SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

ഈശ്വരൻ അനുഗ്രഹം ചൊരിഞ്ഞ നടൻ

mammootty

മമ്മൂട്ടി എന്ന നടനെ പോലെ അദ്ഭുതമാണ് മമ്മൂട്ടി എന്ന വ്യക്തി . ഞാൻ ജന്മനാ നടനല്ലെന്നും കഠിനാധ്വാനത്തിലൂടെ അഭിനയിക്കുകയാണെന്നും തുറന്നു പറയാൻ മമ്മൂട്ടി ചങ്കൂറ്റം കാട്ടുന്നു. പിറന്നാൾ ആഘോഷത്തിന്റെ ബഹളമൊന്നും മമ്മൂട്ടിയെ ബാധിക്കുമെന്ന് കരുതരുത്.കാരണം മമ്മൂട്ടി ഒരു സാധാരണ മനുഷ്യനാണ്. മമ്മൂട്ടിയുടെ ജന്മദിനം എത്തുമ്പോൾ നമ്മൾ ഒാർക്കേണ്ടത് ഇതുപോലൊരു നടനെ സമ്മാനിച്ച ഭാഗ്യത്തെക്കുറിച്ചാണ്. ഇതുപോലൊരു നടൻ നമ്മുടെ ഭാഷ സംസാരിക്കുന്നുവെന്നതിന്റെ ഭാഗ്യത്തെക്കുറിച്ചും .

മമ്മൂട്ടി മനസറിഞ്ഞു ചെയ്ത എല്ലാ കഥാപാത്രത്തിലും കഥാപാത്രം മാത്രമേയുള്ളു. മമ്മൂട്ടിയെ കാണാൻ കഴിയില്ല. ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി എവിടെ. അവിടെ ചന്തു മാത്രം. തന്റെ മുദ്ര പതിപ്പിക്കാതെ കഥാപാത്രമായി മാത്രം ജീവിച്ച അപൂർവം നടന്മാരെയുള്ളു.മമ്മൂട്ടിയെ ഞാൻ കാണുന്നതും നമ്മൾ കാണേണ്ടതും നടനായി മാത്രമാണ്. ഇരുത്തം വന്ന നടന്മാർ നമുക്ക് വിരലിൽ എണ്ണാവുന്നവരെയുള്ളു. പ്രേക്ഷകരുടെ നെഞ്ചു കലക്കി ഇറങ്ങിപ്പോയ എത്ര എത്ര കഥാപാത്രങ്ങൾ. അവരുടെ ജീവിതങ്ങളാണ് മമ്മൂട്ടിയെ വളർത്തിയത്.

അവിടത്തെപ്പോലെ ഇവിടെയും സിനിമയുടെ ലൊക്കേഷനിൽ കുടുംബത്തെപ്പറ്റി മമ്മൂട്ടി സംസാരിക്കുന്നത് കേട്ടു. അപ്പോൾ എനിക്ക് മമ്മൂട്ടിയോട് ബഹുമാനം തോന്നി. ചിത്രീകരണത്തിന്റെ ഇടവേളയിൽ മറ്റുള്ളവരുടെ കുറ്റം പറയാനാണ് എല്ലാവർക്കും താത്പര്യം. ഭാര്യയെയും കുടുംബത്തെയും സ്നേഹിക്കുന്ന ആളിന്റെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവും. മമ്മൂട്ടി ഒരു മാതൃക പുരുഷനാണ്. മാതൃകാ ഭർത്താവും മാതൃകാ അച്ഛനുമാണ്. ഇൗശ്വരൻ അനുഗ്രഹം ചൊരിഞ്ഞ നടനാണ് മമ്മൂട്ടിയെന്ന് വിശ്വസിക്കുന്നു.

'സ്വീറ്റ് ബോയ്' എന്നാണ് ദുൽഖർ സൽമാനെപ്പറ്റി എന്റെ ഭാര്യ പറയുക. അങ്ങനെ വിളിക്കാൻ തോന്നുന്നതു തന്നെ മമ്മൂട്ടി എന്ന പിതാവിനോടുള്ള ബഹുമാനമാണ്.നടൻ എന്ന നിലയിൽ മമ്മൂട്ടി വീണ്ടും ഉയരങ്ങൾ താണ്ടുകയാണ്. അരനൂറ്റാണ്ട് പിന്നിടുന്ന അഭിനയയാത്ര. അത് ഒരു നീണ്ട കാലയളവാണ്. പകരംവയ്ക്കാനില്ലാത്ത നടൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള അഭിനിവേശം തുടക്കം മുതൽ മമ്മൂട്ടിക്കുണ്ട്. അതിനുവേണ്ടി ആത്മാർത്ഥമായ ശ്രമം തന്നെ നടത്തി. അഭിനയജീവിതത്തിൽ താഴ്ചകളില്ലാതെ വ്യത്യസ്ത കഥാപാത്രം തന്നെ ലഭിക്കുന്നു. അതിനുവേണ്ടി കാത്തിരിക്കുന്നു. ഒരിക്കൽ പ്രേംനസീർ എന്നോട് പറഞ്ഞു. പ്രണയ നായകനായി അഭിനയിക്കാനാണ് എല്ലാവരും വിളിക്കുന്നത് ആവർത്തന വിരസത തോന്നുന്നു.ഞാൻ എന്തു ചെയ്യും? ആ സിനിമകളിൽ എല്ലാം പ്രേംനസീർ അഭിനയിക്കുകയും ചെയ്തു. എന്നാൽ മമ്മൂട്ടിയെ തേടിവന്നതെല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ. ഒരേ പോലത്തെ കഥാപാത്രമായി എത്തി പ്രേക്ഷകനെ ഇതേവരെ മടുപ്പിച്ചില്ല. ഏത് കഥാപാത്രമായും പകർന്നാട്ടം നടത്താൻ പാകപ്പെടുന്ന ഉടൽ. ഒപ്പം മനസും. അപ്പോൾ യാത്ര മഹത്തരമാവും. അരനൂറ്റാണ്ട് പിന്നിടുകയും ചെയ്യും.വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ മുഖം തെളിഞ്ഞിട്ടു 50 വർഷമായതിൽ ഏറെ സന്തോഷം തോന്നുന്നു. ഇന്ന് മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആണല്ലോ. ഇനിയും കാത്തിരിപ്പുണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളും അംഗീകാരങ്ങളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.