ചെന്നൈ: കരൂരില്‍ നടന്‍ വിജയ് പങ്കെടുത്ത ടിവികെയുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കരൂരില്‍ നടന്നത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് കോടതി കുറ്റപ്പെടുത്തി. നടനും ടിവികെ നേതാവുമായ വിജയ്ക്ക് കടുത്ത വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദി ആരാണെന്നും ഇതുവരെ രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തുള്ളോയെന്നും കോടതി ചോദിച്ചു. സംഭവം നടന്നയുടനെ വിജയ് സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായെന്നും കോടതി പറഞ്ഞു.
അപകടമുണ്ടായ സ്ഥലത്ത് ജനങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ ആരും ഉണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു. 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. നോര്‍ത്ത് സോണ്‍ ഐജിക്കാണ് കേസന്വേഷണ ചുമതല. കോടതിക്ക് കണ്ണടച്ചിരിക്കാനും മൂകസാക്ഷിയാകാനുമാകില്ല. ലോകം മുഴുവന്‍ സാക്ഷിയാണ്. സംഘാടകര്‍ എന്ന നിലയില്‍ ഒരു ഉത്തരവാദിത്വം ഇല്ലേയെന്നും കോടതി ചോദിച്ചു.
നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദുരന്തം കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നും കോടതി വിമര്‍ശിച്ചു. 'എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചത്. ഇത് സംഭവിക്കാന്‍ നിങ്ങള്‍ അനുവദിച്ചു, ഇപ്പോള്‍ പറയുന്നു, രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്ന്. ആരാണ് ഇതിനൊക്കെ ഉത്തരവാദി. നേതാവ് വിജയ് അപ്രത്യക്ഷനായി, മാഞ്ഞുപോയി. ജനങ്ങളെ സഹായിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല', കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |