SignIn
Kerala Kaumudi Online
Thursday, 19 September 2024 11.33 AM IST

ജനസേവകനായ മേട്ടുതറ നാരായണൻ

Increase Font Size Decrease Font Size Print Page

mettuthara

മേട്ടുതറ നാരായണൻ എന്ന വിപ്ളവകാരി വിടവാങ്ങിയിട്ട് ഇന്ന് 11 വർഷം

സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന മേട്ടുതറ നാരായണൻ വിടപറഞ്ഞിട്ട് ഇന്ന് പതിനൊന്നു വർഷം തികയുകയാണ്. 1922 ജനുവരി 22 ന് ജനിച്ച മേട്ടുതറയുടെ നൂറാം ജന്മവർഷമാണിത് എന്നത് ഈ ഓർമ്മദിനത്തെ അവിസ്മരണീയമാക്കുന്നു. മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിലെ സവിശേഷമായ അദ്ധ്യായമാണ് മേട്ടുതറ നാരായണന്റേത്.

ആലപ്പുഴ ജില്ലയിലെ പത്തിയൂരിൽ ജനിച്ച മേട്ടുതറ നാരായണൻ ഏഴു പതിറ്റാണ്ടോളം സാമൂഹിക- ജീവകാരുണ്യ രംഗത്ത് നൽകിയ സംഭാവനകൾ മദ്ധ്യതിരുവിതാംകൂറിന് മറക്കാൻ കഴിയില്ല. തികഞ്ഞ മൂല്യബോധത്തോടെയും ആദർശ ശുദ്ധിയോടെയുമാണ് രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലകൾ ഉയർന്നുവന്ന കാലത്താണ് മേട്ടുതറ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് തുടക്കം. ചർക്കയിൽ നൂൽ നൂറ്റും ചർക്ക ക്ലാസുകൾ സംഘടിപ്പിച്ചും മഹാത്മാഗാന്ധി ആരംഭിച്ച ഹരിജൻ പത്രത്തിന്റെ വിതരണക്കാരനായും പ്രചാരകനായും പ്രവർത്തിച്ചു.

കോൺഗ്രസിലൂടെ പൊതുജീവിതം തുടങ്ങിയ മേട്ടുതറ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് ഉയർന്നുവന്ന സമരങ്ങളിലും പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്തു. അറസ്റ്റും മർദ്ദനവും ജയിൽവാസവും നേരിട്ടു. പ്രമുഖ കോൺഗ്രസ് നേതാക്കളുമായി വലിയ അടുപ്പം സൂക്ഷിച്ചു. കോൺഗ്രസിന്റെ നയവ്യതിയാനങ്ങളോടു വിയോജിച്ച് 1949 ലാണ് മേട്ടുതറ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്.

എം.എൻ. ഗോവിന്ദൻ നായർ, ടി.വി.തോമസ്, ശങ്കരനാരായണൻ തമ്പി, കെ.കേശവൻ പോറ്റി, ആർ.സുഗതൻ, വി.എസ്. അച്യുതാനന്ദൻ, തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, എൻ ശ്രീധരൻ തുടങ്ങിയവരോടൊപ്പമായിരുന്നു പിന്നീടുള്ള പ്രവർത്തനം. കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പ്രധാനമായും മേട്ടുതറയുടെ സംഘടനാ പ്രവർത്തനം. കശുഅണ്ടിത്തൊഴിലാളികൾ അടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പലപ്പോഴും ഒളിവിൽ പോകേണ്ടിവന്നു. നിരവധി തവണ അറസ്‌റ്റും ലോക്കപ്പ് മർദ്ദനവും നേരിടേണ്ടി വന്നു. കായംകുളം പൊലീസ് കമ്മ്യൂണിസ്റ്റ് നേതാക്കളെ അകാരണമായി ജയിലിലടച്ചപ്പോൾ അവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തിൽ മേട്ടുതറ അടക്കമുള്ളവരെ പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്തു. ക്രൂരമായി മർദ്ദിച്ച് വിചാരണയില്ലാതെ വർഷങ്ങളോളം ജയിലിലടച്ചു. പൊലീസ് മർദ്ദനത്തിൽ മേട്ടുതറ മരിച്ചു എന്നുപോലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങൾ തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകളിലും പുതുപ്പള്ളിയുടെ വിപ്ലവസ്മരണകളിലും വ്യക്തമാക്കിയിട്ടുണ്ട്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും മേട്ടുതറ ദീർഘകാലം പ്രവർത്തിച്ചു. വി.എസ് ആയിരുന്നു അന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി. മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോഴാണ് 1957ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. താലൂക്കിൽ നിന്ന് കൂടുതൽ എം.എൽ.എമാരെ നിയമസഭയിലെത്തിക്കാൻ മേട്ടുതറയുടെ നേതൃത്വത്തിനു കഴിഞ്ഞു. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്ന് ചെങ്ങളത്ത് കൃഷ്ണപിള്ള, കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്ന് ആർ. സുഗതൻ, കായംകുളം മണ്ഡലത്തിൽ നിന്ന് കെ.ഒ. ഐഷാ ഭായി, ഭരണിക്കാവ് മണ്ഡലത്തിൽനിന്ന് എം.എൻ. ഗോവിന്ദൻ നായർ എന്നിവർ മത്സരിച്ചു. ഇവരുടെ വിജയത്തിനായി മേട്ടുതറയുടെ അക്ഷീണ പ്രയത്‌നമുണ്ടായി.

പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി 16 വർഷത്തോളം പ്രവർത്തിച്ചു. ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ നടത്തി. വീടില്ലാത്ത പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതി പ്രകാരം നൂറു വീട് വച്ചു നൽകി. മിനി എസ്റ്റേറ്റ്, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു. പാർട്ടി ചുമതലകളിൽ നിൽക്കുമ്പോഴും അധികാര സ്ഥാനങ്ങളിലിരിക്കുമ്പോഴും അഴിമതിക്കോ അധികാര ദുർവിനിയോഗത്തിനോ ശ്രമിച്ചില്ല. ഒരു കമ്മ്യൂണിസ്‌റ്റ് നേതാവിന്റെ രാഷ്ട്രീയ പ്രതിബദ്ധത എല്ലാക്കാലത്തും സൂക്ഷിച്ചു.

പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി മേട്ടുതറ ധാരാളം ലഘുലേഖകൾ എഴുതി. ആദ്യ കാലഘട്ടങ്ങളിൽ സാഹിത്യ രചനകളിലും ഏർപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാഹിത്യ, സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ജീവിതത്തിന്റെ ഏറിയ പങ്കും ജനങ്ങളോടൊപ്പമാണ് കഴിഞ്ഞത്. ശ്രീനാരായണ ഗുരുദേവന്റെ നാവോത്ഥാന ആശയങ്ങൾ മേട്ടുതറ എന്നും പിന്തുടർന്നു.


2011 മാർച്ച് 19ന് അദ്ദേഹം കാലത്തോട് വിടപറഞ്ഞു. മേട്ടുതറയുടെ 'തിരിഞ്ഞു നോക്കുമ്പോൾ' എന്ന ആത്മകഥ ആ ജീവിതത്തിന്റെ തുടിക്കുന്ന താളുകളാണ്. ദീർഘമായ രാഷ്ട്രീയ ജീവിതത്തിന്റെ കനൽവഴികൾ സമഗ്രമായിത്തന്നെ ഈ ആത്മകഥയിൽ അടയാളപ്പെടുത്തുന്നു. ജീവിച്ച കാലത്തിന്റെ സവിശേഷതകൾ, രാഷ്ട്രീയ മാറ്റങ്ങൾ, ജീവിത പരിണാമങ്ങൾ തുടങ്ങിയവും ഇതിൽ മുദ്രിതമാണ്. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും അവതരിപ്പിക്കുന്നുണ്ട്.

പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ഇങ്ങനെ ത്യാഗനിർഭരമായ ജീവിതം നയിച്ചവരുടെ കുടുംബങ്ങളെ പാർട്ടി നേതൃത്വവും പ്രസ്ഥാനവും ശ്രദ്ധയോടെ കാക്കേണ്ടതാണ്. അവരുടെ സ്മരണ നിലനിർത്താൻ ശ്രദ്ധിക്കണം. മേട്ടുതറയെ പോലുള്ളവരുടെ രാഷ്ട്രീയ, സാമൂഹിക ജീവിതം പുതിയ തലമുറയിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാകേണ്ടതാണ്. ആ മഹാവ്യക്തിത്വത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: METTUTHARA NARAYANAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.