സിനിമാമോഹം നെഞ്ചേറ്റിയവർക്കുള്ള പാഠപുസ്തകമായി മലയാളസിനിമ നിലകൊള്ളുമ്പോഴും ചിത്രങ്ങളിൽ പലതും സംരക്ഷിക്കപ്പെടാതെ പോകുന്നത് ദുഃഖകരമാണ്!- സംവിധായകനും ലോകപ്രശസ്ത ഫിലിം ആർക്കൈവിസ്റ്റും റിസ്റ്റോററുമായ ശിവേന്ദ്ര സിംഗ് ദുംഗാർപൂർ തന്റെ സ്വപ്നത്തെക്കുറിച്ച് വാചാലനാകുന്നു. നവംബർ 14 വരെ തിരുവനന്തപുരത്ത്, വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ശിവേന്ദ്രസിംഗിന്റെ നേതൃത്വത്തിലുള്ള ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാല നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 66 പേർ പങ്കെടുക്കുന്ന ശില്പശാലയെക്കുറിച്ചും ആർക്കൈവിംഗിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
സംവിധായകനിൽ നിന്ന് ഫിലിം റിസ്‌റ്റോററിലേയ്ക്കുള്ള ദൂരം?
ഫിലിം ആർക്കൈവിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ പി.കെ. നായരുടെ ജീവിതത്തെ ആസ്പദമാക്കി 'സെല്ലുലോയ്ഡ് മാൻ"എന്ന ചിത്രം സംവിധാനം ചെയ്തതാണ് വഴിത്തിരിവായത്. തിരുവനന്തപുരത്ത് അദ്ദേഹവുമൊത്ത് യാത്ര ചെയ്യാൻ അവസരങ്ങൾ ലഭിച്ചു. രാജ്യത്തെ സിനിമാ പൈതൃകം പ്രതിസന്ധിയിലാണെന്ന് തിരിച്ചറിഞ്ഞു. 'ബാക് ടു ദി ബിഗിനിംഗ്"എന്ന പേരിൽ ബച്ചൻ സിനിമകളുടെ റിസ്റ്റോറേഷനായിരുന്നു തുടക്കം. 2014-ലാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ആരംഭിക്കുന്നത്.
സിനിമ സംരക്ഷിക്കുന്നതാണോ വീണ്ടെടുക്കുന്നതാണോ പ്രധാനം?
ആർക്കൈവിംഗിന്റെ രണ്ടു ഘടകങ്ങളാണ് അവ. ആദ്യം സിനിമയുടെ സെല്ലുലോയ്ഡ് സംരക്ഷിക്കണം. രണ്ടാമതാണ് വീണ്ടെടുക്കൽ. സിനിമ സ്വന്തം കുഞ്ഞിനെപ്പോലെയാണ്. ഐ.സി.യുവിൽ കിടക്കുന്നയാളെ പരിപാലിക്കുന്നതു പോലെ, ശ്വാസം നൽകുന്നതു പോലെ പ്രധാനമാണത്. ആദ്യം ഫിലിമിന്റെ നെഗറ്റീവ് അല്ലെങ്കിൽ പ്രിന്റ് വേണം. നെഗറ്റീവിനെ നന്നാക്കുന്നതാണ് ആദ്യഘട്ടം. അത് സ്കാൻ ചെയ്യണം. പിന്നെയാണ് ഡിജിറ്റൽ റിസ്റ്റോറേഷൻ. സമാന്തരമായി ശബ്ദവും വീണ്ടെടുക്കണം.
ചെലവേറിയ പ്രക്രിയയാണോ?
വിഖ്യാതമായൊരു ചിത്രം വരയ്ക്കാൻ ചിത്രകാരന് അധികസമയം വേണ്ടിവരില്ല. പക്ഷെ മ്യൂസിയത്തിൽ അത് സംരക്ഷിക്കാൻ നല്ല ചെലവാകും. ഫിലിം റിസ്റ്റോറേഷനും അതുപോലെയാണ്. സിനിമ ഒരു കലാരൂപമാണെന്ന് അംഗീകരിച്ചാൽ വലിയ ചെലവായി അനുഭവപ്പെടില്ല. അമേരിക്കൻ ഫിലിം മേക്കറായ മാർട്ടിൻ സ്കോർസി ഏറെ പിന്തുണച്ചിട്ടുണ്ട്. ഉദയ്ശങ്കറിന്റെ 'കൽപ്പന" എന്ന ചിത്രം റിസ്റ്റോർ ചെയ്യുന്ന സമയത്താണ് പരിചയപ്പെടുന്നത്. കുമ്മാട്ടി, തമ്പ് എന്നിവയുടെ റിസ്റ്റോറിംഗിലും വർക്ക്ഷോപ്പുകളിലും സഹകരിക്കാറുണ്ട്. 2015 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ശില്പശാലകളിൽ നാനൂറിലധികം പേർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഓഡിയോ- വിഷ്വൽ പ്രൊഫഷണലുകൾ, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഇക്കുറി പങ്കെടുക്കുന്നത്.
സാങ്കേതിക വിദ്യയുടെ കാലത്ത് റിസ്റ്റോറിംഗ്?
ഒ.ടി.ടി ചാനലുകളിലും യു ട്യൂബിലും സിനിമകൾ കാണാനുള്ളപ്പോഴും റിസ്റ്റോറിംഗിന് പ്രസക്തിയുണ്ട്. യാഥാർത്ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്‌റ്റോർ ചെയ്ത സിനിമകളാണ്. ഇതുവരെ റിസ്റ്റോറിംഗിനായി എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. ഡിജിറ്റൽ രംഗത്ത് എന്തൊക്കെ മാറ്റം വന്നാലും കഥപറച്ചിലെന്ന കലയ്ക്കും മനുഷ്യ വികാരങ്ങൾക്കും മാറ്റമുണ്ടാവില്ലല്ലോ...
ഇനിയുള്ള വലിയ ദൗത്യം?
ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ" എന്ന ചിത്രമാണ് ഇനി. സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചിത്രത്തിന്റെ ആകെ ഒരു പ്രിന്റാണ് ശേഷിക്കുന്നത്. 'തമ്പ്"റിസ്റ്റോർ ചെയ്യുമ്പോൾ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഷാജി എൻ. കരുണും 'കുമ്മാട്ടി" ചെയ്തപ്പോൾ സംവിധായകൻ അരവിന്ദന്റെ മകൻ രാമു അരവിന്ദനും ഒപ്പമുണ്ടായിരുന്നു. 'കുമ്മാട്ടി"യുടെ യഥാർത്ഥ ലൊക്കേഷനിൽ പോയാണ് കളർ ഗ്രേഡിയന്റ് ശരിയാക്കിയത്.
തന്റെ ചിത്രങ്ങൾ സംരക്ഷിക്കാൻ ഏറ്റവും ശ്രമിച്ചിട്ടുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. അരവിന്ദന്റെ 'കാഞ്ചനസീത" റിസ്റ്റോർ ചെയ്യണമെന്നുണ്ട്. കെ.ജി. ജോർജിന്റെ സിനിമകൾ കാലത്തിനു മുമ്പേ സഞ്ചരിച്ചവയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേത്. നീലക്കുയിൽ, ചെമ്മീൻ, ഓളവും തീരവും, മുടിയനായ പുത്രൻ തുടങ്ങിയ ചിത്രങ്ങളും വീണ്ടെടുക്കണം.
(ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ ഭാര്യ മലയാളിയും എഴുത്തുകാരിയുമായ ടിഷ ചെറിയാനാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |