പ്രണയഭംഗങ്ങളും വേർപിരിയലുകളുമൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പക്ഷേ പ്രണയത്തിന്റെ പേരിലുള്ള ക്രൂരമായ പകവീട്ടലുകൾ പുതിയ കാലത്തിന്റെ മാത്രം പ്രത്യേകതയാണ്. മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. മാരകായുധങ്ങളേക്കാൾ പ്രഹരശേഷിയുള്ള ആയുധമാണ് സൈബർ അധിക്ഷേപങ്ങൾ. ഈ ദിവസങ്ങളിൽ പുറത്തുവന്ന, യുവാവിന്റെയും യുവതിയുടേയും ആത്മഹത്യങ്ങൾ സൈബർ അധിക്ഷേപത്തിന്റെ ബാക്കിപത്രമാണ്. പ്രണയത്തിൽ നിന്ന് പിന്മാറിയാലുടൻ സോഷ്യൽ മീഡിയയിലൂടെ പകവീട്ടുന്ന രീതി എത്ര പൈശാചികമായ വാസനയാണ്. ഫലമോ മാതാപിതാക്കൾക്ക് പ്രതീക്ഷയോടെ വളർത്തിയ മക്കളെ നഷ്‌ടമാകുന്നു. പുത്രദുഃഖം ഏല്പിക്കുന്ന മുറിവുകൾ അവരുടെ ഈ ആയുസിൽ ഉണങ്ങുമോ?
പെൺമക്കളുള്ള ഏതൊരു രക്ഷാകർത്താവിന്റെയും ഏറ്രവും വലിയ ഭീതിയാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ. ആൺകുട്ടികളായാലും ചെയ്യാത്ത തെറ്രിന്റെ പേരിൽ സൈബർ ഇടങ്ങളിൽ അധിക്ഷേപത്തിന് ഇരയാകുന്നത് എത്ര ക്രൂരമാണ് . സൈബർ ഇടങ്ങളിലുള്ള ഇത്തരം കുറ്റവാസനകൾക്കെതിരെ നിയമം കർശനമാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ചെറുപ്രായത്തിൽ തന്നെ നല്കേണ്ട ബോധവത്കരണം. സമൂഹമൊന്നാകെ ഇതിനായി ഒറ്റക്കെട്ടായി അണിനിരന്നില്ലെങ്കിൽ നമ്മുടെ യുവസമൂഹത്തിൽ വലിയൊരു ശതമാനം മാനസികാരോഗ്യം ശോഷിച്ചവരും ക്രൂരമായ മനസിന് ഉടമകളുമായി മാറുമെന്നതിൽ സംശയമില്ല. അതിനാൽ സർക്കാർ സംവിധാനങ്ങൾ പുതിയ ബോധവത്കരണ രീതികൾ നടപ്പാക്കാൻ വൈകരുത്.
ഗിരിജ കെ.എസ്
കോട്ടയം
അരിക്കൊമ്പനിലൂടെ
ജനത്തെ പറ്റിച്ചവർ
ജനവാസമേഖലയിലിറങ്ങി ഭീഷണിയുയർത്തിയും ആളുകളെ കൊന്നും ചിന്നക്കനാലിന്റെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പിടികൂടി മറ്റൊരു കാട്ടിലേക്ക് മാറ്റിയ സർക്കാരിന്റെ തട്ടിപ്പാണ് ഇപ്പോൾ നാട്ടിലെങ്ങും സംസാരവിഷയം. ആനയെ പിടിച്ച് മറ്റൊരു കാട്ടിലേക്ക് മാറ്റിയാൽ തീരുന്നതല്ല പ്രശ്നമെന്ന് ഈ രംഗത്തെ വിദഗ്ധരും ജനങ്ങളും എന്നേ മുന്നറിയിപ്പ് നല്കിയതാണ്. പ്രശ്നബാധിത മേഖലയിലെ ജനങ്ങൾക്ക് മതിയായ നഷ്‌ടപരിഹാരം നല്കി അവരെ സുരക്ഷിതമായി മാറ്റുകയായിരുന്നു വേണ്ടത്. എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ആനയെ സംബന്ധിച്ചിടത്തോളം പെരിയാറിൽ നിന്ന് മടങ്ങിയെത്തുക അത്ര വലിയ കാര്യമൊന്നുമല്ല. അരിക്കൊമ്പൻ പോയതോടെ അവന്റെ സംഘത്തിൽപ്പെട്ട മറ്റാനകളുടെ ശല്യത്താൽ ആ നാട്ടിലെ പാവം ജനങ്ങളുടെ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണ് . ജീവിക്കാൻ കഷ്ടപ്പെടുന്ന അവർ ഇനിയും ആനയുമായി മല്ലിട്ടും ജീവൻ തുലാസിൽ വച്ചും അവിടെ തുടരണമെന്നാണോ? വന്യമൃഗഭീഷണിക്ക് പരിഹാരം കാണേണ്ടത് വിദഗ്ധാഭിപ്രായം തേടിയാണ്. അല്ലാതെ യുക്തിക്ക് നിരക്കാത്ത ചിന്തകളുള്ള സംഘങ്ങളുടെ തീരുമാനപ്രകാരം ആകരുത്.
എസ്. സുരേഷ് കുമാർ
അടിമാലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |