SignIn
Kerala Kaumudi Online
Friday, 26 April 2024 1.23 PM IST

റോഡുകളിൽ ജീവൻ പന്താടരുത്, യാത്ര ശുഭമായിരിക്കട്ടെ ...

road-safety

റോഡപകടങ്ങൾ ഇല്ലാതാക്കാനായി 'ശുഭയാത്ര' നേർന്നുകൊണ്ടുള്ള ബോധവത്‌‌കരണ പ്രവർത്തനങ്ങൾ ഒരുകാലത്ത് പൊലീസിന്റെ മുഖമുദ്രയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. സ്‌കൂൾ കുട്ടികളെ അണിനിരത്തിയും പ്രദർശനങ്ങൾ സംഘടിപ്പിച്ചുമുള്ള പ്രവർത്തനങ്ങൾ മാതൃകാപരവും ഫലപ്രദവുമായിരുന്നു. പിന്നീട് ഈ പ്രവർത്തനങ്ങൾ അസ്‌തമിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ ഇടപെടലുകൾക്കും കാർക്കശ്യം കുറഞ്ഞു. അമിതവേഗം മൂലം അടുത്തകാലത്തുണ്ടായ അപകടങ്ങളുടെ മുഖ്യകാരണം പരിശോധിച്ചാൽ ഇവരുടെ വീഴ്ചകളാണ് വ്യക്തമാകുന്നത്. ട്രാഫിക് ലംഘനങ്ങൾ പിടികൂടാൻ നൂതനസാങ്കേതിക വിദ്യകളോടെ സംസ്ഥാനമെമ്പാടും കാമറകൾ സ്ഥാപിച്ചിട്ടുണ്ടല്ലോ എന്നു ചോദിച്ചാൽ പേരിന് നടപടിയുണ്ടാകുന്നുവെന്ന ഉത്തരമേ നൽകാനാകൂ. ഈ സംവിധാനം പൂർണമായി ഫലപ്രദമായിട്ടില്ല. എല്ലാവർഷവും കാമറകൾ വാങ്ങാൻ കോടികൾ ചെലവഴിക്കുന്നെന്ന് മാത്രം.

റോഡുകളിൽ ജീവൻ പൊലിയാതിരിക്കാൻ മോട്ടോർ വാഹനവകുപ്പും പൊലീസും കർശന നടപടിയെടുക്കുകയാണ് വേണ്ടത്. എറണാകുളം മാധവ ഫാർമസി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസുണ്ടാക്കിയ അപകടത്തിൽ യുവാവ് മരിച്ചതിന് പിന്നാലെ മിനിട്ടുകൾക്കകം ഹൈക്കോടതിക്ക് വിഷയത്തിൽ ഇടപെടേണ്ടി വന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ കേസ് പരിഗണിച്ച് ഇടപെടുകയായിരുന്നു. സംസ്ഥാനത്ത് അശ്രദ്ധമൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ വർദ്ധിക്കുകയാണ്. ഇതിന് തടയിടേണ്ടവർ പണപ്പിരിവിന് മാത്രമായി റോഡിന്റെ വശങ്ങളിൽ കാത്തിരിക്കുന്നത് ലജ്ജാകരമാണ്.

കോടതിയുടെ നിർദ്ദേശപ്രകാരം അന്ന് നേരിട്ട് ഹാജരായ കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അപകടത്തിന്റെ സി.സി.ടിവി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. സ്വകാര്യ ബസ് ഡ്രൈവർ അമിത വേഗത്തിൽ അശ്രദ്ധയോടെയാണ് വാഹനമോടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി. സിഗ്‌നൽ അനുകൂലമായപ്പോൾ തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ അശ്രദ്ധയോടെ മറികടക്കുകയായിരുന്നു. ബൈക്കിൽ ബസ് തട്ടിയതോടെ യാത്രികൾ പിൻവശത്തെ ടയറിന് അടിയിലേക്ക് തെറിച്ചുവീണു. ദാരുണമായ ഈ അപകടത്തിന്റെ ഉത്തരവാദി ബസ് ഡ്രൈവർ തന്നെയാണ്. അന്ന് വൈകിട്ടോടെ അറസ്‌റ്റിലായ ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തെങ്കിലും ദിവസങ്ങൾക്കകം ജാമ്യം ലഭിക്കും. ഒരു പക്ഷേ, ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. മോട്ടോർ വാഹനവകുപ്പിൽ പിടിയുണ്ടെങ്കിൽ ഇതൊന്നും സംഭവിക്കാതെ ദിവസങ്ങൾക്കുള്ളിൽ സ്വകാര്യബസിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇതേ ഡ്രൈവറുണ്ടാകും. ജീവന് പുല്ലുവിലയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അശ്രദ്ധയ്‌ക്കും തടയിടേണ്ടവർ ഇനിയെങ്കിലും ഉണരണം. റോഡിലിറങ്ങുന്ന ഓരോരുത്തർക്കും ശുഭയാത്ര ആശംസിക്കുകയല്ല വേണ്ടത്, അത് ഉറപ്പാക്കാൻ നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്.

വർഷങ്ങൾക്ക് മുമ്പ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ നിറം ചുവപ്പായിരുന്നു. അപകടങ്ങൾ നിത്യസംഭവമായതോടെ നാട്ടുകാർ തന്നെ 'ചുവന്ന കാലൻ' എന്ന ഇരട്ടപ്പേര് ചാർത്തി നൽകി. ഹൈക്കോടതിയുടെ ചില വിധിന്യായങ്ങളിലും ഈ പേര് ഇടംപിടിച്ചു. ഈ ബസുകൾക്കെതിരെ അന്ന് പൊലീസിനും മോട്ടോർ വാഹനവകുപ്പിനും നടപടിയെടുക്കാൻ ഭയമായിരുന്നു. അതിന്റെ പിന്നിലെ സത്യാവസ്ഥ ചികിഞ്ഞെടുത്തപ്പോൾ പലരും ഞെട്ടി. ബസുകളിൽ ഭൂരിഭാഗവും പൊലീസ് ഉദ്യോഗസ്ഥരുടേതും അവരുടെ ബിനാമികളുടേതുമായിരുന്നു. അവയെ നിയന്ത്രിച്ചിരുന്നത് ക്വട്ടേഷൻ സംഘങ്ങളും. പി.വിജയൻ കൊച്ചി സിറ്റി എസ്.പിയും മനോജ് എബ്രഹാം കമ്മിഷണറുമായിരുന്ന കാലത്ത് ക്വട്ടേഷൻ സംഘങ്ങളെ അടിച്ചമർത്തിയതോടെയാണ് ഈ ബന്ധത്തിന് താത്കാലികമായി പൂട്ടുവീണത്. ഇക്കൂട്ടർ വീണ്ടും തലപൊക്കി തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൊച്ചി നഗരത്തെ മുൻനിറുത്തി മാത്രമുള്ളതല്ല ഇനി പറയുന്ന നിരീക്ഷണങ്ങൾ. നഗരങ്ങളിൽ ബസുകളുടെ ഓവർടേക്കിംഗ് ഒഴിവാക്കിയാൽ അപകടങ്ങൾ 90 ശതമാനവും ഒഴിവാക്കാനാകും. ഹോണടിച്ച് മറ്റു വാഹനയാത്രികരെ ഭയപ്പെടുത്തിയാണ് ബസുകളുടെ ഓവർടേക്കിംഗ്. ഡ്രൈവർമാരുടെ വെപ്രാളത്തിനിടെ പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. പണ്ട് ഹോണുകൾക്കൊപ്പം ബസുകളുടെ സൈഡിൽ ശബ്ദമുണ്ടാക്കുന്ന റോളിൽ 'കിളി' എന്ന ഓമനപ്പേരുള്ളവർ ഉണ്ടായിരുന്നു. ഇന്ന് അവർ വിരളമാണെങ്കിലും ബസുകളുടെ സൈഡിൽ തട്ടി ശബ്ദമുണ്ടാക്കുന്നത് തിരികെ വരുന്ന കാഴ്ചകളും കാണാനാകും. കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഹോൺ മുഴക്കരുതെന്നും ഓവർടേക്കിംഗ് പാടില്ലെന്നും നിരവധി കേസുകളിൽ ഹൈക്കോടതി വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുല്ലുവില കല്‌പിച്ചതോടെ ചില കാര്യങ്ങൾ കർശനമായി പൊലീസിനോട് നിർദ്ദേശിച്ചിരിക്കുകയാണ് വീണ്ടും കോടതി.

'ട്രാഫിക് ഡ്യൂട്ടിയിലുള്ളവർ അമിതവേഗം നിയന്ത്രിക്കാൻ ശക്തമായ നടപടിയെടുക്കണം. റോഡിൽ കാൽനടയാത്രക്കാർക്കാണ് മുൻഗണന നൽകേണ്ടത്. വലിയ വാഹനങ്ങൾക്കുള്ള പരിഗണന ഏറ്റവും ഒടുവിലാണ്. സമയക്രമത്തിന്റെ പേരിൽ സ്വകാര്യ ബസുകൾക്ക് ഇതു ലംഘിക്കാനാവില്ല. അശ്രദ്ധയോടെ വാഹനമോടിക്കാൻ ആരെയും അനുവദിക്കരുത്. വാഹനങ്ങൾ എങ്ങനെയും ഓടിക്കാമെന്ന ധാരണ മാറ്റണം. സ്‌കൂൾ ബസുകളിലും മറ്റും അമിത വേഗത്തെക്കുറിച്ച് പരാതിപ്പെടാൻ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സ്വകാര്യബസുകളിൽ സാദ്ധ്യമാണോ എന്നു പരിശോധിക്കണം. അമിതവേഗത്തെക്കുറിച്ച് പരാതി ലഭിച്ചാൽ ഉടൻ നടപടി വേണം'. കാലാകാലങ്ങളായി പറയുന്ന ഇക്കാര്യങ്ങൾ നടപ്പാക്കാൻ പൊലീസിന് നട്ടെല്ലുണ്ടാകണം. അങ്ങനെയെങ്കിൽ പല നഗരങ്ങളിലും അമിതവേഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ഒരു മാസ്‌റ്റർ പ്ളാനാണ് വേണ്ടത്. കിലോമീറ്ററുകൾ ഇടവിട്ട് പിഴ ചുമത്തിയതുകൊണ്ട് മാത്രം നിയമലംഘനങ്ങൾക്ക് അറുതിവരില്ല. നിയമം തെറ്റിക്കാതിരിക്കാനുള്ള മാേണിട്ടറിംഗും പരിശോധനകളുമാണ് ശക്തമാക്കേണ്ടത്.

മിക്ക നഗരങ്ങളിലും മണിക്കൂറിൽ 35 കിലോമീറ്ററാണ് അനുവദനീയമായ വേഗത. ഹോൺ പാടില്ലെന്നും ന്യുമാറ്റിക് ഡോറുകൾ വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നഗരങ്ങളിൽ ട്രാഫിക് കാബിനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമാണോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. സിഗ്‌നലുകൾ വീണാൽ ഉടൻ അമിത വേഗതയോടെ പായുന്ന വാഹനങ്ങൾ കാമറകളിൽ പതിയും. ദൃശ്യങ്ങൾ തെളിവായിട്ടുള്ളതിനാൽ ഇവർക്കെതിരെ നടപടിയെടുക്കാനും തടസമില്ല. എന്നിട്ടും, എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ട്രാഫിക് ലംഘനത്തിന്റെ പേരിൽ നടപടിയെടുത്താൽ സമരം ചെയ്യുമെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ യൂണിയനുകൾ ഭീഷണിപ്പെടുത്തുന്നതെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞതും കൗതുകകരമാണ്. ആളുകളെ കൊന്നിട്ട് സമരം ചെയ്യുമെന്ന് പേടിപ്പിച്ചാൽ അതനുവദിക്കരുതെന്നായിരുന്നു ഹൈക്കോടതി വാക്കാലുള്ള നിരീക്ഷണം. സമരം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. നമുക്ക് നോക്കാം. ആരെയാണ് അവർ പേടിപ്പിക്കുന്നതെന്ന് ചോദിക്കുമ്പോൾ നടപടിയെടുക്കേണ്ടവർ ഭയക്കേണ്ടതില്ലെന്നു കൂടിയാണ് കോടതി പറഞ്ഞുവയ്‌ക്കുന്നത്. കേരളത്തിൽ വാഹനാപകടങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഡ്രൈവർമാർക്കു നൽകുന്ന നിർദ്ദേശങ്ങൾ കുറച്ചുകാലം പാലിക്കും. പിന്നെയും അവർ പഴയപടിയാകും. ഇവർ നിയമം പാലിച്ചിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല. റോഡുകളിൽ ജീവനുകൾ പൊലിയില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതിനായി ട്രാഫിക് നിയമങ്ങൾ പൂർണമായി പാലിക്കപ്പെടണം. നഷ്‌ടപ്പെട്ട സമയം 'ഓടിയെടുക്കാനായി' പായുന്ന ബസുകളിലെ ഡ്രൈവർമാർ ഒന്നു ചിന്തിക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്. അവരെ ആശ്രയിക്കുന്ന ഒരു കുടുംബവും അവരുടെ പ്രതീക്ഷകളും ഒരിക്കലും തല്ലിക്കെടുത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.