കൊച്ചി: ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി. സന്നിധാനത്ത് യാതൊരുവിധ പ്രതിഷേധ പരിപാടികളും നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൂടാതെ ശബരിമലയെ നിരീക്ഷിക്കാൻ മൂന്നംഗ സംഘത്തെയും കോടതി നിയമിച്ചു. ജസ്റ്റിസ് പി.ആർ. രാമൺ, ജസ്റ്റിസ് സിരിജഗൻ, ഡി.ജി.പി ഹേമചന്ദ്രൻ ഐ.പി.എസ് എന്നിവരെയാണ് നിരീക്ഷകരായി കോടതി നിയമിച്ചത്.
ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യം ഉൾപ്പടെയുള്ളവ ഏർപ്പെടുത്തണം. സ്ത്രീകൾക്കും കുട്ടികൾക്കും നടപ്പന്തലിൽ വിരിവയ്ക്കാം. മണിക്കൂറിൽ നൂറുകണക്കിന് ഭക്തരാണ് ശബരിമലയിൽ എത്തുന്നത്. അതിനാൽ കെ.എസ്.ആർ.ടി.സി ബസുകൾ തുടർച്ചയായി സർവീസ് നടത്തണം. ഭക്തർക്ക് ഭക്ഷണവും വെള്ളവും 24 മണിക്കൂറും ലഭ്യമാക്കണം. അതിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സർക്കാരും ദേവസ്വം ബോർഡുമാണെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. പൊലീസിന്റെ അതിരുവിട്ട ഇടപെടലുകളെ കോടതി രൂക്ഷമായി വിമർശിച്ചു. പോലിസിന് മാന്യമായി പരിശോധന നടത്താമെന്നായിരുന്നു കോടതിയുടെ വിമർശനം. എന്നാൽ പൊലീസിൽ വിശ്വാസമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |