അത് നീയാകുന്നു (തത്ത്വമസി)- ശബരിമല അയ്യപ്പ സന്നിധിയിലെത്തുന്നവരെ സ്വാഗതം ചെയ്യുന്ന ഉപനിഷദ്‌വാക്യം. നിരീശ്വരവാദികളെന്ന് പേരുകേട്ട കമ്മ്യൂണിസ്റ്റുകാരുടെ സർക്കാർ കഴിഞ്ഞയാഴ്ച പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി സഖാവ് അതിന് വ്യാഖ്യാനവും നൽകി. 'ഞാനും നീയും അന്യരല്ല; എല്ലാ മനുഷ്യരും ഒന്നാണ്. ശബരിമലയിലെത്തുന്ന ഭക്തർ ആദ്യം തൊഴുന്നത് ഇസ്ലാമായ വാവര് സ്വാമിയെയാണ്. യാത്രാമദ്ധ്യേ അവർ അർത്തുങ്കൽ പള്ളിയിൽ കാണിക്ക സമർപ്പിക്കുന്നു. ഈ അർത്ഥത്തിൽ ലോകത്തെ ഏറ്റവും വലിയ മതേതര കേന്ദ്രം ശബരിമലയാണ്." സംഗമത്തിൽ മുഴങ്ങിക്കേട്ടത് ഭക്തിയെയും മത സൗഹാർദ്ദത്തെയും ശബരിമല വികസനത്തെയും കുറിച്ചുള്ള വാക്കുകൾ.
രണ്ടു ദിവസം കഴിഞ്ഞ് പന്തളത്ത് നടന്ന ബദൽ അയ്യപ്പ സംരക്ഷണ സംഗമത്തിലും കേട്ടു, തത്ത്വമസിക്ക് ഒരു സന്യാസിയുടെ വ്യാഖ്യാനം.'ശബരിമലയിൽ ആചാരലംഘനം നടത്തി അശുദ്ധകളായ സ്ത്രീകളെ കയറ്റാൻ വഴിയൊരുക്കിയത് ആരാണ്? അത് നീയാണ്! " എന്നായിരുന്നു വ്യാഖ്യാനം. അത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. ഭക്തരെക്കുറിച്ച് പഠിപ്പിച്ചത് അവിശ്വാസിയായ വിജയനാണ് എന്നായിരുന്നു ബദൽ സംഗമം ഉദ്ഘാടനം ചെയ്ത തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ പരിഹാസം. തമിഴ്നാട്ടിൽ സ്റ്റാലിൻ മുഖ്യമന്ത്രിയായ ഡി.എം.കെ സർക്കാരിനെ താഴെയിറക്കാതെ ചെരുപ്പിടില്ലെന്ന കഠിനവ്രതത്തിലാണ് അണ്ണാമലൈ. ചാട്ടവാർക്കൊണ്ട് ശരീരത്തിലടിച്ച് സ്വയം വേദനിപ്പിച്ച ശീലമുള്ള നേതാവിന് ഒടുവിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പോയിക്കിട്ടി.
സ്വാമി അയ്യപ്പൻ പന്തളം കൊട്ടാരത്തിലെ രാജകുമാരനായിരുന്ന വേളയിൽ രാജ്യം ആക്രമിച്ചു കീഴടക്കാനെത്തിയ മുസ്ലിം ഭരണാധികാരിയായിരുന്നു വാവർ. അയ്യപ്പന്റെ ദൈവിക ശക്തി തിരിച്ചറിഞ്ഞ് കീഴടങ്ങിയ ശേഷം തന്നെ ശരണം പ്രാപിച്ച വാവരെ അയ്യപ്പൻ ഉറ്റസുഹൃത്താക്കി മാറ്റിയെന്നും, വാവര് സ്വാമിക്ക് ശബരിമലയിൽ ഇരിപ്പിടം നൽകിയെന്നുമാണ് ഭക്തരുടെ വിശ്വാസം. ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളോടെ ശബരിമലയിലെത്തുന്ന ഭക്തർ വാവരെയും വണങ്ങുന്നതും ഇതിന്റെ ഭാഗമായാണ്. എന്നാൽ, പന്തളത്തു നടന്ന ബദൽ അയ്യപ്പ സംഗമത്തിൽ ചേങ്കോട്ടുകോണം മഠാധിപതി ശാന്താനന്ദ മഹർഷി പറഞ്ഞ വാക്കുകൾ വിദ്വേഷവും മത സ്പർദ്ധയും വളർത്തുന്നതായിരുന്നു എന്നാണ് സർക്കാർ സംഗമക്കാർ ഉയർത്തുന്ന വിമർശനം.
ആക്രമണകാരിയായ വാവർ തീവ്രവാദിയാണെന്നും പൂജിക്കപ്പെടേണ്ട ആളല്ലെന്നുമാണ് മഹർഷിയുടെ വാദം. പിതാവായ പരമശിവന്റെ ഭൂതഗണത്തിൽപ്പെട്ട 'വാപുരു" എന്ന സ്വാമിയെ അയ്യപ്പന്റെ സേവയ്ക്കായി അയച്ചതാണെന്നും മഹർഷി സമർത്ഥിച്ചു. എന്നാൽ, ജാതിക്കും മതത്തിനും അതീതമായി എല്ലാ മനുഷ്യർക്കും പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവുമുള്ള ശബരിമലയെ സംബന്ധിച്ച മഹർഷിയുടെ പരാമർശം അശാന്തിയും മതസ്പർദ്ധയും വളർത്തുന്നതാണെന്നും ബദൽ അയ്യപ്പ സംരക്ഷണ സംഗമത്തിന്റെ ശോഭ കെടുത്തിയെന്നുമാണ് ആക്ഷേപം. ഇതേച്ചൊല്ലി കേസുമായി. എല്ലാം അയ്യപ്പൻ സാക്ഷി!
അയ്യപ്പ ഭക്തരെ തള്ളിപ്പറയാൻ കഴിയില്ലെന്ന് പന്തളം കൊട്ടാരം. ശാന്താനന്ദ മഹർഷിയിൽ നിന്ന് ഇത്തരത്തിലൊരു പ്രസംഗം സംഘാടകർ പോലും പ്രതീക്ഷിച്ചില്ലെന്ന് ശബരിമല സംരക്ഷണ സംഗമം സ്വാഗതസംഘം പ്രസിഡന്റും പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയുമായ പി.എൻ. നാരായണ ശർമ്മ. തന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷമാണ് അദ്ദേഹം സംസാരിച്ചത്. സംരക്ഷണ സംഗമം വിവാദത്തിലാക്കിയത് ഈ പ്രസംഗമാണെന്നും, വേദിയിൽ വച്ച് അത് തിരുത്താൻ തനിക്കു കഴിഞ്ഞില്ലെന്നും നാരായണ ശർമ്മ പറയുന്നു.
ശബരിമലയിൽ അയ്യപ്പ സന്നിധാനത്തിനു താഴെ വാവരുടെ ക്ഷേത്ര നിർമ്മാണത്തിന് ഭൂമി നൽകിയത് പന്തളം കൊട്ടാരമാണെന്നാണ് ചരിത്ര രേഖകൾ. മഹാരാമായണം രചിച്ച വാല്മീകി മഹർഷി പൂർവാശ്രമത്തിൽ മനുഷ്യരെയും മൃഗങ്ങളെയും കൊന്നുതിന്നുന്ന കാട്ടാളനായിരുന്നു. ക്രൂരതകളുടെ പര്യായമായിരുന്ന ആ കാട്ടാളൻ മഹർഷിമാരുടെ ഉപദേശപ്രകാരം 'മരാ, മരാ" എന്നു ജപിച്ചത് രാമനാമ ജപമായി. ചിതൽപ്പുറ്റായി മാറിയ കാട്ടാളൻ പിൽക്കാലത്ത് ലോകം ആരാധിക്കുന്ന മഹർഷിവര്യനായി. വാത്മീകി മഹർഷിയുടെ പൂർവാശ്രമം പരതി, രാമായണം രചിച്ചത് പഴയ കാട്ടാളനാണെന്നു പറഞ്ഞ് ആ മഹർഷിയെയും ഇതിഹാസത്തെയും തിരസ്ക്കരിക്കാനാവുമോ?
മഹാപരാക്രമിയും ആക്രമണകാരിയുമായിരുന്ന വാവർ പന്തളത്തെത്തിയത് ആക്രണമത്തിലൂടെ രാജ്യം കീഴടക്കാൻ തന്നെയായിരുന്നു. ഒടുവിൽ തന്റെ ഭക്തനായി മാറിയ വാവരെ അയ്യപ്പൻ ഉറ്റ സുഹൃത്തായി പ്രഖ്യാപിച്ച് ഒപ്പം കൂട്ടിയെന്നാണ് ഐതിഹ്യവും ഭക്തജനകോടികളുടെ വിശ്വാസവും. അതോടെ, ഈശ്വരീയതയുടെ ഭാഗമായി മാറിയ വാവര് സ്വാമിയെ വീണ്ടും ആക്രമണകാരിയും തീവ്രവാദിയയുമായി ചിത്രീകരിക്കുന്നതല്ലേ മത തീവ്രവാദമെന്നാണ് പന്തളം കൊട്ടാരത്തിനൊപ്പം ഭക്തജനങ്ങളും ഉയർത്തുന്ന ചോദ്യം.
സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ ഭൂരിഭാഗം കസേരകളും കാലിയായിക്കിടന്നത്, കപടഭക്തർ നടത്തിയ സംഗമം ഏഴുനിലയിൽ പൊട്ടിയതിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ ഭാഷയിൽ ഇത് ആളെ കസേരയിൽ ഇരുത്താനും, മാറ്റാനും കഴിയുന്ന എ.ഐ അഥവാ കൃത്രിമ ബുദ്ധിയാണ്. അപ്പോൾ സംഗമസ്ഥലത്ത് മുഖ്യമന്ത്രിയുടെ കാറിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വന്നിറങ്ങിയതും എ.ഐയുടെ സൃഷ്ടിയാണോ എന്നാണ് മുൻ എം.എൽ.എ പി.വി. അൻവറിന്റെ സംശയം.
'ഒരു വെടിക്ക് രണ്ടുപക്ഷി" എന്നതാണ് ആഗോള അയ്യപ്പ സംഗമത്തിനുശേഷം പിണറായി സർക്കാരിന്റെ സ്ഥിതിയെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. സർക്കാർ പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന യോഗം ജനറൽ സെക്രട്ടറി നടേശൻ, സംഗമത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചത് അയ്യപ്പ ഭക്തനെന്നാണ്. ശത്രുപക്ഷത്തായിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും സമദൂരത്തിൽ നിന്ന് ഇടത്തോട്ട് ചാഞ്ഞു. ഇതെല്ലാം, തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പകൾ അടുത്തിരിക്കെ, ഇടതു സർക്കാരിന്റെ മൂന്നാമൂഴത്തിന് വഴിയൊരുക്കുമെന്ന ആഹ്ളാദത്തിലാണ് സഖാക്കന്മാർ. സംഗമത്തിന് അയ്യപ്പന്റെ തുണ ലഭിച്ചതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്നും. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീമില്ലെന്നാണ് സർക്കാരും ഇടതു മുന്നണിയും പറയുന്നതെങ്കിലും, ലക്ഷ്യം രാഷ്ട്രീയം തന്നെയായിരുന്നുവെന്ന് അരിയാഹാരം മാത്രമല്ല, ഗോതമ്പാഹാരം കഴിക്കുന്നവർക്കും നിശ്ചയം.
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി" എന്ന അവസ്ഥയിലാണത്രെ, സർക്കാരിന് എൻ.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ. തിരഞ്ഞെടുപ്പ് മുൻനിറുത്തി എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാണ്. എല്ലാം പാഴാവുമോ? കൈവിട്ട കസ്തൂരി മാമ്പഴം എങ്ങനെയും സ്വന്തമാക്കണം. എൻ.എസ്.എസ് സർക്കാർ നയത്തെ പിന്തുണച്ചപ്പോൾ, കോൺഗ്രസും ബി.ജെ.പിയുമാണ്
അങ്കലാപ്പിലായതതെന്ന് സുകുമാരൻ നായർ. ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും. പക്ഷേ, സർക്കാരിന്റെ അയ്യപ്പ സംഗമം കപട നാടകമാണെന്നും വിശ്വാസികൾ തള്ളിക്കളഞ്ഞെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്- ബി.ജെ.പി നേതാക്കൾ. ഇടയ്ക്കിടയ്ക്ക് വിളിയും കാത്ത് പ്രതീക്ഷയോടെ അവർ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ഉറ്റുനോക്കുന്നു!
നുറുങ്ങ്: □ കേന്ദ്ര സർക്കാർ ആലപ്പുഴയിലോ തൃശൂരിലോ എയിംസ് അനുവദിക്കുന്നില്ലെങ്കിൽ, അതങ്ങ് തമിഴ്നാട്ടിലേയ്ക്ക് പൊയ്ക്കോട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ്.
○ കുളിപ്പിച്ചു കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുമോ?
(വിദുരരുടെ ഫോൺ: 99461 08222)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |