ജിയോബേബിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ അഭിലാഷ്ബാബു ഒരുക്കുന്ന ചിത്രമാണ് കൃഷ്ണാഷ്ടമി. അധികാര ദുർവിനിയോഗത്തിന് ഇരയായ നിസ്സഹായരായ മനുഷ്യരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം. വൈലോപിളളി ശ്രീധരമേനോന്റെ കവിതയായ കൃഷ്ണാഷ്ടമിയുടെ സിനിമാറ്റിക് വേർഷനാണ് അഭിലാഷ് ബാബു ഒരുക്കുന്നത്.
ആലോകം: റേഞ്ച്സ് ഓഫ് വിഷൻ (2023), മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ തുടങ്ങിയ സ്വതന്ത്രചലച്ചിത്രങ്ങളാണ് അഭിലാഷ് ബാബുവിന്റേതായി മുമ്പ് പുറത്തിറങ്ങിയ മറ്റു സിനിമകൾ. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ബാബുവിന്റെയും ഓമനയുടെയും മകനാണ് അഭിലാഷ്. ഇപ്പോഴിതാ തന്റെ സിനിമാവിശേഷങ്ങളെക്കുറിച്ച് കേരളകൗമുദി ഓൺലൈനിനോട് അഭിലാഷ് ബാബു സംസാരിക്കുന്നു.
1. മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...എന്ന ചിത്രം മോക്കുമെന്ററി ശൈലിയിലുള്ള സിനിമയാണല്ലോ. ഇങ്ങനെയൊരു ആശയം ആദ്യമായി തോന്നിയത് എപ്പോഴാണ്?
മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ... രണ്ടാമത്തെ സിനിമയാണ്. 2024ലാണ് അത് ഐ എഫ് എഫ് കെ യിലേക്ക് പ്രീമിയർ ചെയ്യുന്നത്. അതിനു മുൻപ് 2023ൽ ഞാൻ ആലോകം എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. ആ സിനിമയ്ക്ക് മുൻപ് രൂപപ്പെട്ട ഒരു പ്ലോട്ട് ആണ് സത്യത്തിൽ 'മായുന്നു'വിന്റേത്. ഡ്രാമ സ്വഭാവത്തിലുള്ള ഒരു സിനിമയായി തന്നെയാണ് ആദ്യം അത് ആലോചിച്ചത്. പിന്നീട് കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സിനിമ എന്നുള്ള രീതിയിൽ ആലോകവുമായി മുന്നോട്ടു പോവുകയായിരുന്നു. ആലോകത്തിനുശേഷം തുടർച്ചയായി ഒരു സിനിമ ചെയ്യേണ്ടിവന്നപ്പോളാണ് മറ്റൊരു ശൈലിയിൽ സിനിമ ചെയ്യുന്നതിനെ പറ്റിയുള്ള ആലോചന ഉണ്ടായത്.
സത്യത്തിൽ സാഹചര്യങ്ങളാണ് സിനിമയുടെ ഫോർമാറ്റിനെ നിർണയിച്ചത് എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ ഒരു ഫോർമാറ്റ് കൈകൊള്ളാനുള്ള ആശയം രൂപപ്പെട്ടത് ഒരു ഡോക്യുമെൻററി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടയാണ്. ഡോക്യുമെൻററി എന്ന് തോന്നുന്ന ഒരു ഫിക്ഷണൽ സിനിമ ചെയ്യാം എന്ന ആലോചന വന്നു. അതിലേക്ക് പഴയ പ്ലോട്ടിനെ ഘടിപ്പിക്കുകയായിരുന്നു.
2. സിനിമയുടെ ആർട്ടിസ്റ്റിക്കൽ കാഴ്ചപ്പാടും വാണിജ്യപരമായ സാധ്യതയും?
നിലവിൽ ഏറ്റവും അധികം മുതൽമുടക്ക് വേണ്ടിവരുന്ന കലാരൂപം സിനിമയാണെന്ന് പറയാം. സ്വാഭാവികമായും നിലനിൽപ്പിന്റെ പ്രശ്നമെന്നുള്ള നിലയിൽ അതിൽനിന്നു തന്നെ ലാഭമുണ്ടാക്കേണ്ടി വരും. എങ്കിൽ മാത്രമായിരിക്കും തുടർന്ന് സിനിമകൾ ചെയ്യാനാവുക. ഈ ഒരവസ്ഥ മാർക്കറ്റിന് കീഴടങ്ങി കൊണ്ട് സിനിമ ചെയ്യേണ്ട ഗതികേടിലേക്ക് ക്രിയേറ്ററെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. ആർട്ടിസ്റ്റിക്കായി മാത്രം സിനിമ ചെയ്തു കൊണ്ട് നിലനിൽക്കാനാകുമോ എന്നുള്ള ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ കടന്നുവരവ് സിനിമ എടുക്കുന്നതിന്റെ ചിലവ് കുറച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ സിനിമ ചെയ്യാൻ ആകുന്നുണ്ട്.
3. സ്വതന്ത്രസിനിമകൾ വേണ്ട രീതിയിൽ മലായാളി പ്രേക്ഷകർ അംഗീകരിക്കുന്നുണ്ടോ?
സ്വതന്ത്ര സിനിമകൾക്ക് കേരളത്തിൽ അത്യാവശ്യം പ്രേക്ഷകർ ഉണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്, പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഇടങ്ങളെ അപേക്ഷിച്ച്. പക്ഷേ അത് ഇനിയും വർദ്ധിക്കണം. സ്വതന്ത്ര സിനിമകൾ യാതൊരുവിധത്തിലുള്ള താൽപര്യങ്ങളാലും നിയന്ത്രിക്കപ്പെടാതെ നിർമ്മിക്കപ്പെടുന്ന സിനിമകളാണ്. അതിന് ജനങ്ങളുടെ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതി എന്നുള്ള സ്വാതന്ത്ര്യമുണ്ട്.
നല്ല സിനിമകൾ നിർമ്മിക്കാതെ കാഴ്ചക്കാരെ കിട്ടുന്നില്ല എന്നുള്ള വിലാപത്തിന് അർത്ഥവുമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന ജനങ്ങളുമായി ഇടപഴകുന്ന സിനിമകളും ഉണ്ടാവണം. ഫെസ്റ്റിവലുകൾക്ക് അപ്പുറം സ്വാതന്ത്രസിനിമയ്ക്ക് വേദികൾ കിട്ടുന്നുണ്ടോ എന്നത് ചർച്ചയ്ക്ക് എടുക്കേണ്ട കാര്യമാണ്. കേരളത്തിലെ മിക്ക ഫിലിം സൊസൈറ്റികളും മറ്റിടങ്ങളിൽ ലഭ്യമായ സിനിമകൾ തന്നെയാണ് കൂടുതലായി ഇപ്പോൾ കാണിച്ച് വരുന്നത് എന്നാണ് തോന്നുന്നത്.
4.സ്വാധീനിച്ചവർ ആരൊക്കെയാണ്?
പഠനത്തിനും ജോലിയ്ക്കും ഒക്കെ അപ്പുറം ഒരു എഴുത്തുകാരനായോ കലാകാരനായോ ഒക്കെ ജീവിക്കാനുള്ള പ്രേരണ ചെറുപ്പത്തിലെ നൽകിയത് അച്ഛനായിരുന്നു. ഒരു കർഷകനായ അദ്ദേഹം വായിക്കാനും എഴുതാനുമൊക്കെ പ്രേരിപ്പിച്ചിരുന്നു. ഡിഗ്രി കാലഘട്ടത്തിൽ തിരുവനന്തപുരം സിറ്റിയിലേക്ക് എത്തിയതും ലോകം കുറച്ചുകൂടി തുറന്നു കിട്ടിയതും ഒരു സ്വാധീനമാണ്. പുസ്തകങ്ങളെയും സിനിമകളെയും ഒക്കെ പരിചയപ്പെടാൻ തിരുവനന്തപുരം നഗരം വലിയ ഒരു പ്രേരണയായിരുന്നു. ഇഷ്ടപ്പെട്ട സംവിധായകനും എഴുത്തുകാരും അനവധിയുണ്ട്.
5. സിനിമയുടെ ക്രൗഡ് ഫണ്ടിംഗ് എങ്ങനെ കൈകാര്യം ചെയ്തു?
സുഹൃത്തുക്കൾക്കിടയിലും മറ്റും സാമൂഹ്യ മാധ്യമങ്ങളും സെറ്റിംഗ് ആപ്പുകളും വഴി സിനിമയുടെ വാർത്തകൾ എത്തിച്ചാണ് ക്ലൗഡ് ഫണ്ടിംഗ് നടത്തിയത്. പൂർണ്ണമായും ക്രൗഡ് ഫണ്ടിങ് വഴിയല്ല സിനിമകൾ നിർമ്മിക്കപ്പെട്ടത്. ചില ഫെസ്റ്റിവലുകളിൽ സെലക്ട് ചെയ്യുന്നതുവഴി ലഭിക്കുന്ന പ്രൈസ് മണി, സ്ക്രീനിംഗ് ഫീസ് തുടങ്ങിയവ പൂർണമായും അടുത്ത സിനിമയിലേക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചില ഘട്ടങ്ങളിൽ കടം തന്ന് സഹായിച്ച സുഹൃത്തുക്കളുമുണ്ട്.
6.വളർന്നുവരുന്ന യുവസംവിധായകർക്ക് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് ?
ഒപ്പമുള്ള ആൾക്കാരോട് പങ്കുവെക്കാനുള്ളത് സിനിമ എന്ന മീഡിയം കൊളാബറേഷന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടുന്ന ഒന്നാണ് എന്നാണ്. അവിടെ കോമ്പറ്റീഷൻ ആരോഗ്യകരമായി നടക്കേണ്ടുന്ന ഒന്നാണ്. സിനിമയിലേക്ക് എത്താൻ വളരെയധികം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും എത്താതെ പോവുകയും ചെയ്യുന്ന നിരവധി ആൾക്കാരുണ്ട്. അവരുടെ റിസോഴ്സുകൾ തിരിച്ചറിഞ്ഞ് സിനിമ എടുത്താൽ സിനിമയിലേക്കുള്ള വഴി കുറച്ചുകൂടി എളുപ്പമാകും എന്നാണ് തോന്നുന്നത്. എല്ലാവരും ഒരേ മാർഗത്തിൽ തന്നെ സിനിമയിലേക്ക് എത്തണം എന്ന് പറയുന്നതിൽ വലിയ അർത്ഥമില്ല. ഓരോരുത്തരുടെയും പ്രതീക്ഷകളും സിനിമയോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്.
7.വൈലോപ്പിള്ളി ശ്രീധര മേനോന്റെ "കൃഷ്ണാഷ്ടമി" എന്ന കവിത സിനിമയ്ക്ക് അടിസ്ഥാനമായി ആകർഷിച്ചതെന്ത്? കവിതയിലെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ ജീവസുറ്റതാക്കാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നുണ്ടോ?
വൈലോപ്പിള്ളി എൻറെ ഇഷ്ട കവികളിൽ ഒരാളാണ്. അദ്ദേഹത്തിൻറെ മാസ്റ്റർപീസുകളായി സാധാരണ പറഞ്ഞു കേൾക്കാത്ത ഒരു കവിതയാണ് കൃഷ്ണാഷ്ടമി. എന്നാൽ ചെറിയ ക്ലാസുകളിലേ തന്നെ എനിക്കിഷ്ടപ്പെട്ട ഒരു കവിതയായിരുന്നു ഇത്. അതിലെ കഥാപാത്രങ്ങൾ, സ്ഥലം ഒക്കെ എൻ്റെ മനസ്സിൽ ചിത്രങ്ങളായി ഉണ്ടായിരുന്നു. അതാവും ഒരുപക്ഷേ ആകസ്മികമായി ഈ കവിത സിനിമ ആക്കുന്നതിലേക്ക് നയിച്ചത്. മലയാളത്തിൽ കവിതകൾ സിനിമകൾ ആകുന്നത് അപൂർവമാണ്. എന്നാൽ കവിതയും സിനിമയും ഇമേജുകളുടെ കാര്യത്തിൽ അടുത്തു നിൽക്കുന്നതായാണ് ഞാൻ കരുതുന്നത്. ഞാൻ കൂടുതലും വായിക്കുന്ന സാഹിത്യരൂപം കവിതയാണ്.
8. അധികാര ദുർവിനിയോഗത്തിന് ഇരയായ നിസ്സഹായരായ ആളുകളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള കൃഷ്ണാഷ്ടമി സിനിമയാകുമ്പോൾ പ്രേക്ഷകരിൽ അവ എങ്ങനെ പ്രതിധ്വനിക്കുമെന്നാണ് കരുതുന്നത്?
ലോകത്തിലെ വലിയ സമ്പദ്ഘടനകളിൽ ഒന്നായ നമ്മുടെ രാജ്യത്ത് തന്നെയാണ് ഏറ്റവും അധികം ദരിദ്രർ ഉള്ളത് എന്നത് ഒരു വിരോധാഭാസമാണ്. നമ്മുടെ പദ്ധതികൾ, ഭരണം ഒക്കെ ചുരുക്കം ചില കോർപ്പറേറ്റുകളെ കേന്ദ്രീകരിച്ചാണ്. കവിതയിൽ പറയുന്നതുപോലെ അധികാരത്തിന്റെ കാറ്റിനാൽ പറക്കപെടാൻ നിയോഗിക്കപ്പെട്ട കരിയിലകളാണ് ഈ നിസ്വരായ ജനം. സാമൂഹ്യമായ ഈ യാഥാർത്ഥ്യത്തോട് ഇടപഴകൻ ഈ സിനിമയിലൂടെ കഴിയട്ടെ എന്നാണ് കരുതുന്നത്. അവസ്ഥകളെ ചോദ്യം ചെയ്യാനും അവർക്ക് വേണ്ടി സംസാരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. അതിന് ഭരണകൂടത്തെ പ്രേരിപ്പിക്കണം.
9.മുഖ്യവേഷത്തിൽ ജിയോ ബേബിയെ തെരെഞ്ഞെടുക്കാൻ കാരണം? അദ്ദേഹവുമായി പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?
'മായുന്നു...' ഐ എഫ് എഫ് കെ യിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ജിയോ ബേബി ആയിരുന്നു. എൻറെ നമ്പർ സംഘടിപ്പിച്ച് അദ്ദേഹം ഒരു കൺഗ്രാജുലേറ്ററി മെസ്സേജ് എനിക്ക് അയച്ചു. ഐ എഫ് എഫ് കെ സമയത്ത് അദ്ദേഹവുമായി കൂടുതൽ സംസാരിക്കാൻ കഴിഞ്ഞു. അപ്പോൾ കൃഷ്ണാഷ്ടമിയുടെ ആലോചനകൾ നടക്കുകയായിരുന്നു. ജിയോ ബേബിയെ മുഖ്യ വേഷത്തിലേക്ക് പരിഗണിക്കാനുള്ള ചിന്ത അപ്പോഴാണ് വന്നത്. അദ്ദേഹം തുടർന്ന് അതിനോട് സഹകരിക്കുകയായിരുന്നു. സിനിമയുടെ നിർമ്മാണ ഘട്ടത്തിലും അദ്ദേഹം സിനിമയുമായും ക്രൂവുമായും വളരെ നല്ല രീതിയിൽ സഹകരിച്ചു. പരിമിതമായ സാഹചര്യങ്ങളിലും അത് മനസ്സിലാക്കി കൂടെ നിന്നു. പൂർണ്ണ പിന്തുണ നൽകി. അദ്ദേഹത്തിൻറെ തുടക്കവും ഇതുപോലുള്ള ബഡ്ജറ്റ് സിനിമകൾ ആയതിനാൽ ഞങ്ങളെ മനസ്സിലാക്കി.
10. വൈലോപ്പിള്ളിയുടെ വരികൾക്കൊപ്പം സ്വന്തം വരികളും സിനിമയിൽ ഉൾപ്പെടുത്താൻ പ്രേരണയായത്?
കവിതയ്ക്കുള്ളിൽ തന്നെ രണ്ടു പാട്ടുകളുണ്ട്. അതിലൊന്ന് കഥാപാത്രങ്ങൾ ദിവ്യബാലനായ ശ്രീകൃഷ്ണനെ ലാളിക്കുന്ന പാട്ടാണ്. മറ്റൊന്ന് വിധുരയായ രാധികയുടെ ദുഃഖം ആവിഷ്കരിക്കുന്ന പാട്ടാണ്. മാതൃത്വം, സൗഹൃദം, തുടങ്ങിയ എക്സ്പ്രഷൻസ് കൂടി ആവിഷ്കരിക്കാം എന്നുള്ള ചിന്തയാണ് കൂടുതൽ പാട്ടുകൾ ഉൾപ്പെടുത്താൻ കാരണമായത്. അതിന് ഞാൻ തന്നെ വരികൾ എഴുതുകയായിരുന്നു. സുകുമാരകവി എഴുതിയ താരാട്ടിന്റെ രൂപത്തിലുള്ള ഒരു ശ്ലോകവും ഉൾപ്പെടുത്തിയിട്ടുണ്ട്.
11. മുൻ ചിത്രമായ ആലോകം, "മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ..." എന്നീ സിനിമകൾ "കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സുമായി എത്രത്തോളം വേറിട്ടു നിൽക്കും?
ഓരോ സിനിമയും മറ്റൊന്നിന്റെ ആവർത്തനം ആകരുത് എന്നുള്ള നിർബന്ധ ബുദ്ധി എനിക്കുണ്ട്. അത് രൂപപരമായും ഞാൻ ശ്രമിക്കാറുണ്ട്. അതിനനുസരിച്ചുള്ള പുതിയ രൂപം ആവിഷ്കരിക്കാൻ ആണ് ശ്രമിക്കുന്നത്. ആലോകവും മായുന്നുവും ഇത്തരത്തിൽ വ്യത്യസ്തമായി നിൽക്കുന്ന സിനിമകളാണ് എന്നാണ് ഞാൻ കരുതുന്നത്. കൃഷ്ണാഷ്ടമിയും അത്തരത്തിൽ രൂപപരമായും ഉള്ളടക്കത്തിന്റെ തലത്തിലും വ്യത്യസ്തമായാണ് ഒരുക്കുന്നത്. മൂന്നിലും നിലവിലുള്ള വ്യവസ്ഥകളോട് ആണ് സംവദിക്കാൻ ശ്രമിച്ചിരിക്കുന്നത്. ആ അർത്ഥത്തിൽ സിനിമയിൽ ചില സ്ഥലങ്ങളിൽ കൺവെർജ് ചെയ്യുന്നുണ്ട്.
12. സിനിമയിലൂടെ പ്രേക്ഷകർക്ക് എന്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്?
ഈസ്‌തെറ്റിക് ആയിട്ടുള്ള ഒരു പർപ്പസിന് പുറമേ കലാരൂപങ്ങൾക്ക് സംവാദം എന്ന ഒരു ഉദ്ദേശം കൂടിയുണ്ട്. അവ നിലവിലെ അവസ്ഥകളോട് പ്രതികരിക്കണം. പ്രതികരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കണം. നമ്മുടെ യാഥാർത്ഥ്യം എന്ന് കരുതുന്നതിന് ഉള്ളിൽ, അല്ലെങ്കിൽ അതിന് കീഴിൽ യാഥാർത്ഥ്യത്തിന്റെ വ്യത്യസ്ത ലെയറുകൾ കാണും. അത് ലിറ്ററലായ ഭാഷ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. അവിടെയാണ് കല പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള ഒരു ഇടപെടൽ നടത്താനും സംവാദം രൂപീകരിക്കാനും കൂടി കലയിലൂടെ ശ്രമിക്കേണ്ടതുണ്ട്.
13. ഭാവി പ്രോജക്ടുകൾ?
ഭാവി പ്രോജക്ടുകൾ എല്ലാം ഐഡിയയകളായിട്ടേയുള്ളൂ. അവയെ സ്ക്രിപ്റ്റ് രൂപത്തിൽ ആക്കേണ്ടതുണ്ട്. കൃഷ്ണാഷ്ടമിയുടെ തിരക്കുകൾക്കുശേഷമേ അടുത്ത ഒന്നിലേക്ക് കടക്കാൻ കഴിയൂ. സിനിമ തുടർന്നും ചെയ്യണമെന്നാണ് ആഗ്രഹം.
14. കുടുംബം, പഠനം?
അച്ഛനും അമ്മയും ആണ് എന്നോടൊപ്പം ഉള്ളത്. ഞങ്ങളുടേത് ഒരു കർഷക കുടുംബമാണ്. അച്ഛൻറെ പേര് ബാബു. അമ്മ ഓമന അമ്മ. മൂത്ത സഹോദരൻ അനീഷ് ബാബു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.
ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയിട്ടുണ്ട്. സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്ഷനിൽ ഡിപ്ലോമയും ചെയ്തു.
15. ആദ്യ സിനിമയെ പറ്റി കൂടുതൽ പറയാമോ?
ആദ്യ സിനിമ 2023 നിർമ്മിച്ച ആലോകം: Ranges of Vision ആണ്. അത് ആറ് ഭാഗങ്ങളിൽ ഒരു ആന്തോളജിയാണ്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ഒരു സ്ട്രക്ചർ ആണ് അതിനുള്ളത്. ആദ്യ അഞ്ച് ഭാഗങ്ങളാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഇത് റോബർട്ട് ബ്രൗണിങ്ങിന്റെ അഞ്ച് കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉള്ളതാണ്. സിനിമയ്ക്ക് പുറത്ത് സിനിമ ഒരു സംവിധായകൻറെ ജീവിതവും സിനിമാ സ്വപ്നങ്ങളുമാണ്. ചിത്രം ഇപ്പോൾ മിനിമൽ സിനിമയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |