SignIn
Kerala Kaumudi Online
Thursday, 25 April 2024 2.49 PM IST

അന്നത്തി​ലെ ജാതി​വി​ചാരം

photo

ഭക്ഷണത്തി​ലെ ജാതി​യെക്കുറി​ച്ചാണ് നവോത്ഥാനകേരളം ഈ പുതുവർഷത്തി​ൽ ചർച്ചചെയ്യുന്നതെന്ന് പറയുമ്പോൾ അപമാനഭാരത്താൽ ശി​രസ് കുനി​യുന്നു. കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവവേദിയിൽ മാംസഭക്ഷണം വിളമ്പാത്തതിനെ ചൊല്ലി ഉയർന്ന അപക്വവും അമാന്യവുമായ ഈ സംഭാഷണത്തിന് പിന്നിൽ പുരോഗമനവാദികളെന്ന് സ്വയം അവകാശപ്പെടുന്ന അതിവിപ്ളവകാരികളായ ചില വ്യക്തിത്വങ്ങളാണ്. അവസരത്തിനൊത്ത് നിലപാടുകളെടുക്കുന്ന ഇക്കൂട്ടരുടെ തന്ത്രത്തിൽ മലയാളി സമൂഹം, എന്തിന് ഭരണാധികാരികൾവരെ പെട്ടുപോയി.

സംസ്ഥാന സ്കൂൾകലോത്സവം സമാനതകളില്ലാത്ത ഏറ്റവും വിപുലമായ കൗമാര കലോത്സവമാണ്. കഴിഞ്ഞ 61 വർഷമായി അത് ഈ കൊച്ചുകേരളത്തിൽ ഭംഗിയായി നടക്കുന്നു. മലയാളിയുടെ ഹൃദയത്തിൽ എന്നും സ്കൂൾ കലോത്സവത്തിന് ഒരിടമുണ്ട്. ഇത്രയേറെ ജന, വിദ്യാർത്ഥി, മാദ്ധ്യമ പങ്കാളിത്തമുള്ള സ്കൂൾ കലോത്സവത്തിന് കഴിഞ്ഞ 16 വർഷമായി ഒരു പരാതിയുമില്ലാതെ, കൊതിപ്പിക്കുന്ന വിഭവങ്ങളുമായി അന്നമൊരുക്കുന്നത് കോട്ടയംകാരനായ പഴയിടം മോഹനൻ നമ്പൂതിരിയാണ്. മത്സരാർത്ഥി​കളെയും അവരുടെ രക്ഷി​താക്കളെയും പരിശീലകരെയും അദ്ധ്യാപകരെയും സംഘാടകരെയും തൃപ്തിപ്പെടുത്തി അന്നമൂട്ടുക എന്നത് നി​സാരമല്ല. ഇത്രയും നാൾ അക്കാര്യം ഭംഗി​യായി​ നി​ർവഹി​ച്ചയാളാണ് പഴയി​ടം മോഹനൻ നമ്പൂതി​രി​. കലോത്സവം പോലെതന്നെ ഈ ദേഹണ്ഡം കൊണ്ട് പഴയിടവും ലോകപ്രശസ്തനായി. ലോകമെമ്പാടുമുള്ള മലയാളി​കളുടെ രുചി​ലോകത്തെ മന്നനായി.

സസ്യഭക്ഷണം മാത്രം വിളമ്പിവന്ന കലോത്സവവേദിയിൽ മാംസഭക്ഷണം കൊടുക്കാത്തത് ബ്രാഹ്മണനായ പഴയിടത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്ന മട്ടിൽവന്ന അഭിപ്രായ പ്രകടനവും തുടർന്ന് വലിയ ചർച്ചയുമായപ്പോൾ കാര്യമറിയാതെ പഴയിടത്തിനെ ജാതി പറഞ്ഞ് ആക്ഷേപിക്കാൻ മത്സരിക്കുകയായിരുന്നു ചിലർ. വി​ദ്യാഭ്യാസവകുപ്പ് ടെൻഡർ വി​ളി​ച്ച്, ഭക്ഷണക്കമ്മി​റ്റി​ മെനു നി​ശ്ചയി​ച്ചാണ് കലോത്സവങ്ങളി​ൽ വി​ഭവങ്ങൾ തയ്യാറാക്കുന്നത്. കുറഞ്ഞനി​രക്കും ആവശ്യത്തി​ലേറെ അനുഭവസമ്പത്തും കൈമുതലായ പഴയി​ടം കലോത്സവ ദേഹണ്ഡങ്ങൾ തുടർച്ചയായി​ ഏറ്റെടുക്കുന്നത് ചി​ല അതി​വി​പ്ളവകാരി​കൾക്ക് രുചി​ച്ചി​ല്ലെന്ന് വേണം കരുതാൻ. സവർണ വിഭാഗക്കാരിൽ തന്നെ ഉയർന്ന തലത്തിൽ നിൽക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്ക് ഈ ജാതി അധിക്ഷേപം കേൾക്കേണ്ടി വന്നപ്പോൾ അദ്ദേഹത്തിനുണ്ടായ വേദന ഉൗഹിക്കാവുന്നതേയുള്ളൂ. ഭാവി കലോത്സവങ്ങളിൽ നിന്ന് പിന്മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ കുറ്റം പറയാനുമാകില്ല. ഇത്രയേറെ അവഹേളിക്കപ്പെട്ടിട്ടും അന്തസോടെയും പക്വതയോടെയുമായിരുന്നു പഴയിടത്തിന്റെ പ്രതികരണം. പൊലീസ് കാവലിൽ, വിവാദങ്ങളുടെ ചൂടിൽ പാചകം നടത്തേണ്ടി വരുന്നെന്ന ആശങ്കയിൽ കഴമ്പുണ്ടുതാനും.

സസ്യഭക്ഷണത്തെ ഒരു മതത്തിന്റെ ലേബലിലേക്ക് ചേർത്ത് കെട്ടാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. വെജിറ്റേറിയനിസം ലോകവ്യാപകമായ ഭക്ഷണരീതിയാണ്. കേരളീയരിൽ ബഹുഭൂരിപക്ഷവും മത്സ്യ, മാംസാദികൾ കഴിക്കുന്നവരാണെങ്കിലും എല്ലാ വിഭാഗത്തിലും പെട്ട വെജിറ്റേറിയന്മാരും ഇവിടെയുണ്ട്. മാംസം വിളമ്പണമെന്ന വാദവുമായി കലോത്സവം തീരാറായപ്പോഴാണ് വിമർശകർ മുന്നോട്ടുവന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് വിളമ്പുന്നതെന്ന കാര്യം ഇവർ അറിയാതെ പോയതൊന്നുമല്ല. അതിനെക്കുറിച്ചൊന്നും മിണ്ടാതെ കലോത്സവ കുശിനിയിലേക്ക് വിവാദം തള്ളിക്കയറ്റുകയായിരുന്നു ഇക്കൂട്ടർ. ഈ മേളയിൽ മാംസഭക്ഷണം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ മുൻകൂട്ടിത്തന്നെ അക്കാര്യം സർക്കാരിന് മുന്നിൽ വയ്ക്കാമായിരുന്നു. അതൊന്നും ചെയ്യാതെ അനവസരത്തിൽ ഇത്തരം വാദവുമായി എത്തിയതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതും നല്ലതാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന നാലോ അഞ്ചോ ദിവസത്തെ കലോത്സവങ്ങളിൽ മാംസഭക്ഷണം വിളമ്പണമെന്ന വാദം അത്ര നിഷ്കളങ്കമായി തള്ളിക്കളയാനാവില്ല. പ്രായോഗികതയും ഭക്ഷ്യസുരക്ഷയും ചെലവു കുറവും കണക്കിലെടുത്താകണം പണ്ടുമുതലേ കലോത്സവ കലവറ വെജിറ്റേറിയനായി തുടരുന്നത്. സസ്യേതര ഭക്ഷണം ഇത്രയധികം പേർക്ക്, അതും കുട്ടികൾക്ക് വിളമ്പുന്നത് എളുപ്പവുമല്ല. ഭക്ഷ്യവിഷബാധയ്ക്കും സാദ്ധ്യതയേറെയാണ്. വിവാദങ്ങൾക്ക് പഞ്ഞവുമുണ്ടാകില്ല. പശുവിറച്ചിയുടേയും പന്നിയിറച്ചിയുടേയും പേരിൽ രാജ്യത്തുണ്ടായ, ഉണ്ടാകുന്ന പ്രശ്നങ്ങൾ നമുക്കെല്ലാമറിയാം. എങ്ങനെ നോക്കിയാലും ഈ വിവാദത്തിന്റെ മറവിൽ കലോത്സവ വേദിയിലേക്ക് മതമാണ് കടന്നുവരാൻ പോകുന്നത്. ഹൈന്ദവ പുരാണങ്ങളെയും ബൈബിളിനെയും പുറത്തു നിറുത്തി ഖുർ ആൻ പാരായണ മത്സര ഇനങ്ങളെ ചോദ്യംചെയ്ത് ഇപ്പോൾത്തന്നെ എതിർപ്പുകളുണ്ട്. ഇനി മാംസഭക്ഷണവാദവും ഇതിനെ ചൂടുപിടിപ്പിക്കും. 'ഹലാൽ' മാംസമല്ലെങ്കിൽ മുസ്ളിങ്ങൾ പൊതുവേ അതു കഴിക്കില്ല. കലോത്സവത്തിൽ ഹലാൽ ഭക്ഷണം വിളമ്പിയാൽ എതിർക്കുമെന്ന് പ്രഖ്യാപിച്ച് ചില ഹിന്ദു സംഘടനകളും രംഗത്തുവന്നു കഴിഞ്ഞു. മുസ്ളിങ്ങൾക്ക് നിഷിദ്ധമായ പന്നിയിറച്ചിയും വിളമ്പണമെന്ന ആവശ്യവും ഉയർന്നേക്കാം. കുട്ടികളുടെ കലോത്സവത്തെ സംഘർഷഭൂമിയാക്കാൻ, കലയെ കലഹമാക്കാനുള്ള മാർഗമാണ് തെളിയുന്നത്. ആടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനുള്ള സൃഗാലതന്ത്രം ആദ്യഘട്ടം വിജയിച്ചെന്ന് വേണം കരുതാൻ.

ഈ വിവാദത്തിൽ ശ്രദ്ധേയമായ, പക്വമായ അഭിപ്രായ പ്രകടനം നടത്തിയ മുസ്ളിം ലീഗ് നേതാക്കളെ അഭിനന്ദിക്കാതെ വയ്യ. രാഷ്ട്രീയത്തിലും ഭരണത്തിലും ജാതിയും മതവും നോക്കുന്ന ലീഗ് ഇക്കാര്യത്തിൽ തറവാടിത്തം കാണിച്ചു. ഭക്ഷ്യോത്സവമല്ല, കലോത്സവമാണ് നടക്കുന്നതെന്നും നാലഞ്ച് ദിവസം മാംസം വിളമ്പിയില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ലെന്നും ലീഗ് നേതാക്കൾ പറഞ്ഞതിനെ സ്വാഗതം ചെയ്യണം.

അനാവശ്യ വിവാദങ്ങളുമായി വന്ന് സമൂഹമനസുകളെ കലുഷിതമാക്കാൻ ശ്രമിക്കുന്നവരെ പടിക്ക് പുറത്തുതന്നെ നിറുത്താൻ സർക്കാരും സമൂഹവും ശ്രദ്ധിക്കണം. പുരോഗമനവാദത്തിന്റെ മറവിലുള്ള കുതന്ത്രം തിരിച്ചറിയണം. സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. മതവും ജാതിയും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണ്. ജാതി​യുടെ പേരി​ൽ നൂറ്റാണ്ടുകളായി​ ബഹിഷ്കരണവും അവഗണനയും വി​വേചനവും അവഹേളനവും അനുഭവിക്കുന്നവരാണ് ഈഴവരാദി​ പി​ന്നാക്ക, പട്ടികജാതി, വർഗ വി​ഭാഗങ്ങൾ. അതിന്റെ നീറുന്ന വേദന ആരെക്കാളും മനസിലാകുന്നവരാണ് മേൽപ്പറഞ്ഞവർ. ജാതിയുടെ പേരിൽ ആര് അവഹേളിക്കപ്പെട്ടാലും അതിനെ എതിർക്കുകതന്നെ വേണം. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാകണം ഇവിടമെന്ന് ശ്രീനാരായണ ഗുരുദേവൻ അരുൾചെയ്തിട്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ജാതിയെയും മതത്തിനെയും ഉപയോഗിച്ച് മുതലെടുക്കുന്നവർ കരുത്തരാവുകയാണ്. മുൻപൊന്നുമില്ലാത്ത തരത്തിൽ ജാതി, മതചിന്തകൾ മനസുകളിലേക്ക് വിതയ്ക്കപ്പെടുന്നു. മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്തി സമൂഹത്തെ സംഘർഷഭരിതമാക്കി സ്വാർത്ഥനേട്ടങ്ങൾക്കാണ് ശ്രമം. കലോത്സവത്തിലായാലും രാഷ്ട്രീയത്തിലായാലും വിദ്യാഭ്യാസത്തിലായാലും എല്ലാ രംഗത്തും ഈ പ്രവണതയാണ് കാണുന്നത്. ശ്രീനാരായണ ഗുരുദേവൻ ഉൾപ്പടെയുള്ള മഹത്തുക്കൾ രൂപം നൽകിയ നവോത്ഥാന മൂല്യങ്ങളാണ് ഇത്തരം കുതന്ത്രങ്ങളിലൂടെ തച്ചുതകർക്കാൻ ശ്രമിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സർക്കാരും സമൂഹവും ഇത്തരം ഗൂഢശ്രമങ്ങളെ വേരോടെ പിഴുതെറിയാൻ ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAZHAYIDOM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.