SignIn
Kerala Kaumudi Online
Friday, 25 July 2025 3.12 PM IST

എമ്പുരാനും പഹൽഗാമും വോട്ടർമാർ തിരിച്ചറിയും

Increase Font Size Decrease Font Size Print Page

v-muraleedharan

പരസ്പരം

.....................

വി. മുരളീധരൻ, മുൻ കേന്ദ്ര മന്ത്രി

അഭിമുഖം തയ്യാറാക്കിയത്:

പി.എച്ച്. സനൽകുമാർ

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഉറച്ച അടിത്തറയുണ്ടാക്കിയ പ്രമുഖരിൽ പ്രധാനിയാണ് വി. മുരളീധരൻ. എ.ബി.വി.പിയുടെയും യുവമോർച്ചയുടെയും ബി.ജെ.പി.യുടെയും ദേശീയ നേതൃനിരയിലേക്ക് കേരളത്തിൽ നിന്ന് ഉയർന്നുവന്ന നേതാവ്. കേന്ദ്രമന്ത്രിയായും എം.പിയായുമെല്ലാം കഴിഞ്ഞ മൂന്ന് ദശകങ്ങളായി സംസ്ഥാനത്ത് നിറഞ്ഞുനിൽക്കുന്ന വി. മുരളീധരൻ, കേരളത്തിൽ ബി.ജെ.പി.യുടെ സാദ്ധ്യതകൾ കൂടിയെന്ന അഭിപ്രായത്തിലാണ്. ''സംസ്ഥാന നേതൃമാറ്റം പുതിയ ദിശകളിലേക്ക് പാർട്ടിയെ നയിക്കും. വിവാദമായ 'എമ്പുരാൻ" സിനിമ കാണാൻ പോയ മുഖ്യമന്ത്രി പിണറായി വിജയന് പഹൽഗാമിലെ മലയാളി രക്തസാക്ഷിയുടെ വീട്ടിൽ പോകാൻ മനസില്ല. ഈ സാഹചര്യം വോട്ടർമാർ തിരിച്ചറിയും.""- വി. മുരളീധരൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു. അഭിമുഖത്തിൽ നിന്ന്:

? ആറുവർഷം അദ്ധ്യക്ഷനായിരുന്നപ്പോൾ സംസ്ഥാനത്ത് പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റത്തിന് പിന്നീട് തുടർച്ച കാണാനായില്ലെന്ന് വിലയിരുത്തലുണ്ടല്ലോ.

 അങ്ങനെയൊരു തുടർച്ചയില്ലായ്മ സംഭവിച്ചുവെന്ന് തോന്നുന്നില്ല. 2015- ലാണ് സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുന്നത്. 2016-ലെ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബി.ജെ.പി വിജയിച്ചത് ആറുവർഷക്കാലത്തെ പ്രവർത്തനത്തിന്റെ ഫലമായാണെന്നു കരുതാം. പിന്നീട് നേമം നഷ്ടപ്പെട്ടുവെങ്കിലും ജനസ്വാധീനത്തിന് സംസ്ഥാനത്ത് കുറവൊന്നും ഉണ്ടായിട്ടില്ല. അന്ന് ഒരു നിയമസഭാ സീറ്റിലാണ് ജയിച്ചതെങ്കിൽ ഇന്ന് 11 സീറ്റുകളിൽ ലീഡുണ്ട്. ക്രമമായുള്ള വളർച്ചയാണ്.

? സംസ്ഥാന സർക്കാരിനെതിരായ പോരാട്ടത്തിന് പഴയ ശക്തിയില്ലേ.

 സമരങ്ങളിലും പ്രതികരണത്തിലും ഒരു ശക്തിക്കുറവുമില്ല. സർക്കാരിനെതിരെ കടുത്ത സമരം നടത്തുന്ന ശക്തമായ പ്രതിപക്ഷമെന്ന നില ബി.ജെ.പി കൈവരിച്ചുകഴിഞ്ഞു. ഇപ്പോൾ അക്കാര്യത്തിൽ ആർക്കും പുതുമ തോന്നാത്തതുകൊണ്ടാണ് പഴയ ആവേശമില്ലേ എന്ന ചോദ്യം ചിലരിൽ നിന്ന് ഉയരുന്നത്. വാസ്തവത്തിൽ ജനകീയ പ്രശ്നങ്ങളുടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്ന പ്രതിപക്ഷ പാർട്ടി കേരളത്തിൽ ബി.ജെ.പി തന്നെയാണ്.

? സംസ്ഥാനത്തിന്റെ കടമെടുപ്പ്,​ കേന്ദ്രസഹായം തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നിന്ന് കുറിപ്പുമായി വി. മുരളീധരൻ എത്തുന്നതിൽ പലർക്കും സംശയമുണ്ട്- പ്രത്യേകിച്ച് മന്ത്രിമാർക്ക്...

 അതൊന്നും ആരും തന്നുവിടുന്നതല്ല. എല്ലാം പബ്ളിക്ക് ഡൊമൈനിലുള്ള വിവരങ്ങൾ തന്നെയാണ്. അല്ലെങ്കിൽ ആവശ്യമുള്ള വിവരങ്ങൾ തേടിപ്പിടിക്കാനുള്ള വഴികൾ എനിക്കറിയാമെന്ന് കരുതിക്കോളൂ. കേന്ദ്രസർക്കാർ നൽകുന്നതു മാത്രമല്ല,​ സംസ്ഥാന സർക്കാർ ചെയ്യുന്നതിന്റെ കണക്കു കൂടി കൈയിലുള്ളതു കൊണ്ടാണ് രണ്ടും താരതമ്യം ചെയ്ത് സംസാരിക്കാനാകുന്നത്.

കണക്കുകളല്ലേ; എല്ലാം ഓർത്തുവയ്ക്കാൻ പറ്റാത്തതുകൊണ്ട് കുറിച്ചെടുത്ത് കൊണ്ടുവന്ന് പറയുന്നുവെന്നേയുള്ളൂ. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് അതിനെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ച് പരിഹസിച്ചത്. അവർ മറച്ചുവയ്ക്കാൻ നോക്കുന്നത് ചൂണ്ടിക്കാണിക്കാനാണ് ഞാൻ ശ്രമിച്ചത്. അതിൽ ഈർഷ്യ തോന്നുന്നത് സ്വാഭാവികം.

? കേരള ഭരണമാണ് ലക്ഷ്യമെന്ന പുതിയ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന യാഥാർത്ഥ്യ ബോധത്തോടെയാണോ.

 സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ മുന്നണികളെ ജനം മനസിലാക്കിക്കഴിഞ്ഞു. അവർക്ക് വികസനം കൊണ്ടുവരാനോ,​ സംസ്ഥാനത്തിന് സാമ്പത്തിക പുരോഗതി നേടിക്കൊടുക്കാനോ ആവില്ല. ബി.ജെ.പിക്ക് അതിനു കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. 'വികസിതകേരള" പര്യടനത്തിലൂടെ പുതിയ സംസ്ഥാന പ്രസിഡന്റ് ശ്രമിക്കുന്നതും അതിനാണ്. അത് എത്രമാത്രം സ്വീകരിക്കപ്പെട്ടുവെന്ന് പത്തുപന്ത്രണ്ട് മാസങ്ങൾക്കകം അറിയാം.

? ക്രിസ്ത്യൻ വിഭാഗത്തെ കൂടെ നിറുത്തിയുള്ള നീക്കത്തിൽ വിജയ പ്രതീക്ഷയുണ്ടോ.

 ക്രിസ്ത്യൻ വിഭാഗത്തെ പ്രീണിപ്പിച്ച് കൂടെ നിറുത്തിയുള്ള ഒരു രാഷ്ട്രീയം ബി.ജെ.പി നടത്തുന്നില്ല. മുസ്ളീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒരുപോലെയാണ് കാണുന്നത്. വികസനം നടപ്പാക്കുമ്പോൾ എല്ലാവർക്കും ഒരുപോലെ എന്നതാണ് മോദിസർക്കാരിന്റെ നയം. അതേസമയം,​ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ ഇസ്ളാമിക ഭീകരതവാദത്തിന്റെ ഇരകളാണ് തങ്ങളെന്ന ബോധം ക്രിസ്ത്യൻ സമൂഹത്തിനുണ്ട്. നൈജീരിയയിലെ ബോക്കോഹറാം ആക്രമണം, ശ്രീലങ്കയിലെ പള്ളി ആക്രമണം... അങ്ങനെ പലതും.

കേരളത്തിൽ മുനമ്പം പോലുള്ള സംഭവങ്ങളിൽ അവർക്ക് നീതി കിട്ടുന്നില്ലെന്ന തോന്നൽ ശക്തമാണ്. ഭരണത്തിൽ മുസ്ളിം ലീഗിനുള്ള ശക്തമായ സ്വാധീനം ക്രിസ്ത്യൻവിഭാഗം പിന്തള്ളപ്പെടുന്നതിന് കാരണമാകുന്നുവെന്ന തോന്നൽ അവർക്കുണ്ട്. മുസ്ളീം സമുദായത്തെ കൂടുതൽ പ്രീണിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസിനും ഇടതുമുന്നണിക്കും. ബി.ജെ.പി,​ ന്യൂനപക്ഷങ്ങളെ ന്യൂനപക്ഷങ്ങളായി മാത്രം കാണുന്നു. മുസ്ളീം സമൂഹത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കാത്തവർക്കും ബി.ജെ.പി സ്വീകാര്യമാണെന്നത് വസ്തുതയാണ്. സാഹചര്യത്തിന്റെ യാഥാർത്ഥ്യം ഉൾക്കൊണ്ട് ക്രിസ്ത്യൻ വിഭാഗത്തിൽ ബി.ജെ.പി ആഭിമുഖ്യം വർദ്ധിക്കുന്നു എന്നത് വസ്തുതയാണ്. അതിലാണ് ഇവിടെ പലർക്കും അസ്വസ്ഥത.

? സംസ്ഥാനഭരണത്തിൽ മുസ്ളീം പ്രീണനവും ക്രിസ്ത്യൻ വിവേചനവുമാണോ.

 ക്രിസ്ത്യൻ വിവേചനം നടക്കുന്നുണ്ട്. എന്നാൽ മുസ്ളീങ്ങൾക്ക് വാരിക്കോരികൊടുക്കുന്നുവെന്ന് അതിന് അർത്ഥമില്ല. മുസ്ളീം സമുദായത്തോട് അടുപ്പമുണ്ട് എന്ന് വരുത്താൻ സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗത്തോട് അതുപോലുമില്ല. അതേസമയം,​ മുസ്ളീം സമുദായത്തിലെ പാവങ്ങൾക്കും സ്ത്രീകൾക്കും അർഹമായ സഹായം പോലും രണ്ടു മുന്നണികളും നൽകുന്നുമില്ല.

ഗൾഫിലും മറ്റും പണിയെടുക്കുന്ന മുസ്ളീം വിഭാഗങ്ങൾക്ക് സർക്കാർ സംവിധാനത്തിലൂടെ മാത്രം ലഭിക്കേണ്ടുന്ന നിരവധി സഹായങ്ങളുണ്ട്. അതൊന്നും കൃത്യമായി കിട്ടുന്നില്ല. 'നോർക്ക" പോലും പല കാര്യങ്ങളിലും ഫലപ്രദമായും കൃത്യതയോടെയും ഇടപെടുന്നില്ലെന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവങ്ങളും നേരിട്ടറിയാം. ബി.ജെ.പിയും കേന്ദ്രസർക്കാരും ജാതി, മത വിവേചനമില്ലാതെ സഹായം നൽകുന്നതിൽ വിശ്വസിക്കുന്നു. അത് നൽകാൻ ശ്രമിക്കുന്നുമുണ്ട്.

? എന്നിട്ടും മുസ്ളീങ്ങളും ക്രിസ്ത്യാനികളും ബി.ജെ.പിയെ അങ്ങനെയങ്ങ് വിശ്വസിക്കുന്നതായി കാണുന്നില്ലല്ലോ.

 ബി.ജെ.പി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന പ്രചരണം ഇരുമുന്നണികളും കുറേക്കാലങ്ങളായി നടത്തിവരികയല്ലേ?​ അതിന്റെ സ്വാധീനം ന്യൂനപക്ഷങ്ങളുടെ മനസിലുണ്ടാകും. ബി.ജെ.പി യഥാർത്ഥത്തിൽ എന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ നിരന്തരം ശ്രമം നടത്തും.

? സി.പി.എമ്മും മുഖ്യമന്ത്രിയുമായി ബി.ജെ.പിയുടെ അന്തർധാര സജീവമാണെന്നാണ് കോൺഗ്രസ് ആരോപണം.

 ബി.ജെ.പി.ക്കെതിരായ 'ഇൻഡി" മുന്നണിയിലെ സഖ്യകക്ഷികളാണ് കോൺഗ്രസും സി.പി.എമ്മും. അവരാണ് ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും. പിന്നെ എങ്ങനെയാണ് ബി.ജെ.പിയുമായി സി.പി.എമ്മിന് അന്തർധാരയുണ്ടാകുന്നത്. പ്രധാനമന്ത്രിയെ കാണുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനുമായി സൗഹൃദാന്തരീക്ഷമായിരിക്കാം. എന്നാൽ സി.പി.എം നേതാവ് എന്ന നിലയിൽ അദ്ദേഹവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഭരണം കേരളത്തിന്റെ വികസന സാദ്ധ്യതകൾ ഇല്ലാതാക്കുന്നുവെന്ന ഉറച്ച കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്.

? കേരളത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയ സാദ്ധ്യത.

 വികസന മുരടിപ്പാണ് ഇവിടെ ജനങ്ങളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നത്. ഇപ്പോൾ കേരളത്തിൽ കാണുന്ന ആറുവരിപ്പാത, സ്മാർട്ട് ഗ്യാസ്, വന്ദേഭാരത് ട്രെയിനുകൾ, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി പദ്ധതികൾ തുടങ്ങിയവയിലെല്ലാം കേന്ദ്ര സർക്കാരിന്റെ ഇടപെടലുണ്ട്. ദേശീയതലത്തിലെ വികസന കുതിപ്പിന്റെ നേട്ടങ്ങൾ കേരളത്തിനും കിട്ടുന്നു എന്നേയുള്ളു. വികസനം വേണമെങ്കിൽ ബി.ജെ.പിക്ക് ഭരണം കിട്ടേണ്ടിവരുമെന്ന തോന്നൽ ജനങ്ങളിൽ ശക്തമാണ്.

? 'എമ്പുരാൻ" സിനിമ സൃഷ്ടിച്ച അത്രയും ചർച്ച,​ പഹൽഗാം ഭീകരാക്രമണം കേരളത്തിലുണ്ടാക്കിയില്ല. ബി.ജെ.പി പറയുന്ന ദേശീയതയ്ക്ക് ഇവിടെ പിന്തുണയില്ലെന്നതിനു തെളിവല്ലേ അത്.

 സിനിമ വിവാദമായപ്പോൾ അതു കാണാൻ കുടുംബസമേതംപോയ മുഖ്യമന്ത്രി കാശ്മീരിൽ ഭീകരുടെ വെടിയേറ്റു മരിച്ച രാമചന്ദ്രന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ ആ വീട്ടിൽ പോയില്ല. പിന്നീട് വിവാദമായപ്പോഴാണ് പോകാൻ തയ്യാറായത്. മതേതര പ്രസ്ഥാനമാണെന്നു പറയുന്ന മുസ്ളീം ലീഗിന്റെ നേതാക്കളും അവിടെ പോയില്ല. ഭീകരവാദത്തിന് മതമില്ലെന്നു പറയുന്ന ഇക്കൂട്ടരുടെ നിലപാട് എന്താണെന്ന് തെളിയിക്കപ്പെട്ട സംഭവമാണ് അത്. ദേശീയതയെ സംബന്ധിച്ച് അവരുണ്ടാക്കുന്ന മനോഭാവത്തോടാണ് കേരളത്തിൽ ബി.ജെ.പി പോരാടുന്നത്. 'എമ്പുരാൻ" സിനിമാ വിവാദവും പഹൽഗാം ആക്രമണവും വോട്ടർമാർ തിരിച്ചറിയും.

? വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായിരുന്നോ.

 ആ പ്രചാരണത്തിന്റെ പൊള്ളത്തരം മനസിലാക്കാനുള്ള ബുദ്ധിയൊക്കെ കേരളത്തിലെ ജനങ്ങൾക്കുണ്ട്.

? ബി.ജെ.പിയിൽ ഗ്രൂപ്പിസമുണ്ടോ.

 അതു പറയുന്നത് ബി.ജെ.പിക്കാരല്ല. കോൺഗ്രസ്- സി.പി.എം തന്ത്രമാണ്.

? പ്രവർത്തനകേന്ദ്രം കേരളത്തിലേക്കു മാറ്റിയോ.

 അങ്ങനെയല്ല; എന്നും കേരളത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. 2016- ൽ കഴക്കൂട്ടത്ത് മത്സരിച്ചപ്പോൾ മുതൽ ഉളളൂർ ബൂത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും പാർട്ടി നൽകുന്ന ചുമതലകൾ അതിനൊപ്പം നടത്തുന്നു എന്നേയുള്ളു. ബി.ജെ.പിയുടെ സംഘടനാ രീതി അങ്ങനെയാണ്. പ്രധാനമന്ത്രി മോദിയെ ഗുജറാത്തിലെ പ്രവർത്തകനായാണ് സംഘടനാതലത്തിൽ കാണുന്നത്.

TAGS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.