മുംബയ്: ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ഇരുപതുകാരിയെ ജനനേന്ദ്രിയത്തിനുള്ളിൽ കല്ലുകളും സർജിക്കൽ ബ്ലേഡും തിരുകി കയറ്റിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാർഘർ ജില്ലയിലെ നളസോപര ഗ്രാമത്തിലെ താമസക്കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ ശിക്ഷാ നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ജനനേന്ദ്രിയത്തിൽ നിന്ന് അന്യവസ്തുക്കൾ നീക്കം ചെയ്തു.
മുംബയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് താൻ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതെന്നാണ് യുവതി പറയുന്നത്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ലോഡ്ജിൽ മുറി ലഭിച്ചില്ല. രാത്രി ബീച്ചിൽ തങ്ങാൻ തീരുമാനിച്ച് ഓട്ടോഡ്രൈവർക്കൊപ്പം വിരാറിലെ അർനാല ബീച്ചിലേക്ക് പോയെന്നും ഡ്രൈവർ അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. പീഡനത്തിനുശേഷം അയാൾ കടന്നുകളഞ്ഞു.
വീട്ടിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ച യുവതി രക്ഷിതാക്കളുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് സർജിക്കൽ ബ്ലേഡ് വാങ്ങി കല്ലും കട്ടകൾക്കുമൊപ്പം സ്വന്തം ജനനേന്ദ്രിയത്തിനുള്ളിൽ തിരുകി കയറ്റുകയായിരുന്നു. തുടർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പോയി. ഈ സമയം കടുത്ത വേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ആശുപത്രിയിൽ അഭയം തേടി. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജനനേന്ദ്രിയത്തിനുള്ളിൽ നിന്ന് അന്യവസ്തുക്കൾ നീക്കം ചെയ്തത്.
ബോധം വീണതോടെ പൊലീസ് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു സംസാരം. ആദ്യം അനാഥയാണെന്നാണ് പറഞ്ഞത്. ഇതിനിടെ യുവതിയുടെ അച്ഛൻ ആശുപത്രിയിലെത്തി. അതോടെ പറഞ്ഞത് വീണ്ടും മാറ്റിപ്പറഞ്ഞു. 2023 ൽ രണ്ട് വ്യക്തികൾക്കെതിരെ താൻ പീഡനപരാതി നൽകിയിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി പൂർണമായി വിശ്വസിക്കാത്ത പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |