SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.29 PM IST

ഉലയുന്ന ദന്തഗോപുരങ്ങൾ

photo

ഭരണകൂടത്തിന്റെ താക്കോൽസ്ഥാനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും വെളിച്ചത്തു കൊണ്ടുവരാനുള്ള ഫലപ്രദ ഇടപെടലായി 'ലോകായുക്ത' എന്ന ഭരണഘടനാ സ്ഥാപനം ആദ്യമായി പ്രയോഗിക്കപ്പെട്ടത് കേരളത്തിലാണ്. സാമൂഹികരാഷ്ട്രീയ മുന്നേറ്റങ്ങളുടെ പക്വമായ ഒരുഘട്ടത്തിൽ ഭരണകർത്താക്കൾ എല്ലാ അർത്ഥത്തിലും ജനസേവകരാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഭരണപരിഷ്‌കാരങ്ങൾ അനിവാര്യമായപ്പോഴാണ് രാജ്യത്തിന് മാതൃകയായി തൊണ്ണൂറുകളുടെ അവസാനം കേരളത്തിൽ ലോകായുക്താനിയമം പാസാക്കപ്പെട്ടത്. എന്തൊക്കെ അപര്യാപ്തതകൾ അതിനുണ്ടെങ്കിലും, അത്തരമൊരു സംവിധാനത്തിന്റെ സാന്നിദ്ധ്യം സ്വജനപക്ഷപാതവും താൻപോരിമയും മൂർത്തീകരിച്ച ദുർഭരണത്തിന് ഒരു പരിധിവരെ തടയിടാൻ പര്യാപ്തമായിരിക്കും. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കേരള ജനതയുടെ ദുരന്തങ്ങളെ ഇവന്റ് മാനേജ്‌മെന്റിന്റെ വിൽപനോപാദിയാക്കിയ സംസ്ഥാനഭരണകൂടത്തിന് ഊർജ്ജം പകരുന്ന അനുഗ്രഹാശിസുകളാണ് ഏപ്രിൽ ആറിന് ലോകായുക്ത ചൊരിഞ്ഞത്. പരാതിക്കാരനായ ആർ. എസ്. ശശികുമാറിനെ വഴിയിലെ പേപ്പട്ടിയോടാണ് ഒരു ന്യായാധിപൻ താരതമ്യപ്പെടുത്തിയത്. മറ്റൊരു ന്യായാധിപൻ നിശബ്ദമായി കേട്ടുനിന്നു. ഈ പരാമർശം സ്വകാര്യസംഭാഷണത്തിലോ ചാനൽ ചർച്ചയിലോ കവലപ്രസംഗത്തിലോ അല്ല, ദുർബലനായ സാധാരണക്കാരന്റെ അന്തിമാശ്രയമായ കോടതിസംവിധാനത്തിന്റെ സുപ്രധാന അരങ്ങിലായിരുന്നു എന്നത് അത്യന്തം വേദനയുളവാക്കുന്നു.

എന്തിനാണ് ആർ.എസ് ശശികുമാറിനെതിരെ, ആദരണീയരെന്ന് വിലയിരുത്തപ്പെടുന്ന ലോകായുക്തയുടെ ന്യായാധിപന്മാർ തരംതാണ പരാമർശങ്ങൾ നടത്തിയത് ? ഔദ്യോഗികാധികാരത്തിന്റെ സംരക്ഷണത്തിൽ തങ്ങളുടെ നിഷ്പക്ഷമല്ലാത്ത നടപടികളെ പൊതുജനമദ്ധ്യത്തിൽ ആർ.എസ് ശശികുമാർ വിമർശിച്ചത് (അ)ന്യായാധിപന്മാർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് വ്യക്തമാണ്. തങ്ങളുടെ ശ്രേഷ്ഠമനോഭാവത്തിന്റെ നീർക്കുമിളകളെ കുത്തിപ്പൊട്ടിച്ച പൊതുപ്രവർത്തകനെതിരെ അവർ സ്വന്തം സ്ഥാനത്തിന്റെ അന്തസിന് യോജിക്കാത്ത ആക്ഷേപങ്ങൾ ചൊരിഞ്ഞു. അത് അങ്ങേയറ്റം അറപ്പുള്ളവാക്കുന്നതാണെന്ന് കേരള ജനത വിലയിരുത്തുന്നു.

2018 സെപ്തംബർ 27നാണ് ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയെന്ന പരാതി ശശികുമാർ അഡ്വ. ജോർജ് പൂന്തോട്ടം മുഖേനെ ലോകായുക്തയിൽ സമർപ്പിക്കുന്നത്. 2019 ജനുവരി 14ന് അന്നത്തെ ലോകായുക്തയുടെ ഫുൾ ബെഞ്ച് അതിന്റെ തുടർനടപടികൾ സാദ്ധ്യമാണെന്ന് തീരുമാനിച്ചു. എന്നാൽ, നീണ്ട ഇടവേളയ്ക്കുശേഷം ഇതിന്റെ വാദം നടക്കുന്നത് 2022 ഫെബ്രുവരി അഞ്ചിനാണ്. മാർച്ച് 18 വരെ നീണ്ട ആ അന്തിമവാദത്തിനു ശേഷം ഒരുവർഷം കഴിഞ്ഞാണ് വിധി വന്നത്. വളരെ സുപ്രധാനമായ ഒരു വിഷയത്തിൽ വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്ന് അടിവരയിട്ട് നീതിനിർവഹണ സംവിധാനങ്ങളെ അറിയിക്കേണ്ടതുണ്ട്. എന്നാൽ വിധി വൈകുന്നെന്ന പരാതിയിൽ പരാതിക്കാരൻ തന്നെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 2023 മാർച്ച് 31ന് ലോകായുക്ത കേസിൽ വിധിപറഞ്ഞത്. ആ വിധി ലോകായുക്തയ്‌ക്ക് നേരെ വിരൽചൂണ്ടാൻ പര്യാപ്തമായിരുന്നു. ഏത് പരമോന്നത നീതിപീഠത്തേയും ഉചിതമായി വിമർശിക്കാനുള്ള ജനാധിപത്യപക്വത നമ്മുടെ സമൂഹം ആർജ്ജിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പരാതിയുടെ സാദ്ധ്യത പിന്നെയും ഫുൾബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള മാർച്ച് 31ലെ വിധിയെ അനുഭവസമ്പത്തും, പോരാട്ടവീര്യവും നിയമപരിജ്ഞാനവുമുള്ള ആർ.എസ് ശശികുമാർ സാങ്കേതികമായിത്തന്നെ ചോദ്യം ചെയ്തത്. അദ്ദേഹം റിവ്യൂ പെറ്റീഷൻ നൽകി. എന്നാൽ അതിനു ശേഷമാണ് രാഷ്ട്രീയജാഗ്രതയുള്ള എല്ലാവരെയും അമ്പരപ്പിച്ച് മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന് നടന്നത്. സാധാരണ ഒരു തർക്കത്തിന് സാദ്ധ്യതയില്ലാത്ത വേദിയായിരുന്നു അത്. എന്നാൽ പരാതിയിൽ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പരാതിയുടെ തീർപ്പ് കൽപ്പിക്കൽ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയശേഷം ന്യായാധിപന്മാർ പങ്കെടുത്തത് അപ്രതീക്ഷിതമായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചതെന്തന്നാൽ അവരുടെ സാന്നിദ്ധ്യം പൊതുസമക്ഷത്തിൽ നിന്ന് ഒളിപ്പിച്ചു നിറുത്താൻ ഭരണകൂടം കാണിച്ച സാമർത്ഥ്യമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളുടെ ഔദ്യോഗികലിസ്റ്റിൽ ന്യായാധിപന്മാരുടെ പേരുവിവരങ്ങളില്ലായിരുന്നു. ചടങ്ങിൽ അവരുടെ ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് 'കണ്ടും ബോധിച്ചും' പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലോ ഫോട്ടോയിലോ വീഡിയോയിലോ ഈ ന്യായാധിപന്മാരുടെ സാന്നിദ്ധ്യം ഒഴിവാക്കിയിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി നന്ദിപ്രകാശനമായി അഥവാ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി ഇവർക്ക് നൽകിയ വിരുന്നാണ് പ്രസ്തുത ഇഫ്താർ എന്നൊരഭിപ്രായം ആരെങ്കിലും നടത്തിയാൽ അത് അപ്രസക്തമോ അലക്ഷ്യമോ ആവില്ല. എന്നാൽ അങ്ങനെയൊരു സംസാരത്തിന് ഇടനൽകിയ തങ്ങളുടെ പ്രവൃത്തി തിരിച്ചറിഞ്ഞ് ഔദ്യോഗികമായ വിശദീകരണം നൽകാതെ, നീതിസംവിധാനത്തിന്റെ നിഷ്പക്ഷതയെ വിലയിരുത്തിയ പരാതിക്കാരനെ ലോകായുക്തയിലെ ന്യായാധിപന്മാർ അപമാനിക്കുന്നത് തീർത്തും മോശമായ പെരുമാറ്റമാണ്. ന്യായാധിപന്മാരുടെ വാക്കുകളെ സഹർഷം സ്വീകരിച്ച്, സാമൂഹ്യമാദ്ധ്യമങ്ങളിലും നാടുനീളെ ഫ്ളക്സുകളിലും അത് ആലേഖനം ചെയ്ത പാർട്ടിയുടെ യുവകേസരികൾ 'കോടതികൾ ഗർജ്ജിക്കുന്നതാർക്ക് വേണ്ടി'യെന്ന പഴയ ഇടതുപക്ഷചോദ്യത്തെക്കുറിച്ച് അറിവില്ലാത്തവരാകും. അവരോട് ക്ഷമിക്കാവുന്നതേയുള്ളൂ. ഉത്തരം വളഞ്ഞാൽ മോന്തായം മുഴുവനായി വളഞ്ഞല്ലേ പറ്റൂ!

പക്ഷേ, നവാബ് രാജേന്ദ്രന് ശേഷം, കേരളത്തിൽ ഭരണകൂട കെടുകാര്യസ്ഥതയ്‌ക്കെതിരെ നിയമപരമായി നിരന്തരം പോരടിച്ചുകൊണ്ട്, ഈ സമൂഹത്തിലെ ജനാധിപത്യസംവിധാനത്തിന്റെ സംസ്‌കാരത്തെ കൂടുതൽ ആർജ്ജവവും ആഴവുമുള്ളതാക്കുന്ന ആർ.എസ് ശശികുമാറിനെ പോലുള്ളവരെ നിരായുധരാക്കാനോ നിശബ്ദരാക്കാനോ ഒറ്റപ്പെടുത്താനോ ലോകായുക്ത ന്യായാധിപന്മാരുടെ അപമാനകരമായ പെരുമാറ്റം കൊണ്ടാവില്ല.

ഭരണമേൽപ്പിക്കുന്ന ദുരന്തം പേറുന്ന ഓരോ പൗരനും മനസിൽ കുറിക്കേണ്ട ഒരു സത്യമുണ്ട് ഈ പോരാട്ടത്തിന്. ഒരു സാധാരണ പൗരൻ ഒരു രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ, പണത്തിന്റെയോ തണലില്ലാതെ നിവർന്ന് നിൽക്കാൻ തീരുമാനിച്ചാൽ ഉലയുന്ന ദന്തഗോപുരങ്ങൾ മാത്രമേ ഭരണകൂടത്തിനുള്ളൂ എന്നതാണത്. സാമൂഹ്യമാദ്ധ്യമങ്ങളിലും വഴിയോരപ്രകടനങ്ങളിലും പൊതുയോഗങ്ങളിലും കാണാനാകാത്ത വലിയൊരു സമൂഹം കേരളത്തിലുണ്ട്. അനുദിനം വിസ്തൃതമാകുന്ന ജനാധിപത്യത്തിന്റെ ആശയങ്ങളെയും സംവിധാനങ്ങളെയും ആമോദത്തോടെ ആശ്ലേഷിക്കുന്ന അവരെല്ലാം കരുതലോടെ സത്യത്തിനും നീതിയുടെയും കൂടെയുണ്ടാകും. ചരിത്രം അപാരമായ രൂപാന്തരങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്.

(ലേഖിക സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി പ്രവർത്തകയാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.