SignIn
Kerala Kaumudi Online
Saturday, 27 April 2024 9.01 AM IST

അങ്ങനെയാണ് പൂരം ഉണ്ടായത് !

photo

ഭൂമുഖത്തെ ഏറ്റവും അഭിരാമമായ ഉത്സവക്കാഴ്ചയെന്ന് അന്താരാഷ്ട്രതലത്തിൽ തന്നെ വിശേഷിപ്പിക്കപ്പെട്ട തൃശ്ശൂർ പൂരം കൊവിഡ് പിടികൂടിയ രണ്ടുവർഷത്തിനു ശേഷം കൊട്ടിപ്പെരുക്കാൻ ഒരുങ്ങുകയാണ്. ഈ നേരത്ത് പൂരം എങ്ങനെ പൂരമായെന്നറിയണം. പൂരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് തർക്കമില്ലാത്തവർക്കിടയിലും പൂരത്തിന്റെ ചരിത്രത്തെക്കുറിച്ച് അഭിപ്രായഭിന്നതയുണ്ട്.

പൂരം പൊട്ടിവിടരാനിരിക്കെ ചരിത്രത്തിന്റെ താളുകളൊന്ന് മറിച്ചുനോക്കാം... തൃശൂരിന്റെ ചരിത്രത്തെ ആഴത്തിൽ അപഗ്രഥിച്ച പ്രഗല്‌ഭനായ എഴുത്തുകാരൻ പുത്തേഴത്ത് രാമൻമേനോൻ പറയുന്ന ചരിത്രം :

''തൃശൂർ പൂരത്തെക്കുറിച്ച് ഒരു ചരിത്രമുളളത്, ഈ പൂരക്കാരെല്ലാം പണ്ട് ആറാട്ടുപുഴ പൂരത്തിലാണ് പങ്കുകൊള്ളാറുള്ളത് എന്നാണ്. അതു ശരിയാവണം. പുരാതനകാലത്തെ തിരുനാവായയിലെ മാമാങ്കം പോലെ അന്നത്തെ പെരുമ്പടപ്പിന്റെ രാജ്യക്കാരെല്ലാം ഒന്നിച്ചുചേർന്നു പൂരം ആഘോഷിച്ചത് ആറാട്ടുപുഴയിലായിരുന്നു. ചരിത്രപരവും യാദൃച്ഛികങ്ങളുമായ കാരണങ്ങളാൽ ആറാട്ടുപുഴ പൂരത്തിന്റെ വ്യാപ്തിയും ശക്തിയും പ്രാപ്തിയും കുറഞ്ഞു. പല ക്ഷേത്രങ്ങളും പൂരത്തിൽ നിന്ന് പിൻമാറി. സാമ്പത്തിക അധ:പ്പതനവും ചിലരെ പിൻവലിപ്പിച്ചു. യാദൃച്ഛികങ്ങളായ ചില കാരണങ്ങളാൽ ഇന്നത്തെ തൃശൂർ പൂരത്തിലെ പൂരക്കാരും ആറാട്ടുപുഴയ്ക്ക് പോകാതായി. ആ ചുറ്റുപാടിൽ അന്നത്തെ കൊച്ചിരാജാവ് പൂരക്കാരെ വടക്കുന്നാഥക്ഷേത്രത്തിന്റെ പരിസരത്തേക്ക് ക്ഷണിക്കുകയും ഒരു തൃശൂർപൂരം ഏർപ്പാടുചെയ്യുകയുമുണ്ടായി. അങ്ങനെയുണ്ടായതാണ് തൃശൂർ പൂരം!

ആഗമവും ആഡംബരവും ആചാരവും ആഘോഷവുമെല്ലാം ആറാട്ടുപുഴയിൽ പതിവുള്ളതു തന്നെ. അത്രദൂരം പോകാതെ കഴിയുകയും രാജസംഭാവന ലഭിക്കുകയും ചെയ്തപ്പോൾ എല്ലാ പൂരക്കാരും തൃശൂർ വടക്കുന്നാഥക്ഷേത്ര സന്നിധാനത്തിലെ വിസ്തൃതമായ തേക്കിൻകാട് മൈതാനത്തെ ആശ്രയിച്ച് പൂരാഘോഷം തുടർന്നുപോന്നു. ഇതാണ് തൃശൂർ പൂരത്തിന്റെ ചരിത്രവും പശ്ചാത്തലവും''

ഏ.ആർ.പൊതുവാൾ ബി.എ, ബി.എൽ. 1966ൽ പ്രസിദ്ധീകരിച്ച സോവനീറിൽ പറയുന്നത് ഇങ്ങനെ:

'' ആറാട്ടുപുഴയിൽ നിന്നുളള പിൻമാറ്റത്തിന് പറയുന്ന കാരണം യുക്തിസഹമെന്ന് തോന്നുന്നില്ല, തീർച്ച. ഒരിക്കൽ അവിചാരിതമായി ജലപ്രളയമുണ്ടായെന്നും തൻമൂലം അപ്പോഴത്തെ യാത്ര മുടങ്ങിയെന്നുമിരിക്കട്ടെ. അടുത്ത പ്രാവശ്യം പ്രയാണം തുടരാൻ എന്തായിരുന്നു പ്രതിബന്ധം? തൃശ്ശൂരിനും ആറാട്ടുപുഴയ്ക്കുമിടയിൽ പ്രകൃതിക്ഷോഭം കൊണ്ടുളള ഭംഗമൊന്നും നിലവിൽ വന്നതായി കാണാത്ത സ്ഥിതിയ്ക്ക് മാർഗതടസമല്ല പിൽക്കാലത്തെ യാത്രയ്ക്ക് വിഘാതമായതെന്നു വേണം വിചാരിക്കാൻ. തൃശിവപേരൂർകാരുമായി കുട്ടനെല്ലൂർക്കാർ കൂട്ടുപിരിയാനുളള ഹേതുവും അജ്ഞാതമാണ്. ആറാട്ടുപുഴയിൽ നിന്ന് വേർപെട്ടശേഷം പിന്നൊഴിഞ്ഞ കക്ഷികൾ ഏതു മാസത്തിലെ ഏതു നക്ഷത്രമാണ് തങ്ങളുടെ പൂരത്തിന് സ്വീകരിച്ചതെന്ന് അറിവാകുന്നില്ല. തൃശൂർ വിഭാഗത്തെ പരിത്യജിച്ചതിൽ പിന്നെ കുട്ടനെല്ലൂർ കക്ഷി കുംഭമാസത്തിലെ പൂരം നക്ഷത്രം അവരുടെ ഉത്സവമാഘോഷിക്കാൻ സ്വീകരിച്ചത് എന്തുകൊണ്ടാണ്? തൃശൂർപൂരം മേടത്തിലെ പൂരം നക്ഷത്രത്തിലേക്ക് നീട്ടാനും എന്താണ് ഹേതു? മീനമാസത്തിലെ പൂരം ആറാട്ടുപുഴയ്ക്കും കുംഭമാസത്തിലെ പൂരം കുട്ടനെല്ലൂർക്കും മേടമാസത്തിലെ പൂരം തൃശിവപേരൂർക്കും തിരിച്ചുവയ്ക്കാൻ പ്രത്യേക കാരണങ്ങളെന്തെങ്കിലുമുണ്ടോ? പൊതുജനങ്ങൾക്ക് മൂന്നു മാസങ്ങളിലും കണ്ടാനന്ദിപ്പാൻ കാഴ്ചകളുണ്ടായിക്കൊള്ളട്ടെയെന്ന് ഉദ്ദേശിച്ച് ഭിന്നിച്ചുപിരിഞ്ഞ കക്ഷികൾ ഒന്നിച്ചുചേർന്ന് തീരുമാനിച്ചതല്ലല്ലോ. എല്ലാറ്റിനും പുറമേ തൃശൂർ പൂരം, കുട്ടനെല്ലൂർ പൂരം എന്നീ പ്രകാരം മൊത്തത്തിൽ പറയുമ്പോൾ തൃശൂരിൽ നിന്നും കുട്ടനെല്ലൂരിൽ നിന്നും ഓരോ എഴുന്നെളളിപ്പു മാത്രമേ ആറാട്ടുപുഴയ്ക്ക് പോയിരുന്നുളളൂ എന്നാണോ വിവക്ഷ? അതോ,തൃശിവപേരൂർ പൂരത്തിൽ സംബന്ധിച്ചിരുന്ന പൂരങ്ങൾ പത്തും കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുക്കുന്ന പൂരങ്ങൾ അഞ്ചും ഇതിൽ ഭാഗഭാക്കുകളാകാറുണ്ടെന്നാണോ സങ്കൽപ്പം? ഈ പ്രശ്‌നങ്ങൾക്കൊന്നും പിൻമാറ്റ നിഗമന പ്രണേതാക്കൾ സമാധാനം നൽകുന്നില്ല. ആറാട്ടുപുഴ ബന്ധത്തിന്റെ നിലപാട് ഇങ്ങനെ നോക്കുമ്പോൾ ഉറച്ചതല്ലെന്ന് ബോധ്യപ്പെടും.''

ഇന്ന് പ്രചാരത്തിലുളള ചരിത്രം

ശക്തൻ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു പെരുമയിൽ ഒന്നാമത്. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു. ദേവകളെന്നാൽ മുപ്പത്തിമുക്കോടി ദേവകൾ . ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ( 977 മേടം) തൃശൂർപൂരം ആരംഭിച്ചു. അങ്ങനെ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ട തൃശ്ശിവപേരൂർ ദേശക്കാർക്ക് വേണ്ടി ശക്തൻ തമ്പുരാൻ തുടങ്ങിയ പൂരമാണ് ലോകത്തേയും കാലത്തേയും അതിശയിപ്പിക്കുന്ന പൂരമായത്.

തർക്കമില്ലാത്ത സൗന്ദര്യം

പൂരങ്ങളുടെ പൂരമായി കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് 200 വർഷത്തിലേറെ ചരിത്ര പാരമ്പര്യമുണ്ട്. ആ അഭൗമ സൗന്ദര്യത്തിനും കൃത്യതയിലും ടൈം മാനേജ്‌മെന്റിലും തർക്കമില്ല. ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷയാത്ര, തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നള്ളത്ത് (മഠത്തിൽ വരവ്), മഠത്തിലെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചയ്‌ക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട്....അങ്ങനെയാണ് പൂരം തൃശൂരിൽ പുലർന്ന് പൂത്തുലയുന്നത്.

ചെറുപൂരങ്ങളുടെ സൗന്ദര്യം

ചെറുപൂരങ്ങളുടെ സൗന്ദര്യമായി കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യാനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, കുറ്റൂർ നെയ്തലക്കാവിലമ്മ എന്നീ ദേവീദേവന്മാരുണ്ടാകും. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറും. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈ വച്ചുപിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തുകെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെയാണ് കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുക. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും അവിടെ ദേവിയേയും പ്രാധാന്യത്തോടെ പൂജിക്കുന്നു. ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് സന്നിഹിതനായിരിക്കും. കൊടിമരം ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാർ മേളം തുടങ്ങുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തുകെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകൾ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു. പാറമേക്കാവിൽ പാറമേക്കാവ് ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. ഘടകക്ഷേത്രങ്ങളിൽ അടക്കം നാലിന് പൂരം കൊടിയേറുമ്പോൾ ആ വിസ്മയക്കാഴ്ചയ്ക്ക് തിരികൊളുത്തുക തന്നെയാണ്...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRISSUR POORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.