'കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം." തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം പരസ്യമായി വെളിപ്പെടുത്തിയതു വഴി സർക്കാരിന്റെ 'അഭിമാനം" തകർത്ത വകുപ്പ് മേധാവി ഡോ. ഹാരിസിന്റെ നിശബ്ദ വിലാപം. സത്യസന്ധതയും ആത്മാർത്ഥതയും സംശുദ്ധിയും കൈമുതലാക്കിയ ഡോക്ടറെ മോഷണക്കേസിൽ വരെ പ്രതിയാക്കി പുറത്ത് ചാടിക്കാനുള്ള ശ്രമത്തിലാണത്രെ സർക്കാരിന്റെ 'സിസ്റ്റം". സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ഡോ. ഹാരിസിനെ 'ജീവിച്ചിരിക്കുന്ന, നവീൻ ബാബു" എന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. അഴിമതി രഹിതനായ ഉദ്യോഗസ്ഥനെന്ന് പേര് കേട്ട കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബു ജില്ലാ പഞ്ചായത്ത്, പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് പി.പി. ദിവ്യയുടെ അപവാദ പ്രചരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയപ്പോൾ, സർക്കാരും പാർട്ടിയും അദ്ദേഹത്തിന്റെ
കുടുംബത്തിന് ഒപ്പമുണ്ടെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, പ്രതിപ്പട്ടികയിൽ ദിവ്യ മാത്രം. ആ മരണത്തിൽ സംശയ നിഴലിലായിരുന്ന കണ്ണൂർ ജില്ലാ കളക്ടറെയും നവീൻ ബാബുവിന് കോഴ നൽകിയതായി പറഞ്ഞയാളെയും പോലും ചോദ്യം ചെയ്തില്ല. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം സുപ്രീംകോടതി വരെ കയറിയപ്പോഴും സർക്കാർ നിന്നത് ആർക്കൊപ്പമെന്ന് കണ്ടതാണ്.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ വിവാദമായപ്പോൾ അദ്ദേഹത്തെ ആദ്യം തള്ളിപ്പറഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജ് ജനവികാരം എതിരായതോടെ, സർക്കാർ അദ്ദേഹത്തിന് ഒപ്പമാണെന്ന് പിറ്റേന്ന് മാറ്റിപ്പറഞ്ഞു. അപ്പോൾത്തന്നെ, ഡോ. ഹാരിസിന്റ കാര്യത്തിൽ ഒരു 'തീരുമാനമായെന്ന് " പറഞ്ഞവരുണ്ട്. സർക്കാരിന് 'അവമതിപ്പുണ്ടാക്കിയ" ഡോക്ടറെ എങ്ങനെയും കുരുക്കാനുള്ള ഗവേഷണത്തിലായിരുന്നു കഴിഞ്ഞ ഒരുമാസം ആരോഗ്യവകുപ്പ്. ഒടുവിൽ അതാ കിട്ടിപ്പോയി! 20 ലക്ഷം രൂപ വിലയുള്ള ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഒരു തുമ്പ് 'കാണാനില്ല." പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. കൈയോടെ ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. തന്റെ വകുപ്പിലെ ഒരുപകരണവും കാണാതായിട്ടില്ലെന്നും മന്ത്രി പറഞ്ഞ ഉപകരണത്തിന് 14 ലക്ഷം രൂപയാണ് വിലയെന്നും, ഡോക്ടർമാർക്ക് പരിശീലനം ലഭിക്കാത്തതിനാൽ രണ്ടുകൊല്ലമായി ഉപകരണം മാറ്റി വച്ചിരിക്കുകയാണെന്നും ഒരു വർഷം മുമ്പ് മേധാവിയായി ചുമതലയേറ്റ ഡോ. ഹാരിസ് വ്യക്തമാക്കിയതോടെ, ചെമ്പ് പുറത്ത് (കോപ്പർ ഔട്ട്). കാരണം കാണിക്കൽ നോട്ടീസ് സാധാരണ നടപടിക്രമമാണെന്നും ഡോക്ടർക്കെതിരെ നടപടിയെടുക്കാനല്ലെന്നും പറഞ്ഞ് തടിതപ്പി .സർക്കാർ ആശുപത്രികളിലെ വീഴ്ചകളെപ്പറ്റി മറ്റാരും വാ തുറക്കാതിരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ കുതന്ത്രമാണത്രേ!
ചിരിച്ചുകൊണ്ട് കഴുത്തറുക്കുക, തോളിൽ കയറിയിരുന്ന് ചെവി കടിക്കുക തുടങ്ങിയ കലാപരിപാടികളാണ് സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ നടത്തുന്നതെന്നാണ് സർക്കാരിന്റെ ആക്ഷേപം. ഒരു ഘട്ടത്തിൽ തൊമ്മനും ചാണ്ടിയും മുറുകി. പിന്നീട് തൊമ്മൻ അയഞ്ഞെങ്കിലും ചാണ്ടി മുറുകി തന്നെ നിൽപ്പാണ്. കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം കേരള സർവകലാശാല സെനറ്റ് ഹാളിലെ സ്വകാര്യ ചടങ്ങിൽ വച്ചതാണ് ഇടങ്ങേറായത്. ഇടതുപക്ഷ സിൻഡിക്കേറ്റിന്റെ താത്പര്യപ്രകാരം, ചാൻസലറായ ഗവർണർ പങ്കെടുത്ത ചടങ്ങിന് രജിസ്ട്രാർ വിലക്ക് ഏർപ്പെടുത്തിയ നടപടി കലാശിച്ചത് രജിസ്ട്രാറുടെ സസ്പെൻഷനിൽ. സസ്പെൻഷൻ പിൻവലിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും സർക്കാർ പയറ്റി. സർവകലാശാലയിൽ വി.സി എത്തിയാൽ തടയാൻ കോപ്പ് കൂട്ടി എസ്.എഫ്.ഐ. തുടർന്ന്, തൃശൂരിലെ ആരോഗ്യ സർവകലാശാലാ ആസ്ഥാനത്ത് ഇരുന്നുകൊണ്ടായി വി.സി. ഡോ.മോഹൻ കുന്നുമ്മേലിന്റെ
റിമോട്ട് ഭരണം. ഫയലുകൾ കുന്നുകൂടിയതോടെ, ഒത്തുതീർപ്പിനായി ശ്രമം. എസ്.എഫ്.ഐ സമരം നിറുത്തുകയും, വി.സി തിരിച്ചെത്തുകയും ചെയ്തിട്ടും 'ചങ്കരൻ
തെങ്ങിൽ" തന്നെ! വി.സി. നിയമിച്ച താത്കാലിക രജിസ്ട്രാർ ഒരു സീറ്റിൽ. സസ്പെൻഷൻ വകവയ്ക്കാതെ ഓഫീസിലെത്തിയ ഡോ. അനിൽ കുമാർ രജിസ്ട്രറുടെ സീറ്റിൽ.
അദ്ദേഹം ഫയലുകളിൽ തൊടുന്നത് തടഞ്ഞ് വി.സി, മന്ത്രി ആർ. ബിന്ദുവുമായി ചർച്ച നടത്തിയിട്ടും വി.സി പിടിവാശിയിൽ. ഡോ. അനിൽ കുമാർ ആദ്യം സസ്പെൻഷൻ
അംഗീകരിക്കട്ടെ, എന്നിട്ട് പുനർനിയമനത്തിന് അപേക്ഷ നൽകാമെന്നായി വി.സി. സൂത്രപ്പണി നാലായി മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്ന് സർക്കാർ.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്, സമവായത്തിനായി രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ ആർലേക്കർ വരവേറ്റത് പൊന്നാട ചാർത്തി. എല്ലാം 'കോംപ്ളിമെന്റ്സായെന്ന് " ആശ്വസിച്ച് സർക്കാർ. സുപ്രീംകോടതി നിർദ്ദേശിച്ച സമവായ നീക്കത്തിന്റെ ഭാഗമായാണ് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സി. നിയമനത്തിന് ഗവർണർക്ക് സർക്കാർ പാനലുകൾ നൽകിയത്. പക്ഷേ പുനർനിയമനം ലഭിച്ചതാവട്ടെ, ഗവർണർ തന്നെ നേരത്തേ നിയമിച്ച ഡോ.സിസാ തോമസിനും ഡോ.ശിവപ്രസാദിനും. പിന്നാലെ, 'പഴയ" രജിസ്ട്രാർക്കും, ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കുമെതിരെ പൊലീസ് കേസും. പുറത്ത് കണ്ടതിലും വലുത് മാളത്തിലെന്ന് പറഞ്ഞത് എത്ര ശരി! അനിഷ്ടം തോന്നുമ്പോൾ പരസ്യമായി പൊട്ടിത്തെറിച്ചിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുറമെ സൗമ്യനായ ഇപ്പോഴത്തെ ഗവർണർ ആർലേക്കറെ ആപേക്ഷിച്ച് എത്ര ഭേദം! സർക്കാർ- ഗവർണർ ബന്ധം തുടക്കത്തിൽ 'തന്തുനാനേന". ഇപ്പോൾ,'തുന്തനാനേന". ഒപ്പം, വിദ്യാർത്ഥികളുടെ ഭാവിയും!
മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ട് നാളേറെയായി. പിണറായി സർക്കാരെന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും, എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും തർക്കമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉച്ചി കുത്തി വീഴുമെന്നും, എൽ.ഡി.എഫിന് ഭരണത്തിൽ തുടർച്ചയായ മൂന്നാം ഊഴം കിട്ടുമെന്നുമാണ് സ്വന്തം പാർട്ടിയിലെ തമ്മിലടിയിലും, കുതികാൽ വെട്ടിലും സഹികെട്ട തിരുവനന്തപുരം മുൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവി പോലും പറഞ്ഞത്. പക്ഷേ, ഇടതു സർക്കാർ വീണ്ടും വരരുതെന്ന് 'പ്രാർത്ഥിക്കുന്ന" സഖാക്കളും രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളിലും ഏറെയുണ്ടെന്നാണ് കേൾവി. സി.പി.ഐ സഖാക്കൾ പാർട്ടി
സമ്മേളനങ്ങളിലെങ്കിലും അത് തുറന്ന് പറയാൻ ധൈര്യം കാട്ടുന്നു. ഒരിക്കൽ കൂടി ഇടതു സർക്കാർ അധികാരത്തിൽ വരരുതെന്നാണ് നല്ല പാർട്ടിക്കാർ ആഗ്രഹിക്കുന്നതെന്നാണ് സി.പി.ഐ. കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞതെന്നാണ് റിപ്പോർട്ട്. പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം സി.പി.എമ്മിനും, മുഖ്യമന്ത്രി പിണറായി വിജയനും മുന്നിൽ മുട്ടിടിച്ചു നിൽക്കുന്നു. മുഖ്യമന്ത്രി നയിച്ച നവ കേരള യാത്ര കൊണ്ട് ആകെയുള്ള 'ഗുണം" ഹെൽമെറ്റ് ഒരായുധമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതാണെന്ന് വരെ നീണ്ടു സി.പി.ഐ. നേതാക്കളുടെ പരിഹാസം! ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ?.
നുറുങ്ങ്:
@ ഛത്തീസ്ഗഡ് ജയിലിൽ ഒമ്പത് ദിവസം അടച്ചിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് നേടാൻ കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ തമ്മിൽ മത്സരം.
■ ഇതിൽ ആരുടേതാവും യഥാർത്ഥ മുതലക്കണ്ണീർ?.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |