SignIn
Kerala Kaumudi Online
Friday, 26 April 2024 5.48 PM IST

ഈ നിയമങ്ങൾ കുട്ടികളും അറിയേണ്ടേ?

pocso

നിയമം കർശനമായിട്ടും ശിക്ഷ കടുപ്പിച്ചിട്ടും പോക്‌സോ കേസുകളിൽ കുറവ് വരാത്തത് സമൂഹത്തിന് മുന്നിലെ വലിയ ചോദ്യചിഹ്‌നമാണ്. കുറ്റം ആവർത്തിക്കാതിരിക്കാനാണ് കോടതികൾ കടുത്ത ശിക്ഷ ഉറപ്പാക്കുന്നത്. എന്നിട്ടും ആ സന്ദേശം മാത്രം സമൂഹം ഉൾക്കൊള്ളുന്നില്ല.

ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശം ഈ അവസരത്തിലാണ് പ്രസക്തമാവുന്നത്. സ്‌കൂൾ കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളേറെയും വിദ്യാർത്ഥികളും ചെറുപ്രായക്കാരുമാണ്. പോക്‌സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകാൻ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയെയുമാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ലൈംഗികാതിക്രമം തടയുന്നതിനുള്ള ഏക പോംവഴി ഈ നിയമങ്ങളെക്കുറിച്ച് സ്‌കൂൾ തലത്തിൽ അവബോധം സൃഷ്ടിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരം കാര്യങ്ങളിൽ മതിയായ ബോധവത്കരണം നൽകാനാവുന്നില്ല.

സ്‌കൂൾ വിദ്യാർഥികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കേസുകളുടെ എണ്ണം അപകടകരമായ തോതിൽ വർദ്ധിക്കുകയാണ്. ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഭേദഗതി കൊണ്ടുവരുകയും 2012 ൽ പോക്‌സോ നിയമം നിലവിൽ വരുകയും ചെയ്തതോടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ശിക്ഷ കർക്കശമാണ്. ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതിനൽകാനും ഇത്തരം പരാതികളിൽ തുടർനടപടി സ്വീകരിക്കുന്നതും വളരെ വേഗത്തിലാകണം. കഴിയുന്നതും ഒരു മണിക്കൂറിനകം തുടർനടപടിയെടുക്കണം. പരാതിപ്പെടാൻ ഒരു ടോൾ ഫ്രീ നമ്പരുണ്ടാവുകയാണ് ആദ്യം വേണ്ടത്. നിലവിലുള്ള സംവിധാനങ്ങളിൽ പലതും കടലാസിൽ ഉറങ്ങുകയാണ്. പീഡനക്കേസിലെ ഇരകൾക്ക് പരാതിപ്പെടാനുള്ള 112 എന്ന ടോൾ ഫ്രീ നമ്പറിന് പരമാവധി പ്രചാരം നൽകണം. പൊലീസിന്റെ ടോൾ ഫ്രീ നമ്പരായ 100 ലേക്കോ 112 ലേക്കോ ഇത്തരം പരാതി ലഭിച്ചാലുടൻ ഉ‌ടൻ രജിസ്റ്റർ ചെയ്യാനുള്ള നടപടി വേണം. പരാതി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കോ കൺട്രോൾ റൂമിലേക്കോ കൈമാറണം. ടോൾ ഫ്രീ നമ്പരിലേക്കുള്ള കോളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് ഇരയെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഇരയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുതെന്ന് വളരെ നേരത്തെ കോടതി ഉത്തരവുള്ളതാണ്. ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇരയുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. ഇരയുടെ വീട്ടിലോ അവർ ആവശ്യപ്പെടുന്ന സ്ഥലത്തോ വച്ചു മൊഴി രേഖപ്പെടുത്തണം. മൊഴിയെടുക്കുമ്പോൾ മാതാപിതാക്കളുടെയോ ഉറ്റ ബന്ധുവിന്റെയോ സോഷ്യൽ വർക്കറുടെയോ സാന്നിദ്ധ്യം വേണം. ഇരയ്ക്ക് പിന്തുണയും സംരക്ഷണവും ഉറപ്പാക്കാൻ 24 മണിക്കൂറിനകം വിക്ടിം ലെയ്‌സൺ ഓഫീസറെ ചുമതലപ്പെടുത്തണം. ഇരയുടെ മാനസിക സംഘർഷങ്ങൾ പരിഹരിക്കാനുള്ള വിക്ടിം റൈറ്റ് സെന്ററിന്റെയോ വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെയോ നമ്പർ നൽകണം. ഇരകൾക്ക് ഈ സെന്ററുകളിൽ 24 മണിക്കൂറും ബന്ധപ്പെടാൻ സൗകര്യമുണ്ടാകണം. ഇത്തരം സെന്ററുകൾ ആവശ്യമെങ്കിൽ നിയമസഹായവും നൽകണം. വിചാരണ പൂർത്തിയാകും വരെ ഇത്തരം സഹായങ്ങൾ തുടരുക തന്നെ വേണം. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും നടപ്പാക്കാറില്ലെന്നതാണ് സത്യം. ഈ രീതിക്ക് മാറ്റം വരണമെന്ന ഹൈക്കോടതി നിർദ്ദേശം കുട്ടികളുടെ ഭാവിയെ കരുതിയുള്ളതാണ്. ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവാന്മാരായിരിക്കണം.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് പോക്‌സോ കേസുകൾ. ഇത്തരം കുറ്റങ്ങൾക്കെതിരെ പൊലീസും കോടതിയും ശക്തമായ നടപടിയെടുക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങൾക്ക് മാത്രം ഒരു കുറവുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്. പോക്‌സോ നിയമം വന്നതിനുശേഷം ആയിരക്കണക്കിന് പേർ അറസ്‌റ്റിലായിട്ടുണ്ട്. വിദ്യാലയങ്ങളിലും വീടുകളിലുമാണ് അതിക്രമങ്ങളിലേറെയും. മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാനിടയായിട്ടുണ്ട്. വിദ്യാലയങ്ങളിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് ആശങ്കയോടെ കാണേണ്ടതാണ്. അദ്ധ്യാപകർ തന്നെ ചില കേസുകളിൽ പ്രതികളാകുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ലൈംഗികാവശ്യത്തിനുള്ള ഇരകളായി കുട്ടികളെ കാണുന്നത് മാനസിക വൈകല്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്വമില്ലായ്‌മയുടെയും ലക്ഷണമാണ്.

ഇന്റർനെറ്റ് യുഗത്തിൽ അറിവ് ഒരാളിലേക്ക് എത്തുന്നത് ഒരിക്കലും തടയാനാവില്ല. എന്നാൽ ഏതാണ് ശരി, തെറ്റെന്ന് വേർതിരിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അതിനാൽ വിദഗ്ദ്ധരിൽ നിന്ന് പക്വമായ വിദ്യാഭ്യാസമാണ് നേടിയെടുക്കേണ്ടത്. കപടസദാചാരബോധവും മതങ്ങളുടെയും സാമൂഹിക വ്യവസ്ഥിതിയുടെയും അതിപ്രസരവും കുട്ടികൾക്ക് ശാസ്‌ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വിലങ്ങുതടിയാണ്. നമ്മൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POCSO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.