SignIn
Kerala Kaumudi Online
Friday, 20 September 2024 6.20 PM IST

സ്ത്രീധനമോഹികൾക്കുള്ള മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page

vismaya

'ഭർത്താവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ പെടുന്നതല്ല ഭാര്യ, അവൾക്ക് അവളുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്. ഈ അന്തസ്സാണ് അവളുടെ ജീവിതത്തിന്റെ സുഗന്ധം..."

വിസ്മയക്കേസിലെ വിധിയും വിധിന്യായത്തിലെ ഈ പരാമർശങ്ങളും സ്ത്രീധന മോഹികളായ എല്ലാവർക്കുമുള്ള മുന്നറിയിപ്പും താക്കീതുമാണ്.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് (31) പത്തുവർഷത്തെ കഠിന തടവും 12.55 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് പുറപ്പെടുവിച്ചതാണ് ഈ ഉത്തരവ്.

'വിസ്മയ എന്ന യുവതിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു. നല്ല ആഗ്രഹങ്ങളോടെയും പ്രതീക്ഷകളോടെയും കുടുംബ ജീവിതത്തിലേക്ക് കടന്നുവന്ന അവളുടെ എല്ലാ അഭിലാഷങ്ങളെയും സ്ത്രീധനം എന്ന വിപത്ത് ഛിന്നഭിന്നമാക്കി" യെന്നും വിധിന്യായത്തിൽ പരാമർശിച്ചു.

ആൺമക്കൾക്ക് വേണ്ടി സ്വർണവും പണവും കാറും ഭൂസ്വത്തുക്കളുമൊക്കെ വിലപേശി വാങ്ങുകയും പെൺമക്കൾക്ക് ചോദിച്ചതിനെക്കാൾ കൂടുതൽ സ്ത്രീധനം നൽകുകയും ചെയ്യുന്ന മാതാപിതാക്കൾക്കും കൂടിയുള്ള മുന്നറിയിപ്പാണിത്. സ്ത്രീധനത്തിനെതിരായുള്ള സന്ദേശമാകണം വിധിയെന്ന പ്രോസിക്യൂഷൻ നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണുണ്ടായത്.

2021ജൂൺ 21 നാണ് വിസ്മയയെ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിൽ വില്ലനായത് സ്ത്രീധനമാണ്. സ്ത്രീധനത്തിന്റെ പേരിൽ ഉത്രയെന്ന യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിനു പിന്നാലെയാണ് ജില്ലയിൽ ഏറെ കോളിളക്കമുണ്ടാക്കിയ വിസ്മയയുടെ മരണം . ഉത്ര വധക്കേസിലെ പ്രതി സൂരജ് ഇപ്പോൾ ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ്.

ഇത്രയും വലിയ ശിക്ഷ ഇതാദ്യം


സ്ത്രീധന നിരോധന നിയമപ്രകാരം

ഒരു പ്രതിക്ക് ഇത്രയും വലിയ ശിക്ഷ വിധിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. കൊലപാതകക്കുറ്റം ചുമത്താതെ കിരൺകുമാറിന് വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും പിഴയായി 12.55 ലക്ഷം രൂപയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കിടന്നാൽ മതിയാകും. പിഴത്തുകയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണമെന്നും വിധിയിലുണ്ട്.

മോട്ടോർ വാഹന വകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന ഉന്നത ജോലി, വീട്ടിൽ ആവശ്യത്തിന് സമ്പത്ത്, ഭൂസ്വത്ത്.. കിരൺകുമാർ വിസ്മയയെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനമായി നൽകിയത് 80 പവൻ സ്വർണ്ണാഭരണങ്ങൾ, ഒരേക്കറിലധികം ഭൂസ്വത്ത്, പിന്നെ 10 ലക്ഷം രൂപ വിലയുള്ള കാറും. 24 വയസ്സുണ്ടായിരുന്ന വിസ്മയ ബി.എ.എം.എസ് വിദ്യാർത്ഥിയായിരിക്കെ എത്തിയ വിവാഹാലോചനയായിരുന്നു. നല്ല ഉദ്യോഗവും മകൾക്ക് ചേർന്ന വരനുമെന്നറിഞ്ഞപ്പോൾ വിസ്മയയുടെ വീട്ടുകാർ പിന്നൊന്നും നോക്കിയില്ല. എന്നാൽ വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസങ്ങളിൽ തുടങ്ങി പീഡന പരമ്പര. വിവാഹ സമ്മാനമായി നൽകിയ കാറിനെച്ചൊല്ലിയായിരുന്നു വിസ്മയ ഏറ്റവുമധികം മാനസികവും ശാരീരികവുമായ പീഡനങ്ങളേറ്റത്. താനാഗ്രഹിച്ച കാറല്ലെന്ന് പറഞ്ഞ കിരൺ 10 ലക്ഷം വിലയുള്ള കാറിനെ 'പാട്ടക്കാർ" എന്നാണ് ആക്ഷേപിച്ചിരുന്നത്. വിവാഹത്തിനു മുമ്പ് പറഞ്ഞുറപ്പിച്ച സ്വർണ്ണം നൽകാത്തതിനും പീഡനമേൽക്കേണ്ടി വന്നു. വിസ്മയ മരിക്കുന്നതിന് 6 മാസം മുമ്പ് 2021 ജനുവരി മൂന്നിന് പുലർച്ചെ 1.20 ന് വിസ്മയയെയും കൂട്ടി കിരൺകുമാർ വിസ്മയയുടെ വീട്ടിലെത്തി. 'പാട്ടക്കാറിനെയും വേസ്റ്റ് പെണ്ണിനെയും തലയിൽ കെട്ടിവച്ച് അങ്ങനെ സുഖിക്കേണ്ട" എന്ന് പറഞ്ഞ് വിസ്മയയെ വീട്ടിലാക്കിയാണ് കിരൺ പോയത്. അതിനു മുമ്പ് വിസ്മയയെയും സഹോദരനെയും മർദ്ദിച്ചിരുന്നു. കിരണിന്റെ വീട്ടിലും വിസ്മയ നിരന്തരപീഡനമാണ് ഏറ്റുവാങ്ങിയത്. 2020 ആഗസ്റ്റ് 29 ന് ചിറ്റുമലയിൽ പൊതുജന മദ്ധ്യത്തിൽ വച്ചും കാർ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കിരൺ പ്രശ്നമുണ്ടാക്കിയിരുന്നു. പഠനം പൂർത്തിയാക്കി സ്വന്തമായി ജോലി സമ്പാദിച്ച ശേഷം വിവാഹം നടത്തിയിരുന്നെങ്കിൽ മകൾക്ക് ഈ ഗതി വരുമായിരുന്നില്ലെന്ന വിസ്മയയുടെ മാതാവിന്റെ വാക്കുകളും സമൂഹം ശ്രദ്ധയോടെ കാതോർക്കണം.

പീഡനം തെളിയിച്ചത്

ഫോൺ സംഭാഷണങ്ങൾ

വിസ്മയ സ്ത്രീധന പീഡനം മൂലമാണ് ജീവനൊടുക്കിയതെന്ന് കോടതിയിൽ തെളിയിക്കുകയായിരുന്നു ശ്രമകരമായ ദൗത്യമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് പറഞ്ഞു. കിരണിന്റെയും വിസ്മയയുടെയും മൊബൈൽ ഫോണുകളിൽ റെക്കാഡ് ചെയ്ത സംഭാഷണങ്ങളാണ് നിർണായക തെളിവായത്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി പീഡിപ്പിച്ചിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും തെളിയിക്കാൻ ഫോൺ സംഭാഷണങ്ങളിലൂടെ പ്രോസിക്യൂഷന് കഴിഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ തുടർച്ചയായി ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ചിരുന്നതായും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ സ്ഥാപിച്ചു. ഇതിന് ബലം നൽകാൻ സുപ്രീം കോടതി വിധികളും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി മോഹൻരാജ് പറഞ്ഞു. കിരൺ വിസ്മയയെ മർദ്ദിച്ച ശേഷം നിലത്ത് തള്ളിയിട്ട് ഷൂ കൊണ്ട് മുഖത്ത് ചവിട്ടിയത് അഭിഭാഷകനെന്ന നിലയിലും പെൺകുട്ടിയുടെ പിതാവെന്ന നിലയിലും തന്നെ നോവിച്ചതായി അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രശ്നമെന്ന നിലയിലാണ് താൻ കേസിനെ സമീപിച്ചത്. ഈ വിധി ഒരു വ്യക്തിക്ക് എതിരെ മാത്രമുള്ളതല്ലെന്നും സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുള്ളതാണെന്നും അതിനാൽ വിധി മാതൃകാപരമാകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ചെറിയ ശിക്ഷ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന വാദത്തിൽ പ്രോസിക്യൂഷൻ ഉറച്ചു നിന്നു. പ്രതി വിദ്യാഭ്യാസം നേടിയ ആളാണെന്നതും സർക്കാർ ഉദ്യോഗസ്ഥനാണെന്നതും കുറ്റത്തിന്റെ ഗൗരവം കൂട്ടുന്നു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷവും പ്രതിക്ക് പശ്ചാത്താപം ഉണ്ടായില്ല.

അപ്പീലും അനുകൂലമാകില്ല

ജില്ലാ കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതിയുടെ അഭിഭാഷകൻ പറഞ്ഞിട്ടുണ്ടെങ്കിലും അപ്പീലിൽ ഇളവിനുള്ള സാദ്ധ്യത വിരളമാണെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിക്കെതിരെ ശക്തമായ തെളിവുകളാണ് ഇതിനു കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VISMAYA CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.