SignIn
Kerala Kaumudi Online
Thursday, 19 September 2024 4.43 AM IST

കാേൺഗ്രസിലെ ചവിട്ടും തല്ലും

Increase Font Size Decrease Font Size Print Page

photo

റെ നാളായി നിർജ്ജീവമാണ് പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്. അണികൾ ഉണർന്നാലും നേതാക്കൾ ഉറക്കത്തിൽ തന്നെ. കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ വന്നിട്ടുപോലും ഡി.സി.സിക്ക് അനക്കമില്ല. രാഹുലിന്റെ ജോഡോ യാത്ര കഴിഞ്ഞ് ഗൃഹസമ്പർക്കത്തിനുള്ള ഒരുക്കത്തിലാണ് രാജ്യമാകെയുള്ള കോൺഗ്രസുകാർ. അപ്പോഴും പത്തനംതിട്ട ഡി.സി.സി ഒാഫീസിലെ കേസരകളിൽ ഇരുന്ന നേതാക്കൾ ഉറങ്ങി വീണുകൊണ്ടിരിക്കുകയായിരുന്നു. ഡി.സി.സികളുട‌െ പുന:സംഘടന അതത് ജില്ലകളിൽ പൂർത്തിയാക്കാൻ കെ.പി.സി.സി നിർദേശിച്ചതും ഉത്തരവായി വന്നതും ജില്ലയിലെ നേതൃത്വം അറിഞ്ഞില്ല. സ്ഥാനമോഹികളായി പുരയ്ക്ക് പുറത്തുനിന്ന നേതാക്കളും അണികളും അക്ഷമരായി പല്ലുകടിച്ച് ദേഷ്യപ്പെട്ടിട്ടും നേതൃത്വം ഉറക്കത്തിന്റെ ഏഴാം യാമത്തിലായിരുന്നു. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കോന്നി കലഞ്ഞൂരിലെ വീട്ടിലിരിക്കുകയായിരുന്ന ബാബുജോർജ് പുന:സംഘടനയെന്ന് കേട്ടപ്പോഴേ ദിവസവും പത്തനംതിട്ട ഡി.സി.സി ഒാഫീസിലേക്ക് കാറാേടിച്ച് എത്തുന്നുണ്ടായിരുന്നു. ഒരു സ്ഥാനം തരപ്പെടുത്തണം. കെ.പി.സി.സിയാണ് നോട്ടം. അതിന് ഡി.സി.സിയുടെ ശുപാർശ വേണം. തന്റെ ഒപ്പം നിന്ന ചില അണികളെ ഡി.സി.സി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അവരെ തിരിച്ചെടുപ്പിക്കണം. ഇങ്ങനെയൊക്കെ ചില അജണ്ടകളുമായി ഒാഫീസിൽ വന്നുപോകുന്ന ബാബുജോർജിനെ ആരും മാനിച്ചില്ല. മുൻ ഡി.സി.സി പ്രസിഡന്റാണെന്ന പരിഗണനപോലും കൊടുത്തില്ല. ഒരു ഡി.സി.സി യോഗത്തിൽ മുൻ പ്രസിഡന്റുമാരായ കെ.ശിവദാസൻ നായരും പി. മോഹൻരാജും ചില വിഷയങ്ങൾ ഉന്നയിച്ച് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. തീയുടെ അടുത്തിരുന്ന വെടിമരുന്നു പോലെയായി ബാബു ജോർജ്. പുന:സംഘടനയിൽ ഡി.സി.സി പുറത്താക്കിയ ചില ആളുകളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് ഡി.സി.സി പ്രസിഡന്റും കൂട്ടരും തുറന്നടിച്ചു. കേട്ടപാടെ ബാബുജോർജിന്റെ നാവിൽ നിന്ന് തീപ്പൊരികൾ ചിതറി. ചെവിയടിച്ചിരുന്ന നേതാക്കൾ കൈകൾ അകറ്റിയപ്പോൾ ഇതുവരെ കേട്ടിട്ടില്ലാത്ത പദങ്ങൾ പഠിച്ചത്രെ. പന്തിയല്ലെന്ന് കണ്ട് പുറത്തിറങ്ങിയ ശിവദാസൻ നായർക്കും മോഹൻരാജിനും പിന്നാലെ ക്ഷോഭിച്ചിറങ്ങിയ ബാബുജോർജിനെ ആരും യോഗത്തിലേക്ക് തിരിച്ചുവിളിച്ചില്ല. അകത്തിരുന്ന ആരോ കതക് കൊട്ടിയടക്കുകയും ചെയ്തു. പുറത്ത് ഒരടി കിട്ടിയ പോലെയായിരുന്നു ആ ശബ്ദം ബാബു ജോർജിന്. തിരിഞ്ഞു വന്ന് കതക് ചവിട്ടിത്തുറന്ന് ബാബു ജോർജ് പഴയ കെ.എസ്.യുക്കാരനായി.

ഭിത്തിക്ക് സി.സി.ടി.വി കണ്ണു തുറന്നിരിക്കുന്നത് പാവം കണ്ടില്ല. മുണ്ടു മാടിക്കുത്തി കതക് ചവിട്ടിത്തുറുക്കുന്ന ബാബുജോർജിന്റെ ദൃശ്യങ്ങൾ അദ്ദേഹം വീട്ടിലെത്തുന്നതിന് മുൻപേ സമൂഹ മാദ്ധ്യമങ്ങളിൽ പറന്നു കളിച്ചു. ഇങ്ങനെയൊന്നും വേണ്ടായിരുന്നു എന്നു പിന്നീട് തോന്നിയത്രെ. പത്രങ്ങളിലും ചാനലുകളിലും കണ്ട ദൃശ്യങ്ങളെപ്പറ്റി കെ.പി.സി.സി അന്വേഷിച്ചു. സ്ഥാനം കാത്തിരുന്ന ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന ഉത്തരവെത്തി.

  • അങ്ങാടിയിൽ തോറ്റതിന് കുര്യനോട്

തനിക്കെതിരായ പാർട്ടിയിലെ നീക്കങ്ങൾക്ക് പിന്നിൽ മുതിർന്ന നേതാവ് പി.ജെ കുര്യനാണെന്ന് ബാബുജോർജ് വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. ബാബുജോർജിനെ പാലും തേനും കൊടുത്ത് വളർത്തിയത് കുര്യനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി. ഡി.സി.സി പ്രസിഡന്റാക്കി. കുര്യൻ സാർ പറയുന്നപോലെയേ താൻ പ്രവർത്തിക്കൂവെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ കിരീടം തലയിൽ വച്ച നേരത്ത് ബാബു ജോർജ് പറഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞ് പുതിയ പ്രസിഡന്റായി സതീഷ് കൊച്ചുപറമ്പിൽ അധികാരമേറ്റ നാൾ മുതൽ അദ്ദേഹം പാരപ്പണി തുടങ്ങിയത്രെ. തനിക്ക് ശേഷം പാർട്ടിയില്ലെന്ന മനോഭാവം. കുര്യൻസാർ പാർട്ടിയിൽ പുതിയ സ്ഥാനങ്ങൾ നേടിക്കൊടുക്കാത്തതിന്റെ പ്രതിഷേധവും ഉള്ളിൽ തികട്ടുന്നു. പാർട്ടിയിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്തതിന് പിന്നിൽ കുര്യനാണെന്ന് വിശ്വസിക്കുന്നു ബാബുജോർജ്. പി.ജെ കുര്യൻ പാർട്ടിയെ നശിപ്പിക്കുകയാണെന്നും സതീഷ് കൊച്ചുപറമ്പിൽ പി.ജെ കുര്യന്റെ കളിപ്പാവായാണെന്നും ആരോപണം. പാർട്ടി സ്ഥാനങ്ങൾ നേടിത്തരുമ്പോൾ കുര്യൻ ദൈവവും, സ്ഥാനങ്ങൾ ഇല്ലാത്തപ്പോൾ കുര്യൻ ചെകുത്താനും ആകുന്നതെങ്ങനെയെന്ന സതീഷ് കൊച്ചുപറമ്പിലിന്റെ ചോദ്യത്തിന് ജില്ലയിൽ ഏറെ പ്രസക്തിയുണ്ട്. കുര്യന്റെ തണൽ പറ്റാതെ ജില്ലയിൽ ഒരു നേതാവും ഉയരില്ലെന്ന നാട്ടുനടപ്പിലേ കോൺഗ്രസിൽ കാര്യങ്ങൾ മുന്നോട്ടു പോകൂ.

  • ചേരിപ്പോര് തെരുവിലേക്ക്

കോൺഗ്രസിലെ ചേരിപ്പോര് തെരുവിലെ തമ്മിലടിയിലും പൊലീസ് കേസുകളിലും എത്തി നിൽക്കുകയാണ്. മല്ലപ്പള്ളി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കുര്യനെ തടഞ്ഞുവച്ചയാൾക്ക് പൊതിരെ തല്ല് കിട്ടി. അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ടയിൽ നടന്ന ഡി.സി.സി യോഗത്തിൽ തന്നെ കയ്യേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി വി.ആർ.സോജിയും പൊലീസിൽ പരാതി നൽകി. സോജി തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും വധഭീഷണി മുഴക്കിയെന്നും പറഞ്ഞ് മഹിളാ കോൺഗ്രസ് നേതാവ് ലാലി

ജോണും പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നു. അടിയും തടയും വെട്ടും മറുവെട്ടുമായി ഗാന്ധി ശിഷ്യർ മുന്നേറുമ്പോൾ പാർട്ടിയിൽ നിന്ന് പുറത്താകുന്നവരെ മാലിയിട്ടു പിടിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കൂട്ടർ നിൽപ്പുണ്ട്. മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പോസ് തോമസ് അങ്ങനെയാണ് സി.പി.എം ഇരവിപേരൂർ ഏരിയാ സെക്രട്ടറിയായത്. അടുത്ത ലക്ഷ്യം ബാബു ജോർജാേ സോജിയോ എന്ന ചോദ്യം അന്തരീക്ഷത്തിലുയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PTA DCC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.