SignIn
Kerala Kaumudi Online
Friday, 19 April 2024 6.32 AM IST

ആന്റണി പറഞ്ഞതും വർത്തമാന ഇന്ത്യയും

vivadavela

" അമ്പലത്തിൽ പോകുന്നവരെയും തിലകക്കുറി ചാർത്തുന്നവരെയും മൃദുഹിന്ദുത്വത്തിന്റെ പേരിൽ അകറ്റിനിറുത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദി അധികാരത്തിൽ വരാനേ ഉപകരിക്കൂ. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെനിറുത്തണം" - കോൺഗ്രസിന്റെ 138 -ാമത് ജന്മദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യവേ മുതിർന്ന നേതാവും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ. ആന്റണി പറഞ്ഞതാണിത്.

രാജ്യം കടന്നുപോകുന്ന സങ്കീർണമായ രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ച് തികഞ്ഞ ബോദ്ധ്യത്തോടെയും ഉൾക്കാഴ്ചയോടെയുമാണ് ആന്റണി ഇത് പറഞ്ഞത്. മോദി പ്രഭാവം പാടിപ്പുകഴ്ത്തപ്പെടുന്ന നാട്ടിൽ ഇന്നത്തെ യാഥാർത്ഥ്യം ഭയചകിതമായ സാമൂഹ്യാന്തരീക്ഷമാണ്. ജി-20യുടെ അദ്ധ്യക്ഷസ്ഥാനം രാജ്യത്തിന് കൈവന്നതും മറ്റും ആഘോഷിക്കുന്നത് പോലും കാവിയുടേയും താമരയുടേയും സൂചകങ്ങളോടെയാണെന്ന് നമുക്ക് ദൃശ്യമാദ്ധ്യമങ്ങളിലൂടെ ബോദ്ധ്യമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷവും ചില്ലറ മാസങ്ങളുമുണ്ട്. പ്രതിപക്ഷത്തെ ഏകോപനമില്ലായ്മ, ദുർബലാവസ്ഥ എന്നിവയൊക്കെവച്ച് നോക്കുമ്പോൾ പണം, കോർപ്പറേറ്റ് പരിലാളന എന്നിവയെയെല്ലാം ആവോളം അനുഭവിക്കുന്ന സംഘപരിവാർ രാജ്യത്ത് ശക്തിപ്പെട്ട് നിൽക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഏറ്റവും വലിയ ഉദാഹരണമായി. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും, ഭരണാധികാരികളുടെ ചെയ്തിയാൽ മോർബി പാലം തകർന്നിട്ടും, ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കുക മാത്രമല്ല, ആ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് ബലവുമായി ബി.ജെ.പി വീണ്ടും അധികാരമേറുകയും ചെയ്തിരിക്കുന്നു. മാദ്ധ്യമസ്വാതന്ത്ര്യമൊക്കെ അട്ടത്ത് കയറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. പല മുഖ്യധാരാ മാദ്ധ്യമങ്ങളും മോദീസ്തുതിയാൽ കാലം കഴിക്കുന്നു.

അർബൻ നക്സൽ എന്ന് മുദ്രകുത്തി നിരപരാധികളായ ബുദ്ധിജീവികളെ ജയിലിലടച്ചിരിക്കുന്നു. പാർക്കിൻസൺ രോഗിയായ സ്റ്റാൻ സ്വാമി എന്ന പാവം മനുഷ്യൻ ജയിലിൽ നരകിച്ച് മരിച്ചു. രോഗികളായ മറ്റുചിലർ ഇപ്പോഴും നരകിക്കുന്നു. ന്യൂനപക്ഷങ്ങളാകെ ഭയചകിതരാണ്. ബാബ്റി മസ്ജിദിന് ശേഷം ഗ്യാൻവ്യാപി, മഥുര പള്ളികളിലേക്ക് നോട്ടമിട്ടിരിക്കുന്നു. ന്യൂനപക്ഷം രാജ്യത്ത് ഭയചകിതരാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാൻ കൊണ്ടുപിടിച്ച ശ്രമമുണ്ട്. മദ്ധ്യപ്രദേശിൽ ന്യൂ ലോ കോളേജിൽ, 2014 മുതൽ അവിടെ ലൈബ്രറിയിലുണ്ടായിരുന്ന ഒരു പുസ്തകം റഫറൻസിന് ഉപയോഗിച്ചു എന്ന 'കുറ്റം' ചാർത്തി ഇനാമുർ റഹ്മാൻ എന്ന പ്രിൻസിപ്പലിനെ എ.ബി.വി.പിക്കാർ ഘരാവോ ചെയ്ത് പുറത്താക്കി. അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു.

ഭയചകിതമാണ് രാഷ്ട്രത്തിന്റെ സാമൂഹ്യാന്തരീക്ഷം. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രം ഭീതിദമായ രൂപത്തിൽ രാജ്യത്ത് നടപ്പാക്കപ്പെടുന്നു. തൊഴിലില്ലായ്മ രാജ്യത്ത് അതിരൂക്ഷമാണെന്ന റിപ്പോർട്ട് വരുന്നു. കാർഷികമേഖലയിലും സ്ഥിതി സന്തോഷകരമല്ല. ഭൂമി കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കാൻ ഭരണകൂടം കർഷകരെ നിർബന്ധിക്കുന്ന അവസ്ഥ പല ഉത്തരേന്ത്യൻ, മദ്ധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേൾക്കുന്നു. വിവാദ കർഷകനിയമങ്ങൾ കർഷകപ്രക്ഷോഭത്തെ തുടർന്ന് പിൻവലിക്കേണ്ടിവന്നിട്ടും ഇതാണ് സ്ഥിതി. ഇതെല്ലാമുണ്ടായിട്ടും ഒന്നും പ്രത്യക്ഷത്തിൽ പ്രകടമാകാത്ത സംവിധാനമൊരുക്കിയുള്ള മോദിപ്രഭാവം രാജ്യത്ത് കൊണ്ടാടപ്പെടുകയാണ്. സംസ്ഥാനങ്ങളിൽ അധികാരം കിട്ടിയില്ലെങ്കിലും പണമെറിഞ്ഞ് എം.എൽ.എമാരെ പിടികൂടി ജനാധിപത്യത്തെ പരിഹസിക്കുന്ന ഏർപ്പാട് ഏറെ നാളായുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ പരസ്യമായിത്തന്നെ ഏത് വിധേനയും ഉപയോഗിക്കുന്ന സാഹചര്യമുണ്ട്.

ഇത്തരത്തിൽ സങ്കീർണമായ രാഷ്ട്രീയ പശ്ചാത്തലം രാജ്യത്ത് നിലനിൽക്കുമ്പോഴാണ് എ.കെ. ആന്റണിയുടെ പ്രസ്താവനയുടെ രാഷ്ട്രീയഗൗരവം ഏറുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, അതായത്, ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്ര അർത്ഥവത്താവുന്നതും മേല്പറഞ്ഞ പശ്ചാത്തലത്തിലാണ്. ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമായ പരിപ്രേക്ഷ്യവും രാഷ്ട്രീയഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന വർഗീയ അജൻഡയും തമ്മിലാണ് പോരാട്ടം. രാഷ്ട്രീയ ഹിന്ദുത്വ അജൻഡയെ ഫലപ്രദമായും ഭംഗിയായും ഉപയോഗപ്പെടുത്തിയ സംഘപരിവാർ രാഷ്ട്രീയത്തിന് മുന്നിൽ മറ്റെല്ലാവരും നിലംപരിശായ ഒരു ദശാബ്ദം കടന്നുപോകുമ്പോൾ ആന്റണി പങ്കുവച്ച വിശാല മതേതര കാഴ്ചപ്പാട് കോൺഗ്രസ് മാത്രമല്ല, ഇടതുപക്ഷമുൾപ്പെടെ ഇന്ത്യൻ പ്രതിപക്ഷം ഗൗരവത്തോടെ ഉൾക്കൊള്ളേണ്ടതുണ്ട്.

ഭാരത് ജോഡോയും

ഭാവി ഇന്ത്യയും

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച ധീരമായ ചുവടുവയ്പാണെന്ന് പറയാതിരിക്കാനാവില്ല. വർത്തമാന ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ പുനർനിർമ്മിക്കാനുതകുന്ന ഒരു നീക്കമാണത്. പുനർനിർമാണം അതേ നിലയിൽ പ്രാവർത്തികമാകുമോ എന്നത് മറ്റൊരു കാര്യം. കന്യാകുമാരിയിൽനിന്ന് സെപ്തംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇതിനകം 2800 കിലോമീറ്റർ ദൂരം സഞ്ചരിച്ചുകഴിഞ്ഞു. ഒമ്പത് ദിവസത്തെ ഇടവേളക്കുശേഷം ഇന്ന് ന്യൂഡൽഹിയിൽനിന്ന് അതിന്റെ അടുത്തഘട്ട പ്രയാണം ആരംഭിക്കുകയാണ്. യു.പി, ബിഹാർ, പഞ്ചാബ്, കാശ്മീർ എന്നിങ്ങനെയാണ് ലക്ഷ്യം. ഈ മാസം 30ന്, അതായത് മഹാത്മജിയുടെ രക്തസാക്ഷിത്വദിനത്തിൽ ശ്രീനഗറിൽ രാഹുലിന്റെ യാത്ര പര്യവസാനിക്കും.

രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഇന്നത്തെ എളുപ്പവഴിയെന്നത് വിഭാഗീയത പരത്തുന്ന വാചാടോപങ്ങളാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഇന്ത്യ ഒന്നാകൂ എന്ന സന്ദേശമുയർത്തിയുള്ള രാഹുലിന്റെ യാത്രയുടെ പ്രസക്തി വർദ്ധിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുകയെന്ന പ്രായോഗിക കൗശലത്തിനപ്പുറത്തേക്ക് ഒരു പുതിയ രാഷ്ട്രീയപ്രക്രിയ സൃഷ്ടിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് യാത്രാവേളയിലെ അദ്ദേഹത്തിന്റെ സംവാദങ്ങളും പ്രതികരണങ്ങളും ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ബി.ജെ.പി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ച രാഹുൽഗാന്ധി, അതിലൂടെ പുറത്തേക്ക് നൽകിയ സന്ദേശം വർത്തമാന രാഷ്ട്രീയഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന വിദ്വേഷരാഷ്ട്രീയമല്ല തന്റെ അജൻഡ എന്നാണ്.

അധികാരത്തിലേറുക എന്നതിനപ്പുറത്തേക്ക് സാമൂഹ്യമാറ്റത്തിലേക്കുള്ള ചുവടുവയ്പ് എന്നതാണ് മാർക്സിസമായാലും ഹിന്ദുമതമായാലും മുന്നോട്ടുവയ്ക്കുന്ന വിശാലപരിപ്രേക്ഷ്യം. അതിൽനിന്ന് വിഭിന്നമാണ് വർത്തമാന ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഈ യാഥാർത്ഥ്യത്തെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങൾ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ അതുകൊണ്ടുമാത്രം വർത്തമാന ഇന്ത്യയിൽ ഒരു രാഷ്ട്രീയ മാറ്റം സംഭവിക്കുമോ എന്നത് ഒരു വലിയ ചോദ്യമാണ്. സമഭാവനയുടെ ഇന്ത്യയെ ചേർത്തുപിടിക്കാൻ ഉതകുന്ന സുസ്ഥിര രാഷ്ട്രീയത്തിലേക്കുള്ള പ്രയാണം സ്വപ്നം കാണാൻ രാഹുൽഗാന്ധിക്ക് സാധിച്ചെന്ന് വരാം. പക്ഷേ, സ്വപ്നം യാഥാർത്ഥ്യമാകുക എന്നത് ചെറിയ കാര്യമല്ല.

രാഷ്ട്രീയ ഹിന്ദുത്വം അടിച്ചേല്പിച്ച സവിശേഷമായ പരിസരത്തിലേക്ക് ഇന്ത്യ നടന്നുകഴിഞ്ഞിട്ടുണ്ട്. ഭയചകിതരായ ന്യൂനപക്ഷങ്ങൾ പലേടത്തും നിശ്ശബ്ദരാണ്. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ഈയവസരങ്ങൾ നല്ലതുപോലെ ഉപയോഗിക്കാതെയും ഇരിക്കില്ല. അതുതന്നെയാണ് രാഷ്ട്രീയഹിന്ദുത്വവും ആഗ്രഹിക്കുന്നത്. വിദ്വേഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നത് അങ്ങനെയാണ്.

ഇവിടെ എല്ലാ മതവിശ്വാസികളെയും ചേർത്തുനിറുത്തി മുന്നോട്ട് പോകുകയെന്നത് പരമപ്രധാനമാണ്. തീവ്രവാദികൾ ഏത് വിഭാഗക്കാരായാലും, അവരുടെ മുതലെടുപ്പിന് കളമൊരുക്കാതെ കരുതലോടെ മുന്നോട്ട് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ കുറച്ചുകൂടി അവധാനതയോടെയുള്ള ഇടപെടലുകൾ ഉണ്ടാവേണ്ടതുമുണ്ട്. മൃദുഹിന്ദുത്വത്തിന്റെ ലേബലൊട്ടിച്ച് പലരെയും അകറ്റിനിറുത്തുമ്പോൾ അത് ആത്യന്തികമായി രാഷ്ട്രീയ ഹിന്ദുത്വയോട് അടിയറവ് പറയലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അതിലൂടെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് രാഷ്ട്രീയനേട്ടം ആവോളം അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് അത്തരം ശക്തികൾ. അതുകൊണ്ടുതന്നെയാണ് പരിണിതപ്രജ്ഞനായ എ.കെ. ആന്റണിയുടെ കനപ്പെട്ട വാക്കുകൾക്ക് രാഷ്ട്രീയപ്രസക്തി ഏറുന്നത്.

ഇടതുപക്ഷനേതാക്കൾ പോലും അതിനെ തള്ളിപ്പറയാതിരിക്കുന്നതും ഈ ഗൗരവം തിരിച്ചറിഞ്ഞിട്ടാണെന്ന് പറയേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.