SignIn
Kerala Kaumudi Online
Thursday, 18 April 2024 8.38 PM IST

എവിടെ പോയി 482 വോട്ട് ?

photo

ജനാധിപത്യത്തിന്റെ നെടുംതൂണാണ് ജനങ്ങളുടെ സമ്മതിദാനാവകാശം. ഭരണകർത്താക്കളെ തിരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തുകളിൽ മണിക്കൂറുകളോളം ക്യൂനിൽക്കേണ്ടി വന്നാലും ഒരു പൗരനും അതൊരു ഭാരമായോ മുഷിപ്പായോ തോന്നാറില്ല. തന്റെ നാട് ആര് ഭരിക്കണമെന്നതിൽ വിധികുറിക്കുന്ന പ്രക്രിയയെ അത്യന്തം ഗൗരവപൂർണമായാണ് ഓരോ പൗരനും കാണാറുള്ളത്. ഇതുതന്നെയാണ് പല വെല്ലുവിളികൾക്കിടയിലും ജനാധിപത്യ സംവിധാനത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോവുന്നത്. വോട്ടിംഗ് സംവിധാനത്തോടുള്ള വിശ്വാസ്യത ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ നിലവിലെ വോട്ട് വിവാദങ്ങൾ ഈ ജീവശ്വാസത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

2021 മേയ് രണ്ടിന് പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ വിവാദങ്ങളാണ് വോട്ടുപെട്ടി കാണാതായ അത്യന്തം ഗൗരവമേറിയ സംഭവത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന മു‌സ്‌ലിം ലീഗിന്റെ നജീബ് കാന്തപുരം 38 വോട്ടിനാണ് എൽ.ഡി.എഫ് സ്വതന്ത്രനായ കെ.പി.മുഹമ്മദ് മുസ്‌തഫയെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷം രേഖപ്പെടുത്തിയത് പെരിന്തൽമണ്ണയിലായിരുന്നു. സ്പെഷ്യൽ തപാൽ വോട്ടുകളിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലെന്ന പേരിൽ 348 വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിരുന്നു. ഇതിനെതിരെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.മുഹമ്മദ് മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചു. 2022 നവംബറിൽ മുഹമ്മദ് മുസ്‌തഫയുടെ വാദം നിലനിൽക്കുന്നതാണെന്ന് പറ‍‌ഞ്ഞ് നജീബ് കാന്തപുരത്തിന്റെ തടസഹർജി കോടതി തള്ളി. തർക്കമുള്ള സ്പെഷ്യൽ ബാലറ്റും രേഖകളും ഹൈക്കോടതിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി നടത്തിയ അന്വേഷണത്തിലാണ് ബാലറ്റ് പെട്ടികളിലൊന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

വോട്ടുപെട്ടി

22 കിലോമീറ്റർ

അകലെ !

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം കോടതിയിൽ കയറിയതോടെ കേസ് തീരുംവരെ ബാലറ്റ് പെട്ടികളും രേഖകളും സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് റിട്ടേണിംഗ് ഓഫീസർമാർ. പെരിന്തൽമണ്ണ സബ് ട്രഷറി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച രേഖകൾ കോടതിയിൽ സമർപ്പിക്കാനായി പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സ്പെഷൽ ബാലറ്റുകൾ അടങ്ങിയ ഒരു പെട്ടി കാണാനില്ലെന്ന അത്യന്തം ഗുരുതരമായ സംഭവം കണ്ടെത്തിയത്.

ട്രഷറി ഓഫീസിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച പോസ്റ്റൽ ബാലറ്റ് പെട്ടി 22 കിലോമീറ്റർ അകലെയുള്ള മലപ്പുറം സിവിൽ സ്റ്റേഷനകത്തെ സഹകരണ രജിസ്ട്രാർ ഓഫീസിനകത്ത് പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. ഓഫീസിന്റെ മൂലയിൽ അലക്ഷ്യമായി സൂക്ഷിച്ച ബാലറ്റ് പെട്ടി പൊളിച്ച നിലയിലും രേഖകൾ ചിതറിക്കിടക്കും വിധവുമായിരുന്നു. വോട്ടുപെട്ടിയിലെ 482 സാധുവായ പോസ്റ്റൽ വോട്ടുകൾ കാണാനില്ലെന്ന് പെരിന്തൽമണ്ണ സബ്‌കളക്ടർ ശ്രീധന്യ സുരേഷ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം, എണ്ണാതെ മാറ്റിവച്ച 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളടങ്ങിയ ബാലറ്റ് കെട്ട് പൊട്ടിക്കാത്ത നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാണാതായ വോട്ടുകളുടെ എണ്ണം അടങ്ങിയ രേഖയും മൈക്രോ ഒബ്സർവർ ഒപ്പിട്ട ടാബുലേഷൻ ഷീറ്റും വോട്ടുപെട്ടി കണ്ടെത്തിയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.

ആറ് പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ടേബിളുകളിൽ 4,5,6 ടേബിളുകളിലെ വോട്ടുകളാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്നും കാണാതായ പെട്ടിയിലുണ്ടായിരുന്നത്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽനിന്ന് കണ്ടെത്തിയ പെട്ടിയിൽ അഞ്ചാം നമ്പർ ടേബിളിലെ 482 എണ്ണിയ പോസ്റ്റൽ ബാലറ്റുകളാണ് കാണാതായത്.

വേണം തിരഞ്ഞെടുപ്പ്

കമ്മിഷന്റെ അന്വേഷണം

സാധുവായ വോട്ടാണ് കാണാനില്ലാത്തതെന്ന് പറയുമ്പോഴും ഇതൊന്നും സംഭവത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. ഈ വോട്ട് എവിടെ പോയെന്ന് കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. തർക്കത്തെ തുടർന്ന് എണ്ണാതെ മാറ്റിവെച്ച 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളടങ്ങിയ ബാലറ്റിന്റെ കെട്ട് പൊട്ടിച്ചില്ലെന്ന് സബ് കളക്ടർ പറയുമ്പോഴും ഈ സംഭവങ്ങൾ വോട്ടിംഗിന്റെ വിശ്വാസ്യതയിലാണ് കരിനിഴൽ വീഴ്ത്തുന്നത്. ഈമാസം 30ന്ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് സമർപ്പിച്ച റിപ്പോർട്ടിന് പുറമെ,​ ഈ മാസം 24ന് ജില്ലാ കളക്ടർ എസ്. പ്രേംകുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടും ഹൈക്കോടതിയുടെ മുന്നിലെത്തും. സബ് കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള അഭിപ്രായം 30നകം കോടതിയെ അറിയിക്കാൻ ഇരുകക്ഷികളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാവും കോടതി തുടരന്വേഷണത്തിൽ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെടാനാണ് ലീഗിന്റെ നജീബ് കാന്തപുരം എം.എൽ.എയുടെ തീരുമാനം. കോടതിയുടെ നിലപാടറിഞ്ഞ ശേഷം തുടർനീക്കങ്ങൾ കൈക്കൊള്ളാനാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫയുടെ തീരുമാനം.

സബ് കളക്ടർക്ക്

തെറ്റുപറ്റി ?​

വോട്ട് രേഖകൾ ഉടൻ കോടതിയിൽ സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ 16ന് രാവിലെ ഏഴ് മണിക്ക് പെരിന്തൽമണ്ണ സബ് ട്രഷറിയുടെ സ്ട്രേംഗ് റൂം തുറക്കുമെന്ന് കാണിച്ച് സബ് കളക്ടർ സ്ഥാനാർത്ഥികളുടെ ചീഫ് ഇലക്‌ഷൻ ഏജന്റുമാരെ മുൻകൂട്ടി അറിയിച്ചിരുന്നു. രണ്ട് സ്ഥാനാർത്ഥികളുടെയും ചീഫ് ഇലക്‌ഷൻ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ സബ് ട്രഷറി സ്ട്രോംഗ് റൂം പരിശോധിച്ച സബ് കളക്ടർ ഇവിടെനിന്ന് പെട്ടി നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ ശേഷം തുടർപരിശോധനകളുടെ വിവരം അറിയിച്ചില്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

സ്ട്രോംഗ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ച ബാലറ്റ് പെട്ടികൾ എവിടെ നിന്നാണ് കണ്ടുകിട്ടിയതെന്ന് സ്ഥാനാർത്ഥികളെ ബോദ്ധ്യപ്പെടുത്തേണ്ട ധാർമ്മിക ബാദ്ധ്യത റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കളക്ടർക്കുണ്ട്. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മാത്രമാണ് വിവരങ്ങൾ അറിഞ്ഞതെന്ന് കോടതിയെ ബോധിപ്പിക്കുമെന്ന് നജീബ് കാന്തപുരത്തിന്റെ വക്കീൽ പറഞ്ഞു. ഉദ്യോഗസ്ഥർ മാത്രമാണ് മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് സാക്ഷിയായത്. തുറന്ന വോട്ടുപെട്ടിക്കകത്ത് ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നു എന്നത് ഉറപ്പാണ്. ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെടും.

എന്തൊരു അലംഭാവം

തദ്ദേശ തിര‌ഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ റിട്ടേണിംഗ് ഓഫീസറായിരുന്നു മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ. തദ്ദേശതിര‌ഞ്ഞെടുപ്പിലെ രേഖകൾ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് പെട്ടിക്ക് പകരം അബദ്ധത്തിൽ പെരിന്തൽമണ്ണ നിയമസഭാമണ്ഡലം തിരഞ്ഞെടുപ്പിന്റെ സ്പെഷൽ തപാൽ വോട്ട് പെട്ടി എത്തിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഓരോ ബാലറ്റ് പെട്ടിയുടെയും നമ്പറക്കം രേഖപ്പെടുത്തിയ രേഖകൾ സമർപ്പിക്കുകയും ഇത് സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ബാലറ്റ് പെട്ടി കൈമാറേണ്ടത്. എന്നാൽ ഇക്കാര്യങ്ങളൊന്നും പെട്ടി കൈമാറിയ പെരിന്തൽമണ്ണ സബ് ട്രഷറി ഉദ്യോഗസ്ഥരും പെട്ടി സ്വീകരിച്ച സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥരും പരിശോധിച്ചില്ല. അലംഭാവത്തെ തുടർന്നുണ്ടായ അബദ്ധമാണോ അതോ കരുതിക്കൂട്ടിയുള്ള പദ്ധതി പ്രകാരമാണോ ഇതെല്ലാം സംഭവിച്ചതെന്ന് ഇനി അന്വേഷണത്തിലൂടെ ബോദ്ധ്യപ്പെടേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MISSING OF PERINTHALMANNA ASSEMBLY BALLOT BOX
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.