കെയ്റോ: ഈജിപ്ഷ്യൻ പിരമിഡുകളും രാജാക്കന്മാരുടെ ശേഷിപ്പുകളായ മമ്മികളും നിഗൂഢതകൾ നിറഞ്ഞതും എല്ലാവർക്കും കൗതുകം ഉണർത്തുന്നതുമാണ്. അതിൽ ഏറെ നിഗൂഢതകൾ മാത്രം നിലനിൽക്കുന്നത് ചെറുപ്പത്തിൽ തന്നെ മരണത്തിന് കീഴടങ്ങിയ തുത്തൻഖാമന്റേതാണ്. എന്നാൽ അദ്ദേഹത്തോടൊപ്പം ദുരൂഹത നിറയുന്ന ഒരാളുടെ കഥകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്.
തുത്തൻഖാമന്റെ അർദ്ധ സഹോദരിയും ഭാര്യയുമായ 'അനൈക്സാനാമുൻ' എന്ന രാജ്ഞിയുടെ കഥ. ചരിത്രത്തിൽ നിന്ന് തന്നെ മായിച്ചുകളയാൻ ശ്രമിച്ച രാജ്ഞിയെ കുറിച്ചാണ് പുതിയ വിവരങ്ങൾ ഈജിപ്ത് പുറത്തുവിട്ടിരിക്കുന്നത്. ലോകപ്രശസ്ത പുരാവസ്തു ഗവേഷകനും ഈജിപ്തിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രിയുമായ സാവി ഹവാസിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
'അന്കേ സ്നാമുന്റെ ജീവിതം തന്നെ ദുരൂഹതയാണ്. നിരവധി കഥകൾ ഇവരെ കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും ചരിത്ര രേഖകൾ ഒന്നും അവശേഷിച്ചിരുന്നില്ല എന്നതാണ് കൗതുകം.
തുത്തൻഖാമന്റെ പിതാവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച ആറുമക്കളിൽ മൂന്നാമത്തവളാണ് അനൈക്സാനാമുൻ. ബി.സി 1348ലാണ് ഇവർ ജനിച്ചത്. അക്കാലത്തായിരുന്നു ഈജിപ്തിന്റെ ചരിത്രത്തിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.
തന്റെ പതിമൂന്നാമത്തെ വയസ്സിൽ അർദ്ധ സഹോദരനായ തുത്തൻഖാമനുമായി ഇവരുടെ വിവാഹം നടന്നു. അന്ന് തുത്തൻഖാമന് പത്ത് വയസ്സ് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഇവർക്ക് രണ്ട് കുട്ടികൾ ജനിച്ചു. എന്നാൽ രക്തബന്ധത്തിൽ പിറന്ന കുട്ടികളായതിനാൽ ഇവർ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. എട്ട് വർഷത്തെ ദാമ്പത്ത്യ ജീവിതത്തിനൊടുവിൽ 21ആം വയസിൽ അനൈക്സാനാമുൻ വിധവയായി. തന്റെ പതിനെട്ടാം വയസിൽ തുത്തൻഖാമൻ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണം ഇന്നും ദുരൂഹതകൾ നിറഞ്ഞതാണ്.
തുത്തൻഖാമന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മുത്തച്ഛൻ അനൈക്സയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രാജ്ഞിയായ അനൈക്സ ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു. മാത്രമല്ല ഈജിപ്ത് രാജാവ് തന്നെ വിവാഹം കഴിക്കണമെന്ന് അനൈക്സാനാമുൻ ആവശ്യപ്പെട്ടു. പക്ഷേ ഒരു യാത്രക്കിടയിൽ ആ രാജവും കൊല്ലപ്പെട്ടു. അതോടെ തുത്തൻഖാമന്റെ മുത്തച്ഛനായ അയ് രാജാവ് അനൈക്സയെ വിവാഹം കഴിക്കുകയും ചെയ്തു. അവരെ വിവാഹം കഴിക്കാനായി മുൻ രാജാവിനെ മുത്തച്ഛനായ അയ് കൊലപ്പെടുത്തിയെന്നും കഥകളുണ്ട്.
എന്നാൽ അയ് രാജാവിന്റെയോ തുത്തൻഖാമന്റെയോ ശവകുടീരങ്ങൾക്കടുത്തായി ഈ രാജ്ഞിയുടെ ശവകുടീരമില്ല എന്നത് അതിശയമാണ്. രാജവംശത്തിലെ മറ്റെല്ലാവരുടെയും ശവകുടീരങ്ങൾ കണ്ടെത്തിയിട്ടും അനൈക്സാനാമുന്റേതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നത് ഏറെ നിഗൂഢമാണ്. 'സൺ ഡിസ്ക്' എന്നറിയപ്പെടുന്ന പറക്കും തളികയുടെ ആദിമരൂപത്തെ ആരാധിച്ചിരുന്നവരാണ് അനൈക്സ. അക്കാലത്തെ പുരോഹിത വർഗം ഇതിനെതിരായിരുന്നു. രാജ്ഞിയുടെ വംശത്തെ ഇല്ലാതാക്കാനായി പുരോഹിക വർഗം ഗൂഢാലോചനകൾ നടത്തിയെന്നും കഥകളുണ്ട്.
അതേ സമയം ഇക്കാലത്തെ മനുഷ്യർക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടെന്ന വാദം ഉണ്ടായിരുന്നു. തുത്തൻഖാമന്റെ കഠാര പണിതത് ഉല്കാശിലകൾ കൊണ്ടാണെന്ന് അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. ദൈവമായും പൈശാചികതയുടെ രൂപമായുമെല്ലാം തുത്തൻഖാമൻ ചരിത്രത്തിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ ശവകുടീരം അടുത്തിടെ പുതുക്കി പണിതിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മുഖവും കുടീരത്തിന്റെ ചിത്രവുമെല്ലാം പുറത്തുവിട്ടിരുന്നു.
3341 വർഷം പഴക്കമുളള തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത് 1922ലാണ്. ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറെന്ന പുരാവസ്തു ഗവേഷകനായിരുന്നു ഇതിനു പിന്നിൽ. ബിസി 1322ൽ പതിനെട്ടാം വയസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച തുത്തൽഖാമന്റെ കല്ലറ തുറന്നപ്പോൾ 11കിലോ സ്വർണ്ണത്തിൽ പൊതിഞ്ഞ മുഖംമൂടിയും സ്വർണ്ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്തത്ര രത്‌നങ്ങളും സ്വർണ്ണശേഖരവും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |