SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 PM IST

അച്ഛനെ പൊള്ളിച്ച് അമ്മയുടെ ആ വാക്കുകൾ

Increase Font Size Decrease Font Size Print Page

usha-veerendrakumar

എം.പി.വീരേന്ദ്രകുമാറിന്റെ നിഴലായിരുന്ന ഭാര്യ ഉഷ വീരേന്ദ്രകുമാർ യാത്രയായി. വീരേന്ദ്രകുമാറിന്റെ യാത്രകളിൽ ഉഷ ഒപ്പമുണ്ടായിരുന്നു. വീരേന്ദ്രകുമാറെന്ന ഭർത്താവിനെ, അച്ഛനെ പൊള്ളിച്ച വാക്കുകൾ ഒരിക്കൽ ഉഷയിൽ നിന്ന് പുറപ്പെട്ടു. ഒരു യാത്രയായിരുന്നു ആ സംഭാഷണത്തിന് നിമിത്തമായത്. ഒാർമ്മകളുടെ തടാകക്കരയിൽ എന്ന പുസ്തകത്തിൽ മകൻ ശ്രേയാംസ് കുമാർ അച്ഛന്റെയും അമ്മയുടെയും ആ യാത്രയെക്കുറിച്ച് ഇങ്ങനെ എഴുതി...

സ്വിറ്റ്സർലൻഡിലൂടെ സഞ്ചരിക്കുമ്പോൾ പല രാജ്യങ്ങളിലൂടെ കടന്ന് പോകുന്നതുപോലെ തോന്നും. സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് നാല് രാജ്യങ്ങളാൽ ചുറ്റപ്പെട്ട സ്വിറ്റ്സർലൻഡ്. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് നടുക്ക്, ആൽപ്സിന്റെ മടിയിൽ കിടക്കുന്ന ഇൗ സുന്ദരഭൂമിയുടെ മനസ് ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടാണ് കിടക്കുന്നത്. അവിടെയുള്ള സ്യൂറിക്ക് ജർമ്മൻ സ്വാധീനമുള്ള മേഖലയാണ്. അവിടേക്ക് ഞാൻ ഭാര്യ കവിതയ്ക്കൊപ്പം യാത്രപോയി. ജർമ്മൻകാരനും സുഹൃത്തുമായ തോമസ് ഒാബ്നോറായിരുന്നു വഴികാട്ടി. യാത്രയ്‌ക്കിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു - .'സ്വിറ്റ്സർലൻഡിൽ പോകുന്നെങ്കിൽ ലൂസേണിൽക്കൂടി പോകണം. ലോകത്തേറ്റവും സുന്ദരമായ സ്ഥലം. കഴിയുമെങ്കിൽ കാണുക. ഞാനും നിന്റെ അമ്മയും കൂടി ഒരിക്കൽ അവിടെ പോയിട്ടുണ്ട്. നീയും കവിതയും കൂടിയാണല്ലോ പോകുന്നത്. കഴിയുമെങ്കിൽ അവിടെ പോവുക.' അതിമനോഹരമായ സ്ഥലമാണ് ലൂസേൺ. നീലത്തടാകങ്ങൾ. പച്ചപുതച്ച താഴ്‌വരകൾ. ചുറ്റും മഞ്ഞുമലകൾ. പ്രകൃതി വരച്ച ഏറ്റവും റൊമാന്റിക്കായ ചിത്രം പോലെ. അവിടെ എല്ലാം മറന്ന് നിൽക്കുമ്പോൾ അച്ഛൻ അമ്മയോട് ചോദിക്കുന്നു.

'ഇവിടെ നിൽക്കുമ്പോൾ എന്ത് തോന്നുന്നു‌? ഇതൊക്കെ കാണാൻ സാധിച്ചതിൽ ആഹ്ളാദം തോന്നുന്നില്ലേ?.'അപ്പോൾ അമ്മ പറയുന്നു. 'എന്തോ എനിക്കിപ്പോൾ ഇതിലൊന്നും അർത്ഥം തോന്നുന്നില്ല. ഇന്ന് നിങ്ങളെന്റെ കൂടെയുണ്ട്. എന്നെ എവിടെയും കൊണ്ടുപോകുന്നുണ്ട്. എന്നാൽ ഞാൻ ആഗ്രഹിച്ചപ്പോഴൊന്നും നിങ്ങൾ എന്റെ കൂടെയുണ്ടായിരുന്നില്ല. നിങ്ങൾ ഒാടിനടക്കുകയായിരുന്നു. രാജ്യസേവനവും രാഷ്‌ട്രീയവും സാമൂഹ്യ പ്രവർത്തനവുമായി. അന്ന് ഞാനൊറ്റയ്‌ക്കായിരുന്നു. എന്റെ മകൻ മരിച്ചപ്പോഴായിരുന്നു എനിക്ക് നിങ്ങൾ കൂടെയുണ്ടാവണമെന്ന് ഏറ്റവും ആഗ്രഹം തോന്നി​യത്. അന്നുപോലും നി​ങ്ങൾ എന്റെ കൂടെയുണ്ടായിരുന്നില്ല. ഇപ്പോൾ ഇതൊന്നും ആസ്വദിക്കാൻ എനിക്കാവുന്നില്ല.' ഇടി മിന്നലെന്ന പോലെ അച്ഛനെ അടിമുടി പൊള്ളിച്ച വാക്കുകളായിരുന്നു അത്. ഒരു വലിയ തിരിച്ചറിവിലേക്ക് വഴികാട്ടിയ വാക്കുകൾ.

ജീവിതകാലം മുഴുവൻ നിഴൽപോലെ കൂടെ നടന്നവരെ നോക്കാൻ സമയം കണ്ടെത്താൻ കഴിയാതെ ജീവിതത്തിന്റെ ആനന്ദങ്ങൾക്ക് നിറംമങ്ങിത്തുടങ്ങുന്ന സമയത്ത് ഇവിടെയൊക്കെ വന്നിട്ടെന്ത് കാര്യം എന്ന അമ്മയുടെ ചോദ്യത്തിന് നൽകാൻ ഒരുത്തരവും അച്ഛനുണ്ടായിരുന്നില്ല. ബുദ്ധിയുടെയും ചിന്തയുടെയും ഉന്നതമായ ലോകത്തിന് പ്രായോഗിക ജീവിതത്തിന്റെ സമസ്യകൾക്കു മുന്നിൽ ഉത്തരമില്ലാതാവുന്ന അവസ്ഥയുടെ നേരനുഭവമായിട്ടാണ് അച്ഛൻ ആ രംഗം വിവരിച്ചത്. ഒാർമ്മകളുടെ തടാകക്കരയിൽ എന്ന പുസ്തകത്തിലെ 'യാത്ര പറയാതെ' എന്ന അദ്ധ്യായത്തിൽ എം.വി.ശ്രേയാംസ് കുമാർ എഴുതി.

അച്ഛനും അമ്മയും സമയം ചെലവഴിച്ച ലൂസേണിൽ ഒരു പകലും രാത്രിയും ശ്രേയാംസ് കുമാറും കവിതയും കഴിഞ്ഞു.

തിരിച്ചറിവിന്റെ ഒരു മിന്നിൽപ്പിണരിൽ വേദനിച്ച് അച്ഛൻ നിന്നത് ഇവിട‌െയാവണം. സ്വച്ഛസുന്ദരമായ ജലാശയത്തിൽ പോയ കാലത്തിന്റെ വേദനകൾ മാത്രം നിഴലിടുന്നത് നോക്കി നെടുവീർപ്പിട്ട് അമ്മ നിന്നതും ഇവിടെയാവണം. എനിക്കവിടെ കണ്ണുകളടച്ച് വെറുതെ നിൽക്കണമെന്ന് തോന്നി. മുന്നിൽ കാലത്തിന്റെ നീലത്തടാകം. പിന്നിൽ മൗണ്ട് പീലാത്തിയൂസ്. ചുറ്റും ആൽപ്സിന്റെ ശിഖരങ്ങൾ. എല്ലാം പഠിച്ച അച്ഛനെ, അദ്ദേഹം പഠിക്കാൻ മറന്നുപോയ ഒരു കാര്യം ഒാർമ്മിപ്പിക്കാൻ വിധി കണ്ടുവച്ച സ്ഥലം ഇതായിരുന്നു! ഇത്ര മനോഹരമായ സ്ഥലത്തുനിന്ന് പഠിക്കാൻ കഴിഞ്ഞത് കൊണ്ടാവുമോ പിന്നീട് കുറെക്കൂടി മികച്ച അച്ഛനാകാൻ അദ്ദേഹം ശ്രമിച്ചത് എന്നും ഇപ്പോൾ സംശയം തോന്നുന്നു. തടാകത്തിലേക്ക് നോക്കി നിൽക്കുന്ന ഭാര്യ കവിതയോട് നിനക്കിപ്പോൾ എന്ത് തോന്നുന്നു എന്ന് ചോദിക്കാൻ അപ്പോൾ തനിക്ക് ധൈര്യം വന്നില്ലെന്നും എം.വി.ശ്രേയാംസ് കുമാർ ലേഖനത്തിൽ പറഞ്ഞ് നിറുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: USHA VEERENDRAKUMAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.