SignIn
Kerala Kaumudi Online
Friday, 20 September 2024 6.27 PM IST

ജനങ്ങൾ കാവൽക്കാർ

Increase Font Size Decrease Font Size Print Page

photo

പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവൃത്തികളിൽ ജനകീയ മോണിറ്ററിംഗ് സാദ്ധ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമാവുകയാണ്. പുതിയ റോഡുകൾ, നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ, പാലങ്ങൾ, കെട്ടിടങ്ങൾ, തുടങ്ങി പൊതുമരാമത്ത് വകുപ്പിനു കീഴിൽ നിർമ്മിക്കപ്പെടുന്നതെല്ലാം കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. ന്യൂനതകളുടെയും പരിപാലന രീതികളുടെയും കേവലമായ കാഴ്ചക്കാർ എന്ന നിലയിൽ നിന്ന് പൊതുമുതലുകളുടെ കാവൽക്കാർ എന്ന നിലയിലേക്ക് സർക്കാരിനൊപ്പം ജനങ്ങളും മാറണമെന്നാണ് ആഗ്രഹിക്കുന്നത്.
ഒരു പ്രവൃത്തി നടന്നു കഴിഞ്ഞാൽ, നിശ്ചിത കാലയളവ് വരെയുള്ള അതിന്റെ പരിപാലനം കൂടി പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ നടത്തണമെന്ന നിയമം നിലവിലുണ്ട്. Defect Liability Period (പരിപാലന കാലയളവ്) എന്നാണ് ഈ നിശ്ചിത കാലത്തെ വിളിക്കുക. പ്രവൃത്തികളിൽ എന്തെങ്കിലും ന്യൂനതകളോ തകരാറുകളോ സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തവും കരാറുകാർക്കുണ്ട്. അത് നിർവഹിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്താനുള്ള ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമുണ്ട്. പ്രവൃത്തികളുടെ സ്വഭാവമനുസരിച്ച് ആറുമാസം മുതൽ അഞ്ചുവർഷം വരെ പരിപാലന സമയം നിശ്ചയിക്കപ്പെടാറുണ്ട്. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ഇങ്ങനെയൊരു കാലയളവ് കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേസിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് റോഡ് പ്രവൃത്തികൾ പൂർത്തിയാക്കേണ്ടത്. കെട്ടിടങ്ങളുടെ കാര്യത്തിലാകട്ടെ സെൻട്രൽ പബ്ലിക്സ് വർക്സ് ഡിപ്പാർട്ട്‌മെന്റിന്റെ (CPWD) മാനദണ്ഡങ്ങളാണ് നാം സ്വീകരിച്ചിട്ടുള്ളത്. ഗുണനിലവാര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ത്രിതല പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ട്. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെന്ന് കരാറുകാർ തന്നെ ഉറപ്പാക്കി ഡിപ്പാർട്ട്‌മെന്റിനെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഒന്നാമത്തെ തലം. വകുപ്പുതല ഗുണനിലവാര പരിശോധനാ സംഘം (Departmental Quality Control Wing) പ്രവൃത്തികൾ പരിശോധിച്ച് നിലവാരം ഉറപ്പാക്കലാണ് രണ്ടാമത്തെ തലം. ന്യൂനതകൾ കണ്ടെത്തിയാൽ കരാറുകാരെക്കൊണ്ട് തന്നെ അതിന് പരിഹാരമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒന്നും രണ്ടും തലങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കങ്ങൾ/ പൊരുത്തക്കേടുകൾ ഉണ്ടായാൽ അവ പരിഹരിക്കുന്നതിനുള്ളതാണ് മൂന്നാംതല പരിശോധക സംഘം. സർക്കാർ ചുമതലപ്പെടുത്തുന്ന ഒരു ബാഹ്യ ഏജൻസിയായിരിക്കും ഇത് നിർവഹിക്കുക.

പരിഹാര കാലയളവിനുള്ളിൽ ന്യൂനതകൾ പരിഹരിക്കുക എന്നത് കരാറുകാരുടെ ബാദ്ധ്യതയാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ചട്ടപ്രകാരം നടപടിയെടുക്കാനും സർക്കാരിന് കഴിയും.
ഗുണനിലവാരം ഉറപ്പാക്കാനുള്ള നാലാമത് ഒരു തലം കൂടി കേരളത്തിൽ ആരംഭിക്കുകയാണ്. 'ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് ' എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് പുതിയ മോണിറ്ററിംഗ് സംവിധാനത്തിന് പൊതുമരാമത്ത് വകുപ്പ് തുടക്കമിടുന്നത്.

ഓരോ പ്രവൃത്തി മേഖലയിലും ഇനി മുതൽ ഒരു ബോർഡ് (Deffect Liability Information Board) സ്ഥാപിക്കപ്പെടും. പ്രവൃത്തിയുടെ വിശദാംശങ്ങൾ കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേര്, ഫോൺ നമ്പർ എന്നിവ ബോർഡിൽ പ്രദർശിപ്പിക്കും. ജനങ്ങൾക്ക് നേരിട്ട് ബോദ്ധ്യപ്പെടുന്ന ന്യൂനതകൾ/ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കാൻ ഇതിലൂടെ സാധിക്കും. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളാണെങ്കിൽ അതിനായുള്ള ഒരു ടോൾ ഫ്രീ നമ്പർ കൂടി ബോർഡിലുണ്ടാവും. പരിപാലന കാലയളവിലുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനായി പൊതുമരാമത്ത് വകുപ്പിന്റെ ഒരു വെബ്‌സൈറ്റും ഇതിന്റെ ഭാഗമായി തയാറാക്കിയിട്ടുണ്ട്.
ജനങ്ങളുടെ നികുതിപ്പണമാണ് സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയും. നിർമാണ ജോലികളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക എന്നതോടൊപ്പം അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടി സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തങ്ങൾക്കും പങ്കാളിത്തമുണ്ട് എന്ന തിരിച്ചറിവോടെ പൊതുമുതലുകൾക്ക് ജനങ്ങൾ ജാഗ്രതയോടെ കാവൽ നില്‌ക്കുന്നിടത്താണ് ജനാധിപത്യം അർത്ഥപൂർണമാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PEOPLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.