ്യമാർന്ന ഗാനങ്ങളിലൂടെ രാജ്യത്തെ തന്നെ ഒന്നാന്തരം പാട്ടുകാരനായി വളർന്നു.

സംഗീതപ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ മുറിവാണ് ഇനി കെ.കെ. രംഗബോധമില്ലാത്ത മരണം കവർന്നെടുത്തത് ഇന്ത്യൻ സംഗീതത്തിന്റെ ഹൃദയത്തിൽ പതിഞ്ഞ മലയാളത്തിന്റെ പൂക്കാലത്തെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KK, KRISHNAKUMAR KUNNATH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.