SignIn
Kerala Kaumudi Online
Sunday, 11 May 2025 11.35 PM IST

പാരിസ്ഥിതിക ഭീഷണിയായി ചെഞ്ചെവിയൻ ആമകൾ

Increase Font Size Decrease Font Size Print Page

turtle

ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഭീഷണിയായി ചെഞ്ചെവിയൻ ആമകൾ നാട്ടിൽ വ്യാപകമാകുന്നു. നല്ല ഭംഗിയുള്ള ആമകൾക്ക് മഞ്ഞയും പച്ചയും നിറങ്ങളാണ്. കണ്ണിനു പിറകിലെ ചുവന്നവരകളാണ് ഇവയെ ചെഞ്ചെവിയൻ എന്നു വിളിക്കാൻ കാരണം. അമേരിക്കപോലുള്ള ചില വിദേശ രാജ്യങ്ങളിൽ പെറ്റായി വളർത്തിയിരുന്നവയാണിത്. ഇന്ത്യയിലേക്ക് എത്തിയതും ഇത്തരത്തിൽ തന്നെയാണ്. വീട്ടിൽ വളർത്താനായി പലരും വിദേശങ്ങളിൽ നിന്നെത്തിക്കുകയും മറ്റുള്ളവരിൽ നിന്ന് വാങ്ങിക്കുകയും ചെയ്ത ഈ ആമ ഇന്ത്യയിൽ സംരക്ഷിത വന്യജീവി ഇനത്തിൽപ്പെട്ടവയല്ല. 2018ലെ പ്രളയത്തോടെയാകാം ഇവ സംസ്ഥാനത്തെ ജലാശയങ്ങളിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസവും മലങ്കര ജലാശയത്തിൽ നിന്ന് ഇത്തരം ആമയെ കിട്ടി. മീൻപിടിക്കാൻ കെട്ടിയിട്ടിരുന്ന വലയിലാണ് ആമ കുടുങ്ങിയത്. മുമ്പും മലങ്കര ജലാശയത്തിൽ നിന്ന് ഇവയെ കിട്ടിയിരുന്നു. കാഴ്ചയിൽ അതിമനോഹരമാണെങ്കിലും ജലാശയത്തിലെ മറ്റ് ജീവജാലങ്ങൾക്ക് ഇവ മാരകമായ ദോഷം വരുത്തും. സാൽമൊണല്ല ബാക്ടീരിയയുടെ വാഹകരായ ഇവ മനുഷ്യരിൽ രോഗബാധയുണ്ടാക്കുന്നവയുമാണ്. ജലത്തിൽ അതിവേഗത്തിൽ പെരുകി സസ്യജന്തുജാലങ്ങളെ ഇല്ലാതാക്കാൻ ഇവയ്ക്ക് സാധിക്കും. മെക്‌സിക്കൻ വംശജനാണ് ചെഞ്ചെവിയൻ ആമ. വീടുകളിലും അക്വേറിയങ്ങളിലും ഇവയെ വളർത്താറുണ്ട്. ചെറുതായിരിക്കുമ്പോൾ കൈവിരലിന്റെ അത്രമാത്രം വലിപ്പമുള്ള ചെഞ്ചെവിയൻ ആമ ചുരുങ്ങിയ കാലം കൊണ്ട് വലിപ്പം വയ്ക്കും. അതോടെ ആളുകൾ അവയെ തോട്ടിലോ കിണറ്റിലോ ഉപേക്ഷിക്കാറാണ് പതിവ്. ഭക്ഷണമായി ഉപയോഗിക്കാത്തതിനാൽ ഇവ ദീർഘകാലം ജീവിക്കുകയും അനേകം കുഞ്ഞുങ്ങൾക്ക് ജന്മമേകുകയും ചെയ്യും.

നമ്മുടെ ജലാശയങ്ങൾ കീഴടക്കാൻ ചെഞ്ചെവിയന് അധിക കാലം വേണ്ടിവരില്ല. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ നാടൻ ആമകൾക്ക് പകരം ചെഞ്ചെവിയൻ ആമകൾ നിറയും. ജലത്തിലെ മുഴുവൻ സസ്യജാലങ്ങൾക്കും നാടൻ ആമകൾക്കും മത്സ്യങ്ങൾക്കും തവളകൾക്കുമെല്ലാം ഇവൻ ഭീഷണിയാണ്. കുട്ടികൾക്കടക്കം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഈ ആമ വർഗ്ഗത്തെ മിക്ക രാജ്യങ്ങളും നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാൽമൊണല്ല ബാക്ടീരിയ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് അമേരിക്കയിൽ ഇവയുടെ വില്‌പനയും നിരോധിച്ചത്. ഏഷ്യൻ രാജ്യങ്ങളായ സിങ്കപ്പൂർ, മലേഷ്യയിൽ പോലും ഇവയുടെ കച്ചവടം വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് നിഗമനം.

കണ്ടുതുടങ്ങിയിട്ട്

ചുരുങ്ങിയ വർഷങ്ങൾ

ഇന്ത്യയിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ തുടങ്ങിയിട്ട് അധികകാലമായില്ല. 2012ൽ തൃശ്ശൂർ മൃഗശാലയിൽ ഇവയുടെ മുട്ട വിരിഞ്ഞത് വാർത്തയായിരുന്നു. 2020ലും ഇവയെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ജലാശയങ്ങളിലുംകണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. 2021ൽ തൃശ്ശൂർ കാളതോട് ഭാഗത്തുനിന്നും ചൂണ്ടയിട്ട കുട്ടികൾക്ക് ഇവയെ ലഭിച്ചിരുന്നു. മലങ്കര ഡാം, കോഴിക്കോട് തിരുവാച്ചിറ എന്ന തടാകത്തിൽ ആറ് ചെഞ്ചെവിയൻ ആമകളുടെ കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇവ തടാകത്തിൽ എത്തിപ്പെട്ടതെന്നത് ഇപ്പോഴും ദുരൂഹമാണ്. മാസങ്ങൾക്ക് മുമ്പ് വയനാട് റേഞ്ച് ഓഫീസിൽ നിന്നും ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. കടകളിൽ നിന്നോ മറ്റോ വാങ്ങുമ്പോൾ മൂന്നിഞ്ച് മാത്രം വലിപ്പമേ ഇവയ്ക്കുണ്ടാകൂ. മൂന്നോ നാലോ വർഷത്തിന് ശേഷം വലിപ്പം പതിന്മടങ്ങാകുന്നു. അതോടെ ഇവയെ വാങ്ങുന്നവർക്ക് പോറ്റാനുള്ള താത്പര്യം നഷ്ടപ്പെടും. അക്വേറിയങ്ങളിൽ കൊള്ളാൻ പറ്റാത്തവിധം വലിപ്പം വയ്ക്കുമ്പോൾ ഉടമകൾ ചെഞ്ചെവിയൻ ആമകളെ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നതാണ് വ്യാപനതോത് കൂടാൻ കാരണം. ജലാശയങ്ങളിൽ എത്തുമ്പോൾ അധിനിവേശ സ്വഭാവമുള്ള ഇവയ്ക്ക് നദികളിലെ ആവാസവ്യവസ്ഥ താറുമാറാക്കാൻ കഴിയും. നാടൻ ആമകൾക്കാണ് ഇവ അധികവും ദോഷം ചെയ്യുക. ആഹാരം തേടലിൽ നാടൻ ആമകളെക്കാൾ മുൻപന്തിയിലാണ് ഇവയുടെ സാന്നിദ്ധ്യം. പുറംരാജ്യങ്ങളിൽ കൂടുതൽ പഠനങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ തനത് ജീവജാലങ്ങളുമായി കടുത്ത മത്സരത്തിലേർപ്പെടുന്ന ഇവയ്ക്ക് ഭക്ഷ്യശൃംഖലയെ തകിടം മറിക്കാനും സാധിക്കും.

ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കഴിവ് ഇവിടെ ഇവയുടെ നിലനില്പിന് അനുകൂലഘടകമാണ്. ഇത്തരത്തിൽ പൊരുത്തപ്പെടുന്നതിനാൽ പ്രത്യുത്പാദനം അതിവേഗത്തിലായിരിക്കും. ജലാശയങ്ങളെ കേന്ദ്രീകരിച്ച് പ്രത്യുത്പാദനമെന്നതിനാൽ നിരീക്ഷണം സാദ്ധ്യമല്ലന്നാണ് വിദഗ്ദ്ധർ പറയുന്നത്. എണ്ണം കൂടുന്നത് ആവാസവ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും.

എങ്ങനെ തടയാം

പ്രായമാകുമ്പോഴോ രൂപഭംഗി നഷ്ടപ്പെടുമ്പോഴോ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതാണ് പ്രധാന പ്രശ്‌നം. വളർത്തു മൃഗങ്ങളുടെ പരിപാലനവും ശുശ്രൂഷയും ഉടമസ്ഥർ ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടതെന്ന് അധികൃതർ പറയുന്നു. അധിനിവേശ വിഭാഗങ്ങൾ മൂലം നാടൻ ഇനങ്ങൾ പൂർണമായും ആവാസവ്യവസ്ഥയിൽ നിന്ന് മറയുന്ന അവസ്ഥയാണുള്ളത്.

മഴക്കാലം കഴിയുമ്പോഴേക്കും വീട്ടിൽ വളർത്തുന്നവ കൂടുതലായി ജലാശയങ്ങളിലെത്താനുള്ള സാധ്യതയുണ്ട്. അധിനിവേശങ്ങളുടെ പ്രഥമ കണ്ണിയെ തന്നെ ഇല്ലാതാക്കുകയാണ് പോംവഴി. ആമകളെ തുറസ്സായ ജലാശയങ്ങളുടെ സമീപത്തും മറ്റും ഉപേക്ഷിക്കുന്നത് തടയുന്നത് വഴി ചെഞ്ചെവിയൻ ആമകളുടെ വ്യാപനം ഇല്ലാതാക്കാം. അധിനിവേശ ജീവികളെ കുറിച്ചും അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ചുമുള്ള ബോധവത്കരണം അനിവാര്യമാണ്. വളർത്തുമൃഗ വ്യവസായവും അത് വഴിയുള്ള ജീവികളുടെ അധിനിവേശവും തടയുന്നതിന് ആവശ്യമായ ശക്തമായ നിയമ സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിർ‌ദ്ദേശം.

TAGS: RED EARED TURTLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.