ഒരു കൊച്ചുടൗണിൽ ശിശുരോഗ ചികിത്സകനായി ജോലിചെയ്തിരുന്ന കാലം.
ക്ലീനിക്കിന്റെ എതിർവശത്തുള്ള വീട്ടുമുറ്റത്തായിരുന്നു എന്റെ കാർപാർക്കിംഗ്.
ഒരുദിവസം കുട്ടികളുമൊത്ത് വീട്ടുകാരി അന്നാമ്മ കുരുവിള ക്ലീനിക്കിൽ വന്നു.
കൃശഗാത്രരായ കുട്ടികളെ ചൂണ്ടി അന്നാമ്മ പരിഭവിച്ചു.
നോക്കൂ ഡോക്ടർ! ഒരൊറ്റ ആഹാരസാധനം കഴിക്കുകേല.....ഒന്നു വണ്ണംവയ്പിക്കാൻ എന്നാ മാർഗം?
കുട്ടികൾ എന്നെ ഭയത്തോടെ നോക്കി . അവരുടെ ഭയം മാറ്റി ഉഷാറാക്കിയതിനുശേഷം ഞാൻ മിസിസ്സ് അന്നാമ്മയോട് ഇപ്പോൾ കൊടുക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങൾ ആരാഞ്ഞു.
ഓ! എന്നാ പറയാനാ. കാപ്പിയും ചായയും കുടിക്കുകേല. നിർബ്ബന്ധിച്ച് ഗ്രീൻ ടീ കുടിപ്പിക്കും. ബ്രേക്ക്ഫാസ്റ്റിന് ഒന്നുകിൽ സാൻഡ് വിച്ച് അല്ലെങ്കിൽ സ്പാനിഷ് ഓംലെറ്റ്!
ലഞ്ച് ഹെവിയാണ്. മിക്സ്ഡ് ഫ്രൈഡ് റൈസാണ് മിക്ക ദിവസവും. മുട്ട, ചിക്കൻ, ബീഫ്, പ്രോൺസ്, മഷ്റൂം. ഇവയെല്ലാം മിൻസ് ചെയ്ത് മിക്സ്ചെയ്ത് .... സോയാ സോസ് ചേർത്ത്..... ഒറ്റയടിക്ക് എല്ലാ പോഷകങ്ങളും കിട്ടണമല്ലോ! ഫിഷ് ഗ്രിൽ ചെയ്തതുമുണ്ടാകും. ഇവറ്റകള് കഴിക്കണ്ടേ?
ഡിന്നർ?
ബ്രോക്കോളി, റാഡിഷ്,വയലറ്റ് കാബേജ്,
സ്പ്രിംഗ് ഒനിയൻ, സെലറി... ഇവയൊക്കെ സ്റ്റഫ് ചെയ്ത ചപ്പാത്തി, അല്ലെങ്കിൽ സാൻഡ് വിച്ച് .. മിൻസ്ഡ് ചിക്കൻ, മട്ടൺ, ബീഫ് എന്തേലും കാണും.
പിന്നെ ബദാം മിൽക്ക് ദിവസവും .
വായിലൂറിയ ഉമിനീർ ഞാൻ മടമടാ കുടിച്ചിറക്കിക്കൊണ്ടിരുന്നു.!
ഇത്രയും നല്ല ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടും വിവരദോഷികളായ പിള്ളേരെന്താ ഇങ്ങനെ! അവർ തലതാഴ്ത്തിയിരുന്നു!
അന്നാമ്മയെ ഞാൻ ഭയഭക്തി ബഹുമാനത്തോടെ നോക്കി.
ഡോക്ടർ...വൈ ഡോണ്ട് യൂ ജോയിൻ അസ് വൺ ഡേ ഫോർ ഡിന്നർ?
തീർച്ചയായും വരാം.
അവരുടെ ഭർത്താവ് കുരുവിളയെ ഞാൻ കണ്ടിട്ടില്ലായിരുന്നു. മുമ്പ് പട്ടാളത്തിലായിരുന്നു. ഇപ്പോൾ നാട്ടിൽ എസ്റ്റേറ്റ് നോക്കിനടത്തുന്നു.
ഹർത്താൽ ദിനമായിരുന്നു എനിക്ക് നറുക്കുവീണത്. ഹോട്ടൽ മുടക്കം. ക്ഷണം സ്വീകരിച്ചു.
ഐയാം കുരുവിള എന്നുപറഞ്ഞ് കൈപിടിച്ചു കുലുക്കിയപ്പോൾ ഞാൻ അന്തംവിട്ടുപേയി!
ഒരു ആജാനുബാഹുവിനെ പ്രതീക്ഷിച്ചു.
പക്ഷേ ഒരു ലോലഗാത്രൻ !
മിസ്സിസ് അന്നാമ്മ സൂപ്പുമായി വന്നു.
'ദിസീസ് പംകീൻ സൂപ്പ് !'
ബഹുകേമാകുമെന്ന് നിനച്ച്
ഒരു കവിളെടുത്തു..... അപ്പോൾത്തന്നെ തികട്ടിവന്നു. അതോടെ നിറുത്തി.
അടുത്തത് സാൻഡ്വിച്ച്.
വെന്തതും വേവാത്തതുമായ ഉള്ളടക്കങ്ങളുടെ സാൻഡ് വിച്ച് ! ഒറ്റക്കടിയിൽ തീരുമാനമായി!
കുട്ടികൾ എന്താ തിന്നാത്തതെന്ന് ചോദിക്കും പോലെ എന്നെ നോക്കി.
കുരുവിള ഉറക്കെവിളിച്ചു.
അന്നാമ്മോ! ഡോക്ടറിന് സ്പാനിഷ് ഓംലെറ്റ് കൊടുക്ക് !
ഇതെന്റെ രക്ഷകനാകുമെന്ന വിശ്വാസത്തിൽ ഫോർക്കും നൈഫും കൊണ്ട് ഒരു കഷണം മുറിച്ച് വായിൽവെച്ചു. സവാളയും ടുമാറ്റോയും ഉരുളക്കിഴങ്ങും പേരിന് അല്പം മുട്ടയും..... പാതിവെന്തപോലെ!
അടുത്ത വിഭവം കൊണ്ടുവന്നെങ്കിലും ഞാൻ പെട്ടെന്നെഴുന്നേറ്റ് കൈകഴുകി.
ഹർത്താലല്ലേ! ലഞ്ചും ഇവിടെയാകാം!
മിസ്സിസ് അന്നാമ്മയുടെ അടുത്ത ക്ഷണം !
''ഞാൻ ലഞ്ച് കഴിക്കാറേയില്ല.'' എന്നു
പറഞ്ഞ് പെട്ടെന്നുതന്നെ പടിയിറങ്ങി !!
മുറ്റത്ത് അമർത്തിചിരിച്ചുകൊണ്ട് കൈവീശിനിന്നു കൃശഗാത്രരായ കുരുവിളയും കുഞ്ഞുങ്ങളും !
(ലേഖകന്റെ ഫോൺ 94470 55050)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |