SignIn
Kerala Kaumudi Online
Sunday, 05 October 2025 3.35 PM IST

ഭൂട്ടാൻ വാഹന കടത്തിന്റെ രഹസ്യങ്ങൾ, യൂറോപ്പിൽ മോഷ്‌ടിക്കപ്പെട്ട കാറും നമ്മുടെ അതിർത്തി വഴി വരും!

Increase Font Size Decrease Font Size Print Page

ss
ഉപേന്ദ്ര നാരായണൻ

ഉപേന്ദ്ര നാരായണൻ

റോഡ് സുരക്ഷാ അതോറിട്ടി അംഗം

ഇതര വിദേശ രാജ്യങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന വാഹനങ്ങളും ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് കടത്താനുള്ള സാദ്ധ്യത ഏറെയാണെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധനും, സംസ്ഥാന റോഡ് സുരക്ഷാ അതോറിട്ടി അംഗവുമായ ഉപേന്ദ്ര നാരായണൻ. യു.കെ പോലുള്ള രാജ്യങ്ങളിൽ നിന്ന് കള്ളക്കടത്തായി മാത്രമല്ല, മോഷ്ടിച്ച വാഹനങ്ങളും ഇന്ത്യയിൽ എത്തിക്കുന്നുണ്ട്... ഉപേന്ദ്ര നാരായണൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

?​ യു.കെയിൽ നിന്നൊക്കെ വാഹനങ്ങൾ ഏതു വഴിയെല്ലാം ഇന്ത്യയിൽ എത്താൻ സാദ്ധ്യതയുണ്ട്.

 ധാരാളം വാഹനങ്ങൾ മോഷണം പോകുന്ന രാജ്യമാണ് യു.കെ. അവിടെ നിന്ന് പാകിസ്ഥാനികൾ വാഹനം മോഷ്ടിച്ച് കടൽമാർഗം പാരീസിലെത്തിക്കും. അവിടെ നിന്ന് റോഡ് വഴി പാകിസ്ഥാനിൽ എത്തിക്കും. യു.കെ നമ്പർ പ്ലേറ്റുള്ള വണ്ടിക്ക് യൂറോപ്പിൽ കാര്യമായ ചെക്കിംഗ് ഉണ്ടാകാറില്ല. പാകിസ്ഥാനിൽ എത്തിക്കുന്ന വാഹനം കരമാർഗം ഭൂട്ടാനിൽ കൊണ്ടുവരാൻ എളുപ്പമാണ്. അതിനു ശേഷം രജിസ്ട്രേഷൻ നമ്പർ ഭൂട്ടാന്റേതാക്കും.

ഇന്ത്യയ്ക്ക് തൊട്ടടുത്തു കിടക്കുന്ന പ്രദേശങ്ങളായതിനാൽ ഭൂട്ടാനിൽ നിന്ന് അതിർത്തി കടന്ന് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും യഥേഷ്ടം പോകാറുണ്ട്. പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്നതുപോലെ. ചില വണ്ടികൾ ഇന്ത്യയിലേക്കു വന്നാൽ തിരികെ കൊണ്ടുപോകില്ല. അതാണ് കള്ളക്കടത്തിന്റെ ഒരു രീതി. ഒരു മുൻനിര നായകന്റെ,​ ഇപ്പോൾ പിടിക്കപ്പെട്ട ലാൻ‌ഡ് റോവർ,​ റോയൽ ഭൂട്ടാൻ ആർമിയുടെ വണ്ടിയായിരുന്നു എന്നു വേണം കരുതാൻ. അവർ കുറെ വർഷം കഴിയുമ്പോൾ അത് ലേലത്തിൽ വിൽക്കും. അത് ഏതെങ്കിലും പാർട്ടി എടുത്ത് ഷിംല റൂറൽ ആർ.ടി ഓഫീസിനെ സ്വാധീനിച്ച് നിയമം ലംഘിച്ച് അവിടെ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് എൻ.ഒ.സി വാങ്ങി ഡ‌ൽഹിയിലേക്കും കോയമ്പത്തൂരിലേക്കും കേരളത്തിലേക്കുമൊക്കെ എത്തിക്കും. അക്കൂട്ടത്തിലുള്ളതാണ് റെയ്ഡിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ.

?​ ഇത്തരം വാഹനങ്ങൾക്ക് ഡിമാൻഡ് കൂടാൻ കാരണം.

 വാഹന ഭ്രാന്തന്മരാണ് ഇതൊക്കെ വാങ്ങുന്നത്. ലാൻ‌ഡ് റോവർ വാഹനങ്ങൾ ഓടിക്കാൻ വലിയ സുഖമില്ലെങ്കിലും ഏതു മലയും കയറുന്നവയാണ്. ഭൂട്ടാന്റെ പ്രകൃതിക്കനുസരിച്ചുള്ള വാഹനമാണ്. അവിടത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് അത് ഉപയോഗിക്കുന്നത്. ഇവിടെ ഇതൊക്കെ അപൂർവമായതുകൊണ്ട്,​വാങ്ങുന്നവരുടെ ലക്ഷ്യങ്ങളിലൊന്ന് ഗമ കാണിക്കലാണ്. ഒരു നടന്റെ ലാൻ‌ഡ് റോവർ ക്ലാസിക് മോഡലാണ്. ഇന്ത്യയിൽ ലഭ്യമല്ല. ഇതെങ്ങനെ നമ്മുടെ നിരത്തിൽ എത്തിയെന്ന് ഞാനും അത്ഭുതപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തതായാണ് കാണുന്നത്.

?​ നിയമവിധേയമായി വിദേശ വണ്ടികൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്...

 ഒരു വാഹനം നമുക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ നമ്മൾ വിദേശത്ത് ജോലി ചെയ്ത്,​ അവിടെ താമസിച്ച്,​ അവിടെവച്ച് വണ്ടി വാങ്ങണം. വിദേശ ജോലി മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ഒരു കസ്റ്റംസ് ക്ലിയറൻസ് പെർമിറ്ര് എടുക്കണം. അതിനും മാനദണ്ഡങ്ങളുണ്ട്. ഇപ്പോൾ ഇങ്ങനെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. ഏതു തരം വണ്ടിക്കും 2008-നു ശേഷം ഇന്ത്യൻ ഷോറൂമുകളിൽ ഡീലർഷിപ്പുകളുണ്ട്. അതിനു മുമ്പുവരെ വിദേശ നിർമ്മിത പ്രീമിയം കാറുകൾ നമുക്ക് ലഭ്യമല്ലായിരുന്നു.

ടൂറിസ്റ്റ് ഓപ്പറേറ്റർക്ക് ഇംപോർട്ട് ചെയ്യാമായിരുന്നു. വിദേശ പൗരൻ ഇന്ത്യക്കാരിയെ വിവാഹം ചെയ്താൽ,​ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം പങ്കാളിക്ക് സമ്മാനിക്കാം. അതിന് കസ്റ്റംസ് ഡ്യൂട്ടി കൊടുത്തിരിക്കണം. കസ്റ്റംസ് ക്ലിയറൻസ് പെർമിറ്റ് എന്തിനും നിർബന്ധമാണ്. കുറച്ചു നാളത്തേക്കു മാത്രമായും പാസ്പോർട്ടിൽ എൻട്രി ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവരാം. ആറു മാസത്തിനുള്ളിൽ തിരികെ കൊണ്ടുപോകണം.

ഇതിനെ കാർനെറ്റ് എന്നു പറയും ഫീസ് കൊടുത്താൽ മതി. ഫോറിൻ രജിസ്ട്രേഷൻ പ്ലേറ്റ് വച്ചു തന്നെ ഇവിടെ ഓടിക്കാം.

പണ്ട് വിദേശ എംബസികളുടെ കാറുകൾ പിന്നീട് വിൽക്കുമ്പോഴാണ് സൂപ്പർതാരങ്ങൾ വാങ്ങിയിരുന്നത്. കേരളത്തിൽ ആദ്യമായി വിദേശ നിർമ്മിത കാർ കൊണ്ടുവന്നത് കൊച്ചുകുഞ്ഞ് ചാന്നാർ എന്ന ധനാഢ്യനായിരുന്നു. അത് 1910-ലായിരുന്നു എന്നാണ് തോന്നുന്നത്. അത് ഓടിക്കാനായി

അദ്ദേഹം സ്വന്തം പറമ്പിൽ റോഡ് നിർമ്മിച്ചു എന്നാണ് കേട്ടിട്ടുള്ളത്!

?​ യൂസ്ഡ് കാർ വിപണി കൂടുതൽ ശക്തിപ്പെട്ടു വരുന്നുണ്ടല്ലോ.

 ആളുകളുടെ വാഹന സ്വപ്നങ്ങൾ വല്ലാതെ വർദ്ധിച്ചു. എന്റെ ചെറുപ്പത്തിൽ അംബാസിഡറിന് 17,000 രൂപയാണ് വില. ഡ്രാഫ്ട് എടുത്ത് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ കൊടുത്താൽ ആറു കൊല്ലം കഴിഞ്ഞാണ് കാർ കിട്ടുക. ഇപ്പോൾ ഒരു ചെക്ക് ബുക്ക് ഉണ്ടെങ്കിൽ ഏതു വാഹനവും ഒട്ടും കാലതാമസമില്ലാതെ വാങ്ങാം. ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഹബ്ബ് ആയി മാറി.

? കള്ളക്കടത്ത് വാഹനങ്ങൾ വിൽക്കുന്നതിൽ ചില യൂസ്‌‌ഡ‌് കാർ ഷോറൂമുകാർക്കും പങ്കില്ലേ.

 അതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടല്ലോ. യൂസ്‌ഡ് കാർ വിപണി ഇത്രയും പച്ചപിടിക്കാൻ കാരണം അതിൽ നിന്നുള്ള അമിത ലാഭമാണ്. ഡൽഹി, മുംബയ് പോലുള്ള സിറ്രികളിൽ ഫ്ലാറ്റ് സമുച്ചയങ്ങളിൽ കഴിയുന്നവർക്ക് ഒരു ഫ്ലാറ്റ് വാങ്ങുന്നതു പോലെ തന്നെ, പാർക്കിംഗ് സ്ഥലവും കാശുകൊടുത്ത് വാങ്ങണം. റോ‌‌ഡിലിടാൻ പറ്റില്ല. നിലവിലെ കാർ ഒഴിവാക്കിയാലേ പുതിയ കാർ അവിടെ പാർക്ക് ചെയ്യാനാകൂ. ഡൽഹിയിലാണെങ്കിൽ 10 കൊല്ലം കഴിഞ്ഞ ഡീസൽ വാഹനം പാടില്ല, 15 കൊല്ലത്തിൽ കൂടുതലായ പെട്രോൾ വാഹനങ്ങളും പാടില്ല. ഇവരൊക്കെ കുറഞ്ഞ തുകയ്ക്ക് കാറുകൾ വിൽക്കാൻ നിർബന്ധിതരാകും. ഇവിടെ 15 ലക്ഷം രൂപ വിലയുള്ള വണ്ടി ഡൽഹിയിൽ ആറു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ലഭിക്കും. മറിച്ചു വിൽക്കുമ്പോൾ 100 ശതമാനം വരെയായിരിക്കും ലാഭം.

? കേരളത്തിലെ സ്വകാര്യ വാഹന പെരുപ്പത്തിനു കാരണം പൊതു ഗതാഗത സംവിധാനത്തിന്റെ പരാജയം കൂടിയല്ലേ.

 തീർച്ചയായും. കെ.എസ്.ആർ.ടി.സി ബസുകൾ തുടർച്ചയായി അപകടങ്ങളിൽപ്പെടുന്നതു കാരണം ബസ് യാത്രയെ പേടിക്കുന്നവരുണ്ട്. റോഡ് നെറ്റ് വർക്ക് കേരളത്തിൽ വികസിച്ചിട്ടില്ല. എല്ലായിടത്തേക്കും ബസ് സർവീസ് നടത്തുന്നുമില്ല.

TAGS: UPENDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.