ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം നമ്മുടെ സമൂഹവും ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദങ്ങളും ഉണരുകയും മാധ്യമങ്ങൾ അതിനു പിറകേ കുറേനാൾ വാർത്തകൾ സൃഷ്ടിക്കുകയും ഒടുവിൽ എല്ലാം കെട്ടടങ്ങി ശാന്തമാവുകയും ചെയ്യുന്നു.
ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. എല്ലാം പഴയതുപോലെ ഉണരുകയും കെട്ടടങ്ങുകയും ചെയ്യുന്നു.
മലപ്പുറത്തെ താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലും ഇതുതന്നെയാണ് ചോദ്യങ്ങളായി ഉയരുന്നത്. പതിനഞ്ചു കുരുന്നുകൾ ഉൾപ്പെടെ ഇരുപത്തിരണ്ടു പേരുടെ ജീവനാണ് നഷ്ടമായത്. സുരക്ഷയോ മാനദന്ധങ്ങളോ ഒന്നുമില്ലാതെ പരിധിയിൽ കൂടുതൽ ആളുകളെ ബോട്ടിൽ കുത്തിനിറച്ചുകൊണ്ടുപോയ ബോട്ടുടമയോ ജീവനക്കാരോ നമ്മുടെ ഭരണകൂടമോ ഉദ്യോഗസ്ഥ മേധാവികളോ ആരാണ് ഇത്രയും ജീവന് സമാധാനം പറയുക? കുമരകത്തും തട്ടേക്കാടും തേക്കടിയിലുമുണ്ടായ ദുരന്തങ്ങൾ ഒടുവിൽ താനൂരിലും ആവർത്തിക്കുകയല്ലേ ചെയ്തത്? മരിച്ചവർക്ക് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകി സർക്കാർ കൈകഴുകുന്നു. പരസ്പരം കുറ്റങ്ങൾ പറഞ്ഞു നല്ലപിള്ളമാർ ചമയുന്നു. പക്ഷെ ജീവിതംതുടങ്ങുന്നതിന് മുമ്പേ കൊഴിഞ്ഞുവീണുപോയ പ്രിയ മക്കളുടെ വേർപാടിൽ കേഴുന്ന അച്ഛനമ്മമാരുടെ വേദനയ്ക്ക് അറുതി ഉണ്ടാകുമോ? ഇനിയെങ്കിലും നമ്മുടെ നിയമങ്ങൾ അനുസരിപ്പിക്കാനും മറ്റൊരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് ഉണർന്നു പ്രവർത്തിക്കാനും ഒട്ടും അമാന്തിച്ചുകൂട.
ജയൻ മണമ്പൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |