ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 28കാരി അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് ഇതേവീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. പോക്‌സോ വകുപ്പ് ചുമത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
വീട്ടുജോലിക്കാർ താമസിക്കുന്ന ക്വാട്ടേഴ്‌സിലായിരുന്നു സംഭവം നടന്നത്. പ്രതിയും പീഡനത്തിനിരയായ 17കാരന്റെ കുടുംബവും ഒരേ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. പ്രതി മാസങ്ങളായി കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 29ന് പ്രതി കുട്ടിയെ ചുംബിക്കുന്നത് വീട്ടിലെ മാനേജർ കണ്ടതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. കുട്ടിയുടെ അമ്മയോട് മാനേജർ വിവരം അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടിയെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും വാത്സല്യത്തോടെയാണ് ചുംബിച്ചതെന്നുമായിരുന്നു പ്രതി കുട്ടിയുടെ അമ്മയോട് പറഞ്ഞത്. ഇത് ആവർത്തിക്കരുതെന്ന് കുട്ടിയുടെ അമ്മ പ്രതിക്ക് താക്കീത് നൽകുകയും ചെയ്തു.
കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കരയുക മാത്രമാണ് ചെയ്തതെന്ന് അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് മേയ് ഒന്നാം തീയതി കുട്ടിയോട് വീണ്ടും സംസാരിച്ചപ്പോഴാണ് രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി തുറന്നുപറഞ്ഞത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ മോഷണക്കുറ്റം ആരോപിച്ച് ജോലി സ്ഥലത്തുനിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിക്ക് കൗൺസലിംഗ് നൽകിയതായും കുട്ടിയുടെ ശാരീരിക- മാനസിക നില തൃപ്‌തികരമാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |