SignIn
Kerala Kaumudi Online
Friday, 26 April 2024 10.13 AM IST

കാരുണ്യത്തിന്റെ അർത്ഥം പറഞ്ഞുതന്ന മമ്മൂക്ക

kk

നിർദ്ധന രോഗികൾക്ക് ഹൃദയശസ്ത്രക്രിയ എന്ന ആശയവുമായി 2008ലാണ് നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ തുടക്കം. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കേരളത്തിലെ പാവപ്പെട്ടവരിൽ പലരും ഹൃദയ ശസ്ത്രക്രിയയ്ക്കായി അന്ന് ആശ്രയിച്ചിരുന്നത്. മഹാനടൻ മമ്മൂട്ടി നേതൃത്വം നല്കുന്ന ഒരു സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതി നമ്മുടെ നാട്ടിൽ നടപ്പിലാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും, അദ്ദേഹവുമായി അന്നെനിക്ക് ഒരു ബന്ധവുമില്ലായിരുന്നു.

ഹോട്ടൽ പങ്കജിന്റെ ഉടമയായ പങ്കജ് സേനനോട് വിഷയം അവതരിപ്പിച്ചു. അദ്ദേഹം വിളിച്ചപ്പോൾ പിറ്റേന്നു രാവിലെ മമ്മൂക്ക അപ്പോയിൻമെന്റ് തന്നു. വിഷയം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ആശങ്കയോടെയാണ് ഹൃദ്രോഗ വിദഗ്ദ്ധൻ മധു ശ്രീധരനും പങ്കജ് സേനനും കെ.ആർ. പ്രമോദ്, നസ്ലീം തുടങ്ങിയവരും ഭാസ്‌കർ‌, റഫീഖ് എന്നീ മമ്മൂട്ടി ഫാൻസ് പ്രതിനിധികളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയത്.

മമ്മൂക്കയെ അടുത്തു കാണുന്നത് അന്നാദ്യം. കാര്യം കേട്ടപ്പോൾ രണ്ടു മിനിറ്റ് ആലോചന. ഫണ്ട് എങ്ങനെയെന്ന് ചോദ്യം. സ്‌പോൺസർഷിപ്പോടെ ചെയ്യാമെന്നു പറഞ്ഞപ്പോൾ അതു നടക്കില്ലെന്ന് മമ്മൂക്ക തറപ്പിച്ച് പറഞ്ഞു. 'മമ്മൂട്ടിയെ മലയാളിക്ക് അറിയാം, ഡോക്ടർ നന്നായി ചികിത്സിച്ചാൽ രോഗികൾ അറിഞ്ഞു വരും, എനിക്ക് ഇങ്ങനെയുളള ഇമേജ് വേണ്ട...' എന്നിങ്ങനെ അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചു. നടക്കില്ലെന്ന് ഉറപ്പിച്ചെങ്കിലും അന്നു തന്നെ ഇടയ്ക്കിടെ ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു.

ആരിൽ നിന്നും പണം സ്വരൂപിക്കാതെ സ്ഥാപനം തന്നെ സർജറി നിർവഹിക്കണമെന്നായിരുന്നു മമ്മൂക്കയുടെ ഉപദേശം. സ്വന്തം തുകയിലെ ഒരു ഭാഗം സാധാരണക്കാർക്കായി നീക്കിവയ്ക്കുമ്പോഴേ ചാരിറ്റി ആകൂ. അങ്ങനെയെങ്കിൽ സഹകരിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. സംസാരം നീളുമ്പോഴും ആരുടെയും മുഖത്തു നോക്കാതെ അദ്ദേഹം കടലാസിൽ എന്തൊക്കെയോ കുറിച്ചുകൊണ്ടിരുന്നു. ഹാർട്ട് ടു ഹാർട്ട് എന്ന പേരും ലോഗോയും ആയിരുന്നു അത്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് എന്നു പറഞ്ഞുകൊണ്ട് 'ഈ ലോഗോ എങ്ങനെയുണ്ട്?' എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞത് നടപ്പിലാക്കിയാൽ ഒരു രൂപ പോലും വാങ്ങാതെ സഹകരിക്കാമെന്നും മമ്മൂക്ക പറഞ്ഞു.

ആദ്യഘട്ടത്തിൽ 100 സർജറി ആയിരുന്നു ധാരണയെങ്കിലും 114 എണ്ണം ചെയ്തു. ഇപ്പോഴത് 254ൽ എത്തി. അതിലൊരാൾ പദ്മശ്രീ സുകുമാരിയമ്മയായിരുന്നു. ഞാൻ ഇവിടെക്കിടന്നു മരിച്ചാലും എന്റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് മിടിച്ചുകൊണ്ടേയിരിക്കുമെന്നാണ് സുകുമാരിയമ്മ പറഞ്ഞത്. ചെക്കപ്പിന് വരുമ്പോഴൊക്കെ മമ്മൂക്കയ്ക്ക് കൊടുക്കാൻ പ്രസാദവുമായെത്തുന്ന ഒരു അമ്മയുമുണ്ട്.

ഒരുപാട് പുതുമുഖ നടന്മാർക്കും സംവിധായകർക്കും ബ്രേക്ക് നൽകിയ മമ്മൂക്ക ഒരു സംരംഭകന് ബ്രേക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് എനിക്കു മാത്രമാണെന്ന് ഞാൻ അഭിമാനത്തോടെ പറയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മമ്മൂക്കയ്ക്ക് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു നടനില്ല. മമ്മൂക്കയുടെ മൂല്യമാണ് നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ വളർച്ചയുടെ ആധാരശില. തീരാത്ത കടപ്പാടുണ്ട് അദ്ദേഹത്തോട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.