
ശിവഗിരി തീർത്ഥാടനത്തെ കല്പിച്ച് അനുവദിക്കുമ്പോൾ ശ്രീനാരായണ ഗുരുദേവന് ഒരു രാഷ്ട്രമീമാംസകന്റെ കരുതലുണ്ടായിരുന്നു. തീർത്ഥാടക ലക്ഷ്യങ്ങൾ പഠിച്ച് പ്രാവർത്തികമാക്കി, വ്യക്തിക്കും സമുദായത്തിനും രാജ്യത്തിനും പുരോഗതിയുണ്ടാകണം. ഗുരുദേവൻ ആദ്ധ്യാത്മഗുരു ആയിരുന്നതുകൊണ്ട് ലോകത്തോടുള്ള കാരുണ്യംകൊണ്ടാണ് ലോകസംഗ്രഹത്തിനു പുറപ്പെട്ടത്. അത് പ്രായോഗിക വേദാന്ത ദർശനത്തിന്റെ ഉണർത്തുപാട്ടാണ്. ഗുരുദേവന്റെ അവതാര കൃത്യനിർവഹണം പ്രായോഗിക വേദാന്തമെന്ന വിശ്വദർശനമാണ്.
സത്യസങ്കല്പധനനായ മഹാഗുരുവാണ് ശ്രീനാരായണൻ. യുഗപുരുഷനായ മഹാഗുരുവിന്റെ അന്തരാത്മാവിൽ വിരിഞ്ഞ സങ്കല്പങ്ങളെല്ലാം തന്നെ സാഫല്യമടയാതിരിക്കില്ല. സത്യത്തിൽ പ്രതിഷ്ഠ വന്ന ഒരു ബ്രഹ്മനിഷ്ഠന്റെ സങ്കല്പങ്ങൾ ഫലവത്താകുമെന്ന് യോഗദർശനവും ഉപദേശിക്കുന്നുണ്ട്. ഗുരുദേവന്റെ ആദ്യസന്ദേശമായ അരുവിപ്പുറം സന്ദേശത്തിൽ, 'ജാതിഭേദമോ മതദ്വേഷമോ വിഭാഗീയ ചിന്താഗതികളോ ഒന്നുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാലോക"ത്തെ ഗുരുദേവൻ പ്രഖ്യാപിക്കുന്നു. പിന്നീട് 1924-ൽ ആലുവായിൽ സർവമതസമ്മേളനം നടത്തുമ്പോഴും, 1928-ൽ ശിവഗിരി തീർത്ഥാടന മഹാമഹം പ്രഖ്യാപനം ചെയ്യുമ്പോഴും ഈ സമന്വയദർശനം അഥവാ ഏകത്വ ദർശനത്തെ ഗുരുദേവൻ ലക്ഷീകരിക്കുന്നുണ്ട്.
ഗുരുദേവൻ വിഭാവനം ചെയ്ത തീർത്ഥാടന ലക്ഷ്യങ്ങൾ സാവധാനമെങ്കിലും ആശാവഹമായി നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണ്. ഇന്നു മുതൽ 2026 ജനുവരി അഞ്ചുവരെയുള്ള കാലയളവിൽ 93-ാമത് ശിവഗിരി തീർത്ഥാടനം നടക്കുകയാണ്. ഗുരുദേവ സങ്കല്പത്തിലുള്ള ഏകലോക വ്യവസ്ഥിതിയുടെ ചിന്താധാര പൂത്തുലഞ്ഞു നില്ക്കുന്നതാണ് ഈ വർഷത്തെ തീർത്ഥാടന മഹിമ. സാധാരണയായി ഡിസംബർ അവസാന വാരത്തിലാണ് തീർത്ഥാടന മഹാമഹം കൊണ്ടാടിയിരുന്നതെങ്കിൽ, ഇപ്പോൾ ഡിസംബർ 15 മുതൽ ആരംഭിക്കുകയാണ്. കൂടുതൽ പേർക്ക് പങ്കെടുക്കുവാനും, പ്രത്യേകിച്ച്; 10 ദിവസത്തെ വ്രതാനുഷ്ഠാനം പരിരക്ഷിക്കുവാനും തീർത്ഥാടന ദിനങ്ങൾ ഏറെയുണ്ടെങ്കിൽ സഹായകമാണല്ലോ എന്നതുകൊണ്ടു കൂടിയാണ് തീർത്ഥാടനകാലം വർദ്ധിപ്പിച്ചത്.
തീർത്ഥാടകർക്കായി ഗുരുദേവൻ കല്പിച്ച നിറം മഞ്ഞയാണ്- ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. ജ്യോതിർ ശാസ്ത്രപ്രകാരം വ്യാഴന്റെ ഗുരുവിന്റെ നിറമാണ് മഞ്ഞ. ഈ തീർത്ഥാടനകാലം മഹാഗുരുവിന്റെ സത്യദർശനത്തെ ആഴത്തിൽ പഠിച്ചറിയുവാനുള്ള വേദിയായി മാറണം. ഇതിനായി ഇന്നു മുതൽ 29 വരെ ശിവഗിരിയിൽ വിശേഷാൽ പ്രഭാഷണ പരമ്പരയും സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് തീർത്ഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് ആദരണീയയായ അശ്വതി തിരുനാൾ ലക്ഷ്മി ഭായിയാണ്. 20 വരെ പണ്ഡിതന്മാർ നയിക്കുന്ന ഗുരുധർമ്മ പ്രബോധനം ഉണ്ടാകും.
പരിസ്ഥിതി സമ്മേളനം, യുവജനസമ്മേളനം, മഹാക്വിസ്, ഗുരുദേവന്റെയും ശിഷ്യന്മാരുടെയും കൃതികളെ ആസ്പ
ദമാക്കി അക്ഷരശ്ലോക സദസ്, സാമൂഹ്യനീതി സമ്മേളനം, ഗുരുധർമ്മ പ്രചാരണ സമ്മേളനം എന്നിവയെല്ലാം പരിപാടികളുടെ ഭാഗമായുണ്ട്. ഗുരുദേവ മഹാസമാധി ശതാബ്ദി 2028-ലാണ്. ശതാബ്ദി ആചരണ പരിപാടികൾ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ആസ്ട്രേലിയൻ പാർലമെന്റ് സർവമത സമ്മേളനം നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് 93-ാമത് ശിവഗിരി തീർത്ഥാടനം നടത്തുന്നത്.
ശ്രീനാരായണ ഗുരു ഒരു ഒറ്റമുണ്ടുടുത്ത്, ഒറ്റമുണ്ട് പുതച്ച് തനി ഗ്രാമീണനെപ്പോലെ ജീവിച്ച മഹാത്മാവാണ്. അവിടുന്ന് സ്ക്കൂളിലോ കോളേജിലോ പോയി പഠിച്ചില്ല. ആധുനിക വിദ്യാഭ്യാസം നേടിയിരുന്നില്ല. ഗുരുകുല വിദ്യാഭ്യാസത്തിലൂടെ സംസ്കൃതം, മലയാളം, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന അപാര പണ്ഡിതനായി ഗുരു പ്രശോഭിച്ചു. പ്രായോഗിക വേദാന്തിയായിരുന്ന ഗുരു, തീർത്ഥാടനത്തിന് അനുമതി നൽകിയ വേളയിൽ ഉപദേശിച്ചു. 'ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്ന് മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല! ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം!"
തുടർന്നാണ്, വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാർഗങ്ങൾ തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരു ഉപദേശിച്ചത്. തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇവയായിരിക്കണെന്നാണ് ഗുരുദേവൻ ഉപദേശിച്ചത്. ഈ എട്ടു വിഷയങ്ങളിലും വൈദഗ്ദ്ധ്യം സിദ്ധിച്ചവരെയും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രശസ്തരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ വർഷവും ഒന്നിനൊന്നു മികച്ച സമ്മേളന പരമ്പര നടന്നു വരുന്നു. അതിലൊക്കെ നിറഞ്ഞ സദസുമുണ്ട്. എങ്കിലും തീർത്ഥാടകരിൽ നല്ലൊരു ശതമാനം ഈ സമ്മേളന പരിപാടിയിലൊന്നും അണിചേരാതെ ശിവഗിരി ദർശനം കഴിഞ്ഞ് ഒരു ടൂർ പ്രോഗ്രാം പോലെ
യാത്ര തിരിക്കുന്നു!
തീർത്ഥത്തിൽ അടനം ചെയ്ത് പാപം പോക്കി, പുണ്യം നേടുക എന്നതിനപ്പുറത്ത് ഗുരു വിഭാവനം ചെയ്ത ജ്ഞാനതീർത്ഥത്തിൽ അടനംചെയ്ത് അറിവിന്റെ തീർത്ഥാടനത്തെ സാക്ഷാത്കരിക്കുവാൻ കൂടി സാധിക്കണം. അതുപോലെ, തീർത്ഥാടന വീഥിയിൽ ഗുരുദേവൻ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളും പ്രമുഖ ശ്രീനാരായണീയ ആത്മീയ കേന്ദ്രങ്ങളും ഇന്നു മുതൽ ശിവഗിരിയിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനാർത്ഥം തുറന്നിടുന്നത് നന്നായിരിക്കും. ശിവഗിരിയിൽ ഗുരുപൂജയ്ക്ക് കാർഷിക വിളകളും ധാന്യങ്ങളും സമർപ്പിക്കുന്നതും നല്ലകാര്യമാണ്.
ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്കൃതിയുടെ ആചാരങ്ങളും അനുഷ്ഠിച്ച് സാഹോദര്യ മന്ത്രമോതി ഭക്തജനങ്ങൾ ശിവഗിരിയിൽ എത്തണമെന്നാണ് ഗുരുകല്പന. അത് ഒരു സമന്വയ ദർശനത്തിന്റെ ഉദ്ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയിൽ സാമൂഹിക ജീവിതം പടുത്തുയർത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്ത ദർശനം ശിവഗിരി തീർത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |