തിരുവനന്തപുരം: ഇന്നാണ് 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഈ സാഹചര്യത്തിൽ ലോട്ടറിയടിച്ചാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സീനിയർ എക്കണോമിസ്റ്റായ പ്രൊഫ. മേരി ജോർജ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'നാൽപ്പത് ശതമാനം നികുതിയാക്കിയാൽ പത്ത് കോടിക്ക് അടുത്തേ കിട്ടുള്ളൂ. കിട്ടിയ പൈസ ധൂർത്തടിച്ച് കളയരുത്. സൂക്ഷിച്ച് ചെലവഴിക്കണം. ജീവിതത്തിനൊരു അടിത്തറ പാകണം. അടച്ച നികുതികളുടെ രസീത് പണം സൂക്ഷിക്കുന്ന അതേ ജാഗ്രതയോടെ ഭദ്രമായി സൂക്ഷിക്കണം. എന്നിട്ട് ഓരോ പ്രാവശ്യവും ഈ പണമെടുത്ത് കൈകാര്യം ചെയ്യുമ്പോൾ ആ രസീത് ബാങ്കിനെ കാണിക്കുക. ആ പണം കൊണ്ടുപോയി സ്‌റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് ലാഭമുണ്ടായാൽ ആ ലാഭത്തിന് വീണ്ടും നികുതി കൊടുക്കേണ്ടിവരും.
ദുരിതം പറഞ്ഞ് ഒരുപാടുപേർ വരും. അവരെ വെറും കൈയോടെ വിടണമെന്ന് പറയുന്നില്ല. പക്ഷേ അവർ പറയുന്നതിലെ വാസ്തവം മനസിലാക്കി മാത്രം സഹായിക്കുക. അസൂയ കൊണ്ടും നമ്മളെ ഊറ്റിയെടുക്കാനുമൊക്കെയായിരിക്കും അവർ വരുന്നത്. ഭർത്താവോ ഭാര്യയോ നമ്മുടെ എറ്റവും അടുത്ത്, നമുക്ക് വേണ്ടി മാത്രം ചിന്തിക്കുന്നവരെ കൂടെ നിർത്തുക. പണം ബാങ്കിൽ ഇടുക. ശേഷം അതിൽ നിന്ന് ആവശ്യാനുസരണം മാത്രം എടുക്കുക. എന്നാൽ എല്ലാം കൂടെ സേവിംഗ്സ് അക്കൗണ്ടിൽ പോയി ഇടരുത്. വളരെ കുറഞ്ഞ പലിശയേ കിട്ടുകയുള്ളൂ.
ഉദ്പാദനപരമായ രീതിയിൽ വിവിധ മാർഗങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുക. വിദഗ്ദരോട് അഭിപ്രായം ചോദിച്ച് കുറച്ച് പൈസ മ്യൂച്ചൽ ഫണ്ടുകളിൽ ഇടുന്നത് നല്ലതാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം സേവിംഗ്സ് ബാങ്കിലിട്ട് വൺ ഇയർ മെച്യൂരിറ്റിയുള്ളതോ മറ്റോ ആയ അക്കൗണ്ടിലിടുക. അപ്പോൾ കൂടുതൽ പലിശ കിട്ടും.'- മേരി ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |