SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.34 AM IST

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ കരിച്ചു കളയുക മാരകവിത്തിനെ

opinion

രാജ്യസുരക്ഷ പരമപ്രധാനമാണെന്നിരിക്കെ അതിന് വിഘാതമാകുന്ന എന്തിനെയും തുടച്ചുനീക്കുക എന്നത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതിനായി കഴിവും മികവുമുള്ള ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ ഏജൻസികളെ യഥേഷ്‌ടം പ്രവർത്തിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. അതിന് വൈകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. പലപ്പോഴും രാജ്യത്തുണ്ടായ വിധ്വംസകപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമാകുന്നത് തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസമാണ്. ഇപ്പോൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായി പടർന്നു പന്തലിക്കുകയാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ. നിസാരക്കാരല്ല ഇക്കൂട്ടർ. ഒരു തെളിവുമില്ലാതെ കുറ്റകൃത്യവും ഗൂഡാലോചനയും നടത്താനുള്ള പ്ളാറ്റ്ഫോമായി ഇന്നക സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ മാറി. ‌ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഗുരുതര സ്വഭാവമുള്ളതാണ്.

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ മറവിൽ കോടികളുടെ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നും തീവ്രവാദവും മനുഷ്യക്കടത്തും സജീവമായി നടക്കുന്ന രാജ്യങ്ങളിലേക്ക് ഈ എക്‌സേഞ്ചുകൾ മുഖേന കോളുകൾ പോയിട്ടുള്ളത് ഗൗരവമേറിയ വിഷയവുമാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. ചൈനീസ് കമ്പനികളുടെ സെർവറുകളും സോഫ്ട്‌വെയറുകളും ഉപയോഗിച്ചുള്ള ഇടപാടുകളുടെ പൂർണ വിവരങ്ങൾ ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് മറ്റൊരു സത്യം. കോഴിക്കോട് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയതിനെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിലെ മുഖ്യപ്രതി മലപ്പുറം കിഴക്കേത്തല സ്വദേശി നിയാസ് കുട്ടശേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന റിപ്പോർട്ടു നൽകിയത്. കോഴിക്കോട് പണ്ടികശാല സ്വദേശി പി. ജുറൈഡ്, മൂരിയാട് സ്വദേശി പി.പി. ഷബീർ, പേരാമ്പ്ര പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികൾ. നിയാസ് കുട്ടശേരി അഞ്ചാം പ്രതിയാണ്. വിദേശ കോളുകൾ സർവീസ് പ്രൊവൈഡർമാരെ ഒഴിവാക്കി ഇന്റർനെറ്റ് മുഖേന അനധികൃതമായി കൈകാര്യം ചെയ്യുന്നതാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ രീതി. ഇതിനായുള്ള സെർവറിന്റെ ഐ.പി അഡ്രസ് ഷബീറിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്‌സ് ഐ.ടി സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഔറംഗബാദിലെ ഇന്റലക്ടിക്ക സിസ്റ്റംസ് എന്ന സ്ഥാപനത്തിലാണ് ഐ.പി നമ്പർ തയ്യാറാക്കിയതെന്നും കണ്ടെത്തിയിരുന്നു.

ഇവരുടെ പണമിടപാടുകളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) കാര്യക്ഷമമായ അന്വേഷണമാണ് നടത്തേണ്ടത്. നിയാസ് കുട്ടശേരിയാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരൻ. ഇയാൾ 2021 ഡിസംബർ ആറിന് രാജ്യം വിട്ടു. ലുക്ക് ഔട്ട് നോട്ടീസും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയാസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 46.23 കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് സമാന്തര എക്‌സ്‌ചേഞ്ചിലൂടെ നടന്നത്. വിദേശ രാജ്യങ്ങളിലെ കറൻസികളുടെ കൈമാറ്റവും നടന്നിട്ടുണ്ട്. നിയാസ് പത്തുകോടി രൂപ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ടവർക്ക് കൈമാറി. 582 കോൾ റൂട്ടറുകൾ നിയാസ് കൈകാര്യം ചെയ്തിരുന്നു. സിറിയ, യെമൻ, പാലസ്തീൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കോൾറൂട്ടറുകൾ കൈമാറിയിട്ടുണ്ട്. ഇത് ഒരിക്കലും നിസാരവിഷയമായി കാണരുത്. സാമ്പത്തിക ഇടപാടുകൾക്ക് അപ്പുറം രാജ്യദ്രോഹപ്രവർത്തനങ്ങളും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിലൂടെ നടക്കുന്നു. ഈ സംവിധാനത്തിന് തടയിടാനുള്ള പദ്ധതികൾ എത്രയും വേഗം ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

സാമ്പത്തിക, ടെലകോം രംഗത്തിന് പുറമേ ഗൗരവകരമായ സുരക്ഷാ പ്രശ്‌നമാണ് സമാന്തര എക്‌സ്‌ചേഞ്ചുകൾ ഉയർത്തുന്നത്. സമാന്തര എക്‌സ്‌ചേഞ്ചുകൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നിരോധിത വസ്തുക്കളല്ലാത്തതിനാൽ വിപണിയിൽ സുലഭമാണ്. ചൈനീസ് ഓൺലൈൻ സൈറ്റുകളിലും ഉപകരണങ്ങൾ വിൽക്കുന്നുണ്ട്. കോഴക്കോട്ടെ സമാന്തര എക്‌സ്‌ചേഞ്ചിലെ റെയ്ഡിൽ ചൈനീസ് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് വിദേശത്തു നിന്ന് ബന്ധപ്പെടാൻ സുരക്ഷിതമാർഗം ഇത്തരം എക്‌സ്‌ചേഞ്ചുകളാണ്. നിരീക്ഷണ സംവിധാനങ്ങളെ വിദഗ്ദ്ധമായി കബളിപ്പിക്കാൻ അന്താരാഷ്ട്ര കോളുകൾ ലോക്കലാക്കി മാറ്റുന്ന ഈ സംവിധാനത്തിന് കഴിയും.

കോഴിക്കോട്ടും ബംഗ്‌ളുരൂവിലും നിയമവിരുദ്ധ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചത് പതിനായിരത്തോളം മൊബൈൽ സിം കാർഡുകൾ ഉപയോഗിച്ചാണ്. ഇവയിൽ 9,792 സിമ്മുകൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഒറീസ, ജാർഖണ്ഡ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് വ്യാജരേഖകൾ ചമച്ചാണ് സിമ്മുകൾ വാങ്ങിക്കൂട്ടിയത്. ഒന്നിന് 600 മുതൽ 700 രൂപ ചെലവഴിച്ചാണ് സിമ്മുകൾ സംഘം സംഘടിപ്പിച്ചത്. ഒരുലക്ഷം രൂപ വിലയുള്ള 136 അനുബന്ധ ഉപകരണങ്ങളും (സിം ബോക്‌സ്) പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധമുള്ളവരാണ് എക്‌സ്‌ചേഞ്ചുകളുടെ പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു..

അടുത്തിടെ കോഴിക്കോടിന് പുറമേ കൊച്ചി ഉൾപ്പെടെ രാജ്യത്ത് 13 സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയിരുന്നു. കോഴിക്കോട് കേസിലെ ഒരു പ്രതിക്ക് 168 പാക്കിസ്ഥാൻ പൗരന്മാരുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. പ്രതികളിൽ ഒരാൾ വൻതുകയ്ക്ക് കോൾ റൂട്ടുകൾ പാക്കിസ്ഥാൻ, ചൈന, ബംഗ്‌ളാദേശ് സ്വദേശികൾക്ക് വില്ക്കുകയും ചെയ്തു. സമാന്തര എക്‌സ്‌ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്ട് സ്വിച്ചിന്റെ ക്‌ളൗഡ് സെർവർ ചൈനയിലാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് വരുന്ന ഫോൺവിളികൾ അവിടുത്തെ നെറ്റ് വർക്കിനെയും ഇന്റർനാഷണൽ ഇന്റർകണക്ട് കാരിയറിനെയും പൂർണമായും ഒഴിവാക്കി ഇന്റർനെറ്റ് വഴി സ്വീകരിച്ച് ഇന്ത്യയിൽ ലോക്കൽ കോളാക്കി മാറ്റുന്നതാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ രീതി. നിരവധി സിമ്മുകൾ ഇടാവുന്നന്ന 'സിം ബോക്‌സാണ് പ്രധാന ഉപകരണം. ഇതിൽ ഏത് ഓപ്പറേറ്ററുടെയും സിം ഇടാം. സിമ്മുകൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തും. മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിന് മുമ്പ് ഹുണ്ടി കാളുകളെന്ന പേരിലും ഇത്തരം കോളുകൾ നൽകിയിരുന്നു. ഏത് രാജ്യത്ത് നിന്നുള്ള വിളിയാണെന്നു പോലും തിരിച്ചറിയാൻ കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും ഉപയോഗിച്ചാൽ പോലും കണ്ടെത്താൻ കഴിയില്ല. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട കോടികളുടെ പ്രതിഫലവുമാണ് നഷ്ടമാകുന്നത്. അന്വേഷണങ്ങൾ പാതിവഴിയിൽ നിലയ്ക്കുന്നതാണ് സമാന്തര എക്‌സ്‌ചേഞ്ചുകൾ കൂണുപോലെ പൊട്ടിമുളയ്ക്കാൻ ഇടയാക്കുന്നത്.

അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടന്ന് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചിലൂടെയാണെന്നാണ് അന്വേഷണസംഘങ്ങളുടെ കണ്ടെത്തൽ. എന്നാൽ ഇതിന് പിന്നിലുള്ളവരിലേക്ക് കാര്യമായ അന്വേഷണമെത്തിയില്ല. ഇത്തരം ഫോൺ വിളികൾക്ക് രേഖകളൊന്നുമില്ലാത്തതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും ഒരു പരിചയായി മാറുന്നു. സ്വർണക്കടത്ത്, കുഴൽപ്പണ ഇടപാടുകൾക്കും സമാന്തര എക്‌‌സ്ചേഞ്ചുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചില സ്വർണക്കടത്ത് സംഘങ്ങൾ സമാന്തര എക്‌സ്‌ചേഞ്ചുകൾക്ക് പണം മുടക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരുന്നു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന സംഘടനകളും സമാന്തര എക്‌സ്‌ചേഞ്ചിന് പിന്നിലുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മാഫിയസംഘത്തിന്റെ വ്യാപ്‌തിയെക്കുറിച്ച് വിശദീകരിക്കുന്നു. പൊലീസ് അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് വ്യക്തം. അതിനാൽ മിലിട്ടറി ഇന്റലിജൻസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ ഒരു സംയുക്ത ഓപ്പറേഷനായിരിക്കും ഫലപ്രദം. അതിന് എത്രയും വേഗം അനുമതി നൽകാൻ കേന്ദ്രസർക്കാർ സന്നദ്ധമാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARALLEL TELEPHONE EXCHANGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.