SignIn
Kerala Kaumudi Online
Saturday, 27 April 2024 12.54 AM IST

വിമാന കണക്ടിവിറ്റി; ലോക കേരളസഭയുടെ ഇടപെടൽ വേണം

editpg

വിദേശ രാജ്യങ്ങളുമായി കേരളത്തിൽനിന്നുള്ള വിമാന കണക്ടിവിറ്റി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലോക കേരളസഭ നടക്കുന്ന ഈയവസരത്തിൽ ബന്ധപ്പെട്ടവർ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം .

നിലവിൽ കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് ഉൾപ്പെടെ കണക്‌ഷൻ വിമാനങ്ങളിൽ പോകുന്നവർ ഗൾഫ് രാജ്യങ്ങളിലുള്ള എയർലൈൻസുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.
ഇതുമൂലം കേരള ഗൾഫ് റൂട്ടിലുള്ള ടിക്കറ്റ് നിരക്ക് ഒരുകാലത്തും കുറയുന്നില്ല. ഇനിയെങ്കിലും ഈ വിഷയം ഗൗരവമായി പരിഗണിക്കണം. കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനുള്ള സാദ്ധ്യത പരീക്ഷിക്കാനോ അല്ലെങ്കിൽ ഗൾഫ് ഇതര രാജ്യങ്ങളുടെ എയർലൈൻസിന് അനുമതി നൽകാനോ വൈകിക്കൂടാ.

കേരളത്തിൽ നിന്ന് യൂറോപ്പിലേക്കു നേരിട്ടുള്ള വിമാനസർവീസിനുള്ള കാലതാമസം ഒഴിവാക്കിയോ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചോ കേരള ഗൾഫ്‌സെക്ടറിലുള്ള തിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിൽ ഇടപെടൽ നടത്താൻ ലോകകേരളസഭ നടക്കുന്ന സമയം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുനിൽ തോമസ്,

റാന്നി

ഈ വെപ്രാളം ജനത്തിന് തലവേദന

മുഖ്യമന്ത്രിയ്‌ക്ക് നേരെയുള്ള പ്രതിഷേധവും അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ജനത്തിന് നിരന്തരം തലവേദന സൃഷ്‌ടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലാണ് കറുപ്പെന്ന നിറത്തിന് ഏർപ്പെടുത്തിയ നിരോധനം.

ജനത്തിന്റെ ഒരു സ്വാഭാവിക ചോദ്യം ഇതാണ് എന്തിനാണ് ഈ വെപ്രാളം ? മുൻപും ഇവിടെ മന്ത്രിസഭകളും മുഖ്യമന്ത്രിമാരും ഉണ്ടായിരുന്നില്ലേ. ചിലരെങ്കിലും വിവാദങ്ങളിൽ പെട്ടിരുന്നു. അവർക്കെല്ലാം എതിരെ പ്രതിഷേധവും ഉയർന്നിരുന്നു. ആരും ഇത്രയും വെപ്രാളം കാട്ടുകയും പൊതുജനത്തിന്റെ വഴിമുടക്കുകയും കരിങ്കൊടി പേടിച്ച് കറുപ്പിനോട് അസഹിഷ്‌ണുത പുലർത്തുകയും ചെയ്തില്ല. ഭരണാധികാരികളുടെ പക്വതയില്ലായ്‌മയാണോ അതോ അവരുടെ ഉപദേശകരുടെ വിവരമില്ലായ്‌മയും അഹന്തയുമാണോ ഇതിന് കാരണമെന്ന് ജനം ചോദിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യന്റെ പ്രതിഷേധപ്പേടിയിൽ

മാമോദിസ കഴിഞ്ഞ കുഞ്ഞുമായി വീട്ടിൽ കയറാനാവാതെ മാതാപിതാക്കളും ബന്ധുക്കളും വഴിയിൽ കുടുങ്ങിയ പരമദയനീയമായ കാഴ്ച പോലും കേരളം കണ്ടു. ഉപദേശകരും മുഖ്യമന്ത്രിയും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്., ഈ വെപ്രാളം ജനമനസുകളിൽ ഭരിക്കുന്നവരോടുള്ള അമർഷം മാത്രമല്ല, അവരെ കുറിച്ച് സംശയങ്ങളും സൃഷ്‌ടിക്കുന്നുണ്ട്.

പ്രവീൺ സുദർശനൻ

കോന്നി

ജനം വീർപ്പുമുട്ടുന്നു!

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സാധാരണ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മുന്നറിയിപ്പില്ലാതെയുള്ള റോഡ് അടച്ചിടലും, പൊലീസ് അഴിഞ്ഞാട്ടവുംമൂലം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി കടന്നു പോകുന്ന വഴികൾ മണിക്കൂറുകളോളം സാധാരണജനങ്ങളെ പൊരിവെയിലത്ത് ബന്ദികളാക്കി നിർത്തുന്ന നടപടി ഒരു ജനാധിപത്യ ഗവൺമെന്റിന് ഒട്ടും യോജിച്ചതല്ല. സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ഇടതുപക്ഷ മുന്നണി, ഇത്ര വലിയ പ്രതിരോധം തീർക്കുന്നതിലൂടെ വെളിപ്പെടുത്തുന്നത് ഇരട്ടത്താപ്പാണ്. ഇടതുപക്ഷ ഗവൺമെന്റിനോടുള്ള വിശ്വാസം വർദ്ധിച്ചതു കൊണ്ടാണ് തുടർഭരണം കിട്ടിയത് എന്ന കാര്യം മറക്കരുത്. പ്രതിഷേധിക്കാനുള്ള അവകാശം തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നതും ശരിയല്ല. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനുമാവില്ല.

ആർ. എസ്. ഉണ്ണികൃഷ്ണൻ
കാട്ടായിക്കോണം


ആൾക്കൂട്ട ആക്രമണങ്ങൾ ;

ആഭ്യന്തരവകുപ്പിന്റെ പരാജയം

അന്ന് അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. ഇപ്പോൾ തിരുവനന്തപുരത്ത് മറ്റൊരു ആൾക്കൂട്ടം ചന്ദ്രൻ എന്നൊരാളെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. കുറ്റം ചെയ്ത ഒരാളെ ശിക്ഷിക്കാൻ നിയമ സംവിധാനങ്ങളുള്ള ജനാധിപത്യരാജ്യത്താണ് ഇത്തരം ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത് എന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ കറുത്ത മാസ്‌കോ കറുത്ത വസ്ത്രങ്ങളോ കറുത്ത കുടയോ ഉപയോഗിച്ച് സഞ്ചരിക്കുന്നവരെ ആട്ടിയോടിക്കാൻ വ്യഗ്രത കാട്ടുന്ന പൊലീസ്, ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കണ്ണടയ്ക്കുന്നത് തികച്ചും അപലപനീയമാണ്. ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ വീണ്ടും വീണ്ടും വർദ്ധിച്ചുവരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയത്തിലേക്കാണ് വിരൽചൂണ്ടുന്നത്

എ.കെ.അനിൽകുമാർ
നെയ്യാറ്റിൻകര

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.