SignIn
Kerala Kaumudi Online
Saturday, 27 April 2024 12.17 AM IST

ദീപപ്രപഞ്ചത്തിൻ ആധാര മൂർത്തിയ്ക്ക് മകരനക്ഷത്രം

sabarimala

കോടാനുകോടി ഭക്തജനങ്ങളുടെ പ്രാർത്ഥനാ മുഹൂർത്തമാണിത് . ജാതിമത അനാദരങ്ങൾ വ്യാപകമായിരിക്കെ ശബരിമലയുടെ പ്രസക്തി എത്രയെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ! അശരണർക്ക് ആശ്രയവും സത്യാന്വേഷികൾക്ക് കെടാദീപവും ആത്മശുദ്ധിയുള്ളവർക്ക് ആത്മസുഹൃത്തും ഭക്തർക്ക് വഴികാട്ടിയും സംന്യാസികൾക്ക് ജ്ഞാനബോധവുമായി ശ്രീശബരീശൻ എവിടെയും എപ്പോഴും പ്രശോഭിയ്ക്കുന്നു . അചഞ്ചലമായ വിശ്വാസദീപ്തമായ ഈ പുണ്യഭൂമി അനാചാരങ്ങളെയും അഹംഭാവങ്ങളെയും പടിയിറക്കുന്നു ; അഹംബോധത്തെ പടികയറ്റുന്നു. ദീപപ്രപഞ്ചത്തിന് ആധാരമൂർത്തിയായ ശ്രീധർമ്മശാസ്താവിനെ തേടിയുള്ള ശബരിമല തീർത്ഥാടനം ഉത്കൃഷ്ടമായ
ജീവിതചര്യയാണ്.
ആദ്ധ്യാത്മികമായ ഒരു ചിന്താപദ്ധതിയാണ് തീർത്ഥങ്ങൾ തേടിയുള്ള അയനം. മനുഷ്യന്റെ ധന്യമായ ആത്മീയ വിചാരവിശുദ്ധിയിലൂടെയുള്ള ഈ ആടനം ധ്യാനനിരതമായ ശബരിമല തീർത്ഥാടനവേളയെ എക്കാലവും പല പ്രകാരേണ സമ്പുഷ്ടമാക്കിയിട്ടുള്ളത് കുറച്ചൊന്നുമല്ല. അത് നീ തന്നെ, അതായത് നിന്നെ നീയൊന്നു പരിശോധിയ്ക്കുക, നിന്നെ നീയൊന്നു പഠിയ്ക്കുക; നീ അന്വേഷിക്കുന്ന ഞാൻ നിന്നിൽത്തന്നെയുണ്ട് എന്നു കല്‌പിക്കുന്ന ശാന്തിമന്ത്രം ശാശ്വതവും നിതാന്ത സത്യവുമാണ് ശാസ്താവ്. ശാസ്താവ് എന്ന പദത്തിന് നിരുക്തികളിൽ പല വിവക്ഷകളുണ്ട്.
കർമ്മവഴികളിൽ നമ്മെ വേണ്ടുംവിധം ശാസിച്ച് നയിക്കുന്ന കൃപാമൂർത്തിയാണ് ഭഗവാൻ.
ധർമ്മാനുരൂപേണ ശാസിക്കുന്ന ധർമ്മശാസ്താവിനെ ; ആര്യകൻ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തി ആരാധിച്ചുപോരുന്നത്. ശബരിമല ശ്രീധർമ്മശാസ്താവും ഇപ്രകാരമാണ് ആരാധിക്കപ്പെടുന്നത് . ലോകഹിതത്തിനായി ധർമ്മത്തെ ശാസിക്കാൻ പ്രതിഷ്ഠിയ്ക്കപ്പെട്ട
ശ്രീധർമ്മശാസ്താ മഹിമ, എങ്ങും ആരാധ്യമാണ്. ഒരിക്കൽ ജലന്ധര സംഹാരത്തിന് ത്രിമൂർത്തികൾ പോലും കൈയൊഴിഞ്ഞ വേളയിൽ
ചക്രരൂപേണ എത്തി ജലന്ധരനെ നിഗ്രഹിച്ചതായിക്കാണാം .
മനസിന്റെ മാലിന്യം ഇല്ലാതാക്കാനുള്ള ശരണംവിളിയിൽ ശരണാഗത രക്ഷകനായ ശബരീശൻ അശരണ കോടികളെ ചേർത്തുനിറുത്തുമ്പോൾ ജനമനസുകളിൽ നിന്നും ഉദ്ഭൂതമാകുന്ന ഉത്കൃഷ്ടചിന്തയുടെ സൗഭാഗ്യമെന്നോണം അതിന്റെ പരിസമാപ്തിയിൽ
സുവർണ സൂര്യോദയമായി ; മകരനക്ഷത്രം ഉദിച്ചുയരുന്നു ! ഇതിനെ കണ്ടാണ് നാം സായൂജ്യമടയുന്നത് . ശബരിമല അയ്യപ്പസന്നിധി സകല ജനതയ്ക്കും ആശാകേന്ദ്രമാണ്. സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സംഗമഭൂമിയെന്നപോലെ ദേശീയ ബോധത്തിന്റെ ഉൾക്കരുത്ത് പകരുന്ന ഏറ്റവും പ്രമുഖമായ അദ്ധ്യാത്മ കേന്ദ്രവുമാണ് ശബരിമല. ഈശ്വരഹിതത്തിനു വിപരീതമായി സ്വാർത്ഥതയുടെ നീഡത്തിൽ അടയിരിക്കുന്ന മനുഷ്യന്റെ ദുരാഗ്രഹങ്ങൾക്കും , അത് നേടിയെടുക്കാനുള്ള അപഥ സഞ്ചാരങ്ങൾക്കും , സങ്കുചിതമായ വർഗവർണ മനോവ്യാപാരങ്ങൾക്കും ഒരു പരിധിവരെയെങ്കിലും തടയിടാൻ ശബരിമല തീർത്ഥാടനപ്പൊലിമ അനുഗ്രഹമായിട്ടുണ്ട്. പ്രകൃതിയുടെ സന്തതിയായ മനുഷ്യൻ സ്വന്തം പ്രകൃതത്തെ യഥാവിധി രൂപപ്പെടുത്താൻ പ്രകൃതിയുമായി സമന്വയിച്ചും പ്രകൃതിയെ ആദരിച്ചും, സ്വയംഅറിഞ്ഞും നിഷ്ഠയോടെയുള്ള ജീവിതരീതിക്ക് പ്രേരകമായി മാറുന്ന ശ്രീശബരിമല തീർത്ഥാടനം ആർക്കാണ് അനുഗ്രഹീതമല്ലാത്തത് !
മനസിലെ കല്ലും മുള്ളും കളഞ്ഞു പടികയറുമ്പോൾ ജീവിതത്തിന്റെ സങ്കുചിത ഭാവത്തിൽനിന്നു വിലപ്പെട്ട സാമൂഹിക ബന്ധങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അന്യാദൃശമായ മതസൗഹൃദത്തിന്റെയും മാനവമൈത്രിയുടെയും ദേശാദരത്തിന്റെയും തീർത്ഥാടന മഹനീയതയാണ് ഇവിടെ സ്പഷ്ടമാകുന്നത്. ഏകഭാവത്തോടെ ഭക്തനെ കാണുകയും വിനയപൂർവം സ്വീകരിക്കുകയും ഭക്തിപൂർവം സത്‌കരിക്കുകയും ചെയ്യുന്ന അനന്യസാധാരണമായ ആദർശപരതയുടെ അതിവിശാലത നമുക്ക് ഇവിടെക്കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAKARAVILAKKU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.