SignIn
Kerala Kaumudi Online
Saturday, 21 September 2024 5.04 AM IST

പിറപ്പൊഴിഞ്ഞ് വാണ ഗുരുവിന്റെ ജയന്തി

Increase Font Size Decrease Font Size Print Page

guru

ശ്രീനാരായണഗുരുദേവൻ എന്ന നാമം കേരളീയർക്ക് വളരെ സുപരിചിതമാണ്. എന്നാൽ ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്ര ശതമാനം മലയാളികൾ ഗ്രഹിച്ചിട്ടുണ്ടെന്ന് നിശ്ചയമില്ല. ജയന്തിവരുമ്പോൾ മലയാളികളായ ഗുരുവിശ്വാസികൾ ഉള്ള സ്ഥലങ്ങളിലെല്ലാം ഗുരുവിനെക്കുറിച്ച് പ്രഭാഷണങ്ങളും സമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കും. കേരളത്തിന് പുറത്ത് ആഘോഷങ്ങൾ നടത്തുമ്പോഴും മലയാളത്തിൽ മലയാളികളോട് സംസാരിക്കുന്നതല്ലാതെ അതത് സംസ്ഥാനങ്ങളിലെ ജനതയ്‌ക്ക് അവരുടെ ഭാഷയിൽ ഗുരുദർശനം പകർന്ന് കൊടുക്കാൻ സാധിക്കാത്തത് ശ്രീനാരായണ പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്.

നാം ഗുരുദേവജയന്തി ആഘോഷിക്കുമ്പോൾ ഗുരു നമുക്കോരോരുത്തർക്കും നൽകിയ സന്ദേശമെന്തെന്നും ഗുരു എങ്ങനെയാണ് നമ്മുടെ മാതൃകാപുരുഷനായി തീരേണ്ടതെന്നും അറിയുക. ഗുരു പ്രശ്നങ്ങളെ നേരിട്ടത് അറിവിന്റെ തലത്തിലാണ്. നാം അപ്രകാരമായിരിക്കണമെന്ന് ഗുരു ഉപദേശിക്കുന്നു. എന്നാൽ നാം അറിവിന് പകരം വികാരം ഉപയോഗിച്ചാണ് പ്രശ്നങ്ങളെ നേരിടുന്നത്. ഫലമോ പരിപൂർണ്ണ തകർച്ചയും.

168 വർഷം മുമ്പ് കേരളത്തിന്റെ അവസ്ഥ വളരെ വിചിത്രമായിരുന്നു. ആഢ്യൻമാരെന്ന് ധരിച്ച് അഹങ്കാരത്തോടെ സ്വാർത്ഥമതികളായി ജീവിച്ചിരുന്ന കുറെ മനുഷ്യകോലങ്ങൾ, സാധുക്കളായ മനുഷ്യർക്ക് പഠിപ്പിന് അവകാശം നിഷേധിച്ച് അവരെ അടിമകളാക്കി സുഖിച്ചിരുന്നു.
വിദ്യാവിഹീനരായി ജീവിച്ചിരുന്നവരെ വിദ്യയിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർത്തി ഉയർത്തി 'അവനിവനെന്നറിയുന്നതൊക്കെയോർത്താൽ അവനിയിലാദിമമായൊരാത്മരൂപം' കുടികൊള്ളുന്നത് കാണിച്ച് കൊടുക്കാനുള്ള അവതാരപ്പിറവിയുടെ പുണ്യദിനമാണ് ചിങ്ങമാസത്തിലെ ചതയം നാൾ.
എപ്പോഴാണോ ധർമ്മത്തിന് ഗ്ലാനി സംഭവിക്കുന്നത് അപ്പോഴൊക്കെ ഈ ചൈതന്യം അവതരിക്കും. നൂറ് കണക്കിന് വർഷത്തേക്കുള്ള കാര്യങ്ങൾ ചെയ്തിട്ട് തിരിച്ചുപോകും. ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇതുപോലെ എത്രയോ മഹാത്മാക്കളുടെ രൂപത്തിൽ ഈ ചൈതന്യം അവതരിച്ചിരിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങളും ദർശനവും സാധാരണ ജനങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും ജന്മങ്ങൾ പലതും കഴിഞ്ഞിരിക്കും. ''നേരിട്ട് കണ്ടവരാരും അങ്ങേ നേരായറിഞ്ഞില്ല തന്നെ'' എന്ന കവി വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. മനുഷ്യത്വത്തിന് ഇത്രയും ശാസ്ത്രീയ കാഴ്ചപ്പാട് നവയുഗത്തിന് കല്പിച്ച മറ്റൊരു ഗുരുവിനെ നമുക്ക് കാണാൻ കഴിയില്ല. 'മനുഷ്യാണാം മനുഷ്യത്വം' മനുഷ്യന് മനുഷ്യത്വമാണ് വേണ്ടത് എന്ന അന്ന് പറഞ്ഞപ്പോഴുണ്ടായ അവസ്ഥയേക്കാളും എത്രയോ ആവശ്യമാണ് ആ അറിവ് ഇന്ന് എന്ന് നാം ചിന്തിക്കുന്നുവോ? തിരിച്ചറിയുന്നുവോ?
നാം തമോഗുണത്തിൽ നിന്നും ഉണർന്നേ പറ്റൂ. അപൂർവങ്ങളിൽ അപൂർവമായ മനുഷ്യജന്മം ഇനി എന്ന് ലഭിക്കുമെന്നറിഞ്ഞുകൂടാ. 135 വർഷങ്ങൾക്ക് മുമ്പാണ് തമസിൽ നിന്നും ഉണരാൻ ആ കാരുണ്യമൂർത്തി ആജ്ഞാപിച്ചത്. ഈ തിരുഅവതാര ദിനത്തിലെങ്കിലും ഭഗവാന്റെ വാണികളിൽ നിന്ന് നമുക്ക് കൂടുതൽ ഊർജ്ജവും തേജസും ഉൾക്കരുത്തും ആർജ്ജിക്കാൻ ശ്രമിക്കാം.
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ച് പോരുന്ന ആ അദൃശ്യശക്തി മനുഷ്യരൂപമെടുത്ത് ഈ മാനവരാശിയുടെ സമഗ്രമായ ഉയർച്ചയ്ക്കും സമാധാനത്തിനും വേണ്ടി അവതരിച്ച ഈ പുണ്യദിനം നമുക്ക്, പ്രത്യേകിച്ച് മാനസികമായി അടിച്ചമർത്തപ്പെട്ട മനുഷ്യവർഗ്ഗത്തിന് ലഭിച്ച അപൂർവ വരദാനമാണ്. ഭൗതികതയുടെ അതിപ്രസരത്തിൽ ആധുനികശാസ്ത്രം മാത്രമാണ് ശരിയെന്ന് അഭിമാനിക്കുന്ന, വസ്തുതകളെ ഭാഗികമായി മാത്രം വിലയിരുത്തുന്നവരോട് എന്ത് പറയാൻ? ഭൗതിക ജീവിതം സമാധാന പൂർണ്ണമാകാൻ ആദ്ധ്യാത്മിക അടിത്തറ അനിവാര്യമാണെന്ന ഉത്തമബോധ്യം കുഞ്ഞുങ്ങളിലേക്ക് പകർന്ന് കൊടുക്കുവാൻ മാതാപിതാക്കൾക്ക് കഴിയണം. അവർക്ക് ആ രീതിയിലുള്ള ഉൾക്കാഴ്ച ലഭിക്കുന്ന വിദ്യാഭ്യാസമുണ്ടാകണം. അപ്പോൾ മാത്രമേ ഗുരുവിന്റെ അവതാരകൃത്യം പൂർണ്ണമാകൂ. അതിന് നമുക്ക് ഗുരു നൽകിയ അവസരത്തെ പാഴാക്കാതെ ഉപയോഗിക്കാൻ ശ്രമിക്കാം. നല്ലൊരു നാളേയ്‌ക്കുവേണ്ടി നല്ലൊരു ഇന്നിന് വേണ്ടി പ്രാർത്ഥനയോടെ...
ലേഖകന്റെ ഫോൺ - 9400475545

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.