SignIn
Kerala Kaumudi Online
Monday, 23 September 2024 12.51 PM IST

പുഴ മരിക്കുന്ന വഴി

Increase Font Size Decrease Font Size Print Page

bhavanippuzha

സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ പുനരാരംഭിച്ചിരിക്കുകയാണ്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലെ പ്രത്യേക സംവിധാനത്തിന്റെ മേൽനോട്ടത്തിലാണ് ഒരിടവേളയ്ക്ക് ശേഷം മണൽവാരൽ ആരംഭിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും പുഴകളിൽ നിന്ന് നിയന്ത്രിതമായ തോതിൽ മണലെടുക്കുന്ന ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ദീർഘകാലം നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പക്ഷേ, പരിസ്ഥിതി സംഘടനകൾ ഇതിനോടകം എതിർപ്പുകളും പ്രതിഷേധവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാനത്തെ പുഴകളിൽനിന്ന് മണൽ വാരൽ ആരംഭിക്കുന്നത്. 2018ൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ മണൽവാരാനുള്ള തീരുമാനം എടുത്തത്. പുഴകളിൽ മണൽ അമിതമായി അടിഞ്ഞുകൂടിയത് പ്രളയത്തിന്റെ കാരണങ്ങളിൽ ഒന്നാണെന്നാണ് വിദഗ്ദധ സമിതിയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഓരോ പുഴയെ കുറിച്ചും പഠനം നടത്തി, നിശ്ചിത അളവിൽ മണൽ നീക്കം ചെയ്ത് വിൽപന നടത്താനാണ് സർക്കാർ തീരുമാനം. ഇതനുസരിച്ച് ഓരോ പുഴയിൽനിന്നു നീക്കം ചെയ്യുന്ന മണലിന്റെ ഘനഅടി കണക്കും നിശ്ചയിച്ചിട്ടുണ്ട്. പുഴകളിലെ മണലാണ് പ്രളയത്തിന് കാരണമെന്ന വിദഗ്ധരുടെ കണ്ടെത്തൽ സംബന്ധിച്ചുതന്നെ രണ്ട് അഭിപ്രായമുണ്ട്. ഒരുവിഭാഗം ഇതിനെ ശരിവയ്ക്കുമ്പോൾ, പുഴമണൽ വെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിടുകയാണ് ചെയ്യുന്നത്, മണൽ ഒരിക്കലും പ്രളയത്തിന് കാരണമാകില്ല എന്നിങ്ങനെ പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു. എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ തീരുമാനപ്രകാരമുള്ള മണൽ വാരൽ പ്രക്രിയ സജീവമായി മുന്നോട്ട് പോകുകയാണ്.

ഓർമ്മയാകുന്ന പുഴകൾ

പുഴകളുടെ കുത്തൊഴുക്കിനെ തടസപ്പെടുത്തി ജലനഷ്ടം ഒഴിവാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് പുഴയിലെ മണൽത്തരികൾ. മണൽ വാരൽ വർദ്ധിക്കുകയും പുഴയ്ക്ക് അരികിലെ പാടങ്ങൾ മണ്ണിട്ട് നികത്തി ഭൂരിഭാഗം ഇടങ്ങളിലും കെട്ടിടങ്ങൾ പണിയുകയും ചെയ്തതോടെയാണ് പല പുഴകളും വറ്റിവരണ്ടത്. പുഴകളുടെ കുത്തൊഴുക്ക് തടയുന്നതിന് പ്രകൃതി നിർമ്മിച്ച തടയണകളാണ് മണൽ തരികൾ. പുഴയിലൂടെ ഒഴുകുന്ന വെള്ളം വേഗത്തിൽ കടലിലെത്തുന്നത് തടയുന്നതിൽ മണൽത്തരികൾക്ക് വലിയ പ്രാധാന്യമുണ്ട്. മണൽ വാരൽ വ്യാപകമാകുന്നതോടെ പുഴയിലെ ഒഴുക്ക് വർദ്ധിച്ച് വെള്ളം എളുപ്പത്തിൽ കടലിലെത്തുന്നു. പുഴകളുടെ അരികിലെ നീർത്തടങ്ങളിൽ മഴക്കുഴികൾ പരമാവധി നിർമ്മിക്കുകയും ഉറവകൾ സംരക്ഷിക്കുകയും ചെയ്താൽ പുഴകളെ ജലസമൃദ്ധമായി കാത്തുസൂക്ഷിക്കാമെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ പറയുന്നു. പുഴയ്ക്ക് സമീപത്തെ പാടങ്ങൾ വെള്ളപ്പൊക്കത്തിന്റെ നാശങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നവയായിരുന്നു. ഒപ്പം വെള്ളം മണ്ണിൽത്തന്നെ സംരക്ഷിച്ച് നിറുത്തുകയും ചെയ്യുന്നു. പാടങ്ങൾ അനുദിനം കോൺഗ്രീറ്റ് കെട്ടിടങ്ങളായി മാറുന്നതോടെ പുഴകളും ഓരോന്നായി ഓർമ്മയാകുകയാണ്.

പാസുകളിൽ കൃത്രിമം

കാണിച്ച് മണലൂറ്റി

പതിറ്റാണ്ടുകൾക്ക് മുമ്പ് പുഴയിലെ മണൽവാരൽ നിറുത്തിവയ്‌ക്കാനുണ്ടായ സാഹചര്യം ഈ സമയത്ത് ഓർക്കേണ്ടതുണ്ട്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ രീതിയിലായിരുന്നു മുമ്പ് മണൽ നീക്കം ചെയ്തിരുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ പാസുകൾ നൽകി ഓരോ മണൽ കടവുകളിൽ നിന്നും പരിമിതമായ അളവിലാണ് മണൽ എടുത്തിരുന്നത്. പക്ഷേ, പിന്നീടിത് അനിയന്ത്രിതമായി. ഇതോടെ മണൽ വാരൽ വലിയൊരു വ്യാപാരമായി മാറുകയും മണൽ മാഫിയ തഴച്ചുവളരുകയും ചെയ്തു. പഞ്ചായത്തുകൾ നൽകുന്ന പാസുകളിൽ കൃത്രിമം കാട്ടി പുഴയിൽ നിന്ന് അനിയന്ത്രിതമായി മാഫിയകൾ മണൽ വാരിക്കൊണ്ടുപോയി. ഓരോ ദിവസവും തമിഴ്‌നാട്ടിലേക്ക് ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടിരുന്നത്. പുഴയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഒട്ടും ഗൗനിക്കാതെ നടന്ന ഈ മണലൂറ്റ്, പുഴകളുടെ നാശത്തിന് കാരണമായി. പുഴകളുടെ അടിത്തട്ടിൽ നിന്നുവരെ മണൽ പോയതോടെ ചെളി ബാക്കിയാകുകയും പുഴയിൽ വൻമരങ്ങൾ വരെ വളർന്നുവന്നു. ഇതോടെ പുഴ കാടായി മാറി. മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെ പുഴയോരങ്ങൾ പോലും വരൾച്ചയുടെ പിടിയിലകപ്പെട്ടു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് മണൽ വാരൽ പൂർണമായും നിറുത്തിയതോടെയാണ്. സംസ്ഥാനത്ത് മണലൂറ്റ് സർക്കാരിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുമ്പോൾ പഴയ അപകടത്തെക്കുറിച്ച് കരുതൽ വേണം.

ഇടനിലക്കാരുടെ

ഇടപെൽ ഗൗനിക്കണം

നിയന്ത്രിതമായ അളവിൽ മണൽ വാരാനാണ് അനുമതി നൽകുന്നതെന്നാണ് സർക്കാർ വാദം. പക്ഷേ, മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പാസിന്റെ മറവിൽ വൻതോതിൽ മണൽവാരൽ നടക്കാനുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‌ക്കുന്നുണ്ട്. മണൽ വിലയേറിയ വസ്തുവായതിനാൽ ഇതിനെ ചുറ്റിപ്പറ്റി വീണ്ടുമൊരു മാഫിയസംഘം ഉടലെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. സർക്കാർ നിയന്ത്രണത്തിൽ മണൽ വാരലും അതിന്റെ വില്‌പനയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ രംഗത്ത് ഇടനിലക്കാരുടെ ഇടപെടൽ അധികം വൈകാതെ തന്നെയുണ്ടാകാം. അത് അനിയന്ത്രിതമായ മണലെടുപ്പിലേക്കും പുഴയെ വീണ്ടും നശിപ്പിക്കുന്ന നിലയിലേക്കും വളരാനുള്ള സാദ്ധ്യതയും നിലനില്‌ക്കുന്നുണ്ട്. വിദഗ്ധ സമിതി നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മണൽ വാരൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഇല്ലെങ്കിൽ പുഴകൾ വീണ്ടും കാടുമൂടുകയും മരുഭൂമിയായി മാറുകയും ചെയ്യും.


പുനഃപരിശോധിക്കണം

കഴിഞ്ഞ പത്തുവർഷമായി കേരളമെന്ന ചെറിയ ഭൂപ്രദേശത്ത് ഭാവിയെ കരുതാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്. അസംസ്‌കൃത പദാർത്ഥങ്ങൾ സമാഹരിക്കാൻവേണ്ടി പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തതുമൂലം അപരിഹാര്യമായ പാരിസ്ഥിതികപ്രശ്നങ്ങൾ സംജാതമായി. നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള പാറപൊട്ടിക്കലും പുഴമണൽ ഖനനവും ഇന്ന് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ്. അനിയന്ത്രിതമായ പാറപൊട്ടിക്കലിനും അമിതമായ മണൽ കൊള്ളയ്ക്കും അറുതിവരുത്തിയില്ലെങ്കിൽ കേരളത്തിൽ മനുഷ്യജീവിതം അത്യന്തം ദുരിതപൂർണമാകുമെന്നതിൽ സംശയം വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SPOILED RIVERS IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.