SignIn
Kerala Kaumudi Online
Saturday, 20 April 2024 4.17 AM IST

നാടുവി​ടുന്ന യുവജനങ്ങൾ

photo

മുമ്പെങ്ങുമി​ല്ലാത്തവി​ധം ആൺ​ -പെൺ​ വ്യത്യാസമി​ല്ലാതെ യുവജനത യൂറോപ്യൻ രാജ്യങ്ങളി​ലേക്ക് കുടി​യേറുന്ന വി​ചി​ത്രമായ സാഹചര്യത്തിലാണ് കേരളം. വിദ്യാഭ്യാസവും ജോലി​യും വരുമാനവും എന്നതിനൊപ്പം​ സ്വാതന്ത്ര്യവും അന്തസുമുള്ള ജീവി​തം കൂടിയാണ് അവരുടെ സ്വപ്നം. അതി​നവരെ കുറ്റം പറയാനാവി​ല്ല. എന്നാൽ ഈ പ്രവണത തുടർന്നാൽ സമീപഭാവി​യി​ൽത്തന്നെ കേരളം വൃദ്ധരുടെ നാടാകും. നാട്ടി​ൽ വി​ദ്യാസമ്പന്നരും സമർത്ഥരുമായ യുവാക്കൾ കുറയുന്ന സ്ഥി​തി​വരും. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാകും. വിദ്യാർത്ഥികളില്ലാതെ നിലവിൽ പൂട്ടലിന്റെ വക്കിൽനിൽക്കുന്ന നിരവധി സ്വാശ്രയകോളേജുകളുടെ കാര്യം പറയാനുമില്ല.

മുമ്പ് മെഡി​സിൻ, എൻജി​നി​യറിംഗ് പോലുള്ള പ്രൊഫഷണൽ വി​ദ്യാഭ്യാസത്തി​നാണ് കുട്ടി​കൾ വി​ദേശത്ത് പോയി​രുന്നത്. മാർക്ക് കുറവാണെങ്കി​ലും ചൈനയി​ലും ഫി​ലി​പ്പീൻസി​ലും യുക്രെയിൻ പോലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാകുന്ന കുറഞ്ഞ ചെലവിലെ മെഡിസിൻ പഠനത്തിനുപോയ പതിനായിരങ്ങൾ കേരളത്തിലുണ്ട്. ഇപ്പോൾ പ്ളസ് ടു കഴി​ഞ്ഞവരും തുടർപഠനം ​ ആഗ്രഹി​ക്കുന്നത് വി​ദേശയൂണി​വേഴ്സി​റ്റി​കളി​ലാണ്. മോഹം സഫലമാകാൻ വേണം 15-20 ലക്ഷം രൂപ. അവി​ടെ ചെന്നുപെട്ടാൽ ഹോട്ടൽ ജോലികളും വൃദ്ധജനങ്ങളുടെ പരി​ചരണവും മറ്റും ചെയ്ത് പണമുണ്ടാക്കി​ ഫീസും താമസചെലവും കണ്ടെത്താം. ശേഷം ഉയർന്ന ശമ്പളത്തിൽ സ്ഥിരജോലിയും സ്ഥിരതാമസ വിസയും പൗരത്വവും തുടങ്ങിയ വാഗ്ദാനങ്ങളാണ് ആകർഷണം.

ജീവി​തത്തി​ന്റെ രണ്ടറ്റവും കൂട്ടി​മുട്ടി​ക്കാൻ പാടുപെടുന്നവർ പോലും മക്കളുടെ ആഗ്രഹസാഫല്യത്തിനും കുടുംബത്തി​ന്റെ രക്ഷ പ്രതീക്ഷിച്ചും വീടും പറമ്പും വരെ പണയംവച്ച് മക്കളെ വി​ദേശത്തേക്ക് അയയ്‌ക്കുകയാണ്. ഇങ്ങനെ കടക്കെണിയിൽപ്പെട്ട് ജപ്തിനേരിടുന്ന നിരവധി കുടുംബങ്ങൾ നാട്ടിലുണ്ട്.

യുവാക്കളുടെ വിദേശസ്വപ്നങ്ങൾ ചൂഷണം ചെയ്യാൻ നൂറുകണക്കി​ന് ഏജൻസി​കളും കേരളത്തി​ൽ തഴച്ചുവളരുന്നു. നല്ല ഏജൻസികളേക്കാൾ മോശപ്പെട്ട ഏജൻസികളാണ് ഏറെയും. യുവാക്കളുടെ സ്വപ്നങ്ങൾ വിറ്റ് കാശാക്കുന്നവരെ അധി​കൃതർ നി​ർദാക്ഷി​ണ്യം നേരി​ട്ടി​ല്ലെങ്കി​ൽ ഒട്ടേറെപേരുടെ കണ്ണീർ വൈകാതെ കാണേണ്ടി​വരും.

പ്രവാസജീവിതം മലയാളികൾക്ക് പുതിയതല്ല. വിദേശത്ത് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത നൂറുകണക്കിന് മലയാളികളുണ്ട്. ബുദ്ധിമാന്മാരും കഠിനാദ്ധ്വാനികളുമായ മലയാളിക്ക് ഏതുരാജ്യത്തും വിജയം നേടാൻ അത്ര വൈഷമ്യമുള്ള കാര്യവുമല്ല. ഗൾഫ് രാജ്യങ്ങൾ വളർന്നതിന് പിന്നിൽ ലക്ഷക്കണക്കിന് മലയാളികളുടെ വിയർപ്പുണ്ട്. ഒരുകാലത്ത് കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് തന്നെ ഗൾഫിൽനിന്ന് നമ്മുടെ ആൾക്കാർ കൊണ്ടുവന്ന പണമായിരുന്നു. ഗൾഫിലേക്ക് പോയ മലയാളികളിൽ ബഹുഭൂരിപക്ഷവും തിരികെ നാട്ടിലേക്ക് വരും. അവിടെ കഴിയണമെന്നു വിചാരിച്ചാൽ പോലും സാധിക്കുകയുമില്ല. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോയവരിൽ മടങ്ങി വരുന്നവർ കുറവാണ്. കാനഡ, ആസ്ത്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാരെ അവർക്ക് പ്രിയമാണ്. ഇംഗ്ളണ്ട്, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ തലമുറകളായി കഴിയുന്ന മലയാളികളുണ്ട്. സമീപകാലത്ത് പോകുന്നവർ അവിടെ സ്ഥിരതാമസമെന്ന ലക്ഷ്യവുമായിത്തന്നെയാണ് യാത്രയാകുന്നത്. ഇങ്ങനെ പോയവരുടെ നാട്ടിലെ വീടുകൾ താമസിക്കാൻ ആളില്ലാതെ ഭാർഗവീനിലയം പോലെ കിടക്കുന്നത് മദ്ധ്യകേരളത്തിലെ പരിചിത കാഴ്ചകളാണ്. സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ കേരളം മുഴുവൻ ഇത്തരം കാഴ്ചകൾക്ക് നമ്മൾ സാക്ഷികളാകും.

സാമ്പ്രദായികമായ പഠനരീതികളും ശൈലികളും അന്യമാവുന്ന കാലഘട്ടമാണിത്. ആധുനിക വിദ്യാഭ്യാസം ക്ളാസ് മുറികളുടെ പുറത്തേക്കെത്തിക്കഴിഞ്ഞു. ഇന്റർനെറ്റ് യുഗത്തിൽ വിവരങ്ങളെല്ലാം കുട്ടികളുടെ വിരൽത്തുമ്പിൽ ലഭിക്കും. മാറിയ ലോകത്തിന് അനുസരിച്ച് നമ്മുടെ നാട് മാറുന്നില്ലെന്ന ചിന്ത അവരിലുണ്ടായിട്ടുണ്ട്. പഴഞ്ചൻ രാഷ്ട്രീയവും ഭരണസമ്പ്രദായങ്ങളും ജാതി- മത സംഘർഷങ്ങളുമൊക്കെ അവരിൽ നാടിനോട് മതിപ്പുകുറയാനുള്ള കാരണങ്ങളാണ്. അതിനെല്ലാം ഉപരിയാണ് ഇവിടെ പഠിച്ചാൽ ഇന്ത്യയിൽത്തന്നെ മികച്ച ജോലി കിട്ടുമോയെന്ന ആശങ്കയും.

വിദ്യാർത്ഥികളുടെ ആശങ്കയകറ്റാനും പഠനവും ജോലിയും ഒരുമിച്ച് ചെയ്യാനും പുതിയ കോഴ്സുകളും സ്റ്റാർട്ടപ്പുകളും ആവിഷ്കരിക്കാൻ സർക്കാർ നടപടികളെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും കുട്ടികളുടെ മനസിൽ പതിയുമെന്ന് തോന്നുന്നില്ല. അവർക്ക് ബോദ്ധ്യം വരണമെങ്കിൽ അതെല്ലാം നടപ്പാക്കി കാണിക്കേണ്ടതുണ്ട്. കേരളത്തിലെ കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും നടക്കുന്ന സംഭവവികാസങ്ങളും അത്ര ശോഭനമല്ലല്ലോ. വിദ്യാർത്ഥികളിൽ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം വളർത്തണമെങ്കിൽ വലിയ ആസൂത്രിതമായ പരിശ്രമങ്ങളും നടപടികളും അനിവാര്യമാണ്.

പഠനത്തോടൊപ്പം വരുമാനവും പഠനശേഷം മികച്ച തൊഴിലവസരങ്ങളും കേരളത്തിൽ ലഭ്യമാകേണ്ടതുണ്ട്. കഴിവുള്ളവരെ സംരംഭകത്വത്തിലേക്ക് നയിക്കാനും സാധി​ക്കണം. ആധുനിക കാമ്പസുകളും ഏറ്റവും പുതിയ കോഴ്സുകളും മികവുറ്റ അദ്ധ്യാപകരും ഇതിന് അനിവാര്യമാണ്. കുറഞ്ഞപക്ഷം നമ്മുടെ സർവകലാശാലകളെ കേന്ദ്രസർവകലാശാലകളുടെ നിലവാരത്തിലേക്കെങ്കിലും ഉയർത്തണം. നിലവിലെ കുത്തഴിഞ്ഞ സമ്പ്രദായം ഉടച്ചുവാർക്കാനുള്ള ധൈര്യം സർക്കാർ കാണിക്കണം. വിദ്യാർത്ഥി, അദ്ധ്യാപക സംഘടനകളുടെ സംഘടിതശക്തിക്കു മുന്നിൽ എല്ലാ പരിഷ്കരണ നടപടികളും മരവിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്.

രാഷ്ട്രീയം കൊടികുത്തി വാഴുന്ന കാമ്പസുകളുടെ കാലം കഴിഞ്ഞു. അവകാശ പോരാട്ടങ്ങളെ തള്ളിക്കളയുന്നില്ല, പക്ഷേ കാലത്തിനനുസരിച്ച് വിദ്യാർത്ഥി, അദ്ധ്യാപക രാഷ്ട്രീയം മാറേണ്ടതുണ്ട്. കേരളം പോലെ അതിമനോഹരമായ ഭൂപ്രദേശത്തെ വിട്ട് കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും സഹിച്ച്, ഉറ്റവരെ ഉപേക്ഷിച്ച് പതിനായിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്വപ്നഭൂമി തേടുന്ന നമ്മുടെ കുട്ടികളുടെ മനസ് വായിക്കാൻ ഇനിയെങ്കിലും നാം തയ്യാറാകണം. അവർക്ക് വേണ്ടത് നല്ല വിദ്യാഭ്യാസവും നല്ല ജോലിയും സമാധാനവും അന്തസും പ്രദാനം ചെയ്യുന്ന അന്തരീക്ഷവുമാണ്. അത് ഇവിടെ ഈ ആധുനികകാലത്തും നമുക്ക് നൽകാനാവുന്നില്ലെങ്കിൽ അതി​ലും വലി​യ പരാജയമി​ല്ല. ഏതൊരു രാജ്യത്തി​ന്റെയും ശക്തി​യാണ് യുവജനത. അവരുടെ കർമ്മശേഷി​ ഏതെങ്കി​ലും വി​ദേശരാജ്യത്തി​ന് സംഭാവന ചെയ്യാനുള്ളതല്ലെന്ന് തി​രി​ച്ചറി​ഞ്ഞ് വരുംതലമുറയ്ക്ക് അഭി​മാനകരമായ കേരളമായി​ നാം മാറേണ്ട കാലം അതി​ക്രമി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.